ADVERTISEMENT

ആക്രമിക്കുന്നവരെ പ്രത്യാക്രമിക്കില്ല. പക്ഷേ, അതെക്കുറിച്ചു ചോദിക്കുന്നവരുടെ അണ്ണാക്കിൽ പിണ്ണാക്കു നിറയ്ക്കും. അതാണു കാനം സ്റ്റൈൽ. കാനം സിപിഐക്കാരുടെ പതിവുവീര്യത്തിൽ സർക്കാരിനെ വിമർശിക്കുന്നില്ലത്രേ. കുറ്റം പറയുന്നതു പ്രതിപക്ഷമല്ല, സ്വന്തം പാർട്ടിക്കാർ തന്നെ. പാർട്ടി സമ്മേളനങ്ങളിൽ സഖാക്കൾക്ക് ഒന്നേ പറയാനുള്ളൂ: മുഖ്യൻ പാടുന്നതിനെല്ലാം തുടയിൽ അടിച്ചു താളമിടുന്നതു കാനഭൂഷണമല്ല. നാൽപതിലേറെ അകമ്പടി വാഹനങ്ങളുമായി ഊരുചുറ്റുന്ന മുഖ്യനെ ഇടതുമുഖമായി കാണാനാകുമോ? എല്ലാം കേട്ടിരിക്കുന്ന കാനം കമാന്നൊരക്ഷരം ഉരിയാടുന്നില്ല. മാധ്യമപ്രവർത്തകർ ചോദിച്ചാൽ മുഖവും കനക്കും: രാവിലെ എണീറ്റാൽ പിണറായിയെ തെറി വിളിക്കണമെന്നു പറഞ്ഞാൽ നടക്കില്ല. നിങ്ങളുടെ ട്യൂണിന് അനുസരിച്ച് ഡാൻസ് ചെയ്യാൻ സാധ്യമല്ല. ങേ! ഇതെന്തു കൂത്ത്? അമ്മാവനോടുള്ള ദേഷ്യം മൂത്തു വരുമ്പോൾ അടുത്തുനിൽക്കുന്ന മരുമകന്റെ കരണക്കുറ്റി അടിച്ചു തകർക്കുന്ന വിപ്ലവകാരികൾ ഉണ്ടായിരുന്നു മുൻപ്. അവരിൽ ചിലരെ കാനത്തിനും അറിയാം.

രമയെ വിമർശിച്ച മണിയാശാനെതിരെ ആനി രാജ തിരിഞ്ഞു. പാഷാണഭാഷയുള്ള ആശാൻ അടങ്ങിയിരിക്കാനോ? അങ്ങു ഡൽഹിയിലല്ലേ ഒണ്ടാക്കൽ എന്നുവരെ ചോദിച്ചു. കാനം പക്ഷേ, തിരിഞ്ഞുനോക്കിയില്ല. കാരണമോ, ആനി പാർട്ടിയുടെ അനുമതി വാങ്ങിയില്ല. സിപിഐക്കാർക്ക് ആരെയെങ്കിലും വിമർശിക്കണോ? അതിനായി അപേക്ഷാ ഫോം വാങ്ങിയ ശേഷം അനുമതി നൽകാനാണ് ആലോചന. അതിൽ ആരോപണം, കുറ്റപ്പെടുത്തൽ, തിരുത്തൽ, അപഹസിക്കൽ, അപമാനിക്കൽ എന്നിങ്ങനെയുള്ള കോളങ്ങൾ ഉണ്ടാവും. പരമാവധി രണ്ടു കോളങ്ങളിൽ ടിക് ചെയ്യാം. അതു പാർട്ടി പരിശോധിക്കും. ശേഷം ലഭിക്കുന്ന അനുമതിപത്രം ഉണ്ടോ? നിങ്ങൾക്ക് എന്തുമാകാം. അല്ലെങ്കിൽ ആനിയെപ്പോലെ തനിയെ നടക്കേണ്ടിവരും. 

സത്യത്തിൽ കാനത്തിനു സിപിഎമ്മുമായി ഏറ്റുമുട്ടണമെന്നുണ്ട്. മാണിക്കുശേഷം മാണി കോൺഗ്രസ് ഇടതുമുന്നണിയിലേക്കു വന്നപ്പോൾ ഉണ്ടായ മുട്ടലിന്റെ ക്ഷീണം പക്ഷേ, ഇനിയും തീർന്നിട്ടില്ല. 1965ൽ ഒറ്റയ്ക്ക് 79 സീറ്റിൽ മത്സരിച്ച സിപിഐയ്ക്കു കിട്ടിയതു 3 സീറ്റാണെന്ന കോടിയേരിയുടെ പരിഹാസം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. അന്നു ലീഗിനോടു ചേർന്നു മത്സരിച്ചതുകൊണ്ടല്ലേ സിപിഎം ഇവിടെ അവശേഷിക്കുന്നതെന്നു തിരിച്ചടിച്ചു. 77ൽ ആർഎസ്എസുമായി സഹകരിച്ച ചരിത്രം പോലും സമ്മതിക്കുന്നില്ല സിപിഎമ്മുകാർ. പിന്നെ ലീഗ് ബന്ധമൊക്കെ പറഞ്ഞാൽ അവർക്ക് എവിടെ ഏശാൻ? 

