ADVERTISEMENT

പാർട്ടിക്കോ സർക്കാരിനോ കൈ പിടിച്ചു രക്ഷിക്കാൻ കഴിയാത്ത കെണിയിൽ അകപ്പെട്ടിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. മന്ത്രി എന്ന നിലയിൽ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയത്. ഭരണഘടനയെ തള്ളിപ്പറയുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനു വിരുദ്ധവുമാണ്. നിയമപരമായും രാഷ്ട്രീയമായും വൻ പ്രതിസന്ധിയിലാണു മന്ത്രി. 

മന്ത്രിയുടെ രാജിയാവശ്യം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഡൽഹിയിൽ നിരാകരിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഔദ്യോഗിക പ്രതികരണത്തിനു മുതിർന്നില്ല. രാവിലെ അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് ചേർന്നിരുന്നെങ്കിലും വിവാദം കത്തിപ്പടർന്നത് അതിനു ശേഷമാണ്. ഇന്നു രാവിലെയും അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. ഇതിൽ മന്ത്രിയും പങ്കെടുക്കും. നിയമസഭാ സമ്മേളനമുള്ള ഇന്ന്, വൈകിട്ട് മന്ത്രിസഭാ യോഗവും നടക്കും. പാർട്ടിയുടെയും സർക്കാരിന്റെയും തീരുമാനമെന്തെന്ന് അതോടെ വ്യക്തമാകും. ഗുരുതര വീഴ്ചയാണു മന്ത്രിക്കു സംഭവിച്ചതെന്നാണ് ഉന്നത നേതാക്കൾ തന്നെ സൂചിപ്പിക്കുന്നത്. ഭരണഘടനയോടു വിധേയത്വം പ്രകടിപ്പിച്ചു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ആ ഭരണഘടന ജനങ്ങളെ കൊള്ളടിക്കുന്നതാണെന്നു വിളിച്ചു പറഞ്ഞത്. ആരു പ്രസംഗിച്ചാലും താൻ മറിച്ചു സമ്മതിക്കില്ലെന്നുകൂടി അദ്ദേഹം കടത്തിപ്പറഞ്ഞു.  

തന്റെ പ്രസംഗം മുഴുവൻ കേട്ടാൽ തെറ്റിദ്ധാരണ മാറുമെന്ന അവകാശവാദത്തോടെ നേതാക്കളിൽ ചിലർക്കെല്ലാം അദ്ദേഹം അതു കൈമാറി. പക്ഷേ, വിവാദഭാഗം ന്യായീകരിക്കാവുന്ന ഒന്നായി കേട്ടവരാരും പറയുന്നില്ല. മന്ത്രി എന്ന നിലയിൽ ഭേദപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ നേതാവിനെ കൈവിടരുതെന്നു നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, പാർട്ടിയും സർക്കാരും സംരക്ഷിക്കാൻ മുതിർന്നാൽ അങ്ങനെ ചെയ്യുന്നവർതന്നെ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമോ എന്നാണ് ആശങ്ക. 

ഭരണഘടനയിൽതൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഗവർണർക്കും തന്റെ ഭരണഘടനാപരമായ ചുമതല നിർവഹിച്ചേ തീരൂ. രാഷ്ട്രീയ ഉദ്ദേശ്യത്തിന്റെ പേരിൽ മന്ത്രിയെയോ സർക്കാരിനെയോ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിസന്ധിയിലാക്കിയില്ല. പക്ഷേ, പന്ത് സർക്കാരിനു തട്ടുമ്പോൾ അവിടെനിന്ന് ഉചിത നടപടി അദ്ദേഹം പ്രതീക്ഷിക്കുന്നു. 

വിശദീകരണവും മാപ്പപേക്ഷയും മന്ത്രി നിയമസഭയിൽ സമർപ്പിച്ചെങ്കിലും അത് ചെയ്ത തെറ്റിനുള്ള ശിക്ഷ ആകുന്നില്ലെന്നു പ്രതിപക്ഷം മാത്രമല്ല ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങളെയാണു മന്ത്രി പഴിക്കുന്നത്. യഥാർഥത്തിൽ ഞായറാഴ്ച വൈകിട്ടു മല്ലപ്പള്ളിയിൽ നടന്ന ആ പരിപാടി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, പാർട്ടി ഏരിയ കമ്മിറ്റിയുടെ ഫെയ്സ്ബുക് പേജിൽ പ്രസംഗത്തിന്റെ വിഡിയോ വന്നു. അതിന്റെ ഗൗരവം മനസ്സിലാക്കിയ മാധ്യമങ്ങൾ അതു വാർത്തയാക്കി.

