ADVERTISEMENT

റഷ്യ യുക്രെയ്നിനെ ആക്രമിച്ചപ്പോൾ അതിനെ അപലപിക്കാനും റഷ്യയ്ക്കെതിരായി പാശ്ചാത്യ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ പങ്കുചേരാനുമായി ഇന്ത്യയ്ക്കുമേൽ വലിയ സമ്മർദമാണുണ്ടായിരുന്നത്. ശരിയും തെറ്റും വേർതിരിച്ചറിയണമെന്നും ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ പിന്തുണയ്ക്കണമെന്നുമുള്ള ഉപദേശങ്ങളുമായി ഉന്നതശീർഷരായ പല സന്ദർശകരും ഇന്ത്യയിലെത്തി. റഷ്യയ്ക്കു പകരം പാശ്ചാത്യചേരിയെ പുൽകുകയെന്നതു വൻശക്തിയായി മാറാനുള്ള ഇന്ത്യയുടെ അവസാനത്തെ മികച്ച അവസരമാണെന്നാണ് അമേരിക്കയിലെ പ്രശസ്ത മാസികയായ ഫോറിൻ അഫയേഴ്സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. 

കടുത്ത സമ്മർദങ്ങൾക്കിടയിലും ഇന്ത്യ നിലപാടിലുറച്ചുനിന്നു. വിവിധ അനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള തന്ത്രപ്രധാന രാജ്യസുരക്ഷാനിലപാടാണു രാഷ്ട്രത്തിന്റേതെന്ന സന്ദേശം ഇന്ത്യ ലോകത്തിനു നൽകി. രാജ്യത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന പങ്കാളി അമേരിക്കയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, പ്രവാസം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ താൽപര്യങ്ങളാലതു ബന്ധിതമാണ്. ഇന്ത്യ–പസിഫിക് മേഖലയിലെ ശാക്തികവിന്യാസം സംബന്ധിച്ചു യോജിച്ച വീക്ഷണവും ഇരുരാഷ്ട്രങ്ങൾക്കുമുണ്ട്. 

ഇന്ത്യയ്ക്ക് അതിന്റെ അസ്ഥിരമായ വടക്കുപടിഞ്ഞാറൻ അതിർത്തിക്കപ്പുറത്തേക്കു വ്യാപിച്ചുകിടക്കുന്ന യൂറേഷ്യൻ മേഖലയിൽ പ്രധാനപ്പെട്ട ശാക്തികതാൽപര്യങ്ങളുണ്ട്. എന്നാൽ, ഈ പ്രദേശങ്ങളിൽ തന്ത്രപ്രധാന സ്വാധീനം ചെലുത്തുന്നതാകട്ടെ റഷ്യയും ചൈനയുമാണ്. ഈ മേഖലയിലെ ശാക്തിക ബലതന്ത്രം നയപരമായി കൈകാര്യം ചെയ്യുകയെന്നത് ഇന്ത്യയുടെ രാജ്യസുരക്ഷാപരമായ അനിവാര്യതയാണ്. റഷ്യയുമായുള്ള ചരിത്രപരമായ പങ്കാളിത്തത്തിലൂടെ രാഷ്ട്രീയഗുണങ്ങളോടൊപ്പം ശക്തമായ സൈനികബന്ധം കൂടിയാണ് ഇരുരാജ്യങ്ങളും തമ്മിലുരുത്തിരിഞ്ഞു വന്നിട്ടുള്ളത്. സങ്കീർണമായ പ്രതിരോധസാമഗ്രികളുടെ കൈവശപ്പെടുത്തലും സാങ്കേതികവിദ്യ കൈമാറ്റവും ഈ സുദൃഢ ബന്ധത്തിന്റെ ഭാഗമായുണ്ടായതാണ്. 

തന്ത്രപ്രധാന ബന്ധങ്ങൾ

ഇന്ത്യ– പസിഫിക്കിലെ പങ്കാളിയായി അമേരിക്കയ്ക്കാവശ്യം ശക്തമായ ഇന്ത്യയെയാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം ഇതിന് അനുപൂരകമാണ് എന്നതാണു യാഥാർഥ്യം. ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശം വ്യക്തമാണ്. രാജ്യത്തിന്റെ വിശാല താൽപര്യങ്ങൾ മറ്റു സുഹൃദ് രാഷ്ട്രങ്ങളുമായുള്ള യോജിച്ച താൽപര്യങ്ങളുമായി ഒരിക്കലും സംഘർഷത്തിലല്ല. തന്ത്രപ്രധാനമായ സ്വയംപര്യാപ്തയുടെ കാതലാണത്. ബഹുമുഖ പങ്കാളിത്തങ്ങളിലൂടെ ദേശീയതാൽപര്യം സംരക്ഷിക്കാൻ അതു സഹായിക്കുന്നു. ഒരു വൻശക്തിയുടെ പ്രധാനപ്പെട്ട സ്വഭാവഗുണമാണത്. 

