ADVERTISEMENT

ഇന്ന് വളരെ സവിശേഷമായ ദിവസമാണ്, ആയിരം വർഷത്തിലൊരിക്കൽ മാത്രമേ ഇങ്ങനെയൊരു ദിവസം വരൂ. കാരണം, ഇന്നു ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരേ പ്രായമായിരിക്കും. സംശയമുണ്ടെങ്കിൽ ഇതു ചെയ്തു നോക്കൂ: നിങ്ങളുടെ പ്രായവും നിങ്ങളുടെ ജനനവർഷവും തമ്മിൽ കൂട്ടുക. എല്ലാവർക്കും കിട്ടുന്ന ഉത്തരം 2022 എന്നായിരിക്കും!

ഉദാഹരണം: എന്റെ വയസ്സ് 47. ഞാൻ ജനിച്ചത് 1975ലാണ്. 47+1975= 2022!വിദഗ്‌ധർക്കുപോലും വിശദീകരിക്കാൻ കഴിയാത്തത്ര വിചിത്രം! പരിശോധിച്ചു നോക്കൂ. നിങ്ങൾക്കു കിട്ടുന്നതും 2022 എന്നു തന്നെയല്ലേ! ആയിരക്കണക്കിനു വർഷങ്ങളായി ഈ ദിവസത്തിനായി ലോകം കാത്തിരിക്കുന്നു!!’’– വാട്സാപ്പിൽ ഇപ്പോൾ കറങ്ങുന്ന ഒരു സന്ദേശമാണിത്. വായിച്ചപ്പോൾ കണക്കൊന്നു ചെയ്തു നോക്കാൻ ഒരു ഉൾപ്രേരണയുണ്ടായോ? അങ്ങനെ തോന്നി ചെയ്തുനോക്കിയപ്പോൾ കിട്ടിയ ഉത്തരം കറക്ടായിരുന്നില്ലേ? അതാണ്!

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തട്ടിപ്പു സന്ദേശങ്ങളെ പരിഹസിക്കാൻ ആരോ തയാറാക്കിയ ട്രോൾ അല്ലെങ്കിൽ വെറുതേ തമാശയ്ക്ക് ഉണ്ടാക്കിവിട്ട ഒരു വികൃതി സന്ദേശം – ഇതാണു സംഗതിയെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ഇതിൽ വലിയ അപകടവുമില്ല, ചിരിയുണർത്തുക മാത്രമാണു ലക്ഷ്യം. എന്നാൽ, ശാസ്ത്രതത്വങ്ങളെക്കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുമൊക്കെ ഇത്തരത്തിൽ വ്യാജസന്ദേശങ്ങൾ വരുമ്പോഴാണു കുഴപ്പം.

എല്ലാ വർഷവും ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ ലോകം കാത്തിരിക്കുന്ന പെഴ്സീഡ് ഉൽക്കമഴ എന്നൊരു പ്രതിഭാസം സംഭവിക്കാറുണ്ട്. 133 വർഷം കൂടുമ്പോൾ സൗരയൂഥത്തിലൂടെ സൂര്യനെച്ചുറ്റി സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നുപോകാറുണ്ട്. അപ്പോൾ അതിൽനിന്നു തെറിച്ചുപോകുന്ന അവശിഷ്ടങ്ങളും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തിൽത്തന്നെ തങ്ങിനിൽക്കും. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ അവ ഘർഷണം മൂലം കത്തിയെരിയും. ഇതാണു പെഴ്സീഡ് ഉൽക്കമഴ. ആകാശത്തു പെഴ്സീഡ് എന്ന നക്ഷത്രസമൂഹത്തിന്റെ സ്ഥാനത്തുനിന്നു വരുന്നതിനാലാണ് ഈ പേര്.

