ചിതറരുത് സംഘം; രക്ഷ സർക്കാർ സഹകരണം മാത്രം

HIGHLIGHTS
  • ചില തട്ടിപ്പുകൾ നമ്മുടെ സഹകരണ മേഖലയെയാകെ കരിനിഴലിലാക്കുന്നു
  • വേണ്ടത് സർക്കാരിന്റെ കർശന ഇടപെടൽ
bank-scam-2
SHARE

തൃശൂർ കരുവന്നൂർ ബാങ്ക്, പാലക്കാട് കണ്ണമ്പ്ര ബാങ്ക് തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകൾ വീണ്ടും ചർച്ചയാകുന്നു. സാധാരണക്കാരായ നൂറുകണക്കിനു നിക്ഷേപകർ മുണ്ടു മുറുക്കിയുടുത്തും മിച്ചം പിടിച്ചും സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുകയാണു തട്ടിപ്പുകാർ കവർന്നത്. അതിനുവേണ്ടി അവർ ഗൂഢാലോചന നടത്തി, വ്യാജരേഖയുണ്ടാക്കി, അധികാരം ദുർവിനിയോഗം ചെയ്തു. തട്ടിപ്പു കണ്ടെത്തേണ്ട ഉദ്യോഗസ്ഥർ കണ്ണടച്ചു, സഹകരണ വകുപ്പ് മൂകസാക്ഷിയായി. സംസ്ഥാനത്ത് 15000ൽ ഏറെ സഹകരണ സംഘങ്ങളുണ്ട്. ഇവയിൽ വിരലിലെണ്ണാവുന്ന സംഘങ്ങളിലാണു തട്ടിപ്പു നടന്നത്. പക്ഷേ, അതിന്റെ പേരിൽ എല്ലാ സംഘങ്ങളും അവിശ്വാസത്തിന്റെ നിഴലിലാവുന്നു.

നോട്ടു നിരോധനത്തിനുശേഷം പ്രളയം, കോവിഡ്, സാമ്പത്തികമാന്ദ്യം.. പലതരത്തിലുള്ള പ്രയാസങ്ങളിലൂടെ അതിജീവനത്തിനു പോരാടുകയാണു സഹകരണ സംഘങ്ങൾ. പ്രളയ പുനരധിവാസം, കെയർ ഹോം പദ്ധതി, കോവിഡ് ദുരിതാശ്വാസം.. നാടിന്റെ എല്ലാ കെടുതികളിലും ആശ്വാസത്തിന്റെ കൈ നീട്ടിയിട്ടുണ്ട് സഹകരണ മേഖല. കെഎസ്ആർടിസി പെൻഷൻ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങി സർക്കാരിന്റെ ജനകീയ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ അവരുടെ പങ്ക് വളരെ വലുതുമാണ്. ഇതിനിടയിലാണു തിരിച്ചടിയായി തട്ടിപ്പുകഥകൾ പുറത്തുവരുന്നത്.

തട്ടിപ്പുകാർ പെരുകുമ്പോൾ, തുടക്കത്തിലേ അവരെ നിലയ്ക്കുനിർത്താൻ സർക്കാർ ഇടപെടലുണ്ടായേ തീരൂ. ഇല്ലെങ്കിൽ കേരളത്തിന്റെ ഗ്രാമീണ സമ്പദ്മേഖലയ്ക്ക് ഉണ്ടാകാൻ പോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജനകീയരായ സഹകാരികളും ആത്മാർഥതയുള്ള ജീവനക്കാരും ചേർന്ന് സംഘങ്ങളെ വിജയത്തിലെത്തിക്കാൻ ശ്രമിക്കുമ്പോൾ ഏതാനും ചിലർ ചേർന്ന് അതിനെ തകർക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ കാഴ്ചക്കാരാകരുത്.

