ADVERTISEMENT

ആരോഗ്യ ജാഗ്രതയുള്ള ജനങ്ങളും സർക്കാരുമുള്ള നാടാണു കേരളം. എന്നിട്ടും, ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംസ്ഥാനത്തു പേവിഷ ബാധയേറ്റ് ആളുകൾ മരിക്കുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. നായയുടെ കടിയേറ്റ പെൺകുട്ടി വാക്സീൻ എടുത്തിട്ടും മരിച്ച സംഭവം ആരോഗ്യകേരളം അതീവ ഗൗരവത്തിൽ കാണേണ്ടതുണ്ട്. നായ കടിച്ച് ഒരു മാസത്തിനുശേഷമാണ് പാലക്കാട്ട് പത്തൊൻപതുകാരിക്കു പേവിഷബാധയുണ്ടാകുന്നതും മരിക്കുന്നതും.

പേവിഷ ബാധയ്ക്കെതിരെയുള്ള ആന്റി റാബീസ് സീറവും (ഇമ്യൂണോഗ്ലോബുലിൻ) 4 ഡോസ് ആന്റി റാബീസ് വാക്സീനും ഈ പെൺകുട്ടിക്കു കുത്തിവച്ചിരുന്നു. പേവിഷ ബാധയുള്ള നായയുടെ കടിയേറ്റ ശേഷം ആന്റി റാബീസ് സീറവും മുഴുവൻ ഡോസ് പ്രതിരോധ വാക്സീനും എടുത്തിട്ടുണ്ടെങ്കിൽ ഒരാൾക്കു പേവിഷ ബാധയുണ്ടാകില്ല. ഇത് 100% ഉറപ്പാണ്. അതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അപ്പോൾ എങ്ങനെയാണു നായ കടിച്ച് ഒരു മാസത്തിനു ശേഷം പേവിഷ ബാധയുണ്ടായത്? വാക്സീനിലുള്ള നമ്മുടെ വിശ്വാസത്തെതന്നെ ഇതു ചോദ്യം ചെയ്യാം.

നൽകിയതു യഥാർഥ വാക്സീൻ തന്നെയായിരുന്നോ? പേവിഷ ബാധയ്ക്കെതിരെ നൽകിയ വാക്സീൻ നിലവാരമുള്ളതായിരുന്നോ? ശരിയായ രീതിയിലാണോ വാക്സീൻ കുത്തിവയ്പു നൽകിയത്? വാക്സീൻ സൂക്ഷിച്ചിരുന്നതു ശരിയായ രീതിയിലാണോ? വാക്സീന്റെ നിലവാരം ആരാണു പരിശോധിച്ച് ഉറപ്പുവരുത്തിയത്?– ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

കുത്തിവയ്പിന് ഉപയോഗിച്ച വാക്സീൻ ഡോസിന്റെ ബാച്ച് നമ്പർ കണ്ടെത്തി അതേ ബാച്ചിലുള്ള മുഴുവൻ വാക്സീൻ ഡോസുകളും പരിശോധനയ്ക്കു വിധേയമാക്കണം. അതുവഴി വാക്സീനിന്റെ നിലവാരവും ഫലക്ഷമതയും ഉറപ്പാക്കാം. ആന്റി റാബീസ് സീറത്തിന്റെയും നിലവാരവും ശേഷിയും കൃത്യമായ പരിശോധനയ്ക്കു വിധേയമാക്കണം.

വളർത്തുനായയിൽ നിന്നു കടിയേറ്റു മൂന്നു മാസങ്ങൾക്കു ശേഷം തൃശൂർ സ്വദേശി (60) മരിച്ചതും കഴിഞ്ഞദിവസമാണ്. നായയുടെ കടിയേറ്റിട്ടുപോലും അദ്ദേഹം റാബീസ് പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല. മൃഗങ്ങളിൽനിന്നു കടിയേറ്റാൽ പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണമെന്നുപോലും നമ്മൾ മറന്നുപോകുന്നു.

∙ ഇൻട്രാഡെർമൽ രീതി ചെലവു ചുരുക്കാൻ

സർക്കാർ ആശുപത്രികളിൽ ഇൻട്രാഡെർമൽ രീതിയിൽ, ചർമത്തിന്റെ മൂന്നു പാളികളിലെ മധ്യ പാളിയിലേക്കാണു പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സീൻ കുത്തിവയ്ക്കുന്നത്. സാമ്പത്തിക ലാഭമാണു വാക്സീൻ കുത്തിവയ്ക്കുന്നതിന് ഇൻട്രാഡെർമൽ രീതി തിരഞ്ഞെടുക്കാൻ കാരണം. ഈ രീതിയിൽ കുത്തിവയ്ക്കുമ്പോൾ വാക്സീൻ കുറച്ചു മതി.

