മഹാരാജാസിൽ ചോര വീണ രാത്രി

Independence Caricature
SHARE

സ്വാതന്ത്ര്യലബ്ധിയുടെ ഓർമകൾ സാഹിത്യകാരി എം.ലീലാവതി പങ്കുവയ്ക്കുന്നു.

സ്വാതന്ത്ര്യലബ്ധിയുടെഅർധരാത്രിയെക്കുറിച്ചു മായാത്ത ഓർമകളുള്ള മഹാരാജാസ് കോളജ് പൂർവവിദ്യാർ‍ഥികൾ ഇന്നു വിരലിൽ എണ്ണാവുന്നത്രയേ ഉണ്ടാകാനിടയുള്ളൂ. തിക്തവും രക്തരൂഷിതവുമായ അനുഭവങ്ങളുണ്ടായ അവരിൽ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയില്ല. 17 യുവാക്കളുടെ വിദ്യാഭ്യാസം അധികൃതർ ‘തകർത്തുകളഞ്ഞു’. ഡിസ്മിസ് ചെയ്ത് തകർത്തുവെന്ന് അധികൃതർ വിശ്വസിച്ചെങ്കിലും തകരാനും തളരാനും കൂട്ടാക്കാതെ, അന്നത്തെ അധികാരികളെക്കാൾ വലിയ പദവികളിലെത്തി ചിലർ. അമ്പാടി വിശ്വം (വി.വിശ്വനാഥമേനോൻ) എംപിയായി, മന്ത്രിയായി. ഡോ. എൻ.എ.കരീം സർവകലാശാലാ പ്രോ വൈസ് ചാൻസലറായി. ഡോക്ടർമാരും അഭിഭാഷകരുമായി ശോഭിച്ചവരുമുണ്ട്.

m-leelavathy-1
എം.ലീലാവതി

രാഷ്ട്രീയത്തിൽ തൽപരരല്ലാതിരുന്ന എന്നെപ്പോലുള്ളവർക്ക് മെയ്യിൽത്തട്ടുന്ന അനുഭവങ്ങളില്ല. കണ്ടും കേട്ടുമുള്ള അറിവുകളേയുള്ളൂ. അന്നു രാത്രി വിപുലമായ ആഘോഷങ്ങളാണു വിഭാവനം ചെയ്തിരുന്നത്. രണ്ടാം നിലയിലെ മെയിൻ ഹാളിൽ പരിപാടികൾ നടക്കുന്നു. പെട്ടെന്നാണ് ചോരയൊഴുകുന്ന മുറിവുകളോടെ ഒരാളെ താങ്ങിയെടുത്ത്, മുദ്രാവാക്യങ്ങൾ വിളിച്ച് കുറെപ്പേർ ഹാളിലേക്കു കടന്നത്. ഉടനെ പ്രഖ്യാപനമുണ്ടായി – ‘പരിപാടികൾ തുടരുന്നില്ല. എല്ലാവരും ഹാൾ വിടണം’. ഘോരമായ സംഘട്ടനം ഉണ്ടായി എന്നല്ലാതെ ഒന്നും അറിയാൻ കഴിഞ്ഞില്ല. 

‘രാഷ്ട്രീയമുള്ള’ വിദ്യാർഥികൾ രണ്ടു പ്രധാന കക്ഷികളായി പ്രവർത്തിച്ചിരുന്നു; ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗവും യാഥാസ്ഥിതിക വിഭാഗവും. അർധരാത്രിയിൽ പതാക ഉയർത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണു സംഘട്ടനത്തിലെത്തിയത്. കൊച്ചി മഹാരാജാവിന്റെ പതാക കൂടി രാഷ്ട്രത്തിന്റെ ത്രിവർണ പതാകയോടൊപ്പം ഉയർത്തണമെന്നു യാഥാസ്ഥിതികർ ശഠിച്ചു; അതനുവദിക്കില്ലെന്നു സ്റ്റുഡന്റ്സ് കോൺഗ്രസും. പരുക്കേറ്റവരെല്ലാം കോൺഗ്രസുകാർ. ആയുധങ്ങളോടെ എത്തിയവർ അവരെ ആക്രമിച്ചെന്നാണു കേട്ടറിവ്. തമ്മനത്ത് അരവിന്ദാക്ഷനെയാണ് ചോരയൊഴുകുന്ന നിലയിൽ താങ്ങിക്കൊണ്ടുവന്നത്.

മഹാരാജാസ് കോളജിൽ മഹാരാജാവിന്റെ പതാക പാറുന്നതിന് എതിരായവർ അധികൃതരുടെ ദൃഷ്ടിയിൽ കുറ്റക്കാരായിരുന്നു. അങ്ങനെയാണ് അടികൊണ്ടവർ ഉൾപ്പെടെ 17 പേരെ പുറത്താക്കിയത്. അവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥിസമരം ഏറെനാൾ ഊർജിതമായിരുന്നു. തിരിച്ചെടുക്കില്ലെന്ന തീരുമാനത്തിൽ അധികൃതർ ഉറച്ചുനിന്നു. സമരം വിജയിച്ചില്ലെങ്കിലും പിരിച്ചുവിട്ടവരുടെ ആത്മവീര്യം കെടുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടു.

English Summary: M Leelavathy remembering India's Independence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA