ADVERTISEMENT

സർക്കാർ വാഹനങ്ങൾ ആരെല്ലാം ഉപയോഗിക്കുന്നു? അവ എവിടേക്കെല്ലാം ഓടുന്നു? അഡ്ജസ്റ്റ്മെന്റ് തുടർന്നാൽ, തർക്കങ്ങൾ ഉണ്ടാകാതിരുന്നാൽ പൊതുജനം ഒന്നും അറിയില്ല. ഉന്നതരുടെ വീട്ടുകാര്യത്തിനോടാൻ  പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങൾ നിരനിരയായങ്ങനെ...

കെഎസ്ഇബിയിൽനിന്നു സിഐടിയു യൂണിയൻ പ്രസിഡന്റ് വൈദ്യുതി മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലേക്കു പോയപ്പോൾ കാർ കൂടെക്കൊണ്ടുപോയതിന്റെ പേരിൽ 6.72 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ കെഎസ്ഇബി മുൻ ചെയർമാൻ ഉത്തരവിറക്കിയിട്ട് അധികനാളായില്ല. നേതാവ് ഇതുവരെ തുക അടച്ചിട്ടില്ല. ചെയർമാൻ– യൂണിയൻ തർക്കം കാരണം കാറിന്റെ ദുരുപയോഗം ജനം അറിഞ്ഞു. വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, കോർപറേഷന്റെ ഓഫിസ് പ്രവർത്തിക്കാത്ത ഇടങ്ങളിൽ കാറിൽ കറങ്ങിയതിന് ഒരു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാൻ നിർദേശം നൽകിയതും ഈയിടെ. ഇതിന് ഉത്തരവിട്ട വനം വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ കസേര രണ്ടാഴ്ചയ്ക്കകം തെറിക്കുകയും ചെയ്തു. കാര്യമായ തർക്കങ്ങളില്ലാതെ, എല്ലാം അഡ്ജസ്റ്റ്മെന്റിൽ നീങ്ങുന്ന മറ്റു പല വകുപ്പുകളിലും ഇത്തരം കാര്യങ്ങൾ ജനം അറിയുന്നതുമില്ല.

7 സീറ്റുള്ള സർക്കാർ വാഹനം അഞ്ചു സീറ്റും കാലിയാക്കി ഓടുന്നതു തിരുവനന്തപുരത്തെ പതിവുകാഴ്ചയാണ്. ഒരാൾക്കു സഞ്ചരിക്കാൻ എന്തിനാണ് 7 സീറ്റുള്ള കാർ എന്ന ചോദ്യം മുന്നിലെത്തുന്ന ഫയലിൽ ധനവകുപ്പ് എഴുതാറില്ല. എഴുതിയിട്ടും കാര്യമില്ല. ഉന്നതർ തീരുമാനിച്ചാൽ പിന്നെ ആർക്കും തടയാൻ പറ്റില്ല. പക്ഷേ, അഡ്വക്കറ്റ് ജനറലിനു 16 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങണമെന്ന ശുപാർശ ജൂണിൽ എത്തിയപ്പോൾ ധനവകുപ്പ് ഫയലിൽ എഴുതി. ‘‘5 വർഷം പോലും പൂർത്തിയാക്കാത്ത, 86,000 കിലോമീറ്റർ മാത്രം ഓടിയ കാർ മാറ്റി പുതിയതു വാങ്ങണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ല.’’ ഫയൽ നിയമമന്ത്രിവഴി മുഖ്യമന്ത്രിക്കു മുന്നിലേക്കും മന്ത്രിസഭയിലേക്കുമെത്തി. പുതിയ കാറിന് അനുമതിയുമായി. ഇതു സാംപിൾ മാത്രം.