കാനത്തിന്റെ പുതിയ മാനേജ്മെന്റ് ശൈലിയെക്കുറിച്ചു പഠിക്കാൻ വൻകിട കോർപറേറ്റുകൾ വൈകാതെ തിരുവനന്തപുരത്ത് എത്തും. ഒരേ സ്വഭാവമുള്ള കമ്പനികളെ എങ്ങനെ വിഴുങ്ങാം? അതാണു പഠനവിഷയം. വെളിയവും ചന്ദ്രപ്പനുമൊക്കെ ഇടതു സർക്കാരുകളെ തിരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, പാർട്ടിയെ വികസിപ്പിക്കുന്നതിൽ അവർ വിജയിച്ചില്ല. സിപിഐ എന്നു കേട്ടാൽ ചെറിയ പാർട്ടി ഓഫ് ഇന്ത്യയെന്ന കളിയാക്കുന്നവരായിരുന്നു കൂടുതൽ. ഇപ്പോൾ അങ്ങനെയല്ല. അതൃപ്തരായ സിപിഎമ്മുകാർ സിപിഐയിലേക്കു മാർച്ച് ചെയ്യുകയാണു പോലും! വെറുതേ പറയുകയല്ല, കണക്കുകളുണ്ട് മിസ്റ്റർ. 

മുഖ്യനെ അങ്ങേയറ്റം പിന്തുണയ്ക്കുകയും ഒപ്പം അദ്ദേഹത്തിന്റെ അണികളെ തന്നിലേക്ക് ആകർഷിക്കുകയും ചെയ്യുക. കാനത്തിന്റെ ഈ മാജിക്കാണു കോർപറേറ്റ് വിദഗ്ധർക്കു പഠിക്കേണ്ടത്. തമിഴ്നാട്ടിലെ സിപിഐയിലും കേരള മാതൃക വീശിയടിക്കുന്നുണ്ടത്രേ. വിശപ്പു സഹിക്കാതെ പാമ്പ് സ്വന്തം വാൽ വിഴുങ്ങിയശേഷം വയർ നിറഞ്ഞെന്ന് ആശ്വസിക്കുന്നതു പോലെയാണോ സിപിഎമ്മിൽനിന്നു സിപിഐയിലേക്കുള്ള കൂടുമാറ്റമെന്നേ ഇനി അറിയാനുള്ളൂ.

‘പോഷക’ഗുണമുള്ള ബിരിയാണി

 

biriyani
Creative: Manorama

ബാലൻ ആയതുകൊണ്ടു സഹിക്കുന്നു. മറ്റേതെങ്കിലും നേതാവായിരുന്നെങ്കിൽ ഉച്ചനേരത്ത് ഉച്ചിയിൽ കയ്യുംവച്ചു നിലവിളിച്ചുകൊണ്ടു നടുറോഡിലൂടെ ഓടിയേനെ. താൻ പ്രസിഡന്റായിരുന്ന എസ്എഫ്ഐക്ക് തന്റെ നാടായ പാലക്കാട്ട് ആളില്ലെന്നോ? ഓർക്കുമ്പോൾ ഉള്ളിലൊരു ആളൽ. ബാലസഖാവ് സ്വയം സമാധാനിപ്പിക്കും: അങ്ങനെ വരാൻ വഴിയില്ല, പിള്ളേർക്കു പഠനം ഉള്ളതുകൊണ്ടാകും. അല്ലെങ്കിൽ അവർ ഇരമ്പി എത്തിയേനെ! 

സ്ഥലം കാണിച്ചുകൊടുക്കാമെന്നും ബിരിയാണി നൽകാമെന്നും പറഞ്ഞ് ആളെക്കൂട്ടേണ്ട ഗതികേട് എസ്എഫ്ഐക്കു വന്നല്ലോ? അത് ഓർക്കുമ്പോൾ ബാലൻ ചാടി എണീക്കും. പിള്ളേരെല്ലാം വീട്ടിൽ എത്തി, എസ്എഫ്ഐക്കാർക്കു രക്ഷിതാക്കളുടെ തല്ലും കൊണ്ടില്ല എന്നു ചുറ്റും നിൽക്കുന്നവർ സമാധാനിപ്പിക്കും. എന്നിട്ടു തോർത്തുകൊണ്ടു വീശിക്കൊടുത്താൽ അൽപം ഉറങ്ങിയാലായി. 

