ADVERTISEMENT

പ്രപഞ്ചത്തിന്റെ നിഗൂഢതകളിൽ തളച്ചിടപ്പെട്ട മഹാരഹസ്യങ്ങൾ എന്നും മാനവരാശിയുടെ ഉറക്കംകെടുത്തുന്നവയാണ്. അവ തേടിയുള്ള അനേക ശ്രമങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് ജയിംസ് വെബ് ടെലിസ്‌കോപ്. കേവലം പ്രപഞ്ചനിരീക്ഷണം എന്നതിനപ്പുറം, പ്രപഞ്ചത്തെ സമഗ്രമായ രീതിയിൽ വിലയിരുത്താൻ അവസരമൊരുക്കുക കൂടിയാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ ദൗത്യം.

ശാസ്ത്രസാങ്കേതികവിദ്യയുടെ നിർണായകമായ യാത്രയ്ക്ക് തുടക്കമായിരിക്കുന്നു. ജയിംസ് വെബ് ടെലിസ്‌കോപ് തന്റെ ആദ്യചിത്രങ്ങൾ പുറത്തുവിട്ടത് അതിന്റെ പ്രാരംഭ  ചുവടുവയ്പാണ്.  വെറുമൊരു ടെലിസ്‌കോപ്പല്ല ഇത്. അനേക പ്രകാശവർഷങ്ങൾ അകലെയുള്ള പ്രപഞ്ചമേഖലകളെ പഠിക്കാൻ ഈ ടെലിസ്‌കോപ്പിനു കരുത്തുണ്ട്. 

സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എട്ടു മിനിറ്റെടുക്കും. അതായത്, എട്ടു മിനിറ്റു മുൻപുള്ള സൂര്യനെയാണു നാം കാണുന്നതെന്നു സാരം. നമ്മൾ ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ പലതും ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപുള്ളതാണ്.

പ്രകാശവർഷങ്ങൾ കൂടുന്തോറും, അത്രയുംകാലം മുൻപുള്ള സംഗതികളാണു പഠനവിധേയമാകുന്നത്. അത്രയും കാലം മുൻപു പുറപ്പെട്ട  വികിരണങ്ങളാണു ടെലിസ്‌കോപ്പിലെത്തുന്നത്.

ജയിംസ് വെബ് ടെലിസ്‌കോപ്, പ്രപഞ്ചത്തിന്റെ ഉദ്ഭവകാലത്തെക്കുറിച്ചും ബിഗ് ബാങ് സ്‌ഫോടനത്തിനുശേഷം പ്രപഞ്ചത്തിൽ താരാപഥങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചും ധാരാളം വിവരങ്ങൾ തരും. പ്രപഞ്ചത്തിന്റെ ആദികാല കാഴ്ചകളിലേക്കുള്ള തിരിച്ചുപോക്കൊരുക്കുന്ന ശാസ്ത്ര സംവിധാനത്തെ ടൈംമെഷീൻ എന്നല്ലാതെ മറ്റെന്തു വിളിക്കും? ഇതിൽ മാത്രമൊതുങ്ങുന്നില്ല ജയിംസ് വെബ്ബിന്റെ ദൗത്യം. മനുഷ്യരാശിക്കു മുൻപിലുള്ള മറ്റൊരു വലിയ ചോദ്യമാണ്, പ്രപഞ്ചത്തിലെ മറ്റിടങ്ങളിൽ ജീവനുണ്ടോയെന്നത്. ഇതിനും ഉത്തരം നൽകാൻ ജയിംസ് വെബ്ബിനു ശേഷിയുണ്ട്.

jameswebb
creative: Manorama

ഭൂമിയിൽ സസ്യങ്ങൾ കാർബൺ ഡയോക്‌സൈഡ് ഉള്ളിലേക്കെടുക്കുകയും ഓക്‌സിജനെ പുറന്തള്ളുകയും ചെയ്യുന്നു. ഇതു മൂലം ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽതന്നെ സവിശേഷതകൾ വരുന്നു. ഇതുപോലെ തന്നെ മറ്റു ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ അന്തരീക്ഷങ്ങളുടെ രാസസവിശേഷതകൾ പഠിക്കുന്നത് അവിടങ്ങളിൽ ജീവസാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമേകും. ഈ രാസസവിശേഷതകളുടെ സൂചകങ്ങൾ അവിടങ്ങളിൽനിന്നു വരുന്ന ഇൻഫ്രാറെഡ് വികിരണങ്ങളിൽ അടങ്ങിയിട്ടുണ്ട്.

പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ രാസഘടന, അവയിലുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ എന്നിവയും പഠനവിധേയമാക്കാൻ ജയിംസ് വെബ് വഴിയൊരുക്കും. പുതിയ നക്ഷത്രങ്ങളുടെ ജനനം, തമോഗർത്തങ്ങളുടെ സ്ഥിതിയും പ്രവർത്തനങ്ങളും തുടങ്ങിയ സമസ്യകളിലേക്കും വെളിച്ചം വീശാൻ ജയിംസ് വെബ്ബിനു കഴിയും. ഇൻഫ്രാറെഡ് വികിരണങ്ങൾ പിടിച്ചെടുത്തു പ്രവർത്തിക്കുന്നതു ടെലിസ്‌കോപ്പിനു മികച്ച ശേഷി നൽകുന്നു. ഭൂമിയിൽനിന്നു 15 ലക്ഷത്തിലധികം കിലോമീറ്ററുകൾ അകലെയുള്ള ഭ്രമണപഥത്തിൽ ടെലിസ്‌കോപ്പിനെ നിലനിർത്തുന്നതിന്റെ കാരണവും ഇതാണ്. ഭൂമിയിൽ നിന്നുള്ള ഇൻഫ്രാറെഡ് വികിരണങ്ങൾ ടെലിസ്‌കോപ്പിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുള്ള കരുതൽ.

അഞ്ചു മടക്കുകളായി ഉണ്ടായിരുന്ന സൂര്യപ്രകാശ കവചം നിവർന്നു ടെലിസ്‌കോപ്പിനെ സൂര്യനിൽ നിന്നുള്ള വികിരണങ്ങളിൽനിന്നു സംരക്ഷിക്കുന്നു. ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള ഈ കവചം താപനില താഴ്ത്തിവയ്ക്കാനും സഹായകമാകും. 

മനുഷ്യന്റെ ജ്ഞാനതൃഷ്ണ സീമകൾ ലംഘിച്ചു പരക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജയിംസ് വെബ്. അറിവിന്റെ പുതിയ പ്രകാശങ്ങളെ നമുക്കു പകർത്തി നൽകാൻ ഈ ടെലിസ്‌കോപ് ഉപകാരപ്രദമാകുമെന്നതു തീർച്ച.

ജയിംസ് വെബ്: ഹബ്ബിളിന്റെ കരുത്തനായ പിൻഗാമി

ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയായ ജയിംസ് വെബ് ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലിസ്കോപ്പാണ്. 31  വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്കോപ്പിന്റെ 100 മടങ്ങ് കരുത്താണു ജയിംസ് വെബ്ബിന്. 

പ്രവർത്തനം എങ്ങനെ? 

2 കണ്ണാടികൾ ടെലിസ്കോപ്പിലുണ്ട്. വലുപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്തു സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കൻഡറി മിറർ) കേന്ദ്രീകരിക്കും. ഇതിനെ അപഗ്രഥിച്ച് ടെലിസ്കോപ്പിലെ ഉപകരണങ്ങൾ ചിത്രങ്ങളെടുക്കും. 

jayanthomas
ഡോ.ജയൻ തോമസ്

പ്രത്യേകതകൾ

ഭാരം–700 കിലോ

ചെലവ്–1000 കോടി യുഎസ് ഡോളർ

കാലാവധി– 10 വർഷം പ്രധാന കണ്ണാടിയുടെ വ്യാസം– 6.5 മീറ്റർ

ലക്ഷ്യങ്ങൾ

1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം മറ്റുഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക. നെപ്റ്റ്യൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി പഠിക്കുക

ജയിംസ് വെബ് എവിടെ?

ടെലിസ്കോപ് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിൽ.

(നാനോടെക്നോളജി ഗവേഷകനും യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ ഒപ്റ്റിക്സ്, നാനോടെക്നോളജി & മെറ്റീരിയൽസ് പ്രഫസറുമാണ് ലേഖകൻ) 

English Summary: Special story about james webb space telescope

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com