സ്വാധീനമുണ്ടെങ്കിൽ പേടിക്കുകയേ വേണ്ട

യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുന്ന കാലം. അന്നു കേരളത്തിലെ ഒരു കോൺഗ്രസ് എംപിയുടെ കീഴിലുള്ള അർബൻ ബാങ്കിനു റിസർവ് ബാങ്ക് വായ്പവിലക്ക് ഏർപ്പെടുത്തി. വലിയ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടും ബാങ്കിന് ഒന്നും ചെയ്യാനായില്ല. മാസങ്ങളോളം വിലക്കു നീണ്ടു. കേരളത്തിൽത്തന്നെ ഒരു സഹകരണബാങ്കിലായിരുന്നു ഈ സംഭവമെങ്കിലോ? സഹകരണ ബാങ്കുകളുടെ പരമാധികാരിയായ സഹകരണ റജിസ്ട്രാർ ഇത്തരമൊരു ഉത്തരവിറക്കിയെന്നിരിക്കട്ടെ, രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി തൊട്ടടുത്ത ദിവസം ആ വിലക്ക് റജിസ്ട്രാർക്കു തന്നെ പിൻവലിക്കേണ്ടി വരും. കേരളത്തിലെ സഹകരണ സംഘങ്ങളിൽ എന്തുകൊണ്ട് തട്ടിപ്പുകൾ നടക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ഉദാഹരണത്തിലുണ്ട്. ഭരണ സ്വാധീനമുണ്ടെങ്കിൽ പരമാധികാരിയെ വരെ അട്ടിമറിക്കാം.

കേരളത്തിലെ സഹകരണ സംഘങ്ങളിലുണ്ടായ തട്ടിപ്പുകളെല്ലാം സമാനരീതിയിലാണ്. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ഒത്താശയോടെയാണു തട്ടിപ്പ് നടത്തിയിരിക്കുന്നത്. തെറ്റു ചൂണ്ടിക്കാട്ടാൻ ശ്രമിച്ചവരെയെല്ലാം തുടക്കത്തിലേ ഒതുക്കി. നടപടിയെടുക്കേണ്ട സഹകരണ വകുപ്പാകട്ടെ പലതും കണ്ടില്ലെന്നു നടിച്ചു.

എൽഡിഎഫ്, യുഡിഎഫ്, ബിജെപി അനുകൂല ഭരണസമിതികളുടെ സംഘങ്ങളിലെല്ലാം തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു സർവീസ് സഹകരണ ബാങ്കുകൾ എന്നു വിളിക്കുന്ന പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളെയാണ് (പാക്സ്). സംസ്ഥാനത്ത് 1600ൽ ഏറെ പാക്സുകളാണുള്ളത്. ചില പാക്സുകളിലും കേരള ബാങ്കിന്റെ ചില ശാഖകളിലും നടക്കുന്ന തട്ടിപ്പുകളാണു ജനങ്ങളെ കൂടുതൽ ആശങ്കാകുലരാക്കുന്നത്.

ഇല്ലാത്ത സ്വർണത്തിനു ലക്ഷങ്ങൾ; തരിശുഭൂമിക്ക് കോടികൾ

കേരളത്തിൽ ഇതുവരെ വിവിധ സഹകരണ ബാങ്കുകളിലുണ്ടായ ചെറുതും വലുതുമായ എല്ലാ തട്ടിപ്പുകളുടെയും മാതൃക ഒറ്റ സ്ഥാപനത്തിൽ ഒരുമിച്ചു പരീക്ഷിച്ചുവെന്നതാണ് കരുവന്നൂർ സഹകരണ ബാങ്കിന്റെ ‘പ്രത്യേകത’. ഇല്ലാത്ത ആളുകൾക്കു വായ്പ, ഇടപാടുകാർ അറിയാതെ അവരുടെ പേരിൽ വായ്പ, കാലാവധി കഴിഞ്ഞ നിക്ഷേപം തട്ടിയെടുക്കൽ, സ്വന്തക്കാർക്ക് ഈടില്ലാതെ വായ്പ തുടങ്ങി 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണു കരുവന്നൂരിൽ മാത്രം നടന്നത്.