സ്വന്തം പാർട്ടി ഭരിക്കുമ്പോൾ അവരോടു നേരിട്ടു കാര്യം പറഞ്ഞാൽ പോരേ? അതിന് അവകാശ പത്രികയുമായി കലക്ടറേറ്റ് മാർച്ച് നടത്തണോ? എസ്എഫ്ഐ സമ്പൂർണ സ്വതന്ത്ര സംഘടനയാണെന്ന് അറിയില്ല നിങ്ങൾക്ക്. അതാണ് ഈ കുനുഷ്ട് ചോദ്യങ്ങൾ. 

പലേടത്തെയുംപോലെ പാലക്കാട്ടും കോഴിക്കോട്ടും മാർച്ചിനു വേണ്ടത്ര കുട്ടികളില്ല. രാവിലെ സ്കൂളിലേക്കു വന്ന കുട്ടികളോടു കോളജുകളിൽ നിന്നു വന്നവർ ചോദിച്ചു: ചേട്ടന്മാർക്കൊപ്പം കോട്ട മൈതാനം കാണാൻ വരുന്നോ കൂട്ടുകാരേ? ബിരിയാണിയും വാങ്ങിത്തരാം. കോഴിക്കോട്ടുള്ള കുട്ടികൾക്കു കടൽക്കാഴ്ചയും ബിരിയാണിയുമായിരുന്നു ഓഫർ. സ്വപ്നയുടെ ബിരിയാണിച്ചെമ്പ്, ഡിഫിയുടെ ബിരിയാണി ചാലഞ്ച്... സിപിഎമ്മിനും പോഷക സംഘടനകൾക്കും ഇടയിൽ ദമ്മടിച്ചു കിടക്കുകയാണല്ലോ ബിരിയാണി ഇപ്പോൾ. 

കാഴ്ചയും ഭക്ഷണവുമെന്നു കേട്ടതോടെ കുട്ടിസഖാക്കൾക്കു ചുറ്റും പിള്ളേരായി. വണ്ടി പോയതു പാലക്കാട്ടെയും കോഴിക്കോട്ടെയും കലക്ടറേറ്റുകളിലേക്ക്. ഉച്ചവരെ വെയിലുകൊണ്ടു കുട്ടികൾ. ബിരിയാണി കിട്ടിയെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. എന്തായാലും രക്ഷിതാക്കൾ ബഹളം വച്ചതോടെ കുട്ടികളെ തട്ടി വണ്ടിയിൽ കയറ്റി സ്കൂളുകളിലേക്കു കുതിച്ചു. പാർട്ടി വഹ പൊലീസായതുകൊണ്ടു കൊള്ളാം. അല്ലെങ്കിൽ രക്ഷിതാക്കൾ കുട്ടിസഖാക്കളുടെ മൂക്ക് ചപ്പാത്തിയാക്കിയെനെ. 

അല്ലെങ്കിലും, എസ്എഫ്ഐക്കു സമയദോഷമാണല്ലോ ഇപ്പോൾ. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ വെറും 40 കേസുള്ള പ്രതിയെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. അതോടെ കണ്ടകശനി വണ്ടിപിടിച്ചെത്തി. സർക്കാരും സാമന്തന്മാരും ആഞ്ഞുശ്രമിച്ചിട്ടും സെക്രട്ടറിക്കു ഇപ്പോഴും ഫുൾ ജാമ്യം കിട്ടിയിട്ടില്ല. പരീക്ഷയുടെ പേരിൽ 12 ദിവസത്തേക്കു പുറത്തുണ്ടെന്നേയുള്ളൂ. മഹാരാജാസിലാണു പഠനമെങ്കിലും ഹാജരില്ല. പരീക്ഷയ്ക്കുവേണ്ടി ജാമ്യം കിട്ടാൻ മാത്രമൊരു ഹാൾ ടിക്കറ്റ്. ഹാജരില്ലാത്ത സെക്രട്ടറിക്കു ഹാൾടിക്കറ്റ് നൽകിയതിനെതിരെ വഴക്കും വക്കാണവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. അതും മൂന്നു വധശ്രമക്കേസ് മാത്രമുള്ള സെക്രട്ടറിക്കെതിരെ. 

വീട്ടിലെ കല്യാണമായാലും വിളി മോശമായാൽ...

