ADVERTISEMENT

ഞാൻ നിലം ഉഴുത് വിത്തുവിതച്ച് കറ്റകൊയ്തു കൂട്ടിയില്ലെങ്കിൽ നിങ്ങൾ എന്താണു കഴിക്കുകയെന്നു കർഷകൻ അഹങ്കാരത്തോടെ എന്നും ചോദിക്കും. ഒരിക്കൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽ തകർന്നു. നന്നാക്കാൻ വർക്‌ഷോപ്പുകാരന്റെ അടുത്തെത്തിയപ്പോൾ അയാൾ പറഞ്ഞു: നിങ്ങളുടെ പൊങ്ങച്ചം നിർത്താതെ ഞാൻ വണ്ടി നന്നാക്കില്ല. 

അപ്പോൾ മുതൽ കർഷകൻ പറയാൻ തുടങ്ങി: വർക്‌ഷോപ്കാരൻ ഒഴികെ ബാക്കിയെല്ലാവരും എന്നെ ആശ്രയിച്ചാണു ജീവിക്കുന്നത്. കീറിപ്പോയ ഷൂ നന്നാക്കാൻ ചെരിപ്പുകുത്തിയുടെ അടുത്തെത്തിയപ്പോൾ അയാളും അഹങ്കാരം കുറയ്ക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ കർഷകൻ പറഞ്ഞു. വർക്‌ഷോപ്കാരനും ചെരിപ്പുകുത്തിയുമൊഴികെ എല്ലാവരും എന്നെ ആശ്രയിക്കുന്നു. 

പിന്നീട് ഓരോ ആവശ്യത്തിനായി മരപ്പണിക്കാരനെയും തയ്യൽക്കാരനെയും മില്ലുടമയെയും ഇറച്ചിവിൽപനക്കാരനെയും കണ്ടപ്പോൾ അവരും ഇതേ ആവശ്യമുന്നയിച്ചു. ഇപ്പോൾ കർഷകൻ പറയുന്നു: എല്ലാവരും കർഷകരെ ആശ്രയിക്കുന്നു. അതുപോലെ കർഷകരും എല്ലാവരെയും ആശ്രയിക്കുന്നു. 

സ്വയംപര്യാപ്തതയുടെ പരിപൂർണതയിൽ വാഴുന്ന ആരുമില്ല. മറ്റു പലരും ഉള്ളതുകൊണ്ടാണ് എല്ലാവരും തങ്ങളുടെ ഇടത്തിൽ സ്വതന്ത്രമായി വാഴുന്നത്. പലതും ബന്ധിക്കപ്പെട്ടിരിക്കുന്നത് അദൃശ്യമായ കണ്ണികൾ കൊണ്ടാണെന്നു മാത്രം. അപ്രത്യക്ഷമാകുമ്പോൾ മാത്രമാണ് അവയുടെ പ്രാധാന്യം മനസ്സിലാകുക. ഒരു സൂപ്പർ സ്റ്റാറും സ്വന്തം കഴിവുകൊണ്ടുമാത്രം രൂപംകൊണ്ടതല്ല. നിലമൊരുക്കിയവരും വെള്ളമൊഴിച്ചവരും പാകത്തിനു വളമിട്ടവരും ശിഖരങ്ങൾ വെട്ടിയൊരുക്കിയവരുമെല്ലാം ആ യാത്രയിൽ പിന്നീട് അവഗണിക്കപ്പെടുന്ന നങ്കൂരങ്ങളാണ്. 

എല്ലാവരും എക്കാലത്തും ആരെയെങ്കിലുമൊക്കെ ആശ്രയിക്കുന്നുണ്ട്. ചവിട്ടിനിൽക്കുന്ന മണ്ണുപോലും മറ്റാരിൽനിന്നോ ലഭിച്ചതെങ്കിൽ പിന്നെന്തു നേട്ടത്തെക്കുറിച്ചാണ് അഹങ്കരിക്കുന്നത്. ആരുടെയൊക്കെയോ തുടർച്ചയാണു താനെന്നും തനിക്കുശേഷവും എല്ലാം കൂടുതൽ ആർജവത്തോടെയും പുതുമയോടെയും തുടരുമെന്നും മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒരാളും തന്റെ അനുപേക്ഷണീയതയെക്കുറിച്ച് അഹങ്കരിക്കില്ല. ആരുടെയും ആശ്രിതരല്ലാത്ത ആരുമില്ല.

Content Highlight: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com