ADVERTISEMENT

തുടർച്ചയായ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകവഴി സംസ്ഥാന രാഷ്ട്രീയത്തിൽ പിന്തള്ളപ്പെട്ടുപോയ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ് ആരംഭിച്ച പരിശ്രമങ്ങളിൽ ശ്രദ്ധേയമായി മാറുകയാണ് കോഴിക്കോട്ടു നടന്ന ദിദ്വിന ചിന്തൻശിബിരം. സംഘടനാപരമായ അച്ചടക്കവും ഐക്യവും കോൺഗ്രസിന് അന്യമെന്നു വിലയിരുത്തപ്പെട്ടപ്പോൾ, ഇതു രണ്ടും പ്രതിഫലിച്ചു എന്നതാണ് ശിബിരത്തിന്റെ സവിശേഷത. ക്രിയാത്മക മാറ്റത്തിനു കോൺഗ്രസ് തയാറെടുക്കുകയാണെന്ന ശുഭസൂചനയാണ് ശിബിരം യുഡിഎഫിലെ ഘടകകക്ഷികൾക്കു നൽകിയത്.

സംഘടനാപരമായ പുനരുജ്ജീവനം ലക്ഷ്യമിട്ടു രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് നടത്തിയ ശിബിരത്തിന്റെ തുടർച്ചയായാണ്  കേരളമാതൃക കെപിസിസി സംഘടിപ്പിച്ചത്. രാഷ്ട്രീയവും സംഘടനാപരവുമായ പോരായ്മകൾക്കു തുല്യപരിഗണന നൽകുന്ന ചർച്ചകളാണ് കോഴിക്കോട്ടു നടന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ ‘കോഴിക്കോട് പ്രഖ്യാപനം’ ഇപ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളിൽ നിറയുകയാണ്.

താഴെത്തട്ടിലെ സംഘടനാ ദൗർബല്യവും മേൽത്തട്ടിൽ ഉറച്ച രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നതിലെ  വീഴ്ചയും  തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വൻപരാജയത്തിലേക്കാണു തള്ളിവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈവരിക്കാനായ ഉജ്വല വിജയത്തിനുശേഷം അഭിമാനിക്കാൻ കാര്യമായി ഒന്നുമില്ലെന്ന നിരാശയിലേക്കു കേരളത്തിലെ കോൺഗ്രസും യുഡിഎഫും അതോടെ വഴുതി വീണു. പ്രവർത്തകരുടെ നഷ്ടപ്പെട്ട ആത്മവീര്യം തിരിച്ചുപിടിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസിലെ പുതിയ നേതൃത്വം ആ വഴിയിൽ നടത്തിയ ശ്രദ്ധേയ ചുവടുവയ്പായി ശിബിരം മാറി.

കോൺഗ്രസിന്റെ പതിവുസമ്മേളനങ്ങളിൽനിന്നു വ്യത്യസ്തമായ ആസൂത്രണവും സംഘാടനവുമാണ് ശിബിരത്തെ ശ്രദ്ധേയമാക്കിയത്. വിഷയാധിഷ്ഠിതമായ ചർച്ചകൾ മാത്രമാണ് അവിടെ നടന്നത്. ചെളിവാരിയെറിയലുകൾക്കു കോഴിക്കോട് വേദിയായതുമില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ‘മിഷൻ–2024’ കർമപദ്ധതിയിലാണു ശിബിരം കേന്ദ്രീകരിച്ചത്. രാഷ്ട്രീയ, സംഘടനാ,സാമ്പത്തിക മേഖലകളിൽ പാർട്ടി എടുക്കേണ്ട നയങ്ങളും നടപടികളും യോഗം വിശദമായി ചർച്ച ചെയ്തു. പ്രതിനിധികൾ ഇതിനായി അഞ്ചു കർമസമിതികളായി മാറി. തങ്ങൾക്കു മുന്നിലുള്ള  വിഷയത്തിൽ കോൺഗ്രസിന്റെ ശബ്ദം എന്തായിരിക്കണമെന്ന് ഓരോ സമിതിയും ഇഴകീറി ചർച്ച ചെയ്തു. സമിതികളുടെ ആ റിപ്പോർട്ടുകൾ നേതൃത്വം തീർപ്പുകൽപിച്ച് പൊതുസഭയുടെ അംഗീകാരം വാങ്ങി ‘കോഴിക്കോട് പ്രഖ്യാപനങ്ങൾ’ ആയി അവതരിപ്പിച്ച  ശാസ്ത്രീയ ശൈലി കോൺഗ്രസിൽ പുതുമയുള്ളതായി. 

