ADVERTISEMENT

തുടരെയുണ്ടായ തിരിച്ചടികളിൽ പതറിനിൽക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ കോൺഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് അദ്ദേഹത്തിനും പാർട്ടിക്കും നിർണായകം. സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം വിവാദമാകുന്നത് ഈ സാഹചര്യത്തിൽ. ലോകത്ത് വീണ്ടും ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കൻ നീക്കം മനസ്സിലാക്കിയാണ് ചൈന പ്രതികരണം കടുപ്പിച്ചതും. 

പുകഞ്ഞുനിൽക്കുന്ന അഗ്നിപർവതത്തിലേക്കു തീപ്പൊരി എന്നപോലെയാണ് യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാനിലേക്കു പറന്നെത്തിയത്. അവർ ചൈനീസ് വിരുദ്ധയായതുകൊണ്ടോ മനുഷ്യാവകാശത്തിന്റെ വക്താവായതുകൊണ്ടോ മാത്രമല്ല ഈ സാഹസത്തിനു മുതിർന്നത്. അടുത്ത കാലത്തുണ്ടായ പരാജയങ്ങളുടെ ഘോഷയാത്രയുടെ പരിണതഫലങ്ങളിൽനിന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയെയും രക്ഷിക്കാനുള്ള നടപടിയായി മാത്രമേ പെലോസിയുടെ സന്ദർശനത്തെ വിശേഷിപ്പിക്കാനാവൂ. അവർ വ്യക്തിപരമായി നടത്തിയ സന്ദർശനമാണെന്ന അമേരിക്കയുടെ വാദം ആരും അംഗീകരിക്കുമെന്നു തോന്നുന്നില്ല. 

അഫ്ഗാനിസ്ഥാനിലെ പരാജയം, മഹാമാരിയുടെ കെടുതികൾ, യുക്രെയ്ൻ യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥ മുതലായ തിരിച്ചടികൾക്കുശേഷം നവംബറിൽ കോൺഗ്രസിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാർട്ടിക്കു വളരെ നിർണായകമാണ്. ചൈനയും റഷ്യയുമായുണ്ടായ കരാറും അമേരിക്കയെ തളർത്തിയിരിക്കുന്നു. എന്തു പ്രകോപനമുണ്ടായാലും ചൈന യുദ്ധത്തിനു പുറപ്പെടില്ല എന്ന വിശ്വാസത്തോടെ അമേരിക്ക കണക്കുകൂട്ടി തയാറാക്കിയ പെലോസിയുടെ സന്ദർശനം ഒരുപക്ഷേ, ഒരു ലോക യുദ്ധത്തിന്റെ ആദ്യത്തെ അഗ്നിസ്ഫുലിംഗമാകാൻ സാധ്യത സൃഷ്ടിച്ചിരിക്കുന്നു. 

പരമാധികാര റിപ്പബ്ലിക് അല്ലെങ്കിലും തയ്‌വാൻ ലോകത്തെ പ്രബലശക്തിയായ ജനാധിപത്യ പ്രദേശമാണ്. സാങ്കേതികവിദ്യയിൽ ലോകത്ത് ഏറ്റവും മുൻപന്തിയിലാണ്. സെമി കണ്ടക്ടറുകളുടെ നിർമാണത്തിൽ ഒന്നാമത്തെ ശക്തിയായി തുടരുന്നു. ചൈനയ്ക്കാണെങ്കിൽ തയ്‌വാനുമായുള്ള വ്യാപാരവും സാമ്പത്തിക സഹകരണവും ഏറ്റവും അനിവാര്യമാണ്. അമേരിക്കയ്ക്കും തയ്‌വാന്റെ ഇന്നത്തെ സ്ഥിതി അംഗീകരിക്കാവുന്നതേയുള്ളൂ. ആ സ്ഥിതിക്ക് അവിടെ ഒരു സംഘർഷം ഉണ്ടാകാതിരിക്കുകയാണ് എല്ലാവർക്കും നല്ലത്. തിരഞ്ഞെടുപ്പു വിജയത്തിനായി ലോകസമാധാനത്തെ തകർക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കം തീക്കളി തന്നെയാണ്. പ്രവചനത്തിന് അതീതമായ അനന്തര ഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

