ADVERTISEMENT

വീഴ്ചകളിൽനിന്നു പാഠം ഉൾക്കൊണ്ട് തിരുത്തലുകൾക്ക് ഒരുങ്ങുകയാണ് കേരളത്തിലെ കോൺഗ്രസ്.  കോഴിക്കോട്ടു നടന്ന ചിന്തൻശിബിരം അതിനു തുടക്കമായി. സംഘടനയെ വീണ്ടെടുക്കാതെ ഭാവിയിലേക്ക് നോക്കിയിട്ടു കാര്യമില്ലെന്ന പാർട്ടിയുടെ തിരിച്ചറിവും  മാറാനുള്ള ആഗ്രഹവും ശുഭസൂചന.

 

1885ൽ രൂപീകൃതമായ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായി സാക്ഷാൽ മഹാത്മാഗാന്ധിക്ക് ഒരു വർഷം മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂ. 1924ൽ പ്രസിഡന്റായ ഗാന്ധിജി പിറ്റേവർഷം സരോജിനി നായിഡുവിനുവേണ്ടി സ്ഥാനമൊഴിഞ്ഞു. അതായിരുന്നു അന്നത്തെ കോൺഗ്രസ്. ഏതു വലിയ നേതാവിനും പ്രസിഡന്റ് പദവിയിൽ പരമാവധി ഒരു വർഷം. ആ കണിശതയ്ക്ക് 1930കളിൽ അയവുവന്നെങ്കിലും ആയുഷ്കാലം പ്രസിഡന്റാകാം എന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നില്ല. 

സ്വാതന്ത്ര്യത്തിനുശേഷം കാര്യങ്ങളിൽ മാറ്റം വന്നു. അതോടെ ഏകാധിപത്യം, കുടുംബാധിപത്യം തുടങ്ങിയ വിമർശനങ്ങൾ കോൺഗ്രസ് കേട്ടു തുടങ്ങി. സംഘടന കുത്തഴിഞ്ഞതായി; കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഭരണം കിട്ടാക്കനിയുമായി.

കോഴിക്കോട്ടെ ചിന്തൻശിബിരത്തിൽ പാർട്ടി ഭാരവാഹികൾക്കു കാലാവധി നിശ്ചയിക്കാൻ എടുത്ത തീരുമാനം അതുകൊണ്ട് കോൺഗ്രസിനു പുതിയതല്ല. എല്ലാ വർഷവും പാർട്ടി സമ്മേളനങ്ങൾ നടത്തുമെന്ന പ്രഖ്യാപനം, മൂന്നു വർഷം കൂടുമ്പോൾ പാർട്ടി സമ്മേളനങ്ങൾ നടത്തുന്ന സിപിഎമ്മിനെ അനുകരിക്കലും അല്ല. യഥാർഥത്തിൽ പാരമ്പര്യത്തിലേക്കും അടിസ്ഥാന മൂല്യങ്ങളിലേക്കുമുള്ള  കോൺഗ്രസിന്റെ മടങ്ങിപ്പോകൽ കൂടിയാണ് ‘ചിന്തൻ ശിബിരം’ വിളിച്ചോതിയത്. സംഘടനയെ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതീക്ഷകൾ  വച്ചു പുലർത്തിയിട്ടു കാര്യമില്ലെന്ന തിരിച്ചറിവാണ് അതിനുപിന്നിൽ. 

അപശബ്ദങ്ങൾക്ക് അവധി  

സ്വാതന്ത്ര്യത്തിനുശേഷം ജനിച്ചവരാണു കേരളത്തിലെ കോൺഗ്രസ് നേതൃനിരയിലെ ഭൂരിഭാഗം പേരും. ‘ചിന്തൻ ശിബിര’ മാതൃകയിലുള്ള ഒരു സമ്മേളനത്തിൽ അവരിൽ മിക്കവരും ഇതുവരെ പങ്കെടുത്തിട്ടുമില്ല. കോൺഗ്രസിന്റെ യോഗമോ ക്യാംപോ ആയിക്കോട്ടെ, നേതൃത്വത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായുമുള്ള ആസൂത്രിത ആക്രമണങ്ങൾ പതിവാണ്. ഒരു നേതാവിനോ ഗ്രൂപ്പിനോ ഉള്ള താൽപര്യമാണ് പലപ്പോഴും അവിടെ  ഉയർന്നിരുന്നത്. അതാണു വാർത്തയായി പുറത്തേക്കു വരാറുള്ളതും. എന്നാൽ, അത്തരം ഒരു അപശബ്ദംപോലും രണ്ടു ദിവസത്തെ യോഗത്തിനിടെ ഉയർന്നില്ല. 

