ADVERTISEMENT

 

പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച ചെന്നൈയിലെ മഹാബലിപുരത്ത് ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാമാമാങ്കത്തിനു സമാപനമായി. ചരിത്രം തഴുകിയുറങ്ങുന്ന ഈ കടൽത്തീരങ്ങൾ ഇനി ലോക ചെസ് താരങ്ങളുടെ വീരഗാഥകൾ ഏറ്റുപാടും. 

കോവിഡ്കാല വെല്ലുവിളികൾക്കിടയിലും പങ്കാളിത്തത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുകയും ആവേശപ്പോരാട്ടത്തിലൂടെ വിജയം കൈവരിക്കുകയും ചെയ്ത ടീമുകളെ നമുക്ക് അഭിനന്ദിക്കാം. യുദ്ധത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയിട്ടും, ഒളിംപ്യാഡിലെ വനിതാവിഭാഗത്തിൽ ഒന്നാംസ്ഥാനം പെ‍ാരുതിനേടിയത് യുക്രെയ്നാണ്; ഓപ്പൺ വിഭാഗത്തിൽ വിജയസോപാനത്തിലേറിയത് ഉസ്ബെക്കിസ്ഥാനും. ഓപ്പൺ വിഭാഗത്തിൽ വെങ്കലം നേടിയ പുതുമുറക്കാരടങ്ങിയ ഇന്ത്യ ബി ടീമിന്റെയും വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യ എ ടീമിന്റെയും പ്രകടനങ്ങൾ എടുത്തുപറയേണ്ടതുതന്നെ.

റഷ്യയിലെ മോസ്കോയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒളിംപ്യാഡ്, റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായപ്പോഴാണ് ഏറ്റെടുത്തുനടത്താൻ ഇന്ത്യ തയാറായത്. വേദി സംബന്ധിച്ച തീരുമാനം സാധാരണ നേരത്തേയെടുക്കാറുള്ളതിനാൽ, രണ്ടു വർഷത്തിലെ‍ാരിക്കൽ നടത്തുന്ന ഒളിംപ്യാഡിന് ഒരുങ്ങാൻ രാജ്യങ്ങൾക്ക് അതിലേറെ സമയം കിട്ടും. എന്നാൽ, ഇന്ത്യയ്ക്കു കിട്ടിയതു വെറും നാലു മാസമാണ്. ചുരുങ്ങിയ സമയംകൊണ്ട് ഇതു വിജയിപ്പിച്ചെടുത്തതിൽ കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും വഹിച്ച പങ്ക് എടുത്തുപറഞ്ഞേതീരൂ. 

ഒളിംപ്യാഡ് ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയപ്പോൾ അതിനാവശ്യമായ നിശ്ചിത കരുതൽതുക ആരു നൽകും എന്നതായിരുന്നു ആദ്യത്തെ ചോദ്യം. 2013ലെ ലോക ചെസ് ചാംപ്യൻഷിപ് നടത്തിയ ആത്മവിശ്വാസത്തിൽ തമിഴ്നാട് അതിനു തയാറായി. 187 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തോളം കളിക്കാർക്കും അവർക്കൊപ്പം വന്ന ഒഫിഷ്യലുകൾക്കും താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കിയ തമിഴ്നാട് സർക്കാരിനെ അഭിനന്ദിക്കാതെ വയ്യ. 

കോവിഡ് പ്രതിസന്ധി മൂലം കളിക്കാരെ അയയ്ക്കാനുള്ള പണം കണ്ടെത്താനാകാതെ കുഴങ്ങിയ രാജ്യങ്ങൾക്കു സാമ്പത്തികസഹായം നൽകി ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയ ഓൾ ഇന്ത്യ ചെസ് ഫെഡറേഷനാണ് അടുത്ത കയ്യടി. നൂറ്റാണ്ടു നീണ്ട ഒളിംപ്യാഡ് ഇന്ത്യയിലെത്തുമ്പോൾ അതു രാജ്യത്തിന്റെ അഭിമാനമായ കായികമേളയാക്കാൻ ദീപശിഖാപ്രയാണമടക്കമുള്ള പരിപാടികൾക്കു നേതൃത്വം കൊടുത്ത് കേന്ദ്ര സർക്കാരും രംഗത്തുവന്നു. 

ആർത്തിരമ്പുന്ന കാണികളില്ലാത്ത കായികയിനം എന്നു പേരുകേട്ട ചെസിന്റെ മഹാമേളയിലേക്കു പക്ഷേ, ഇത്തവണ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. കളികാണാൻ, കളിക്കാരോടൊത്തു ഫോട്ടോയെടുക്കാൻ വെയിലും മഴയും വകവയ്ക്കാതെ ഇന്ത്യയിലെല്ലായിടത്തുനിന്നും ആളുകളെത്തി. അതിൽ ഭൂരിഭാഗം പേരും വിദ്യാർഥികളായിരുന്നു.

വിശ്വനാഥൻ ആനന്ദ് എന്ന ഒറ്റയാൾ നയിച്ച വിപ്ലവമാണ് ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ ചെസ് പടർത്തിയത്. ലോക ചെസ് സംഘടനയുടെ ഡപ്യൂട്ടി പ്രസിഡന്റായുള്ള ആനന്ദിന്റെ ആരോഹണം അതുകെ‍ാണ്ടുതന്നെ ആരാധകർക്ക് ആവേശം പകരുന്നു. ചെസ് സംഘാടനം രാഷ്ട്രീയത്തിൽ ഒതുങ്ങുന്നതിനുപകരം ഇങ്ങനെയെ‍ാരു മാറ്റം സംഭവിച്ചതു കാലത്തിന്റെ അനിവാര്യത തന്നെയാണ്. അഞ്ചുവട്ടം ലോകചാംപ്യനായി ഇന്ത്യയുടെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച ആനന്ദിന്റെ പുതുപദവി കളിക്കാർക്കും കളിക്കും മുൻപെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുന്നതിനു സഹായകരമാകുമെന്നു തീർച്ച.

ലോക ചെസിൽ ഇന്ത്യയിലെ പുതുപ്രതിഭകളുടെ പ്രകടനം ശ്രദ്ധേയമാണ്. ഇന്നലെ വിജയകരമായി പര്യവസാനിച്ച ചെസ് ഒളിംപ്യാഡ് ആ യുവമുന്നേറ്റത്തിനു നൽകുന്ന ആവേശപ്രചോദനം ചെറുതല്ല. ഇപ്പോഴുള്ളതിന്റെ പത്തിരട്ടി വിദ്യാർഥികളെ ചെസിലേക്കു നയിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്നാണു ലോക ചെസ് സംഘടനയുടെ പ്രസിഡന്റ് അർകാഡി ഡോർകോവിച്ച് പറഞ്ഞത്. അങ്ങനെയെങ്കിൽ, ലോക ചെസിൽ വരുംദശകം ഇന്ത്യയുടേതായിരിക്കണമെന്ന വാശി നമുക്കുണ്ടാവേണ്ടതുണ്ട്. മഹാബലിപുരത്തെ വിജയത്തേരോട്ടം ആ പ്രതീക്ഷയിലേക്കു വഴികാട്ടട്ടെ.

English Summary: India at Chess Olympiad 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com