പെലോസിയുടെ പ്രസ്താവനകളിൽ തയ്‌വാന്റെ പരമാധികാരത്തെപ്പറ്റി പരാമർശമുണ്ടായില്ല. അവർ ഊന്നൽ നൽകിയതു ജനാധിപത്യത്തിന്റെ പ്രാധാന്യത്തിനാണ്. ചൈനയ്ക്കു ജനാധിപത്യത്തെ ഇപ്പോൾ ഭയമില്ല. തങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അവകാശപ്പെടുന്നത്. അതിനാൽ, തയ്‌വാനിലെ  ജനാധിപത്യവൽക്കരണ നീക്കങ്ങൾ ചൈനയുടെ പ്രത്യേക സാഹചര്യങ്ങൾ കണക്കാക്കിയായിരിക്കണമെന്നു മാത്രമേ ചൈന നിഷ്കർഷിക്കുകയുള്ളൂ.

എന്നാൽ, ലോകരംഗത്തേക്ക് അമേരിക്കയെ തിരിച്ചുകൊണ്ടുവരാനുള്ള ബൈഡന്റെ ശ്രമമാണ് പെലോസിയുടെ സന്ദർശനത്തിനു പിന്നിലെന്നു മനസ്സിലാക്കിയാണ് ഈ പ്രശ്നത്തിൽ ചൈന അതിശക്തമായി പ്രതികരിച്ചത്.  ഒരു പുതിയ യുദ്ധത്തിന്റെ തുടക്കമായിത്തന്നെയാണു ചൈന സന്ദർശനത്തെ കാണുന്നത്. ചെകുത്താന്റെയും കടലിന്റെയും മധ്യത്തിലായതു പോലെയാണ് തയ്‌വാൻ നിൽക്കുന്നത്. യുക്രെയ്ൻ യുദ്ധം ചൈനയുടെ തയ്‌വാൻ നയത്തിൽ വ്യതിയാനം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ചൈന ഇപ്പോൾ ഒരു യുദ്ധത്തിനു തയാറാകില്ല. എങ്കിലും വരാനിരിക്കുന്ന ഒരു ലോകക്രമത്തിൽ പ്രധാന സ്ഥാനം നേടണമെന്ന മോഹം ചൈനയ്ക്കുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വിജയിച്ചാൽ തയ്‌വാനെതിരായ നടപടികൾ ചൈന ശക്തമാക്കിയേക്കും.

നാൻസി പെലോസി നൽകിയ ജനാധിപത്യ സന്ദേശം തയ്‌വാന്റെ ഭാവിയിൽ പുതിയ വഴിത്തിരിവു സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നു കണക്കാക്കാം. അതു തയ്‌വാനെ ഹോങ്കോങ് മാതൃകയിലേക്കു നയിച്ചേക്കും. ചൈനയും തയ്‌വാനും ഒറ്റരാജ്യമാണെന്നാണ് ഒറ്റ ചൈനാനയം സൂചിപ്പിക്കുന്നത്. ഒരു രാജ്യം രണ്ടു ഭരണരീതി എന്ന ഹോങ്കോങ് മാതൃക ചില മാറ്റങ്ങളോടെ തയ്‌‌വാനിൽ നടപ്പാക്കാവുന്നതാണ്. ചൈനയിൽ ഏകാധിപത്യവും തയ്‌വാനിൽ ജനാധിപത്യവും അംഗീകരിച്ചുകൊണ്ട് ഒരു പുതിയ പ്രദേശം രൂപംകൊണ്ടാൽ സമാധാനത്തിന്റെ പുതിയ അധ്യായം തുറക്കാൻ കഴിയും. അതിനുള്ള പക്വതയും രാജ്യതന്ത്രജ്ഞതയും ചൈനയും അമേരിക്കയും പ്രകടിപ്പിക്കുകയാണെങ്കിൽ പെലോസിയുടെ സന്ദർശനം യുദ്ധത്തിനു പകരം സമാധാനത്തിനു വഴിതെളിച്ചേക്കും. ഇതൊരു അത്യാഹിതമാകാതിരിക്കട്ടെ. 