മതനിരപേക്ഷതയും പുരോഗമന ആശയങ്ങളും മുറുകെപ്പിടിക്കുന്ന പാർട്ടി എന്ന പ്രതിഛായ  വീണ്ടെടുത്തേ തീരൂ എന്ന വികാരമാണ് കോഴിക്കോട്ടെ ചർച്ചകളിൽ പ്രധാനമായും ഉയർന്നത്. അഴകൊഴമ്പൻ ഒത്തുതീർപ്പുകളല്ല, വ്യക്തവും കണിശവുമായ രാഷ്ട്രീയസന്ദേശങ്ങളാണ് കോൺഗ്രസ് നൽകേണ്ടത് എന്ന വിലയിരുത്തൽ കോഴിക്കോട് പ്രഖ്യാപനങ്ങളിൽ നിഴലിക്കുന്നു. സംഘടനയുടെ അലകും പിടിയും മാറ്റാൻ ഉതകുന്ന ഒട്ടേറെ തീരുമാനങ്ങൾ സമ്മേളനം കൈക്കൊണ്ടു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം പ്രവർത്തനം എന്ന പരാജയപ്പെട്ട ശൈലി കോൺഗ്രസ് ഉപേക്ഷിക്കുന്നതായും ശിബിരം വിളിച്ചോതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കൈവിട്ട വിഭാഗങ്ങളെ തിരികെ ക്കൊണ്ടുവരാൻ ക്ഷമാപൂർവമുള്ള ശ്രമങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. മുന്നണി വിപുലീകരണത്തിനായുള്ള ചിന്തൻശിബിരത്തിന്റെ ആഹ്വാനം രാഷ്ട്രീയ എതിരാളികളും കാര്യമായി ശ്രദ്ധിച്ചെന്നാണ് ഇതെച്ചൊല്ലിയുയർന്നിട്ടുള്ള വാദപ്രതിവാദങ്ങൾ വ്യക്തമാക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വിജയത്തിൽ പ്രകടമായ പാർട്ടിയിലെ  ഐക്യം കൂടുതൽ ശക്തമായി  കൊണ്ടുപോകുക എന്നതാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. ആ ഐക്യാന്തരീക്ഷത്തിനു ചിന്തൻശിബിരം കോട്ടം തട്ടിച്ചില്ല. തൃക്കാക്കരയിലും കോഴിക്കോട്ടും എല്ലാവരെയും കൂട്ടിയിണക്കാൻ കെ.സുധാകരനൊപ്പം നേതൃപരമായ പങ്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വഹിക്കുകയും ചെയ്തു.

പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായിപ്പോകില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയാണ് ഇനി കെപിസിസിക്കുള്ളത്. പതിവു ശീലങ്ങളിൽനിന്ന് അങ്ങനെകൂടി കോൺഗ്രസ് മുക്തമാകുന്നുവെന്ന് പുതിയ നേതൃത്വം തെളിയിക്കേണ്ടതുണ്ട്. കോൺഗ്രസിന്റെ നീക്കങ്ങളെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രഹസനമായി പുറത്തു തള്ളിപ്പറയുമ്പോഴും ഈ മാറ്റം എൽഡിഎഫും കാണാതിരിക്കുന്നില്ല.  ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കേന്ദ്രമന്ത്രിമാരെ  രംഗത്തിറക്കി വലിയ ശ്രമങ്ങൾ ബിജെപിയും ആരംഭിച്ചിരിക്കെ ‘ചിന്തൻശിബിര’ത്തിനു ശേഷമുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ സഞ്ചാരപാത സംസ്ഥാന രാഷ്ട്രീയമൊന്നാകെ ശ്രദ്ധിക്കും.

Content Highlights: Chintan Shivir, Congress, KPCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com