ADVERTISEMENT

സഖാക്കളെ കാണുമ്പോൾ ഒരേയൊരു ചോദ്യം ചോദിക്കുക: കിട്ടിയോ?. അവരുടെ മുഖം ചുവന്നു ചെങ്കൊടിയാകും. തല്ലു കിട്ടാതിരുന്നാൽ ഭാഗ്യം. അത്രയ്ക്കു മനോവേദനയിൽ കഴിയുകയാണവർ. എകെജി സെന്ററിൽ ബോംബ് വീണിട്ടു ദിവസം പത്താകുന്നു. പ്രതിയെ തിരിച്ചറിയാൻപോലും കഴിഞ്ഞിട്ടില്ല. അയാൾ എവിടെ? സെന്റർ ആക്രമിക്കുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്തെന്നു കേട്ടുകേൾവിയേ ഉള്ളൂ. തുമ്പുമില്ല, കൊമ്പുമില്ല. ചോദ്യം ചെയ്യപ്പെട്ടയാളിന്റെ സ്കൂട്ടറിന്റെ നിറം ചുവപ്പാണ്. ആളും മനസ്സും ചുവന്നതാണോ എന്നു വ്യക്തമാകുന്നില്ല.

ബോംബ് വായുവിൽ നിൽക്കുമ്പോൾതന്നെ ഇ.പി.സഖാവ് ആരോപിച്ചു: പിന്നിൽ കോൺഗ്രസുകാരാണ്. ഇപ്പോൾ കോൺഗ്രസുകാർ കൂട്ടത്തോടെ ചോദിക്കുന്നു:  കിട്ടിയോ? ഭരണകക്ഷി എംഎൽഎമാർക്കു പുറത്തിറങ്ങാനാകുന്നില്ല. മണ്ഡലത്തിലെ അമ്മൂമ്മമാ‍ർപോലും ചോദിക്കുന്നു: മക്കളേ, കിട്ടിയോ? 

സ്ഫോടനത്തിൽ നിലംപതിച്ച ശ്രീമതി ടീച്ചറിന്റെ കാര്യമാണു കഷ്ടം. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ ഇപ്പോഴും തുടർസ്ഫോടനങ്ങൾ അരങ്ങുതകർക്കുകയാണ്. വായിച്ചുകൊണ്ടിരുന്നപ്പോൾ കേട്ട ആ ഉഗ്രശബ്ദത്തെ ഇനിയും അതിജീവിക്കാനായിട്ടില്ല. കെട്ടിടം തന്നെ കുലുങ്ങുന്ന മട്ടിലായിരുന്നു ടീച്ചർ അനുഭവിച്ച സ്ഫോടനം! സജിച്ചായൻ രാജിവച്ച വിവരം ടീച്ചറെ ഇതുവരെ അറിയിച്ചിട്ടില്ലത്രേ. ചെറിയൊരു ഹൃദയത്തിന് രണ്ടു സ്ഫോടനങ്ങൾ താങ്ങാനാകില്ല. സ്ഫോടനത്തിന്റെ മാരകശബ്ദവും പ്രകമ്പനവും ഇ.പി.സഖാവും ടീച്ചറും മാത്രമേ കേട്ടുള്ളൂ. ഇപ്പോഴൊരു സംശയം, ബോംബ് എറിഞ്ഞയാൾ ആ ശബ്ദം കേട്ടുകാണുമോ? കാരണം, ബോംബ് വീണ തൂണിൽനിന്ന് ഇളകി വീണതു മൂന്നര മെറ്റൽ കഷണങ്ങൾ. 

സിപിഎമ്മിന്റെ ഓഫിസ് ആക്രമണത്തെക്കുറിച്ചു കോൺഗ്രസുകാർ അടിയന്തരപ്രമേയം കൊണ്ടുവന്നു, നിയമസഭയിൽ. കിട്ടിയോ– നൂറ് ആവർത്തി ചോദിച്ചു അവർ. മുഖ്യമന്ത്രിക്ക് ഒരു മറുപടിയേയുള്ളൂ: ജീവിതത്തിൽ ശുദ്ധി വേണം. വീണ്ടും ചോദിച്ചു: കിട്ടിയോ? അദ്ദേഹം മറുപടി പറഞ്ഞു: ശുദ്ധി വേണം ജീവിതത്തിൽ!. കേട്ടവർക്കൊരു സംശയം: പ്രതി കുളിച്ചു ശുദ്ധിവരുത്താതെ ബോംബ് എറിയാൻ വന്നെന്നാണോ മുഖ്യൻ ഉദ്ദേശിച്ചത്? ആർക്കുമറിയില്ല. 

