ADVERTISEMENT

ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ചുമതലയേറ്റതു നമുക്കെല്ലാം അഭിമാനമുഹൂർത്തമായിരുന്നല്ലോ. അതോടൊപ്പം സമൂഹമാധ്യമങ്ങളിൽ ‘ദ്രൗപദി മുർമു തരംഗം’ തന്നെയുണ്ടായി. അഭിനന്ദന, ആശംസാ പ്രവാഹത്തെക്കുറിച്ചല്ല പറയുന്നത്; ദ്രൗപദി മു‍ർമുവിന്റെ പേരിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുടെ കാര്യമാണ്. ഫെയ്സ്ബുക്കിൽ നൂറു കണക്കിനു ദ്രൗപദി മുർമുമാരാണു നിലവിലുള്ളത്.  ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമുണ്ട് അക്കൗണ്ടുകൾ പലത്.  

പ്രമുഖരായ വ്യക്തികളുടെ പേരിൽ അവരുടെ ആരാധകർ മാത്രമല്ല, എതിരാളികളും വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കുക പതിവാണ്. ആരാധകർ ആവേശംകൊണ്ടും എതിരാളികൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുമാണ് ഇതു ചെയ്യുക. മറ്റൊരു കൂട്ടർ തട്ടിപ്പു നടത്തുകയെന്ന ലക്ഷ്യത്തോടെയും വ്യാജ അക്കൗണ്ടുകൾ തയാറാക്കും. കേരളത്തിൽ മന്ത്രിയുടെയും സർക്കാർ ഉന്നതന്റെയുമൊക്കെ വാട്സാപ് നമ്പറെന്ന വ്യാജേന തട്ടിപ്പു നടത്താനുള്ള ്രശമങ്ങൾ നമ്മൾ ഈയിടെ വായിച്ചിരുന്നല്ലോ. 

official-page
രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ

ദ്രൗപദി മുർമുവിന്റെ പേരിലുള്ള അക്കൗണ്ടുകൾ നോക്കിയാൽ മിക്കതും ആരാധകരുടെ വകയാണ്. അക്കൗണ്ടിലെ വിവരങ്ങളിൽ അവർ ഫാൻ പേജ് എന്നും മറ്റുമൊക്കെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ പേരിൽ ഇത്രയധികം വ്യാജ അക്കൗണ്ടുകൾ ഉള്ളപ്പോൾ യഥാർഥ അക്കൗണ്ട് എങ്ങനെ തിരിച്ചറിയും? 

പ്രമുഖരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പനികൾ വെരിഫൈ ചെയ്തു നീല ടിക് നൽകും. യഥാർഥ/ആധികാരിക വ്യക്തിയാണ് എന്നതിന്റെ ഒരു തെളിവാണ് ഈ നീല ടിക്. എന്നാൽ, എല്ലാ പ്രമുഖർക്കും നീല ടിക് ഉണ്ടാകണമെന്നു നിർബന്ധവുമില്ല. അതിനൊന്നും ശ്രമിക്കാതെ സോഷ്യൽ മീഡിയയിൽ തുടരുന്ന താരങ്ങളുമുണ്ട്. ആ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ, അവരെ ഫോളോ ചെയ്യുന്നവരുടെ എണ്ണം, അവർ ഫോളോ ചെയ്യുന്നതാരെ തുടങ്ങി ഒട്ടേറെ സൂചനകൾവച്ച് യഥാർഥ ആളു തന്നെയാണോ എന്നു നമുക്കുതന്നെ തിരിച്ചറിയാം.  

ദ്രൗപദി മുർമുവിന്റെ കാര്യത്തിൽ, President of India എന്നതാണ് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ്. 60 ലക്ഷം പേർ രാഷ്ട്രപതിയെ ഫോളോ ചെയ്യുന്നുണ്ട്. രാഷ്ട്രപതി  ആരെയെങ്കിലും തിരിച്ചു ഫോളോ ചെയ്യുന്നുണ്ടോ - ഇതെഴുതുന്നതു വരെ ഇല്ല!  ട്വിറ്ററിൽ,  President of India എന്നാണ് ഔദ്യോഗിക അക്കൗണ്ടിന്റെ പേര്. @rashtrapatibhvn എന്നതാണ് ആ അക്കൗണ്ടിന്റെ ഹാൻഡിൽ. (ട്വിറ്ററിലെ യൂസർനെയിമാണ് ഹാൻഡിൽ.) 1.87 കോടി പേർ നമ്മുടെ രാഷ്ട്രപതിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നു. 

തിരിച്ച് രാഷ്ട്രപതി ഫോളോ ചെയ്യുന്നത് രണ്ട് അക്കൗണ്ടുകളാണ് – ഒന്ന് രാഷ്ട്രപതി ഭവൻ ആർക്കൈവ്സ് –  രാഷ്ട്രപതിമാരുടെയും ഭവന്റെയും ചരിത്രം രേഖപ്പെടുത്തുന്ന ആർക്കൈവ്സിന്റെ ഹാൻഡിലാണിത്. രണ്ടാമത്തേതു പരേതനായ പ്രണബ് മുഖർജി 2012 –17 കാലത്തു രാഷ്ട്രപതിയായിരുന്ന കാലത്തെ  ട്വീറ്റുകളുടെ ആർക്കൈവ് ആയ ഹാൻഡിൽ. 

ഇപ്പോൾ സ്ഥാനമൊഴിഞ്ഞ റാം നാഥ് കോവിന്ദിനു ട്വിറ്ററിൽ വ്യക്തിപരമായ വെരിഫൈഡ് അക്കൗണ്ടുണ്ട് – @ramnathkovind. എന്നാൽ, രാഷ്ട്രപതി മുർമു അദ്ദേഹത്തെ ഫോളോ ചെയ്തു തുടങ്ങിയിട്ടില്ല. ഒരുപക്ഷേ, ഇത് അച്ചടിച്ചുവരുമ്പോഴേക്കും ഫോളോ ചെയ്തേക്കാം. 

അതേസമയം, ഇൻസ്റ്റഗ്രാമിൽ 14 ലക്ഷം ഫോളോവേഴ്സുള്ള President of India എന്ന ഔദ്യോഗിക അക്കൗണ്ട് തിരികെ ഫോളോ ചെയ്യുന്ന ഒരേയൊരാൾ റാംനാഥ് കോവിന്ദാണ്. 

പ്രളയമാണ്, കരുതൽ വേണം 

കൊടുംമഴയുടെ ഭീതിയിലാണു കേരളം. ഓരോ പ്രളയകാലത്തും വ്യാജവാർത്തകളുടെ കുത്തൊഴുക്കിനു നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തവണയും അതുണ്ട്. 

വ്യാജ വാർത്തകൾ പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ഇന്നലെയും റവന്യു മന്ത്രി പറഞ്ഞു. പ്രളയം സംബന്ധിച്ച അറിയിപ്പുകളും വാ‍ർത്തകളും വിവരങ്ങളും ആധികാരിക കേന്ദ്രങ്ങളിൽനിന്നോ വിശ്വസനീയ മാധ്യമങ്ങളിൽനിന്നോ ലഭിക്കുന്നതു മാത്രമേ സ്വീകരിക്കുകയും പങ്കിടുകയും ചെയ്യൂ എന്നതും നമ്മൾ സ്വീകരിക്കേണ്ട ജാഗ്രതയാണ്.

Content Highlight: Fake News, Vireal, Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com