ഭരണഘടനയെ എതിർക്കുകയും ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ ആർഎസ്എസ് ആണെന്ന രാഷ്ട്രീയ നിലപാടാണു സിപിഎമ്മിന്റേത്. ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറിൽ’ 1950ൽ വന്ന ലേഖനം തൊട്ടുള്ളത് ഇതിനു തെളിവായി പാർട്ടി മുന്നോട്ടുവയ്ക്കുന്നു. ഡോ.ബി.ആർ അംബേദ്കറുടെ ജന്മദിനം കൂടിയായ ഡിസംബർ 6 ഭരണഘടനാ സംരക്ഷണദിനമായി ഇടതുപാർട്ടികൾ ആചരിക്കാറുണ്ട്. 

ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു താഴെയിറക്കണം എന്നതായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രധാന മുദ്രാവാക്യം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി ആർഎസ്എസിന്റേതിനു സമാനമായ വാദങ്ങൾ അവതരിപ്പിച്ചതിലുള്ള കെടുതിയാണു പാർട്ടി നേരിടുന്ന പ്രശ്നം.

ഭരണഘടനാ ശിൽപി അംബേദ്കറെ മന്ത്രി അപമാനിച്ചെന്ന ആക്ഷേപവും ഉയർന്നിരിക്കുന്നു. പാർട്ടിയുടെ അടിത്തറ എന്നു കരുതാവുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഉൾക്കൊള്ളാവുന്നതല്ല ഈ വിവാദം. സിപിഐ ഉൾപ്പെടെ ഇടതുമുന്നണിയിലെ കക്ഷികൾ ആരും തന്നെ മന്ത്രിയെ അനുകൂലിക്കുന്നില്ല. 

നേരത്തേ, തലസ്ഥാനത്തെ ദത്തുവിവാദവുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന വിവാദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മന്ത്രിയെ വിളിച്ചു നീരസം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അതു തിരുത്തി. ഇക്കാര്യത്തിലും പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത അതൃപ്തി മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായും മുഖ്യമന്ത്രി സംസാരിച്ചു. എടുത്തുചാടി തീരുമാനം വേണ്ടെന്നു മാത്രമാണു നിലവിലെ  ധാരണ.

thalakkuri-column-r-balakrishna-pillai-article-image-additional
ബാലകൃഷ്ണപിള്ള

ഓർമയിൽ ‘പഞ്ചാബ് മോഡൽ’;

ബാലകൃഷ്ണപിള്ളയുടെ പ്രസംഗവും രാജിയും ഓർമിപ്പിച്ച് പ്രതിപക്ഷം

കേരളത്തിൽ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാൾ ആർ.ബാലകൃഷ്ണപിള്ളയാണ്. ‘പഞ്ചാബ് മോഡൽ’ എന്ന പേരിൽ പ്രസിദ്ധമായ ആ പ്രസംഗത്തെയാണു സജി ചെറിയാന്റെ പ്രസംഗ വിവാദത്തിൽ രാഷ്ട്രീയ കേരളം ഓർമിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ നേതാക്കൾ ഒന്നടങ്കം പഞ്ചാബ് മോഡൽ ഓർമിപ്പിക്കുകയും ചെയ്തു.

1985 മേയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനത്തു കേരള കോൺഗ്രസ് സമ്മേളനത്തിലായിരുന്നു പിള്ളയുടെ പ്രസംഗം. റെയിൽവേയുടെ ചുമതല കൂടിയുള്ള സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്നു അന്നു പിള്ള. ഭരണത്തിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. കേന്ദ്രം ഭരിച്ചിരുന്നതു കോൺഗ്രസ്. കേരളത്തിനു വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി കേന്ദ്രസർക്കാർ ആയിടെ പഞ്ചാബിലേക്കു മാറ്റിയിരുന്നു. ഖലിസ്ഥാൻ വാദം മൂർച്ഛിച്ച പഞ്ചാബിനെ പ്രീണിപ്പിക്കാനായിരുന്നു അതെന്ന വിമർശനം നിലനിൽക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം.

‘കേരളത്തിനു റെയിൽവേ കോച്ച് ഫാക്ടറി തരാമെന്ന് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ പഞ്ചാബിലെ ജനങ്ങളെ സമാധാനിപ്പിക്കാൻ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു കൊണ്ടുപോയി. ഇതിന്റെയൊക്കെ അർഥം എന്താണ്? കേരളം അതുപോലെ പെരുമാറാത്തതുകൊണ്ടാണോ? പഞ്ചാബിലെപ്പോലെ മലയാളികൾ കലാപം നടത്താത്തതാണോ തെറ്റ്? പക്ഷേ, നമ്മുടെ സംസ്കാരത്തിനും മര്യാദയ്ക്കും അതിനു കഴിയില്ലല്ലോ.’