വണ്ടി നിറയെ ‘വീട്ടുകാര്യങ്ങൾ’

ഉന്നതരുടെ വീട്ടുകാര്യത്തിനോടാൻ വകുപ്പുകൾക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് തലസ്ഥാനത്ത്. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, പ്രധാന വകുപ്പു മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്കാണു താമസസ്ഥലത്തുനിന്ന് ഓഫിസിലെത്താൻ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്. എന്നാൽ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരെ രാവിലെ വീട്ടിൽനിന്ന് ഓഫിസിലെത്തിക്കാനും തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കാനും അൻപതോളം കിലോമീറ്റർ ദിവസേന ഓടുന്ന സർക്കാർ വാഹനങ്ങളുണ്ട്. ധനകാര്യ പരിശോധനാ വിഭാഗം മിക്ക വകുപ്പുകളിലെയും ഈ ധൂർത്ത് അടിക്കടി കണ്ടെത്താറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. ഷോപ്പിങ്ങിനും സിനിമ കാണാനുമെല്ലാം സർക്കാർ വണ്ടികൾ ഓടും.

തിരുവനന്തപുരം നഗരത്തിൽനിന്ന് 16 കിലോമീറ്റർ അകലെ പാർട്ടി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോർപറേഷനിലെ ഒരു സ്ഥിരം സമിതി അധ്യക്ഷൻ വന്നതും പോയതുമെല്ലാം ഔദ്യോഗിക വാഹനത്തിലാണ്. അതും കുടുംബാംഗങ്ങളുമൊത്ത്. വാഹനങ്ങളുടെ ചുമതലയുള്ള സെക്രട്ടറി അറിഞ്ഞതുപോലുമില്ല. സ്ഥിരംസമിതികൾക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുന്നതിലൂടെ പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ ധൂർത്താണു കോർപറേഷനിൽ മാത്രം നടക്കുന്നത്.

വരുന്നു,10 ഇന്നോവകൾ കൂടി

മന്ത്രിമാർക്കും മറ്റുമായി 10 ഇന്നോവ ക്രിസ്റ്റ കാറുകൾകൂടി വാങ്ങുകയാണു സർക്കാർ. ചീഫ് വിപ് എൻ.ജയരാജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.രാജൻ, ജി.ആർ.അനിൽ, വി.അബ്ദുറഹ്മാൻ എന്നിവർക്കായാണിത്. സംസ്ഥാനത്തു വരുന്ന വിഐപികൾക്കായാണ് 2 കാറുകൾ. ധനവകുപ്പിനു ടൂറിസം വകുപ്പ് ശുപാർശ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗിക വാഹനങ്ങൾ വാങ്ങി നൽകുന്നതു ടൂറിസം വകുപ്പാണ്.

ഇപ്പോഴത്തെ കാറുകൾ ഏറെദൂരം ഓടിക്കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണു പുതിയവ വാങ്ങുന്നത്. മുൻപു മന്ത്രിമാർക്കു കാർ അനുവദിച്ചപ്പോൾ ഇന്നോവ ക്രിസ്റ്റ തികയാതിരുന്നതിനാൽ അബ്ദുറഹ്മാൻ സ്വന്തം കാറാണ് ഉപയോഗിക്കുന്നത്. വിവിധ വകുപ്പുകൾ അനാവശ്യമായി കാറുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തി പുതിയ കാറുകൾക്കു പകരം ഉപയോഗിക്കാൻ 3 വർഷം മുൻപു സർക്കാർ തീരുമാനിച്ചിരുന്നു. ഇൗ കണക്കെടുപ്പ് പൂർത്തിയാക്കാതെയാണു പുതിയ കാറുകൾ വാങ്ങുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പ് വാങ്ങിയതു 37 കാറുകളാണ്. ചെലവ് 7.13 കോടി രൂപ. പഴക്കംമൂലം അന്നു കാറുകൾ മാറ്റിനൽകിയതു രണ്ടു മന്ത്രിമാർക്കു മാത്രമാണ്– എ.കെ.ബാലനും ഇ.പി.ജയരാജനും. എന്നാൽ, രണ്ടാം പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോഴേക്കും 6 പുതിയ കാറുകൾക്കു തുക അനുവദിച്ചു. മൂന്നെണ്ണം കറുത്ത ഇന്നോവയാണ്; അതിൽ രണ്ടെണ്ണം ഡൽഹിയിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും വേണ്ടി. മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രൈവറ്റ് സെക്രട്ടറി, പ്രസ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, മീഡിയ സെക്രട്ടറി, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി, പൊളിറ്റിക്കൽ സെക്രട്ടറി, ലീഗൽ കോൺസൽ, ശാസ്ത്ര ഉപദേഷ്ടാവ് എന്നിവർക്കെല്ലാം കാറുകൾ നൽകിയിട്ടുണ്ട്. 