ഇൻട്രാമസ്കുലാർ രീതിയിൽ പേശികളിലേക്കു നേരിട്ടും വാക്സീൻ കുത്തിവയ്ക്കാം. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ വാക്സീൻ ഉപയോഗിക്കണം. ഇൻട്രാഡെർമൽ രീതിയാണെങ്കിൽ ഇതിന്റെ മൂന്നിലൊന്നു മതി. എന്നാൽ, രണ്ടിന്റെയും ഫലത്തിൽ വലിയ മാറ്റമില്ല. അതുകൊണ്ടാണു ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഇൻട്രാഡെർമൽ രീതി അവലംബിക്കുന്നത്. എന്നാൽ, ഇൻട്രാഡെർമൽ കുത്തിവയ്പുകൾ ശരിയായ രീതിയിൽ തന്നെയാണോ എടുത്തിട്ടുള്ളതെന്നു പരിശോധിച്ച് ഉറപ്പാക്കണം. തെറ്റായ രീതിയിലാണു കുത്തിവയ്പു നൽകിയിട്ടുള്ളതെങ്കിൽ ഫലത്തിൽ വ്യത്യാസമുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ ആ വാക്സീൻ ഡോസ് വീണ്ടും നൽകണമെന്നാണു നിർദേശം.

dr-t-jacob-john
ഡോ.ടി.ജേക്കബ് ജോൺ

∙ ആന്റി റാബീസ് സീറവും പ്രതിരോധവും

നായ്ക്കളോ മറ്റു മൃഗങ്ങളോ കടിച്ചുണ്ടാകുന്ന മുറിവിനു ചുറ്റുമാണ് ആന്റി റാബീസ് സീറം (ഇമ്യൂണോഗ്ലോബുലിൻ) കുത്തിവയ്ക്കുന്നത്. കുതിരയിൽനിന്ന് റാബീസ് ആന്റിബോഡി എടുത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് ആന്റി റാബീസ് സീറമായി ഉപയോഗിക്കുന്നത്. ‘Y’ രൂപത്തിലുള്ള ആന്റിബോഡിയുടെ കീഴ്ഭാഗത്തുള്ള വാൽ രാസ പ്രവർത്തനങ്ങളിലൂടെ നീക്കം ചെയ്യും. അപ്പോൾ ‘V’ രൂപത്തിലുള്ള തന്മാത്ര ലഭിക്കും. അതാണ് ആന്റി റാബീസ് സീറമായി കുത്തിവയ്ക്കുന്നത്.

മനുഷ്യരിൽ നിന്നെടുക്കുന്ന ആന്റിബോഡിക്ക് ചെലവു കൂടുതലായതിനാലാണു കുതിരയിൽ നിന്നുള്ളത് ഉപയോഗിക്കുന്നത്. റാബീസ് വൈറസുകളെ നേരിട്ടു നശിപ്പിക്കാൻ ഈ സീറത്തിലുള്ള ആന്റിബോഡികൾക്കു കഴിയും. കടിയേറ്റു പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ ഇതു കുത്തിവയ്ക്കുന്നതാണു നല്ലത്.

∙ സമഗ്ര പ്രതിരോധ പദ്ധതി വേണം

സമഗ്രമായ പേവിഷ പ്രതിരോധ നിയന്ത്രണ പരിപാടിക്കു കേരളം രൂപം നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്. ആവശ്യമെങ്കിൽ ഇതിനു പുറത്തുനിന്നു സാമ്പത്തിക, സാങ്കേതിക പിന്തുണയും തേടാവുന്നതാണ്. റാബീസ് വൈറസിന്റെ ഉറവിടം നായ്ക്കളല്ല; വൈറസിനെ മനുഷ്യരുമായി ബന്ധിപ്പിക്കുന്ന കണ്ണി മാത്രമാണു നായ്ക്കൾ. അപ്രതീക്ഷിതമായി ഏതെങ്കിലും ചില സ്ഥലങ്ങളിലായിരിക്കും നായ്ക്കളിൽ റാബീസ് വൈറസ് ബാധ ഉണ്ടാകുന്നത്.