epjayarajan
creative: Manorama

ആരെ സംശയിക്കണം? എങ്ങനെ സംശയിക്കണം– പൊലീസിന് ഒരെത്തും പിടിയും കിട്ടുന്നില്ല. പറക്കുംതളികയിൽനിന്നു വല്ലതും വീണതാണോ? സംശയിക്കാൻ കാരണങ്ങളുണ്ട്. ജൂലൈ 2 ലോക പറക്കുംതളിക ദിനമായിരുന്നു. തലേയ്ക്കുതലേന്ന്, 30നു രാത്രി 11.25ന് ആയിരുന്നു സ്ഫോടനം. അന്വേഷണം ചിലെയിലേക്കു വ്യാപിപ്പിച്ചാലോ എന്നൊരു ആലോചനയുണ്ട്. ചിലെയിലെ സാൻ ക്ലെമന്റയ്ക്കു പറക്കുംതളികകളുടെ തലസ്ഥാനമെന്ന വിശേഷണമുണ്ടല്ലോ. തുടർഭരണം ലഭിച്ച സന്തോഷത്തിൽ ആദരം അർപ്പിച്ച് കമ്യൂണിസ്റ്റ് പറക്കുംതളിക എകെജി സെന്ററിനെ വട്ടമിട്ടു പറന്നിട്ടുണ്ടാകുമോ? അതിനിടെ തളികയിലെ ഡ്രൈവറുടെ സിഗരറ്റ് ലാംപ് താഴേക്കു വീണതാണോ? എന്താണെങ്കിലും പ്രതിയെ മുന്നിൽകൊണ്ടു നിർത്തണേയെന്ന പ്രാർഥനയേയുള്ളൂ പൊലീസുകാർക്ക്. അതിനായി തൊഴുകയ്യോടെ നിൽക്കുമ്പോഴും വരും ഫോൺ: കിട്ടിയോ? 

കൂടം തലയിൽ വീണപ്പോഴും മൂല്യം ഉയർത്തിപ്പിടിച്ച്...

സ്വന്തമായി ഭരണഘടനാ സംരക്ഷണ സമിതിയുള്ള പാർട്ടിയുടെ മന്ത്രിക്കു ഭരണഘടനയെക്കുറിച്ച് ഒരു ചുക്കും അറിയില്ലത്രേ! മുഖ്യൻ നയിക്കുന്ന സമിതി ഇടയ്ക്കിടെ ഭരണഘടനയെ സംരക്ഷിക്കാൻ ചാടിപ്പുറപ്പെടും. ജില്ലകൾ തോറും ഭരണഘടനാ സംഗമങ്ങൾ. നേരിട്ടോ നെറ്റിലൂടെയോ മുഖ്യൻ പങ്കെടുത്തിരിക്കും. മന്ത്രിസഭ കൂടുന്ന നേരങ്ങളിൽ ഭരണഘടനയെക്കുറിച്ചു സംസാരിക്കാൻ അരമണിക്കൂറെങ്കിലും ചെലവഴിച്ചിരുന്നെങ്കിൽ ചെങ്ങന്നൂരിലെ ചെന്താരകമായ നമ്മുടെ സജിച്ചായന് ഈ അവസ്ഥ വരുമായിരുന്നോ? ഭരണഘടനയിൽ കുന്തവും കൊടച്ചക്രവും മാത്രം കണ്ടെടുത്ത സജിച്ചായൻ, പ്രസംഗം കഴിഞ്ഞപ്പോൾ കുന്തം തിരിച്ചുപിടിച്ചു: വിമർശിച്ചതു ഭരണഘടനയെ അല്ല, ഭരണകൂടത്തെയാണ്. എങ്കിലും, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായിരുന്നു രാജി. ഏതു സന്ദർഭത്തിലും ഉയർത്തിപ്പിടിക്കാൻ അൽപം മൂല്യം കരുതിവയ്ക്കുന്നതും നല്ലതാണ്. ആർക്കാ, എപ്പോഴാ വേണ്ടിവരുന്നതെന്ന് ആർക്കറിയാം. 

1947ൽ സ്വാതന്ത്ര്യം കിട്ടിയപാടെ കമ്യൂണിസ്റ്റ് പാർട്ടിയും അത് ആഘോഷിച്ചത് പിന്നോട്ടു തിരിഞ്ഞുനോക്കിയാൽ കാണാം. കൃഷ്ണപിള്ള സഖാവ് പതാകവന്ദനവും നിർവഹിച്ചു. 1948ൽ പുതിയൊരു തിരിച്ചറിവുവന്നു: യഥാർഥ സ്വാതന്ത്ര്യം വേണം. ജനകീയ വിപ്ലവത്തിനായി കൊൽക്കത്ത തീസിസ് അവതരിച്ചു. തലേവർഷം കിട്ടിയ സ്വാതന്ത്ര്യം മിഥ്യ; വെളുത്ത സായിപ്പിൽ നിന്നു കറുത്ത സായിപ്പിലേക്ക് അധികാരം മാറിയെന്നേയുള്ളൂ. ഓഗസ്റ്റ് 15നെ സഖാക്കൾ ആപത്ത് 15 എന്നു വിളിച്ചു. ആ ദിനത്തിൽ കരിങ്കൊടി ഉയർത്തി. റഷ്യയിലും ചൈനയിലുമൊക്കെയുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം!. തീസിസ് ഗതിപിടിച്ചില്ല. പാർട്ടിക്ക് ആശയപരമായും സഖാക്കൾക്കു നാട്ടുകാരുടെ വകയായും തിരിച്ചടി മാത്രമേ കിട്ടിയുള്ളൂ. 1956ൽ പാലക്കാട്ടു നടന്ന പാർട്ടി കോൺഗ്രസ് മനസ്സില്ലാമനസ്സോടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചു. അപ്പോൾ മുതിർന്ന നേതാവ് കെ.മാധവനൊരു മോഹം: സ്വാതന്ത്ര്യദിനം പാർട്ടി ആഘോഷിക്കണം. ആ പ്രമേയം വോട്ടിനിട്ടു തള്ളിയ പാർട്ടി കോൺഗ്രസ് പറഞ്ഞു: സ്വാതന്ത്ര്യദിനം അത്ര ആഘോഷിക്കാനില്ല! 