bank-scam-1

തട്ടിപ്പുകൾ വേറെയും
∙ആലപ്പുഴ ഹരിപ്പാട് കുമാരപുരം സഹകരണ ബാങ്കിന്റെ നാരകത്തറ ശാഖയിൽ 15 ആളുകളുടെ പേരിലായി ഒരു കോടി രൂപ വായ്പയെടുത്തതു ബെനാമി ഇടപാടിലെന്നു സംശയം. പലതിന്റെയും തിരിച്ചടവു മുടങ്ങി. പരിശോധന തുടങ്ങിയതോടെ അതിവേഗം വായ്പകൾ തിരിച്ചടച്ചു. രണ്ടു വർഷത്തിനകമുള്ള പണയ ഇടപാടുകൾ പരിശോധിച്ചപ്പോൾ 32 എണ്ണത്തിൽ സ്വർണം ഈടുവച്ചിട്ടില്ല. ഈ വകയിൽ മാത്രം നഷ്ടം 85 ലക്ഷം രൂപ.
∙ വിപണന മൂല്യം തീരെക്കുറഞ്ഞ സ്ഥലം ഈടായി സ്വീകരിച്ചു ലക്ഷങ്ങൾ വായ്പ അനുവദിച്ച ക്രമക്കേടാണ് ഏറ്റുമാനൂർ, കാരാപ്പുഴ സഹകരണ ബാങ്കുകളിൽ നടന്നത്. ഏറ്റുമാനൂരിൽ 72 ലക്ഷത്തിന്റെ വായ്പ കുടിശികയായതിനെത്തുടർന്ന്, ഈടുവച്ച ഭൂമി ജപ്തി ചെയ്യാൻ പോയവർ കണ്ടെത്തിയതു തരിശുഭൂമി.
∙ മൂവാറ്റുപുഴ കാർഷിക ഗ്രാമവികസന സഹകരണ ബാങ്കിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്ത ആയവന സ്വദേശി പലിശയടക്കം പ്രതിമാസ തവണകൾ കൃത്യമായി അടച്ചിരുന്നു. കുറെ കഴിഞ്ഞാണു തന്റെ പേരിൽ 10 ലക്ഷത്തിന്റെയല്ല, 20 ലക്ഷത്തിന്റെ വായ്പയാണ് ഉള്ളതെന്ന് അറിയുന്നത്. 10 ലക്ഷം ഭരണസമിതി അംഗം സ്വന്തമായി എഴുതിയെടുത്തു.
∙ പാലക്കാട്ടെ എലപ്പുള്ളി സഹകരണ ബാങ്കിൽനിന്നു വായ്പ വാങ്ങിയവരിൽ പലരും അതു തിരിച്ചടച്ചെങ്കിലും തുക ബാങ്കിന്റെ അക്കൗണ്ടിലെത്തിയിട്ടില്ല.
∙ പാലക്കാട് ജില്ലയിൽ 5.76 കോടിയിലധികം രൂപയുടെ ക്രമക്കേടു നടന്ന കണ്ണമ്പ്ര സഹകരണ ബാങ്കിലെ സിപിഎം ഭരണസമിതി കെട്ടിടനിർമാണത്തിന് ഊരാളുങ്കൽ സൊസൈറ്റിക്ക് ഒരു കോടി രൂപ മുൻകൂറായി നൽകിയാണു സഹായിച്ചത്.
∙ കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ ഉടമകളറിയാതെ മകളുടെ അക്കൗണ്ടിലേക്കു മാറ്റി കോഴിക്കോട് കേരള ബാങ്ക് റീജനൽ ഓഫിസിൽ ഉദ്യോഗസ്ഥ തട്ടിയെടുത്തത് 25 ലക്ഷത്തിലേറെ രൂപ.

