സ്വാതന്ത്ര്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാം

HIGHLIGHTS
  • മനോരമ ന്യൂസ് ‘കോൺക്ലേവ് ’ ഉയർത്തിയ ആശയങ്ങൾ പ്രസക്തം
Manorama News Conclave 2022
മനോരമ ന്യൂസ് കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.
SHARE

അഖണ്ഡതയും ഭദ്രതയും ഓർമിപ്പിച്ച്, സ്വതന്ത്ര ഇന്ത്യ എഴുപത്തഞ്ചാണ്ടിന്റെ നിറവിലേക്ക് എത്തുകയാണ്. ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും ഈ ധന്യവേള നമുക്കു മുന്നിലുള്ള വലിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നുണ്ട്; ആത്മപരിശോധനയിലേക്കുള്ള വാതിൽ ഒരിക്കൽക്കൂടി തുറന്നുതരുന്നുമുണ്ട്. ഭാരതം എന്ന ആശയത്തിന്റെ ആധാരശിലതന്നെ നാനാത്വത്തിലെ ഏകത്വമാണെന്നു പറയാം. തൃശൂരിൽ നടന്ന മനോരമ ന്യൂസ് ‘കോൺക്ലേവ് 2022’ൽ ഫെഡറലിസം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ നിലപാടുകൾ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കിയതിൽ രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും തെളിഞ്ഞുനിന്നതും അതുകെ‍ാണ്ടുതന്നെ.

നമുക്കു കൈവന്ന സ്വാതന്ത്ര്യത്തെ നന്ദിപൂർവം പ്രണമിക്കേണ്ട ഈ ജൂബിലിവേളയിൽ, ഭാവി ഇന്ത്യയെ ഭാവന ചെയ്യാൻവേണ്ടി, വിവിധ രംഗങ്ങളിൽനിന്ന് ഒത്തുകൂടിയവരുടെ ചിന്തകൾ കോൺക്ലേവിനെ സാർഥകമാക്കി. നവഭാരതം എന്ന ആശയത്തെ വ്യക്തിപരമായും രാഷ്ട്രീയമായും സാംസ്കാരികമായും അടയാളപ്പെടുത്തുകയായിരുന്നു, അവരെല്ലാം.

ആശയക്കൂട്ടായ്മയ്ക്ക് ആമുഖം കുറിച്ചത്, ഉദ്ഘാടകനായ പിണറായിയും പ്രഭാഷകനായി ഓൺലൈനിലെത്തിയ സ്റ്റാലിനുമാണ്. രാജ്യത്തെ വിവിധ സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും തള്ളിക്കളയാനുള്ള ശ്രമങ്ങളിൽ അവർ കടുത്ത ആശങ്കയാണു പ്രകടിപ്പിച്ചത്. വൈവിധ്യങ്ങളെ തള്ളിക്കളയുകയെന്ന പ്രതിലോമകരമായ നിലപാടിലേക്കു രാജ്യം എത്തിപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തിന്റെ നിലനിൽപിനു ഭീഷണിയുള്ള സാഹചര്യമാണിതെന്നുമാണു പിണറായി പറഞ്ഞത്. ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയുമില്ലാതെ രാജ്യത്തിനു മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. 

ഏക മതം, ഏക ഭാഷ, ഏക സംസ്കാരം എന്ന ചിന്താഗതി അടിച്ചേൽപിക്കുന്നവർ നമ്മുടെ ഒരുമ തകർക്കാനാണു നോക്കുന്നതെന്നും അവർ ഇന്ത്യയുടെ ശത്രുക്കളാണെന്നുമാണ് എം.കെ.സ്റ്റാലിൻ പറഞ്ഞത്. ശക്തമായ സംസ്ഥാനങ്ങളാണ് ഫെഡറലിസത്തിന് അടിത്തറയിടുന്നതെന്നും മതനിരപേക്ഷതയും സോഷ്യലിസവും സാമൂഹിക നീതിയും പോലുള്ള മൂല്യങ്ങളാണ് ഇന്ത്യയുടെ ഇതുവരെയുള്ള പുരോഗതിയുടെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി നമ്മുടെ ഓരോ സർക്കാരും രാഷ്ട്രീയകക്ഷിയും നിലകൊള്ളുന്നു എന്നാണു സങ്കൽപം. എന്നാൽ, മറുസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ, വിയോജിക്കാനുള്ള അവകാശം മാനിക്കാതെ വരുമ്പോൾ, ആ സങ്കൽപം അകന്നുപോകുമെന്ന ആശങ്ക ഈ മുഖ്യമന്ത്രിമാരുടെ സ്വരങ്ങളിലുണ്ടായിരുന്നു. 

സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർന്നെടുക്കാൻ ശ്രമിക്കുകയാണോ? പല കോണിൽ നിന്നുയരുന്ന ഈ ആശങ്കയെ സ്പീക്കർ എം.ബി. രാജേഷ് കോൺക്ലേവിലൂടെ ചോദ്യരൂപേണ ഉന്നയിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി ഇതാണ്: ‘സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തണം എന്നതാണു വ്യക്തിപരമായി എന്റെ അഭിപ്രായം. എങ്കിൽ മാത്രമേ, സംസ്ഥാനങ്ങൾക്കു വികസനപാതയിൽ ശക്തമായി മുന്നോട്ടുപോകാൻ കഴിയൂ’. ഈ രാജ്യം ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

പരസ്പരം യോജിക്കാത്ത ചിന്താധാരകളുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും അവയെക്കുറിച്ചു നിരന്തരം സംവദിക്കുകയും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തുകയും വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ൽ നടന്ന മനോരമ ന്യൂസ് കോൺക്ലേവിൽ ചൂണ്ടിക്കാട്ടിയത് ഇതോടു ചേർത്ത് ഓർമിക്കാം. പങ്കാളിത്ത ജനാധിപത്യവും ജനകേന്ദ്രീകൃതമായ ഭരണസംവിധാനവും കർമനിരതരായ യുവജനതയുമാണ് നവ ഇന്ത്യയുടെ സത്തയെന്നും അന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ‘പുതിയ ഇന്ത്യ’ എന്ന വിഷയത്തിൽ നടന്ന അന്നത്തെ കോൺക്ലേവിന്റെ തുടർച്ചയായിത്തന്നെ ഇപ്പോഴത്തെ ആശയക്കൂട്ടായ്മയെ കാണാം. 

നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും ബിസിനസ്– സിനിമാ– സാഹിത്യ – സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്ത കൂട്ടായ്മ, സ്വാതന്ത്ര്യം എന്ന ആശയത്തെ വിവിധ തലങ്ങളിലായി അടുത്തറിയാനുള്ള വേദിയായിത്തീരുകയായിരുന്നു. ജനാധിപത്യത്തോടൊപ്പം എന്നും സഹയാത്ര ചെയ്യേണ്ടതാണ് അഭിപ്രായസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമെന്നതിനാൽ ഒരു സാഹചര്യത്തിലും ഇവയൊന്നും ദുർബലമായിക്കൂടെന്ന് കോൺക്ലേവ് ചൂണ്ടിക്കാണിച്ചു.   

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവേളയിൽ ഭാവിഭാരതത്തെ വിഭാവനം ചെയ്യുമ്പോൾ, ആത്മപരിശോധനയും ക്രിയാത്മകമായ നവീകരണവും വേണമെന്നുകൂടി ഈ കൂട്ടായ്മ പെ‍ാതുസമൂഹത്തെ ഓർമിപ്പിക്കുന്നു. 

Content Highlights: Manorama News conclave 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}