മന്ത്രിയുടെ ഓഫിസിലേക്ക് എന്ന പേരിൽ രണ്ടു വാഹനങ്ങൾ വേറെയുമുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുപുറമേ 10 കാറുകൾ അദ്ദേഹത്തിന്റെ ഓഫിസിനായി ഓടുന്നു. ടൂറിസം മന്ത്രിയുടെ വീട്ടിലേക്കുകൂടി ഒരു കാർ ടൂറിസം വകുപ്പ് നൽകിയിട്ടുണ്ട്. ബാക്കി മന്ത്രിമാരുടെ വീട്ടിലെ ഓട്ടത്തിനും അതതു വകുപ്പുകളുടെ കാറുകളുണ്ട്. പ്രോട്ടോക്കോൾ പ്രകാരമല്ലെങ്കിലും വർഷങ്ങളായി തുടരുന്ന പതിവ് ഇതാണ്.

എത്ര വണ്ടി വാങ്ങി ? ‘വിവരം ശേഖരിച്ചുവരുന്നു’

മന്ത്രിമാർ, ഉദ്യോഗസ്ഥർ, ഗവർണർ എന്നിവർക്കായി ഈ സർക്കാർ എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി ? എത്ര രൂപ ചെലവഴിച്ചു? ഇനി ആരെല്ലാം വാഹനം ആവശ്യപ്പെട്ടിട്ടുണ്ട് ? മുഖ്യമന്ത്രിയുടെ വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളുടെ വാഹനവ്യൂഹത്തിലേക്കു കറുത്ത ക്രിസ്റ്റ കാറുകൾ കയറിവരികയും, പുതിയ ടാറ്റ ഹാരിയർ വാങ്ങാ‍ൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ തീരുമാനം മാറ്റി കിയ കാർണിവൽ വാങ്ങുകയും ചെയ്ത സാഹചര്യത്തിൽ സ്വാഭാവികമായും ജനങ്ങൾക്കുണ്ടാകുന്ന സംശയം. ഈ സംശയമാണു ജൂൺ 27നു മുഖ്യമന്ത്രിയോട് അനൂപ് ജേക്കബ് എംഎൽഎ ചോദിച്ചത്. ‘വിവരം ശേഖരിച്ചുവരുന്നു’ എന്നായിരുന്നു ഉത്തരം

ലോഗ് ബുക്കില്ല, ജിപിഎസ് വേണ്ട

സർക്കാർ വാഹനങ്ങളിലെല്ലാം ജിപിഎസ് വയ്ക്കണമെന്ന ഉത്തരവ് 10 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. 10–20 ലക്ഷം മുടക്കി വാഹനം വാങ്ങിയാലും അതിൽ 5000 രൂപയ്ക്കു ജിപിഎസ് ഘടിപ്പിക്കാൻ മടിയാണ്. കാരണം, അതോടെ സഞ്ചാരവഴികൾ വെളിവാകും. സ്വകാര്യ ഓട്ടങ്ങൾ മുടങ്ങും. യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്ന ലോഗ്ബുക്കിലെ കള്ളക്കളികൾ നടക്കില്ല. ലോഗ്ബുക്ക് എന്നതു മിക്ക ഓഫിസുകളിലും അരൂപിയാണ്.