6 വർഷത്തിനിടെ സംസ്ഥാനത്ത് 396 സഹകരണ സംഘങ്ങളിലാണ് ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായതെന്നു മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ വെളിപ്പെടുത്തി(ജൂലൈ 18നു മന്ത്രി നൽകിയ മറുപടി അനുസരിച്ച്). ക്രമപ്രകാരമല്ലാത്ത വായ്പ, വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ചുള്ള വായ്പ, ഈടില്ലാത്ത വായ്പ, സ്വർണ വായ്പയിലെ തട്ടിപ്പുകൾ, ഈടുവച്ച വസ്തുക്കളുടെ ക്രമപ്രകാരമല്ലാത്ത ലേലം തുടങ്ങിയ ക്രമക്കേടുകളാണ് ഉണ്ടായതെന്നാണു മറുപടിയിലുള്ളത്. കേരളത്തിൽ നിക്ഷേപം തിരിച്ചു കൊടുക്കാനാകാത്ത വിധത്തിൽ ചെറുതും വലുതുമായി 164 സംഘങ്ങൾ നഷ്ടത്തിലുണ്ടെന്നു മറ്റൊരു മറുപടിയിൽ പറയുന്നു.

നീതി കിട്ടാതെ നിക്ഷേപകർ, ആവിയാകുന്ന അന്വേഷണങ്ങൾ

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്കുപോലും ലഭിക്കാതെ മരിച്ച കാറളം തെയ്ക്കാനകത്ത് ഫിലോമിനയുടെ കഥ ഒറ്റപ്പെട്ടതല്ല. അതുപോലെ ആജീവനാന്ത സമ്പാദ്യം എന്നേക്കുമായി നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്. മകളുടെ വിവാഹത്തിനോ സ്വന്തമായൊരു വീടുണ്ടാക്കാനോ ജോലിയിൽനിന്നു വിരമിച്ചശേഷം ആരെയും ആശ്രയിക്കാതെ ജീവിക്കാനോ ഒക്കെ പണം സ്വരൂപിച്ചവരാണ് ഇവരിൽ ഏറെയും. ഇവർക്കൊന്നും ആ പണം ആവശ്യത്തിന് ഉപകരിച്ചില്ല. തട്ടിപ്പുണ്ടായാൽ തുക നിക്ഷേപകർക്കു മുഴുവനായി തിരിച്ചു കിട്ടുന്നില്ല. 10000– 20000 രൂപ വീതം ഗഡുക്കളായി തിരിച്ചുകിട്ടിയാലായി. ചിലപ്പോൾ വർഷങ്ങളോളം സമരം ചെയ്യണം. പൊലീസോ ക്രൈംബ്രാഞ്ചോ അന്വേഷണം ഏറ്റെടുത്താൽ ചില പ്രതികളെ അറസ്റ്റ് ചെയ്യും. ഏതാനും ദിവസം കഴിഞ്ഞ് ഇവർ ജാമ്യത്തിലിറങ്ങും. പതിയെ അന്വേഷണം തേഞ്ഞുമാഞ്ഞു പോകും.