ഒടുവിൽ, ഗ്രൂപ്പ് ഫോട്ടോ ഫെയ്സ്ബുക് പേജിൽ ഇട്ട യുവനേതാവ് ഷാഫി പറമ്പിൽ അതിനു നൽകിയ അടിക്കുറിപ്പ് ‘കുടുംബം’ എന്നായിരുന്നു. ഒരൊറ്റ കുടുംബമാണ് എന്ന ചിന്ത അടുത്തെങ്ങും കോൺഗ്രസിൽ ഉണ്ടായിട്ടില്ല. എതിർസ്ഥാനാർഥി ജയിച്ചാലും, സ്വന്തം പാർട്ടിക്കാരൻ രക്ഷപ്പെടരുത് എന്നു തീരുമാനിച്ചുള്ള കാലുവാരൽ എത്തിച്ച പതനം ശരിയായ പാഠങ്ങളിലേക്കു പാർട്ടിയെ നയിക്കുകയാണോ? തീർപ്പുപറയാൻ കഴിയില്ലെങ്കിലും സൂചനകൾ ശുഭകരമാണ്.

ശക്തിയേകി യുവജീവനാഡി 

2020 മേയ് 15ന് ഇതേ പംക്തിയിൽ ഒരു പുതുതലമുറ നേതൃത്വം കോൺഗ്രസിൽ അവരുടെ വരവറിയിച്ചതു പ്രതിപാദിച്ചിരുന്നു. ‘കോൺഗ്രസിൽ ഉദിച്ചുയരുന്ന ‘വി’ ഗ്രൂപ്പ് എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഇംഗ്ലിഷിലെ ‘വി’(We) എന്ന വാക്കിന്റെ അർഥമായ ‘ഞങ്ങൾ’ എന്ന പൊതുവികാരം പങ്കുവയ്ക്കുന്ന യുവനേതാക്കളുടെ കൂട്ടായ്മ കോൺഗ്രസിനു നൽകുന്ന ഊർജത്തെപ്പറ്റിയാണ് അതിൽ പറഞ്ഞത്. അനാവശ്യ ഗ്രൂപ്പ് പിടിവാശികളില്ലാത്ത, പുതിയ ആശയങ്ങളോടും പുരോഗമന കാഴ്ചപ്പാടുകളോടും ആഭിമുഖ്യമുള്ള യുവ എംഎൽഎമാരും കെപിസിസി ഭാരവാഹികളും അടങ്ങുന്ന ആ സംഘം കോൺഗ്രസിന്റെ യുവജീവനാഡിയായിത്തന്നെ മാറുകയാണെന്നു ചിന്തൻശിബിരം വ്യക്തമാക്കി. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിർലോഭ പിന്തുണയുടെ കരുത്തിൽ ‘ശിബിര’ത്തിലെ അഞ്ചു കർമസമിതികളിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടായി; നിർദേശങ്ങൾക്കു പ്രാധാന്യവും കിട്ടി. ‘കോഴിക്കോട് പ്രഖ്യാപന’ങ്ങളിലും ഇവരുടെ കയ്യൊപ്പു കാണാം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ഇതേ യുവസംഘത്തിനു  പ്രചോദനാത്മകമായ ഇടപെടലുകൾ നടത്താൻ സാധിച്ചിരുന്നു. 