1964ലെ പിളർപ്പോടെ വലതു കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യം ആഘോഷിക്കാമെന്നു തിരിച്ചറിഞ്ഞു. ഇടതു കമ്യൂണിസ്റ്റുകൾക്കു കഴിഞ്ഞവർഷം ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സ്വാതന്ത്ര്യം കിട്ടി. എകെജി സെന്ററിനു മുന്നിൽ പതാക ഉയർത്തിയെങ്കിലും അതു പാർട്ടി പതാകയ്ക്കു താഴെയേ നിന്നുള്ളൂ. അതിന്റെയും താഴെയേ നിൽക്കൂ സജിച്ചായന്റെ ഭരണഘടന. 

ചിന്തകൾക്ക് വല്ലാതെ വീര്യം കൂടിയാൽ

കോൺഗ്രസിൽ യുവശബ്ദം കരുപ്പിടിപ്പിക്കാൻ ചിന്തൻ ശിബിരം സംഘടിപ്പിച്ച സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വം കുരു പൊട്ടിയ അവസ്ഥയിലായി ഇപ്പോൾ. പാലക്കാട് ശിബിരത്തിൽ നിറഞ്ഞാടിയ ഭാരവാഹി വനിതാ നേതാവിനെയും വെറുതേ വിട്ടില്ല. അവരോടും അപമര്യാദയായി പെരുമാറി. വിവേകശൂന്യനെ പുറത്താക്കിയെന്നാണ് അറിയിപ്പ്. ആളിന്റെ പേരു വായിച്ചപ്പോൾ മുൻപ് എവിടെയോ കേട്ടപോലെ തോന്നി. ദാ കെടക്ക്ണു പൊലീസ് ഫയലിൽ.

ഈ ഭാരവാഹിക്കെതിരെ നേരത്തേയും വന്നത്രേ പരാതികൾ. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോറ്റപ്പോൾ രാഹുലിനെതിരെ പൊട്ടിത്തെറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വാരിവിതറിയ വിപ്ലവകാരി. ചാനൽ ചർച്ചയിൽ രാഹുലിനെതിരെ ആരോപണങ്ങൾ വിക്ഷേപിച്ചയാൾ. അന്നും ഉടൻ പുറത്താക്കിയിരുന്നു.  ഭാരവാഹി നേരെ തിരുവനന്തപുരം ഡിസിസി ഓഫിസിലേക്കു പോയി. അവിടത്തെ വല്യണ്ണന്മാരെ കണ്ടു സഹായം അഭ്യർഥിച്ചു. ഉടൻ മൂത്തതും ഇളയതുമായ താടിയണ്ണന്മാർ ഡൽഹിയിലേക്കു വിളിച്ചു. ഈ തങ്കപ്പെട്ട ഭാരവാഹി ഇല്ലെങ്കിൽ തിരുവനന്തപുരത്തു പാർട്ടിയുടെ ചക്രം കറങ്ങില്ല. പാർട്ടിയുടെ ടയറിൽ കാറ്റ് അടിക്കുന്നതു മുതൽ പഞ്ചർ ഒട്ടിക്കുന്നതുവരെ ഈ ഭാരവാഹിയാകുന്നു. ഡൽഹിക്കാർ താടിയണ്ണന്മാരുടെ വാദം അംഗീകരിച്ചു. പുറത്താക്കി ഒരു മാസം തികയും മുൻപ് ഭാരവാഹി അകത്ത്! അപ്പോഴൊന്നും പറമ്പിലാശാൻ കാര്യമായി പ്രതിഷേധിച്ചില്ല. താടിയണ്ണന്മാർ രക്ഷകവേഷത്തിൽ വീണ്ടുമിറങ്ങിയാൽ ആ ഭാരവാഹി ഇനിയും അകത്തു കയറില്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്നവരാരും കോൺഗ്രസിലില്ല.

സ്റ്റോപ് പ്രസ്

ശ്രീലങ്കാ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്ന് ഒന്നേമുക്കാൽകോടി രൂപ കിട്ടിയെന്ന് പ്രക്ഷോഭകർ. 

നാണ്യപ്പെരുപ്പം കൂടുതലാണെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നല്ലോ...

English Summary: Azhchakurippukal: Congress v/s CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com