ADVERTISEMENT

പണ്ടുപണ്ടൊരു മലയാള സിനിമയിൽ അടൂർ ഭാസി അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ടായിരുന്നു. മുൻകൂർപേടി എന്നതായിരുന്നു ആ കഥാപാത്രത്തിന്റെ രോഗം. അക്കാലത്തു മുൻകൂർ ജാമ്യം കാര്യമായി പ്രചാരത്തിലില്ല. 

ദാ, ആ നിൽക്കുന്ന കൊന്നത്തെങ്ങ് കാറ്റിലാടിയുലഞ്ഞ് എന്റെ തലയിലേക്കു വീണാൽ ഞാൻ ചത്തുപോകുമേ, ഇറക്കമിറങ്ങി വരുന്ന ആ ബസ് വഴിയിൽനിന്നു തെന്നിത്തെറിച്ചു വന്ന്, അയ്യോ, എന്നെ ഇടിച്ചുകൊല്ലുമല്ലോ, മലമുകളിലിരിക്കുന്ന മിണ്ടാപ്പാറ താഴേക്കുരുണ്ടുരുണ്ടു വന്നാൽ എന്റമ്മോ, എന്റെ തലയിൽത്തന്നെ വീഴുമല്ലോ എന്ന മട്ടിലായിരുന്നു കഥാപാത്രത്തിന്റെ മുൻകൂർ പേടി. വന്നുപെട്ടേക്കാവുന്ന ഇത്തരം അപകടങ്ങളിൽനിന്നുള്ള ഭാസിയുടെ പേടിച്ചോട്ടം അക്കാലത്തു കാണികളെ ചിരിപ്പിച്ചിരുന്നു. 

ഇപ്പോഴത്തെ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ സിനിമ കണ്ടിട്ടുണ്ടോ എന്നറിയില്ല. കേരളത്തിലെ പൊലീസ് മേധാവികൾ ഒരുപക്ഷേ, പരിശീലനത്തിന്റെ ഭാഗമായി മുൻകൂർപേടി രംഗങ്ങൾ കണ്ടിട്ടുണ്ടാവാമെന്നാണ് അപ്പുക്കുട്ടന്റെ തോന്നൽ. 

തിരുവനന്തപുരത്തു തോന്നയ്ക്കൽ, മഹാകവി കുമാരനാശാന്റെ 150–ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രിക്കു മുൻപിൽ പ്രതിഷേധിച്ചെങ്കിലോ എന്ന സംശയത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയെ പൊലീസ് പിടിച്ചുവച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. അദ്ദേഹം വൈസ് ചെയർമാനായുള്ള സമിതിവകയാണ് ആശാൻ ജന്മവാർഷികാഘോഷത്തിന്റെ സംഘാടനം എന്നുകൂടി ഓർക്കാം.  

ക്രിമിനൽ നടപടി നിയമത്തിൽ മുൻകൂർപേടിയുടെ സ്ഥാനം എവിടെയാണെന്ന് അപ്പുക്കുട്ടനു നിശ്ചയമില്ല. ഏതായാലും കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെയും മറ്റ് അഞ്ചുപേരെയും പൊലീസ് സ്റ്റേഷനിൽ ആദരിച്ചിരുത്തി. മുഖ്യമന്ത്രി സ്ഥലംവിട്ടതിനു ശേഷമാണ് അവരെ വിട്ടയച്ചത്. അതോടെ ക്രമസമാധാനത്തിനു സമാധാനമായി. 

നമുക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു വളരെ മുൻപ്, 1924ൽ കുമാരനാശാൻ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ 150–ാം ജന്മവാർഷികവേളയിലുണ്ടായ ഈ സംഭവത്തിനു തലക്കെട്ടിടാൻ പറ്റിയ പേരുള്ള ഒരു കാവ്യം മഹാകവി എഴുതിയിട്ടുണ്ട്: ദുരവസ്ഥ. വരുംകാല ദുരവസ്ഥകൾ മുൻകൂട്ടി കാണാൻ കഴിവുള്ളവരാണല്ലോ കവികളിലെ ആശാന്മാർ.

English Summary: Tharangangalil Panachi, Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com