നയത്തിലെ തെളിമ 

ഉയർന്നു വരുന്ന ഓരോ വിഷയത്തിലും രാഷ്ട്രീയമായ ശരിയുടെ പക്ഷത്തു നിൽക്കുകയും ആ നിലപാട് പ്രവർത്തകരിലേക്കു പകരുകയും ചെയ്യണമെന്ന വികാരമാണ് ചർച്ചയിൽ ഉയർന്നുനിന്നത്. ഉറച്ച മതനിരപേക്ഷ, സ്ത്രീപക്ഷ, ദലിത്പക്ഷ നിലപാടുകൾ പുലർത്താൻ കഴിയണം. പുതിയ ചിന്തകൾക്കും ആശയങ്ങൾക്കും യോജിച്ച പദാവലിയും പ്രമേയങ്ങളിൽ കാണാനാകും.

സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ നെഹ്റുവിലേക്കു മടങ്ങാനുള്ള മുറവിളി ഉദയ്പുരിലേതുപോലെ കോഴിക്കോട്ടും ഉണ്ടായി.  നരസിംഹറാവുവും മൻമോഹൻസിങ്ങും തുടങ്ങിവച്ച ഉദാരവൽക്കരണ നയങ്ങളാണ് പുതിയ ഇന്ത്യയെ സൃഷ്ടിച്ചതെന്ന മറുവാദവും കനത്തു. രാജ്യത്തെ പുതിയ പാതയിലേക്കു നയിച്ച ആ നയങ്ങളെ അമിത കോർപറേറ്റ്‌വൽക്കരണത്തിനു ബിജെപി ദുരുപയോഗം ചെയ്തെങ്കിൽ അതു തുറന്നു കാട്ടാം. അതല്ലാതെ, ഉദാരവൽക്കരണ നയങ്ങളെ കണ്ണടച്ച് എതിർക്കുന്ന സിപിഎമ്മിന്റെ സമീപനം കോൺഗ്രസ് സ്വീകരിക്കേണ്ട കാര്യമില്ല എന്നതിനു മേൽക്കൈ കിട്ടി.

ഐക്യവും അടുപ്പവും 

നേതൃനിരയിൽ പ്രകടമായ ഐക്യമാണു മറ്റൊരു ഘടകം. കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും പുതിയ നേതൃത്വവും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പഴയ നേതൃത്വവും തമ്മിലെ മഞ്ഞുരുകിയെന്ന പ്രതീതിയാണു നാലു പേരുടെയും ഇടപെടലുകൾ മറ്റുള്ളവർക്കു നൽകിയത്. കേരളത്തിലെ ഈ നേതൃത്വം ഒറ്റക്കെട്ടായി പോകണമെന്ന ആഗ്രഹം മാത്രമാണു തനിക്കുള്ളതെന്ന  സന്ദേശം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നൽകി. 

ട്രെയിൻ ‘മിസ്’ ആയ ഉമ്മൻ ചാണ്ടി താൻ മൂലം യോഗം വൈകാതിരിക്കാൻ കാർ മാർഗമാണ് കോഴിക്കോട്ട് എത്തിയത്. രണ്ടു ദിവസത്തെ ചർച്ചകളിൽ ചെന്നിത്തല ആദ്യവസാനം സജീവമായി പങ്കെടുത്തു. ശിബിരത്തിന്റെ ഏകോപനം നിർവഹിച്ച സതീശൻ പക്ഷേ, ഒരു ഘട്ടത്തിലും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാനോ സംസാരിക്കാനോ മുതിർന്നില്ല.  

സഹജസ്വഭാവം കണക്കാക്കുമ്പോൾ, രണ്ടു ദിവസത്തെ സമ്മേളനംകൊണ്ട് കോൺഗ്രസ് അതിന്റെ കുറവുകളിൽനിന്നോ പ്രശ്നങ്ങളിൽ നിന്നോ മുക്തമാവില്ല. മുൻ പ്രസിഡന്റുമാരായ വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തോടുള്ള നീരസങ്ങളുടെ പേരിൽ വിട്ടുനിന്നത് ഇതിനു തെളിവുമാണ്. എങ്കിലും, പഠിക്കാനും മാറാനും തയാറാകാത്ത പാർട്ടി എന്ന ദുഷ്പേരു മായ്ച്ചുകളയാനുള്ള ആഗ്രഹം ‘ചിന്തൻശിബിര’ത്തിലൂടെ കോൺഗ്രസ് കേരളത്തിനു മുന്നിൽ വച്ചു കഴിഞ്ഞു.

Content Highlights: Chintan shivir, Congress, KPCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com