ADVERTISEMENT

മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി അധികാര പങ്കാളിത്തത്തിലേക്കു ബിജെപി തിരിച്ചുവന്നെങ്കിൽ, ബിഹാറിൽ ഇപ്പോൾ ബിജെപി പ്രതിപക്ഷത്തായിരിക്കുന്നു. മഹാരാഷ്ട്രയിലെ അട്ടിമറി കേന്ദ്രത്തിലെ പ്രതിപക്ഷത്തിന് ആഘാതമായെങ്കിൽ, ബിഹാറിൽ വിജയം പ്രതിപക്ഷത്തിനായി. 

ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നിലപാടുകളാണു കുറെ വർ‍ഷങ്ങളായി ബിഹാർ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നത്. 17 വർഷമായി ബിജെപിയുമായുണ്ടായിരുന്ന ബന്ധമാണ് നിതീഷും അദ്ദേഹത്തിന്റെ പാർട്ടിയും 2013ൽ വേർപെടുത്തിയത്. 2015ലെ തിരഞ്ഞെടുപ്പിൽ നിതീഷ്, ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യത്തിനൊപ്പം നിന്നു; മുഖ്യമന്ത്രിയുമായി. എന്നാൽ, 2017ൽ അദ്ദേഹം മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് വീണ്ടും ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) പാളയത്തിലേക്കു പോയി പുതിയ സർക്കാരുണ്ടാക്കി. 

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന 2020ൽ ജെഡിയു എൻഡിഎയുടെ ഭാഗമായിരുന്നു. ഫലം വന്നപ്പോൾ ജെഡിയുവിനു സീറ്റ് കുറവായെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിച്ചു. അത്തരമൊരു നീക്കുപോക്ക് എത്രനാളത്തേക്കെന്ന് അന്നേ സംശയമുന്നയിക്കപ്പെട്ടതാണ്. ആ സംശയം ശരിവയ്ക്കുന്നതായി കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ. വീണ്ടും മഹാസഖ്യവുമായി ചേർന്ന നിതീഷ് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുകയും ചെയ്തു. 

വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള മേഖലകളിലെ മോശം പ്രകടനംമൂലം രാജ്യത്ത് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനമാണു ബിഹാർ. ജനങ്ങളിൽ 51% പേരെങ്കിലും ദരിദ്രരെന്നാണു കണക്ക്. അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലുൾപ്പെടെ ബിഹാർ മുഖ്യധാരയിൽനിന്ന് ഏറെ അകലെയാണ്. ഏതെങ്കിലും ഒരു കക്ഷിക്കു തനിച്ചു ഭൂരിപക്ഷം ലഭിക്കാറില്ലെന്നതാണ് 1995നുശേഷം ബിഹാറിലെ സ്ഥിതി. നേതാക്കളുടെ നിലപാടുമാറ്റങ്ങൾമൂലം സൃഷ്ടിക്കപ്പെടുന്ന ഭരണപരമായ അസ്ഥിരതയും വികസന സൂചികകളും ചേർത്തുവായിക്കേണ്ടതുണ്ട്.‌ 

തിരഞ്ഞെടുപ്പുരാഷ്ട്രീയം കണക്കിലെടുക്കുമ്പോൾ, ബിഹാറിലെ പുതിയ സമവാക്യങ്ങൾ കേന്ദ്രത്തിലെ മുഖ്യഭരണകക്ഷിയായ ബിജെപിക്കും നാഥനില്ലാക്കളരിപോലെയുള്ള പ്രതിപക്ഷത്തിനും പ്രസക്തമാണ്. കേന്ദ്രത്തിലെ എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ജെഡിയുവാണു ബിജെപിയുമായുള്ള ബന്ധം മതിയാക്കുന്നത്. പ്രാദേശിക കക്ഷികളുമായി ആദ്യം സഹകരിച്ചും കളം പിടിച്ചുകഴിയുമ്പോൾ അവയെ ഒതുക്കിയും വളരുകയെന്ന ബിജെപിയുടെ തന്ത്രത്തിനേറ്റ പുതിയ തിരിച്ചടികൂടിയാണു ബിഹാർ. തെക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിൽ മിക്കയിടത്തും ബിജെപി ഇപ്പോഴും വലിയ ശക്തിയല്ല. ബലമേറെയും വടക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങളിലാണ്. 

ഇനിയും വിജയിക്കാൻ സാധിച്ചിട്ടില്ലാത്ത സീറ്റുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്ന നടപടികളിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിരിക്കുന്ന ബിജെപിക്കു ബിഹാറിലെ നഷ്ടം ചെറുതല്ല. 2014 പോലെയായിരിക്കില്ല 2024 എന്നു വ്യക്തമാക്കിയതിലൂടെ തന്റെ ലക്ഷ്യം ദേശീയ രാഷ്ട്രീയമാണെന്ന സൂചന നിതീഷ് നൽകിക്കഴിഞ്ഞു. ദേശീയമോഹമുള്ള നേതാക്കളുടെ ബാഹുല്യം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കെട്ടുറപ്പില്ലാത്ത സ്ഥിതിയിലാണു പ്രതിപക്ഷം. രാഷ്ട്രപതി – ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളാണ് ആ സ്ഥിതി ഏറെ വ്യക്തമാക്കിയ ഒടുവിലത്തെ സംഭവം. എന്നാൽ, ബിജെപിക്കു തിരിച്ചടി നൽകാൻ സാധിക്കുമെന്ന ബിഹാർ ഉദാഹരണം പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നുണ്ടാവാമെങ്കിലും തിരഞ്ഞെടുപ്പു ജയിക്കാൻ ആ ആത്മവിശ്വാസം മാത്രം മതിയാവുകയുമില്ല. കെട്ടുറപ്പു സാധ്യമാക്കണമെങ്കിൽതന്നെ പ്രതിപക്ഷത്തിന് ഏറെ പണിപ്പെടേണ്ടതുണ്ട്. അങ്ങോട്ടുമിങ്ങോട്ടും മുന്നണി മാറി മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുന്ന ‘നിതീഷ് ശൈലി’യുടെ രാഷ്ട്രീയ ധാർമികതയും ചോദ്യചിഹ്നമാണ്. 

ഭരണ സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ അധികാരത്തിലെത്തുന്നവരുടെ മുൻഗണനാ പട്ടികയിൽ എത്രാമത്തെ സ്ഥാനത്താണു ജനക്ഷേമം എന്നതാണ് അടിസ്ഥാന ചോദ്യം. ആ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നൽകാൻ പുതിയ അധികാര കൂട്ടുകെട്ടിനു സാധിക്കുമോയെന്നു ബിഹാർ ഉറ്റുനോക്കുന്നു. 

English Summary: Nitish Kumar ends ties with BJP again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com