നീരജ് ചോപ്രയുടെ ടോക്കിയോ ഒളിംപിക്സ് സ്വർണനേട്ടം രാജ്യത്തിന്റെ കായികരംഗത്തെ എത്രമാത്രം പ്രചോദിപ്പിച്ചു എന്നതിന്റെ തെളിവാണ് ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലെ മെഡൽ വേട്ടയിൽ ടീം ഇന്ത്യ നടത്തിയ വിസ്മയക്കുതിപ്പ്. 22 സ്വർണമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനത്തെത്തിയ ഇന്ത്യ ഉജ്വല പ്രകടനമാണ് ഇത്തവണ നടത്തിയത്. മുൻ ഗെയിംസുകളിൽ ഇന്ത്യയ്ക്ക് ഏറെ മെഡലുകൾ നേടിത്തന്ന ഷൂട്ടിങ് മത്സരം ഇത്തവണ ഉണ്ടായില്ലെങ്കിലും ആ കുറവു നികത്തി ഗുസ്തിയും ബോക്സിങ്ങും വെയ്റ്റ്‌ലിഫ്റ്റിങ്ങും മെഡൽക്കുതിപ്പിന്റെ ബാറ്റൺ പിടിക്കുന്നതു ബർമിങ്ങാമിൽ കണ്ടു. 2018ലെ ഗെയിംസിൽ ഇന്ത്യ ആകെ നേടിയ 66 മെഡലുകളിൽ 16 എണ്ണം ഷൂട്ടിങ്ങിൽ നിന്നായിരുന്നു.
കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന മഹാമേളയിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടത്തിൽ നിർണായക പങ്കു സമ്മാനിക്കാൻ കേരളത്തിൽനിന്നുള്ള കായിക താരങ്ങൾക്കും സാധിച്ചു എന്നത് അഭിമാനകരമാണ്. ഒരു സ്വർണം ഉൾപ്പെടെ 7 മെഡലുകളാണ് മലയാളി താരങ്ങൾ നേടിയത്. അത്‌ലറ്റിക്സിൽ ഇന്ത്യ നേടിയ ഏക സ്വർണം എറണാകുളം ജില്ലയിലെ കോലഞ്ചേരി പാലയ്ക്കാമറ്റം സ്വദേശി എൽദോസ് പോളിലൂടെയാണെന്നതു നമുക്ക് അഭിമാനത്തിന്റെ ട്രിപ്പിൾ ജംപാകുന്നു.
പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, തന്റെ പേരെഴുതിച്ചേർത്തതു രാജ്യത്തിന്റെ കായിക ചരിത്രത്തിലാണ്. കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ അഞ്ചാം സ്വർണമാണ് ഇത്. മിൽഖ സിങ്ങും നീരജ് ചോപ്രയും ഉൾപ്പെടുന്ന ഉന്നത നിരയിലെ ഏക മലയാളിത്തിളക്കമാകുകയാണ് എൽദോസ് പോൾ എന്ന ഇരുപത്തിയാറുകാരൻ. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 17.03 മീറ്ററാണ് എൽദോസിന് സ്വർണം സമ്മാനിച്ചത്. ഒരു സെന്റിമീറ്റർ മാത്രം പിന്നിലായി വെള്ളി നേടിയ കോഴിക്കോട് നാദാപുരം വളയം സ്വദേശി അബ്ദുല്ല അബൂബക്കറിന്റെ നേട്ടത്തിനും മാറ്റൊട്ടും കുറയുന്നില്ല. കോമൺവെൽത്ത് ഗെയിംസിൽ ഒരിനത്തിൽ 2 മലയാളികൾ മെഡൽ അണിയുന്ന അത്യപൂർവ നിമിഷത്തിനും പുരുഷ ട്രിപ്പിൾ ജംപ് മത്സരം വേദിയായി. ഒരു വർഷമായി വിടാതെ പിന്തുടരുന്ന പരുക്കിനെ അതിജീവിച്ചായിരുന്നു ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കറിന്റെ വെള്ളി നേട്ടം.
