‘ഗാന്ധി’ ജോസഫ്

Mail This Article
1947 ഓഗസ്റ്റ് 15ന് ആലപ്പുഴ എടത്വ തെക്കേപ്പാടം പാടത്തിന്റെ പുറംബണ്ടിലായിരുന്നു ‘ഗാന്ധി’ എന്നു വിളിപ്പേരുള്ള എം.സി.ജോസഫിന്റെ ജനനം. കൃഷിപ്പണിക്കായി പണ്ട് ഭൂവുടമകൾ മറ്റേതോ ജില്ലയിൽനിന്ന് ഇവിടെക്കൊണ്ടുവന്നു താമസിപ്പിച്ചതാണ് ജോസഫിന്റെ മുത്തച്ഛനെ. ഭാര്യ ശാന്തയ്ക്കൊപ്പം കൃഷിപ്പണി ചെയ്താണ് ജോസഫ് ഇപ്പോൾ ജീവിക്കുന്നത്. വള്ളംകളി സീസണിൽ വഞ്ചിപ്പാട്ട് പാടാനും പോകാറുണ്ട്.
ജോസഫ് പറയുന്നു: ‘‘സ്വാതന്ത്ര്യം നേടിത്തന്നതു ഗാന്ധിജിയല്ലേ, അതുകൊണ്ട് മകനു ഗാന്ധിയെന്നു പേരിടാൻ അമ്മ തീരുമാനിച്ചു. പക്ഷേ, ഞാൻ ജനിച്ച ദിവസമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതെന്നൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. സ്കൂളിൽ ചേർത്തപ്പോൾ ടീച്ചർമാർ പറഞ്ഞാണ്, സ്വാതന്ത്ര്യദിനത്തിലാണു ഞാൻ ജനിച്ചതെന്ന് അമ്മയ്ക്കു മനസ്സിലായത്. ഗാന്ധി എന്ന പേര് ചിലപ്പോൾ കേരളത്തിൽ ആദ്യമായി ഇട്ടത് എനിക്കായിരിക്കുമെന്നു ടീച്ചർമാർ പറയുമായിരുന്നു.
ഓലകൊണ്ടുള്ള ഗാന്ധിക്കണ്ണട ഉണ്ടാക്കി അതുംവച്ച് സ്കൂളിൽ പോകാറുണ്ടായിരുന്നു. ഗാന്ധി ഇതാ ഗാന്ധിക്കണ്ണടവച്ചു വരുന്നു എന്നു പറഞ്ഞു കൂട്ടുകാർ കളിയാക്കും. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു കൃഷിപ്പണിയിലേക്ക് ഇറങ്ങി. പണിക്കു വിളിക്കാൻ വരുന്നവർക്കു ഗാന്ധി എന്ന പേര് കൗതുകമായിരുന്നു. ചിലർ ബഹുമാനത്തോടെ ഗാന്ധിജി എന്നും വിളിച്ചു. വർഷങ്ങൾക്കിപ്പുറം പള്ളിയിൽ ചേർന്നപ്പോൾ എം.സി.ജോസഫ് എന്നു പേരുമാറ്റി. പക്ഷേ, നാട്ടുകാർക്കും വീട്ടുകാർക്കും ഞാൻ ഇപ്പോഴും ഗാന്ധിയാണ്. തൊഴിലാളിസംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പിന്നീടു നിർത്തി. ഇപ്പോഴത്തെ രാഷ്ട്രീയമൊന്നും എനിക്കു മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ അതെക്കുറിച്ചൊന്നും ചിന്തിക്കാറുമില്ല’.
English Summary: About 'Gandhi' Joseph