ADVERTISEMENT

സ്വാതന്ത്ര്യദിനത്തെക്കുറിച്ച് ടി.പത്മനാഭൻ എഴുതുന്നു...

വായനശീലം ചെറുപ്പം മുതൽ ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അതിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും സമരനായകരെക്കുറിച്ചുമൊക്കെ ആദ്യം മുതൽക്കേ ബോധമുണ്ടായിരുന്നു. ഈ ബോധം ഊട്ടിവളർത്താൻ ചുരുക്കം ചില അധ്യാപകരും സഹായിച്ചു. അങ്ങനെയാണ് ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ ധീരരായ സഹപ്രവർത്തകരെയും ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തെയും കുറിച്ചൊക്കെ മനസ്സിലാക്കുന്നത്. ഇവർ കൊളുത്തിയ തിരി ഇപ്പോഴും മനസ്സിൽ കെടാതെ നിൽക്കുന്നു.

1942 ഓഗസ്റ്റ് 9ന് ഇന്ത്യയിലെ ഒടുവിലത്തെ സ്വാതന്ത്ര്യസമരം ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ‘ക്വിറ്റ് ഇന്ത്യ’ സമരം എന്ന് അറിയപ്പെടുന്ന ഈ ധർമയുദ്ധത്തിൽ ഗാന്ധിജി ഇന്ത്യയ്ക്കു നൽകിയ സന്ദേശം ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്നായിരുന്നു. ഈ സമരം തുടങ്ങിയപ്പോൾ ഞാൻ വിദ്യാർഥിയായിരുന്നു. സ്കൂളിന്റെ ചുമരുകളിൽ ഞാൻ മുദ്രാവാക്യങ്ങൾ എഴുതി. പിറ്റേന്നുതന്നെ പിടിക്കപ്പെട്ടു; ഏതാനും ദിവസത്തേക്കു സസ്പെൻഡും ചെയ്യപ്പെട്ടു. ചെറിയ കുട്ടിയായിരുന്നതിനാൽ പൊലീസ് മർദനവും ജയിൽവാസവും അനുഭവിക്കാൻ ഇടവന്നില്ല.

ടി.പത്മനാഭൻ (File Photo: Manorama)
ടി.പത്മനാഭൻ (File Photo: Manorama)

1943 മുതൽ ഞാൻ സ്ഥിരം ഖദർധാരിയായി. ആ ശീലം ഇന്നും തുടരുന്നു. ആ കാലത്തുതന്നെ ഞാൻ പഴയ ചിറക്കൽ താലൂക്കിലെ വിദ്യാർഥി കോൺഗ്രസിന്റെ സെക്രട്ടറിയായി. 1945ൽ മദ്രാസ് സംസ്ഥാനത്തിൽ പൊതുതിരഞ്ഞെടുപ്പു നടന്നപ്പോൾ ഞാൻ കോൺഗ്രസിനു വേണ്ടി ചിറക്കൽ താലൂക്കിന്റെ വടക്കേയറ്റം മുതൽ പാലക്കാടു വരെ പ്രസംഗിച്ചു നടന്നു. കേരള വിദ്യാർഥി കോൺഗ്രസിന്റെ രണ്ടാം സമ്മേളനം എറണാകുളത്തു നടന്നപ്പോൾ പ്രതിനിധിയായി പങ്കെടുത്തു.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ അടിമത്തത്തിന്റെ അന്ധകാരത്തിൽനിന്നു സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു കടന്നപ്പോൾ ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. 14നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. സ്കൂളിലെ അലങ്കാരപ്പണികളൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ നേരം ഏറെ വൈകിയിരുന്നു. കഴിഞ്ഞ കാലത്തെക്കുറിച്ചു പലതും ആലോചിച്ചു കിടന്ന ഞാൻ വളരെ രാവിലെതന്നെ സ്കൂളിലേക്കു പോയി. പതാക ഉയർത്തിയതു ഞാനായിരുന്നു. പ്രസംഗിച്ചത് പ്രശസ്തനായ എം.ടി.കുമാരൻ മാസ്റ്ററും.

അന്ന് ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തി പ്രസംഗിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരനായകനും ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്റുവായിരുന്നു. നെഹ്റുവിനെക്കുറിച്ചു ഗാന്ധി എന്നും പറഞ്ഞത് ‘‘എനിക്കു ശേഷം എന്റെ ശബ്ദം നിങ്ങൾ കേൾക്കുക നെഹ്റുവിലൂടെയായിരിക്കും’’ എന്നാണ്. പക്ഷേ, നെഹ്റു പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതു കാണാനോ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനോ ഗാന്ധിജി ഡൽഹിയിൽ ഉണ്ടായിരുന്നില്ല. അങ്ങകലെ നവഖാലിയിൽ വർഗീയകലാപത്തിന്റെ ചോരപ്പുഴ ഒഴുകുന്ന തെരുവുകളിലൂടെ, ഗൺമാൻമാരുടെ അകമ്പടിയോ ബുള്ളറ്റ് പ്രൂഫ് കാറോ ഇല്ലാതെ, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പരത്തിക്കൊണ്ട്, ഏകനായി, ഒരു ദൈവദൂതനെപ്പോലെ സഞ്ചരിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം, സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഒരു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരിച്ചു. കൊലപാതകിയായ ഗോഡ്സെയുടെ അനുയായികൾ ഇപ്പോഴും ഗാന്ധിജിയെ കൊന്നുകൊണ്ടിരിക്കുകയാണ്. ഗോഡ്സെയുടെ പാവനസ്മരണയ്ക്കായി അവർ ക്ഷേത്രങ്ങൾ നിർമിക്കുന്നു; കൊല്ലപ്പെട്ട ഗാന്ധിജിയുടെ ചിത്രത്തിനുനേരെ നിറയൊഴിച്ച് ആനന്ദനൃത്തമാടുന്നു!

അടിമ ഇന്ത്യയിലും സ്വതന്ത്ര ഭാരതത്തിലും ജീവിക്കാൻ അവസരം ലഭിച്ചവനാണു ഞാൻ. സ്വാതന്ത്ര്യസമരത്തിൽ വളരെവളരെ ചെറിയ പങ്കു വഹിച്ചവനുമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിയിൽ തൃപ്തനാണോ എന്ന് ആരെങ്കിലും എന്നോടു ചോദിച്ചാൽ എന്ത് ഉത്തരമാണു നൽകുക? സമരകാലത്ത് സ്വാതന്ത്ര്യം മാത്രമല്ല വേറെയും ലക്ഷ്യങ്ങൾ നമുക്കുണ്ടായിരുന്നു. സ്ഥിതി സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സർവമത സാഹോദര്യം... ഇതൊക്കെ നാം നേടിയോ? ഇന്ത്യയുടെ ആകാശത്ത് വർഗീയ വിദ്വേഷത്തിന്റെ കാളമേഘങ്ങളല്ലേ നാം കാണുന്നത്?

എന്നാലും ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ ഞാൻ പൂർണമായും നിരാശനല്ല. ഇന്ത്യയ്ക്കു മരണമില്ല; ഇന്ത്യ അതിജീവിക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പക്ഷേ, ഈ അതിജീവനം ഭരണകർത്താക്കളിലൂടെ ആയിരിക്കില്ല. ഇവിടത്തെ നിസ്വാർഥരായ ജനകോടികളിലൂടെയായിരിക്കും.

English Summary: T Padmanabhan Remembering Independence Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com