പിള്ള പഞ്ചാബ് മോഡൽ കലാപത്തിന് ആഹ്വാനം ചെയ്തെന്ന ധ്വനിയോടെയാണു ചില പത്രങ്ങൾ പ്രസംഗം റിപ്പോർട്ട് ചെയ്തത്. ഖലിസ്ഥാൻ തീവ്രവാദികളാലാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് എന്ന പശ്ചാത്തലത്തിൽ വന്ന പ്രസംഗവും വാർത്തയും കേരള രാഷ്ട്രീയത്തിൽ വിവാദം ആളിക്കത്തിച്ചു. 

പിള്ള സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും വിഘടനവാദത്തിന് അനുകൂലമായി സംസാരിച്ചെന്നും കോടതിയിൽ പൊതുതാൽപര്യ ഹർജി വന്നു. മന്ത്രി നിരപരാധിത്വം തെളിയിക്കണമെന്നു കോടതി പരാമർശിച്ചതോടെ 1985 ജൂ‍ൺ 5നു പിള്ള രാജിവച്ചു. എന്നാൽ, 1985 ഓഗസ്റ്റ് 19നു ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതും തള്ളി. പഴയ വകുപ്പോടെ തന്നെ ബാലകൃഷ്ണപിള്ള മന്ത്രിസഭയിലെത്തി.

കരുണാകരന്റെ അനുഗ്രഹാശിസ്സുകളോടെയാണു പ്രസംഗം വിവാദമാക്കിയതെന്ന് ആർ.ബാലകൃഷ്ണപിള്ള ആത്മകഥയിൽ ആരോപിച്ചിരുന്നു. പ്രസംഗത്തിന്റെ പേരിലുള്ള കോടതി പരാമർശംകൊണ്ടാണു പിള്ളയ്ക്കു മന്ത്രിസ്ഥാനം പോയതെങ്കിൽ മറ്റൊരു കോടതി പരാമർശം കെ.കരുണാകരനു മുഖ്യമന്ത്രി സ്ഥാനം നഷ്ടമാക്കിയെന്നതും ചരിത്രം. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരൻ, രാജൻ കേസിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തില്ലെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രിയായ ശേഷം 1977 മേയ് 22നു കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നതായി സമ്മതിച്ചു. ആദ്യത്തേതു കള്ളസത്യവാങ്മൂലം ആയിരുന്നെന്നു നിരീക്ഷിച്ച കോടതി കരുണാകരനെ വിചാരണ ചെയ്യണമെന്നു നിർദേശിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചു.

രാജിവച്ചില്ലെങ്കിലും ഒരു പ്രസംഗത്തിന്റെ പേരിൽ കോടതിയിൽ മാപ്പു പറയേണ്ടിവന്നിട്ടുണ്ട് ഇ.എം.എസ്.നമ്പൂതിരിപ്പാടിന്. ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കെ വിമോചന സമരത്തിനിടെ 1958 ജൂലൈ 26നു തൃശൂരിലെ വരന്തരപ്പിള്ളിയിൽ 5 പേർ കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റുകാരായിരുന്നു പ്രതികൾ. വരന്തരപ്പിള്ളിയിൽ മരിച്ചവർ കൊല്ലപ്പെടാൻ അർഹരാണെന്നായിരുന്നു ഇഎംഎസിന്റെ പ്രസംഗം. കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകൻ കോടതിയലക്ഷ്യം കൂടി ആരോപിച്ചു ഹർജി നൽകി. 1958 ഒക്ടോബർ 13നു ഹൈക്കോടതിയിൽ നേരിട്ടു ഹാജരായി ഇഎംഎസ് മാപ്പു പറഞ്ഞു. 

വിഎസ് മന്ത്രിസഭയിൽ തദ്ദേശ മന്ത്രിയായിരുന്ന പാലോളി മുഹമ്മദുകുട്ടി ഒരു പ്രസംഗത്തിന്റെ പേരിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മാപ്പു പറഞ്ഞെങ്കിലും രാജിവയ്ക്കേണ്ടിവന്നില്ല. 2007 ജനുവരി 31നു മന്ത്രി നടത്തിയ പ്രസംഗത്തിൽ നോട്ടുകെട്ടുകളുടെ കനം നോക്കിയാണു കോടതികൾ വിധി പറയുന്നതെന്ന പരാമർശമുണ്ടായിരുന്നു. ഹൈക്കോടതി മാപ്പപേക്ഷ തള്ളിയതിനെത്തുടർന്നു സുപ്രീംകോടതിയിൽ മാപ്പപേക്ഷ നടത്തി പാലോളി കേസ് ഒഴിവാക്കി.

 

English Summary: Saji Cheriyan's Anti-Constitution speech; CPM defends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com