bank-scam-3

കൊല്ലം കൊട്ടാരക്കര താമരക്കുടി സഹകരണബാങ്കിലെ 13 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് 2012ൽ ആണ് ബാങ്ക് ഓഡിറ്റിങ്ങിലൂടെ പുറത്തുവരുന്നത്. ഏഴു കോടിയോളം രൂപ എവിടെപ്പോയെന്നു പോലും കണ്ടെത്താനായില്ല. പണം തട്ടിയവരെന്നു നിക്ഷേപകർ കരുതുന്ന ഉദ്യോഗസ്ഥരും മുൻ ഭരണസമിതി അംഗങ്ങളും രാഷ്ട്രീയത്തണലിൽ സുഖമായി ജീവിക്കുന്നു. പരാതിയിൽ ആരംഭിച്ച വിജിലൻസ് അന്വേഷണവും രാഷ്ട്രീയ സ്വാധീനത്താൽ മരവിപ്പിച്ചു. ക്രമക്കേടു പുറത്തുവന്ന് പത്തുവർഷം കഴിഞ്ഞിട്ടും ഒരാളെപ്പോലും കേസിൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സർക്കാർ നിയന്ത്രണത്തിലാണ് ബാങ്ക് ഇപ്പോൾ. നിക്ഷേപകരെ കബളിപ്പിക്കാൻ ഇടയ്ക്കു യോഗങ്ങൾ വിളിക്കും. പണം ഉടൻ നൽകുമെന്ന വാഗ്ദാനവും നൽകും.

എല്ലാ തട്ടിപ്പുകളുടെയും പ്രധാന കാരണം ഒന്നാണ്: സഹകരണ മേഖലയിലെ അമിത രാഷ്ട്രീയ ഇടപെടൽ. വായ്പ നൽകലും നിക്ഷേപം സ്വീകരിക്കലും അടക്കമുള്ള ഇടപാടുകൾക്കു പുറമേ ഓഡിറ്റിങ്ങും സ്ഥലംമാറ്റവും അടക്കം അടിമുടി രാഷ്ട്രീയത്തിൽ മുങ്ങിയതാണു സഹകരണ മേഖലയുടെ ഏറ്റവും വലിയ ശാപം. എന്തു തട്ടിപ്പു നടത്തിയാലും സ്വന്തക്കാരായ പാർട്ടിക്കാർക്കു സംരക്ഷണം ലഭിക്കും. രാഷ്ട്രീയ അടിമത്തമുള്ളതുകൊണ്ട് സ്വന്തം പാർട്ടിക്കാരായ ഭരണസമിതി അംഗങ്ങൾ നടത്തുന്ന ക്രമക്കേടുകൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടാറില്ല. ഇനി അതിനു ധൈര്യം കാണിച്ചാൽ ചിലപ്പോൾ ജില്ലകൾക്കപ്പുറത്തേക്കു സ്ഥലംമാറ്റം ഉറപ്പ്. ഓ‍ഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്ന പിഴവുകൾ മൂടിവയ്ക്കുക എന്നതാണു ഭരണവിഭാഗത്തിന്റെ പ്രധാന ചുമതല എന്ന നിലയിലാണു കാര്യങ്ങൾ.

‘നിയമ ഭേദഗതി വരും, എല്ലാം ശരിയാകും!’

സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയാൻ സഹകരണ നിയമ ഭേദഗതിനിയമം വരുന്നു എന്നാണു മന്ത്രി ആവർത്തിച്ചു വ്യക്തമാക്കുന്നത്. മേഖലയിലെ ഏതു പ്രശ്നത്തെക്കുറിച്ചു ചോദിച്ചാലും നിയമം വന്നാൽ എല്ലാം ശരിയാകുമെന്നാണു വിശദീകരണം. സഹകരണ സ്ഥാപനത്തിൽ തിരിമറി കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിനു സമാന്തരമായി ക്രിമിനൽ കേസെടുക്കുമെന്നു കരടു നിയമം ശുപാർശ ചെയ്യുന്നുണ്ട്. അപ്പോഴും ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: നിയമം ഇല്ലാത്തതല്ല പ്രശ്നം, ഉള്ള നിയമത്തെ ചിലർ അട്ടിമറിക്കുന്നതാണ്. ഭേദഗതി വന്നാലും അതു മാറുമോ?

കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നിയന്ത്രണങ്ങൾ മൂലം കേരളത്തിലെ സഹകരണ സംഘങ്ങൾ ഞെരുങ്ങുകയാണ്. ആദായനികുതി വകുപ്പ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഒരു വശത്ത്. നിധി കമ്പനികൾ, മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സംഘങ്ങൾ, ഇവയ്ക്കു പുറമേ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും വരാനിരിക്കുന്ന 3 ലക്ഷത്തോളം സംഘങ്ങൾ എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ മറുവശത്ത്. ഒരു പഞ്ചായത്തിൽ നാലു സംഘങ്ങൾ പ്രവർത്തിക്കുമ്പോൾ വിശ്വാസ്യത പ്രധാന വിജയഘടകമാകും. തട്ടിപ്പു പെരുകുമ്പോൾ അതിനാണു കോട്ടമുണ്ടാകുന്നത്.

മറുപടി ഉണ്ടോ?

സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന സഹകരണ വകുപ്പിന്റെ വീഴ്ചകളാണു തട്ടിപ്പുകൾ പെരുകാൻ കാരണം.

∙ വർഷംതോറും സഹകരണ വകുപ്പ് കൃത്യമായി ഓഡിറ്റ് നടത്തുന്ന ബാങ്കുകളിൽപോലും തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തത് എന്തു കൊണ്ട്? പണം തിരികെ ലഭിക്കാതെ നിക്ഷേപകർ പ്രശ്നമുണ്ടാക്കുമ്പോൾ മാത്രം തട്ടിപ്പ് പുറത്തുവരുന്നത് എന്തുകൊണ്ട്?
∙ ലക്ഷങ്ങളുടെ മാത്രം ഇടപാടു നടത്തിയിരുന്ന സംഘങ്ങൾ കോടികളിലേക്കും ശതകോടികളിലേക്കും വളർന്നപ്പോൾ കാലോചിതമായ പ്രഫഷനലിസം നടപ്പാക്കാത്തത് എന്തുകൊണ്ട്? സംഘങ്ങൾക്കുള്ള ഏകീകൃത സോഫ്റ്റ്‌വെയർ പദ്ധതി അട്ടിമറിച്ചത് ആര്?
∙ കംപ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ഓഡിറ്റർമാരാണു സഹകരണ വകുപ്പിൽ പലരും. അതേസമയം, തട്ടിപ്പു നടക്കുന്നതു മുഴുവൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചും. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പോലുമറിയാത്ത ഓഡിറ്റർ എങ്ങനെ പുതിയകാലത്തെ തട്ടിപ്പു തടയും?
∙ സഹകരണരംഗത്തെ അഴിമതി തടയാൻ രൂപീകരിച്ച വിജിലൻസ് സംവിധാനം മറ്റൊരു തമാശ. ഡിഐജി റാങ്കിൽ കുറയാത്ത ആൾ സഹകരണ വിജിലൻസ് തലപ്പത്തു വേണം എന്നാണു നിയമം. എന്നാൽ, ഇദ്ദേഹത്തിനു കേസ് അന്വേഷിക്കാൻ സഹകരണ റജിസ്ട്രാറുടെ അനുമതി വേണം. സംസ്ഥാനത്തെ ഏറ്റവും ജൂനിയറായ ഐഎഎസുകാരനായിരിക്കും ആ പദവിയിൽ. തന്നെക്കാൾ വളരെ ജൂനിയറായ ഒരാളുടെ അനുമതി വാങ്ങി അന്വേഷണം നടത്തേണ്ട പദവിയിലേക്ക് ഏത് ഉദ്യോഗസ്ഥൻ വരും?
∙ സഹകരണ വകുപ്പിൽ വിവരാവകാശ നിയമം ബാധകമാണെങ്കിലും സഹകരണ സംഘങ്ങളിൽ വിവരാവകാശ നിയമം ബാധകമല്ല. ജനകീയ ഓഡിറ്റിങ്ങിന് എന്തുകൊണ്ടു സംഘങ്ങൾ വിധേയമാകുന്നില്ല? സഹകരണ സംഘങ്ങളുടെ ഓഡിറ്റിങ് വിവരങ്ങൾ പ്രത്യേക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നിട്ടെന്തായി?