വാടക കാർ ശരിയാകില്ല; ഇലക്ട്രിക് കാറും വേണ്ട

കേന്ദ്രസർക്കാർ ഓഫിസുകളിൽ ഇപ്പോൾ മാസംതോറും 25 ദിവസത്തേക്കായി വാഹനങ്ങൾ കരാർ വിളിച്ചെടുക്കുകയാണ്. വലിയ സാമ്പത്തിക ലാഭമാണ് ഇതുവഴിയുണ്ടാകുന്നത്. ആവശ്യത്തിനു മാത്രം ഉപയോഗിക്കാം. കരാർ വിളിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കും. അനെർട്ട് വഴി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്ന കേന്ദ്ര പദ്ധതി കേരളത്തിലും കൊണ്ടുവന്നെങ്കിലും വകുപ്പുകൾ ഉത്സാഹിച്ച് അട്ടിമറിച്ചു. 

കേരളത്തിലെ സ്ഥിതിയെങ്ങനെയെന്നതിന് ഒരു ഉദാഹരണം: ഒരു വകുപ്പ് സെക്രട്ടറിക്കു മറ്റൊരു അധികച്ചുമതല കൂടി കിട്ടി. അങ്ങനെ 2 ഔദ്യോഗിക കാറുകൾ. സംസ്ഥാന ബാങ്ക് ഭരണസമിതി അംഗമെന്ന നിലയിൽ മൂന്നാമതൊരു കാർ. ഇതുപോലെ മറ്റൊരു സ്ഥാപനത്തിന്റെയും കൂടിയാകുമ്പോൾ ഔദ്യോഗിക കാറുകൾ നാല്. 

എല്ലാ വകുപ്പുകളിലും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നു കഴിഞ്ഞവർഷം ധനവകുപ്പ് ഉത്തരവിറക്കി. പല വകുപ്പു മേധാവികൾക്കും ഇലക്ട്രിക് കാർ നൽകിയെങ്കിലും അവരൊക്കെ അതു തിരിച്ചുകൊടുത്ത് പകരം വിലകൂടിയ കാർ വാങ്ങിക്കൊണ്ടിരിക്കുകയാണ്. 

ഒരു ഇലക്ട്രിക് കാറിന് 100 കിലോമീറ്റർ ഓടാൻ പരമാവധി 50 രൂപയാണു ചെലവ്. ഇതേ ദൂരം ഓടാൻ വലിയ ഡീസൽ കാറിന് 1000 രൂപയുടെ ഇന്ധനം വേണം. യുവജനക്ഷേമ ബോർഡ് മേധാവി ഇങ്ങനെ കാർ സംഘടിപ്പിച്ചുകഴിഞ്ഞു. തലസ്ഥാനത്തെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ മേധാവി സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയ ആദർശധീരരായ യുവാക്കളാണ് ഇവരെല്ലാം.

യുഡിഎഫിൽനിന്നു ചാടി എൽഡിഎഫിലേക്ക് എത്തണമെങ്കിൽ സർക്കാരിന്റെ ബോർഡുള്ള കാർ വേണമെന്നു കേരള കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്ന ഓഡിയോ ഈയിടെ വൈറലായിരുന്നു. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇത്തരത്തിൽ കോൺഗ്രസിൽനിന്നു എൽഡിഎഫിലെത്തിയ 2 നേതാക്കൾക്കും സർക്കാർ കാറോടെ പുതിയ ലാവണം കിട്ടി. 

നാളെ: സർക്കാർ റേഷനരി വിറ്റാൽ

റിപ്പോർട്ടുകൾ: ജി.വിനോദ്, എ.എസ്.ഉല്ലാസ്, ജോജി സൈമൺ, ജി.കെ.രഞ്ജിത്

ഏകോപനം: വി.ആർ.പ്രതാപ്

 

English Summary: Kerala govt buys cars at will

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com