പേ പിടിച്ച നായ്ക്കൾ ചാകുന്നതോടെ ആ സ്ഥലത്തെ വൈറസ് കെട്ടടങ്ങുന്നു. എന്നാൽ, പിന്നീട് മറ്റെവിടെയെങ്കിലുമുള്ള നായ്ക്കൾക്കു പേ പിടിക്കുന്നു. ഇതെങ്ങനെയാണു സംഭവിക്കുന്നത്? യഥാർഥത്തിൽ റാബീസ് വൈറസിന്റെ ഉറവിടം എവിടെയാണെന്നു നമ്മൾ അന്വേഷിച്ചുകണ്ടെത്തേണ്ടതാണ്. മുൻപ് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ആലോചിച്ചിരുന്നതാണെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

20 വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ എല്ലാ പേവിഷബാധ കേസുകളും പരിശോധിച്ചു റാബീസ് വൈറസ് ഉണ്ടായിരുന്ന സ്ഥലങ്ങൾ കണ്ടെത്തണം. അതുവഴി ഭൂമിശാസ്ത്രപരമായി റാബീസ് വൈറസിന്റെ വ്യാപനം നമുക്കു മനസ്സിലാക്കാനാകും. ഇതനുസരിച്ചു വേണം സമഗ്രമായ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കേണ്ടത്.

∙ ‌പേവിഷബാധ: സർക്കാരിന് ഉത്തരവാദിത്തമുണ്ട്

‌നായയുടെ കടിയേറ്റതു മൂലമുണ്ടായ പേവിഷ ബാധയേറ്റ് ഒരാൾ മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം നായയുടെ ഉടമസ്ഥനുണ്ട്. പൊതുസ്ഥലത്ത്, തെരുവുനായ്ക്കളിൽ നിന്നാണു കടിയേൽക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. തെരുവുനായ്ക്കളുടെ നിയന്ത്രണവും പേവിഷ ബാധ നിയന്ത്രണവും സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. നായ്ക്കൾ മാത്രമല്ല പേവിഷ ബാധയ്ക്കു കാരണമാകുന്നത്. സംസ്ഥാനത്തു പേവിഷ ബാധയ്ക്കു കാരണമാകുന്ന രണ്ടാമത്തെ മൃഗം പൂച്ചയാണെന്നു കൂടി ഓർക്കണം.

∙ മുറിവ് വൃത്തിയാക്കൽ പ്രധാനപ്പെട്ടത്

നായ്ക്കളിൽനിന്നു കടിയേൽക്കുമ്പോൾ മുറിവ് ശരിയായ രീതിയിൽ വൃത്തിയാക്കുകയെന്നതു പേവിഷ ബാധയെ പ്രതിരോധിക്കുന്നതിൽ നിർണായകമായ കാര്യമാണ്. നായ്ക്കളുടെ തലച്ചോറിൽ വൈറസ് ബാധിച്ചു കഴിഞ്ഞാൽ ഉമിനീരിലും വൈറസ് ഉണ്ടാകും. നായ്ക്കൾ കടിക്കുമ്പോൾ ഉമിനീരിലൂടെ അതു മുറിവിലെത്തും.

ഈ വൈറസ് നമ്മുടെ ശരീരകോശങ്ങളെ ബാധിക്കാൻ അൽപം സമയമെടുക്കും. അതിനു മുൻപു സോപ്പും വെള്ളവും ഉപയോഗിച്ചു കുറച്ചു നേരത്തേക്കു കഴുകിയാൽ ഈ വൈറസുകളെ നശിപ്പിക്കാനാകും. സോപ്പു ലായനി വൈറസിന്റെ പുറംതോടിനെ അലിയിച്ച് അതിന്റെ ശേഷിയെ ഇല്ലാതാക്കും. എന്നാൽ, നായയുടെ കടിയേൽക്കുന്നതു മുഖത്തോ മറ്റോ ആണെങ്കിൽ ഈ വൈറസിനു തലച്ചോറിനെ ബാധിക്കാൻ വളരെ കുറച്ചുസമയം മതി.

ഇത്തരം സാഹചര്യങ്ങളിൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാം. എന്നാൽ, കാലിലാണു കടിക്കുന്നതെങ്കിൽ വൈറസ് തലച്ചോറിനെ ബാധിക്കാൻ ഒരു മാസം മുതൽ 6 മാസം വരെ സമയമെടുക്കും. അപൂർവമായി ഒരു വർഷത്തിനുള്ളിലും പേവിഷ ബാധയുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

(വെല്ലൂർ സിഎംസി വൈറോളജി വിഭാഗം റിട്ട. പ്രഫസറാണു ലേഖകൻ)

Content Highlights: Rabies, Rabies Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com