ഇന്ത്യ ആശങ്കകളോടെയാണു തയ്‌വാനിലെ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. ചൈനയുടെ ലഡാക്ക് ആക്രമണം ഇന്ത്യയിലെ മഹാമാരിയെ അതിതീവ്രമാക്കുക മാത്രമല്ല, ഇന്ത്യ– ചൈന ബന്ധങ്ങളുടെ അടിത്തറ തകർക്കുകയും ചെയ്തു. ആ ബന്ധം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ വ്യക്തമല്ല. അതിനാൽ, തയ്‌വാനിൽ യുദ്ധമുണ്ടായാൽ അത് ഇന്ത്യയെ ബാധിക്കുകതന്നെ ചെയ്യും. പ്രസിഡന്റായുള്ള മൂന്നാം വരവിന് ഷി ചിൻപിങ് ആരംഭം കുറിക്കുന്ന ഈ സമയത്ത് അദ്ദേഹം യുദ്ധത്തിനു പകരം സമാധാനത്തിന്റെ വഴി തേടുമെന്നും അമേരിക്ക നവംബറിനു ശേഷം സമാധാനത്തിന്റെ വഴികൾ സ്വീകരിക്കുമെന്നും ലോകത്തിനു പ്രത്യാശിക്കാം.

India China Map

ചൈനയുടെ തയ്‌വാൻ മോഹം

തയ്‌വാൻ എന്ന ദ്വീപിനെക്കുറിച്ച് കൂടുതൽ അറിയാൻ എഡി 239ൽ ചൈനീസ് ചക്രവർത്തി പര്യവേക്ഷണ സംഘത്തെ അയച്ചതായി ചൈനീസ് ചരിത്രരേഖകളിലുണ്ട്. അതാണ് തയ്‌വാനിൽ ചൈന അവകാശവാദം ഉന്നയിക്കുന്നതിനുള്ള അടിസ്ഥാന കാരണം. 1624 മുതൽ 1661 വരെ തയ്‌വാൻ ഡച്ചുകാരുടെ കോളനിയായിരുന്നു. 1683 മുതൽ യുദ്ധത്തിൽ ജപ്പാനോടു പരാജയപ്പെട്ട 1895 വരെ ചൈനയിലെ ക്വിങ് രാജവംശം തയ്‌വാൻ ഭരിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം തയ്‌വാനുമേലുള്ള അധികാരം ജപ്പാൻ ചൈനയ്ക്കു തിരിച്ചുനൽകി.

മാവോ സെദുങ്ങിന്റെ കമ്യൂണിസ്റ്റ് സേനയോട് 1949ലെ ആഭ്യന്തരയുദ്ധത്തിൽ പരാജയപ്പെട്ട ചിയാങ് കൈഷക്കും അദ്ദേഹത്തിന്റെ കുമിന്റാങ്(കെഎംടി) സർക്കാരിൽ അവശേഷിച്ചിരുന്നവരും ചൈന വിട്ട് തയ്‌വാനിലേക്കു രക്ഷപ്പെട്ടു. ഇങ്ങനെയെത്തിയ കുമിന്റാങ്ങുകാരുടെ സ്വേച്ഛാധിപത്യത്തിനെതിരെ തയ്‌വാനിൽ പലതവണ ജനാധിപത്യ പ്രക്ഷോഭങ്ങളുണ്ടായി. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)

Content Highlight: Nancy Pelosi visit to Taiwan and China-Taiwan Tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com