ഉൽക്കമഴ കാണാനായി കൃത്രിമവെളിച്ചം കാഴ്ചയെ തടസ്സപ്പെടുത്താത്ത, കനത്ത ഇരുട്ടുള്ളയിടങ്ങളിൽ വാനനിരീക്ഷകർ മുൻകൂർ സ്ഥലം ബുക്ക് ചെയ്യുന്നതുപോലും പതിവാണ്.

പെഴ്സീഡ് ഉൽക്കമഴയെക്കുറിച്ച് ഓരോ വർഷവും ഈ സമയത്തു പ്രചരിക്കുന്ന ഒരു സീസണൽ വ്യാജസന്ദേശമുണ്ട്: ‘‘ഇത്തവണ ഓഗസ്റ്റ് 12 ന് രാത്രി മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഉൽക്കമഴയുണ്ടാകുമെന്നു വാനനിരീക്ഷകർ സ്ഥിരീകരിച്ചിരിക്കുന്നു. ആകാശത്തെ മുഴുവൻ അതു പ്രകാശിപ്പിക്കും. രാത്രി പകൽ പോലെയാകും. ഇതു മിസ്സാക്കരുത്. 96 വർഷം കഴിഞ്ഞേ ഇനിയിതു സംഭവിക്കൂ. ജീവിതകാലത്ത് ഒരിക്കലേ ഇതു കാണാൻ കഴിയൂ.’’

ഇതു വിശ്വസിച്ച്, രാത്രിയിലെ പകൽ കാണാൻ കാത്തിരുന്നിട്ട് ഒരു കാര്യവുമില്ലെന്നു പറയേണ്ടതില്ലല്ലോ! എല്ലാം ഒത്തുവന്നാൽ, കുറെ ഉൽക്കകൾ കാണാമെന്നു മാത്രം.

ഭൂമിയിൽ അടുത്ത തിങ്കളാഴ്ച ഗുരുത്വാകർഷണമില്ലാദിനം, ചൊവ്വാ ഗ്രഹം ചന്ദ്രനെപ്പോലെ തിളങ്ങിനിൽക്കുന്നതു കാണാൻ അടുത്തതിന്റെ അടുത്ത ബുധനാഴ്ച ആകാശത്തേക്കു നോക്കൂ, അടുത്ത ഞായറാഴ്ച മുതൽ 15 ദിവസത്തേക്കു ഭൂമിയിൽ വെളിച്ചമുണ്ടാകില്ല തുടങ്ങി

നൂറുകണക്കിനു ഞെട്ടിപ്പിക്കുന്ന ‘ശാസ്ത്രസത്യങ്ങൾ’ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ഒരുവശത്ത്, ജയിംസ് വെബ് ടെലിസ്കോപ് പോലെയുള്ള സങ്കേതങ്ങളിലൂടെ പ്രപഞ്ചത്തെ കൂടുതൽ സൂക്ഷ്മമായി അറിയാനും പഠിക്കാനും മനുഷ്യൻ ശ്രമിക്കുമ്പോൾ തന്നെയാണ്, മറുവശത്ത് ഇത്തരം വ്യാജപ്രചാരണങ്ങളുണ്ടാകുന്നതും പലരും അതു വിശ്വസിക്കുന്നതും.

Vireal

സുനക് ഒന്നു ജയിച്ചോട്ടെ!

ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ആദ്യത്തെ പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടത് അവിടുത്തെ അധികൃതർ പ്രഖ്യാപിക്കുന്നത് എന്ന പേരിൽ ഒരു വിഡിയോ ആവേശത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫലമറിയുന്ന സുനക്കിന്റെ പ്രതികരണവും വിഡിയോയിൽ കാണാം. (ഈ ക്യുആർ കോഡ് സ്കാൻ ചെയ്യൂ)

ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഇന്ത്യൻ വേരുകളുള്ള ഋഷി സുനക് ഉണ്ടെന്നു നമുക്കറിയാം. എന്നാൽ, പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിട്ടില്ല. സെപ്റ്റംബർ അഞ്ചിനേ പുതിയ പ്രധാനമന്ത്രി ആരാണ് എന്നറിയാൻ കഴിയൂ.അപ്പോൾ ഈ കാണുന്ന വിഡിയോ? ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. പലഘട്ടങ്ങളായാണ് ഈ വോട്ടെടുപ്പ്. ഓരോ ഘട്ടത്തിലും കുറവു വോട്ടുള്ളവർ ഒഴിവാക്കപ്പെടും. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലുള്ളത് അഞ്ചാം ഘട്ടത്തിലെ വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതാണ്. ഈ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ മത്സരരംഗത്തു ബാക്കിയുള്ളതു ഋഷി സുനക്കും ലിസ് ട്രസുമാണ്. അവസാന വോട്ടെടുപ്പിൽ ഇവരിൽ മുന്നിലെത്തുന്നയാൾ പ്രധാനമന്ത്രിയാകും. ഋഷി സുനക് പ്രധാനമന്ത്രിയാകാൻ തീർച്ചയായും സാധ്യതയുണ്ട്. പക്ഷേ, ഇപ്പോൾ കിട്ടിയ വിഡിയോ ഷെയർ ചെയ്യാൻ വരട്ടെ!

ഒന്നു തരുമോ ഒടിപി?

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള ഓട്ടത്തിലായിരിക്കുമല്ലോ പലരും. ഈ സമയം നോക്കി പലരുടെയും ഫോണിലേക്ക് ഒരു വിളി വരുന്നുണ്ട്. ‘താങ്കൾ സമർപ്പിച്ച ഇൻകം ടാക്സ് റിട്ടേൺ പ്രകാരം ഇത്ര രൂപ താങ്കൾക്കു തിരികെ തരാനുണ്ട്. അതു ബാങ്കിലേക്കു ട്രാൻസ്ഫർ ചെയ്യുകയാണ്. അതിന് ഒരു ഒടിപി ഫോണിൽ വരും. ദയവായി പറഞ്ഞു തരണം’’ – ഹിന്ദിയിലോ ഇംഗ്ലിഷിലോ സംസാരിക്കുന്ന ആളുടെ ആവശ്യം ഇതായിരിക്കും. ഒടിപി അവർക്കു പറഞ്ഞുകൊടുത്താൽ റീഫണ്ട് കിട്ടില്ലെന്നു മാത്രമല്ല, ബാങ്കിൽ ഉള്ള ഫണ്ട് വെള്ളത്തിലാവുകയും ചെയ്യും. ബാങ്കുകളിൽനിന്നോ ഇൻകം ടാക്സ് വകുപ്പിൽനിന്നോ ഒടിപി ചോദിച്ച് നമ്മളെ ആരും വിളിക്കില്ല എന്ന കാര്യം മറക്കാതിരുന്നാൽ നമുക്കു കൊള്ളാം!

ഇതുപോലെ, സർക്കാർ വകുപ്പുകളുമായി ബന്ധപ്പെടുത്തി ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഏതാനും വ്യാജ വാഗ്ദാനങ്ങളെക്കുറിച്ചു പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്:

∙ ‘ഒരു കുടുംബം ഒരു ജോലി’ പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ ഒരു വ്യക്തിക്കു സർക്കാർ ജോലി ലഭിക്കും എന്നു പറയുന്ന വിഡിയോ പ്രചരിക്കുന്നതു വ്യാജം.

∙ പഠനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാവർക്കും സൗജന്യ സ്മാർട്ഫോണുകൾ നൽകുന്നു എന്ന സന്ദേശം വ്യാജം.

∙ ഇന്ത്യൻ ഓയിൽ കോ‍ർപറേഷന്റെ ലക്കിഡ്രോയിൽ പങ്കെടുത്താൽ 6000 രൂപയുടെ ഇന്ധന സബ്സിഡി ഗിഫ്റ്റ് വൗച്ചർ കിട്ടും എന്ന പേരിലുള്ള ലിങ്ക് വ്യാജം.

English Summary: Vireal Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com