ഒരു കോമൺവെൽത്ത് ഗെയിംസിൽ 2 മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡുമായാണ് കൗമാരക്കാരി ട്രീസ ജോളി ബർമിങ്ങാമിൽനിന്നു മടങ്ങുന്നത്. ബാഡ്മിന്റനിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് കണ്ണൂർ ചെറുപുഴ പുളിങ്ങോം സ്വദേശിയായ ട്രീസ. മിക്സ്ഡ് ടീം ഇനത്തിൽ വെള്ളി നേടിയതിനു പുറമേ വനിതാ ഡബിൾസിൽ വെങ്കലവും ട്രീസ സ്വന്തമാക്കി. റാങ്കിങ്ങിലും പരിചയ സമ്പത്തിലും തന്നെക്കാൾ മുന്നിലുള്ളവരെ അട്ടിമറിച്ചാണു ട്രീസയുടെ മുന്നേറ്റം. ലോങ്ജംപിലെ ദേശീയ റെക്കോർഡ് ജേതാവായ പാലക്കാട് സ്വദേശി എം.ശ്രീശങ്കറിന്റെ കരിയറിലെ പ്രധാന ലോക മെഡൽ നേട്ടത്തിനും ബർമിങ്ങാം വേദിയായി. ടോക്കിയോ ഒളിംപിക്സിലെ മോശം പ്രകടനത്തിന്റെ പേരിൽ തലങ്ങും വിലങ്ങും വിമർശിച്ചവർക്കുള്ള മറുപടിയായി ആ വെള്ളിമെഡൽ.
പുരുഷ ഹോക്കിയിൽ ഇന്ത്യ വെള്ളി നേടിയപ്പോൾ ആ മെഡൽനേട്ടത്തിന്റെ കാവലാളായി ഇത്തവണയും എറണാകുളം കിഴക്കമ്പലം സ്വദേശി പി.ആർ.ശ്രീജേഷ് ടീമിലുണ്ടായി. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയെ വെങ്കല മെഡൽ നേട്ടത്തിലേക്കു നയിച്ച ശ്രീജേഷിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലാണ് ഈ മെഡൽ. ടേബിൾ ടെന്നിസ് മിക്സ്ഡ് ടീം ഇനത്തിൽ ദീപിക പള്ളിക്കലിന്റെ വെങ്കലം കൂടി ചേർന്നതോടെ ഗെയിംസിൽ മലയാളികളുടെ മെഡൽനേട്ടം ഏഴായി.
മത്സരങ്ങളും പരിശീലനങ്ങളും മുടങ്ങിയ കോവിഡ് കാലത്തിനുശേഷം കേരള കായികരംഗം പഴയ പ്രതാപത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നതിന്റെ സൂചനകൂടിയാണ് ഈ മെഡൽനേട്ടങ്ങൾ. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മറ്റു സംസ്ഥാനങ്ങളിലെ കായികതാരങ്ങൾക്ക് വൻതുകയാണു പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. നമ്മുടെ താരങ്ങളുടെ അഭിമാനനേട്ടത്തിന് ഉചിതമായ പാരിതോഷികം പ്രഖ്യാപിക്കാൻ കേരള സർക്കാരും മുന്നോട്ടുവരുമെന്നു പ്രത്യാശിക്കാം. കായിക വികസനത്തിനും പരിശീലനത്തിനും കൂടുതൽ സൗകര്യങ്ങളും വിശാലമായ കാഴ്ചപ്പാടും നമുക്കുണ്ടാകണം. എങ്കിൽ, രാജ്യത്തിന് അഭിമാനമായി കൂടുതൽ മെഡലുകൾ നേടാൻ നമ്മുടെ കായികതാരങ്ങൾക്കു സാധിക്കും. കോമൺവെൽത്ത് ഗെയിംസിലെ ഈ നേട്ടം ഭാവിയിൽ കൂടുതൽ രാജ്യാന്തര മെഡലുകളിലേക്ക് ഇന്ത്യയെ നയിക്കട്ടെ.
Content Highglights; Commonwealth Games 2022, India