 

അളിയൻ കാറിന്റെ താക്കോൽ തരാത്തതുകൊണ്ട് അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല, അവൾക്കു നല്ലതുവരട്ടെ എന്നാശംസിക്കുന്ന സഹോദരനെ ആരെങ്കിലും ഓർത്തുപോയാൽ തെറ്റുപറയാനാകുമോ?

കോൺഗ്രസുകാർ കുറെനാൾകൂടി ഗ്രൂപ്പെല്ലാം മാറ്റിവച്ചു ചിന്തിക്കാൻ ഇരുന്നപ്പോൾ ഒട്ടും ചിന്തയില്ലാതെ അതിൽനിന്നു വിട്ടുനിന്നവരെപ്പറ്റി പറയാതിരിക്കാനാവുമോ? അതും കെപിസിസി പ്രസിഡന്റുമാരായി വാണ രണ്ടുപേർ. ഒസി സാർ മുതൽ സകലരും കുത്തിയിരിക്കാൻ എത്തിയിട്ടും മേൽപടി മുൻ പ്രസിഡന്റുമാർ പങ്കെടുത്തില്ല. സുധീരൻജിയുടെ കാര്യം പോട്ടെ, തിരുവനന്തപുരത്തുനിന്നു കോഴിക്കോട് വരെയുള്ള യാത്ര ഒഴിവാക്കിയതാണെന്നു വയ്ക്കാം. പക്ഷേ, മുല്ലപ്പള്ളിജിയുടെ കാര്യമോ?. ഇപ്പോഴും കോഴിക്കോട്ട് തുമ്പിയെപ്പോലെ പാറിനടക്കുന്ന മനുഷ്യൻ. പക്ഷേ, ശിബിരം നടക്കുന്നതിന്റെ ഏഴയലത്തുകൂടി പോയില്ല. ഡിസിസി പ്രസിഡന്റ് ക്ഷണിച്ചാൽ മാത്രം പോകാൻ താൻ ആരാ? മുല്ലപ്പള്ളിജിയുടെ സങ്കടം അതായിരുന്നത്രേ.  

ശിബിരം തല്ലിപ്പിരിയണമെന്നു മോഹിക്കുകയോ തെരുവിൽ തമ്മിലടിക്കണമെന്നു പ്രാർഥിക്കുകയോ ചെയ്തില്ല. പോയില്ല, അത്രയേയുള്ളൂ. അതൊക്കെ പറയുമ്പോൾ മുല്ലപ്പള്ളിജിയിൽ നിന്നുവരുന്ന വിനയം കാണേണ്ടതുതന്നെ. ആ മഹദ്വചനങ്ങൾ ഇങ്ങനെയായിരുന്നു: നാളത്തെ കോൺഗ്രസിന്റെ റോഡ് മാപ്പ് തയാറാക്കിയ ശിബിരമായിരുന്നു. ബ്രെയിൻ സ്റ്റോമിങ്ങാണു നടന്നത്. അതിന്റെ പ്രാധാന്യം എനിക്കറിയാം. അരനൂറ്റാണ്ടായി അടുപ്പമുള്ള നഗരമാണു കോഴിക്കോട്. അവിടെനടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോയെന്നതിൽ അതിയായ ദുഃഖമുണ്ട്.

അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന് ഈ സഹോദരനെ കുറ്റപ്പെടുത്തല്ലേ. പക്ഷേ, വീട്ടിലെ കല്യാണമെന്നൊക്കെ പറയാമെങ്കിലും വേണ്ടപ്പെട്ടവരെ വിളിക്കേണ്ടതു പോലെ വിളിക്കണ്ടേ? അതിൽ കുമ്പക്കുടിയാശാന്റെ ഭാഗത്തും തെറ്റുണ്ട്. ആന, അമ്പാരി, ആലവട്ടം, വെറ്റിലച്ചെല്ലം എന്നിവയെല്ലാമായി അകമേ ചെന്നു ക്ഷണിക്കേണ്ടതുതന്നെ. മോന്തായം ഒടിഞ്ഞു നിൽക്കുന്ന കോൺഗ്രസിനെ ക്രെയിനിട്ടു വലിച്ചു നിർത്താൻ നോക്കുന്നതിനിടെയാണോ നേരിട്ടു ക്ഷണിക്കൽ? ആശാനേ, അങ്ങനെ പലരും ചോദിക്കും. അതിൽ വീണുപോകരുത്.

സ്റ്റോപ് പ്രസ്

മുപ്പതിലേറെ പ്രതിപക്ഷ നേതാക്കൾ ഇഡി വലയിൽ; എൻഡിഎ പക്ഷത്തുനിന്ന് മൂന്നേമൂന്നു പേർ.

ആസാദി കാ അമൃത് മഹോത്സവ്.

English Summary: Vimathan Azhachkurippukal, Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com