സഹ. സംഘങ്ങളെ രക്ഷിക്കാൻ ചെയ്യേണ്ടത് എന്ത്?

വിദഗ്ധർ നിർദേശിക്കുന്നു
∙ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി അടിമുടി പ്രഫഷനൽ സമീപനം സ്വീകരിക്കണം. വിപുലമായ തോതിൽ വായ്പ നൽകാനും നിക്ഷേപം സ്വീകരിക്കാനും ഇതാവശ്യമാണ്.
∙ എല്ലാ വിഭാഗം ജീവനക്കാർക്കും കാലോചിത പരിശീലനം നൽകണം.
∙ തട്ടിപ്പു കേസുകളിലെ പ്രതികളെ മുഖം നോക്കാതെ നിയമത്തിനു മുന്നിലെത്തിക്കണം.
∙ നിക്ഷേപകർക്കു പണം നഷ്ടമാകുന്ന സാഹചര്യങ്ങളിൽ നിക്ഷേപ ഗാരന്റി സ്കീമിൽനിന്ന് അടിയന്തരമായി പണം കൈമാറി സംഘങ്ങളുടെ വിശ്വാസ്യത നിലനിർത്തണം. പിന്നീട് ഈ സംഘങ്ങളുടെ ആസ്തി ഏറ്റെടുത്ത് പണം ഗാരന്റി സ്കീമിലേക്ക് ഉൾക്കൊള്ളിക്കുക.
∙ സഹകരണ മേഖലയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ആത്മവിശ്വാസം നൽകുന്ന നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടു വരണം.

പറഞ്ഞ് പേടിപ്പിക്കരുത്
∙ സി.എൻ.വിജയകൃഷ്ണൻ, (സഹകരണ ഫെഡറേഷൻ ചെയർമാൻ)

‘‘കേരളത്തിലെ സഹകരണ മേഖല വളരെ ശക്തമാണ്. അതു കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത പാലിക്കുകയാണു വേണ്ടത്. നിക്ഷേപം തിരിച്ചു കൊടുക്കാൻ പറ്റാത്ത 164 സംഘങ്ങളുണ്ടെന്നാണു മന്ത്രി പറയുന്നത്. കേരളത്തിൽ ആകെ പന്ത്രണ്ടായിരത്തിലേറെ സഹകരണ സംഘങ്ങളുണ്ട്. ഈ സംഘങ്ങൾ വിചാരിച്ചാൽ 164 സംഘങ്ങളിലെ പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാം.
ഓരോ ജില്ലയിലും അഞ്ചോ ആറോ സംഘങ്ങൾ മാത്രമാണു പ്രതിസന്ധിയിലുള്ളത്. ജില്ലയിലെ ആയിരത്തോളം വരുന്ന സംഘങ്ങൾ അഞ്ചോ ആറോ വർഷത്തേക്ക് ഇവർക്കു കടം നൽകിയാൽ തീരാവുന്ന ചെറിയ പ്രശ്നമേ നിലവിൽ സഹകരണ മേഖലയ്ക്കുള്ളൂ. ഈ ചെറിയ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി ഊതി വീർപ്പിക്കുകയാണ്. കരുവന്നൂരിൽ 102 കോടി രൂപയാണു നിക്ഷേപകർക്കു നൽകാനുള്ളത്. 302 കോടി ബാങ്കിനു തിരിച്ചു കിട്ടാനുണ്ട്. തൃശൂരിലെ സഹകരണ ബാങ്കുകളും നല്ല സംഘങ്ങളും ചേർന്ന് 5 വർഷത്തേക്കു കടം നൽകിയാൽ കരുവന്നൂർ ബാങ്കിനെ രക്ഷിച്ചെടുക്കാം.’’

Content Highlight: Co Operative Bank scams in Kerala, Karuvannur bank, Kannambra Service Cooperative Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}