ഈ സ്വതന്ത്ര നിലപാട് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലെല്ലാം ഉഭയകക്ഷി, ബഹുകക്ഷി പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുവാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ക്വാഡ്, ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ, ബ്രിക്സ്, ഐ2യു2 തുടങ്ങിയ വ്യത്യസ്ത രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള രാജ്യങ്ങൾ അംഗങ്ങളായ കൂട്ടായ്മകളുമായുള്ള ഇന്ത്യയുടെ ബന്ധം ഇതിനു തെളിവാണ്. അയൽപക്കത്തെ വലുതും ശക്തവുമായ രാജ്യത്തോടു ചുറ്റുമുള്ള ചെറിയ രാജ്യങ്ങൾക്കുള്ള ഭീതി സാമ്പത്തിക സഹകരണത്തിലൂടെയും രാഷ്ട്രീയസംവേദനത്തിലൂടെയും രാജ്യസുരക്ഷാപരമായ ഉറപ്പുകളിലൂടെയും മറികടക്കേണ്ടതുണ്ട്. പാക്കിസ്ഥാനുമായി, ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത പ്രതിരോധത്തിലൂന്നിയുള്ള അർഥവത്തായ സംഭാഷണങ്ങൾക്കു സാഹചര്യം ഒരുക്കേണ്ടതുമുണ്ട്. ചൈനയുയർത്തുന്ന തന്ത്രപ്രധാന വെല്ലുവിളിയാകട്ടെ  മേഖലയുടെയും പ്രധാന ലോകശക്തികളുടെയെല്ലാം ദീർഘകാല ശ്രദ്ധ പതിയേണ്ട ഒന്നായി നിലനിൽക്കുകയും ചെയ്യും. 

പാഴാക്കാനില്ല സമയം 

സമഗ്രമായ ആന്തരികശക്തിയിലൂന്നിയായിരിക്കണം ഫലപ്രദമായ വിദേശനയം രാജ്യം രൂപപ്പെടുത്തേണ്ടത്. അതിനായി അതിവേഗ സാമ്പത്തിക പുരോഗതിയും തുല്യതയിലൂന്നിയ വികസനവും ആയിരിക്കണം ലക്ഷ്യമിടേണ്ടത്. കോവിഡും യുക്രെയ്ൻ യുദ്ധവും ഉയർത്തിയ വെല്ലുവിളികൾ മറ്റു പല രാഷ്ട്രങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ അതിജീവിച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇനി എത്രയും കുറഞ്ഞ സമയത്തിനുള്ളിൽ വികസിത രാഷ്ട്ര പദവിയിലെത്താനാണു ശ്രമിക്കേണ്ടത്. സ്വയംപര്യാപ്തവും വികേന്ദ്രീകൃതവുമായ വിഭവസമാഹരണം, സമഗ്രമായ ജൈവസുരക്ഷ, പകർച്ചവ്യാധികൾക്കെതിരെയുള്ള മുൻകരുതലും നിയന്ത്രണവും, സുപ്രധാന അടിസ്ഥാനസൗകര്യ സ്ഥാപനങ്ങളുടെ സുരക്ഷ, സാങ്കേതികവിദ്യയുടെയും വാർത്താവിനിമയത്തിന്റെയും പ്രാധാന്യം തുടങ്ങിയവ കോവിഡ് പ്രതിസന്ധി നമുക്കു മുൻപിൽ വെളിപ്പെടുത്തി.  

   ബഹിരാകാശ, സൈബർ, ഇലക്ട്രോണിക്, വിവരസാങ്കേതികവിദ്യ തുടങ്ങിയവയിൽ അധിഷ്ഠിതമായ പുതുതലമുറ യുദ്ധമുറകളിൽ നൈപുണ്യമേറിയതായി ഇന്ത്യയുടെ പ്രതിരോധ സംവിധാനം പുതുക്കിയെടുക്കേണ്ടതുണ്ട്. ശക്തമായ തദ്ദേശീയ പ്രതിരോധ വ്യവസായ മേഖല ഒരു വൻശക്തിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ഈ രംഗത്ത് ഇന്ത്യയ്ക്കുള്ള ദൗർബല്യം വ്യക്തമാണ്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ് നമ്മൾ. മാത്രമല്ല, കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ വലിയ വൈവിധ്യവൽക്കരണ ശ്രമങ്ങൾക്കിടയിലും നമ്മുടെ ആയുധഇറക്കുമതികളെല്ലാം പ്രധാനമായും ഒരു ഉറവിടത്തെ ആശ്രയിച്ചുതന്നെയാണിരിക്കുന്നത്. ഇന്ത്യ അതിന്റെ സ്വാധീനം ഉപയോഗിച്ച് ഏറ്റവും മികച്ച കരാറുകൾ നേടിയെടുക്കാനും അതിനൊപ്പം എത്രയും വേഗം സ്വയംപര്യാപ്തതയിലെത്താനുമാണു ശ്രമിക്കേണ്ടത്. സ്വയംപര്യാപ്തതയിലും തദ്ദേശീയ ഗവേഷണത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുന്ന നയങ്ങളാണു സമീപകാലത്തുണ്ടായിട്ടുള്ളത്. 

ഒരു വൻശക്തിയായി മാറാനുള്ള ഇന്ത്യയുടെ സാധ്യത അതിന്റെ ഭൂമിശാസ്ത്രം, ചരിത്രം, ജനസംഖ്യ, സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക പൈതൃകം എന്നിവയിലധിഷ്ഠിതമാണ്. കൂട്ടായ പരിശ്രമത്തിലൂടെ ഈ സാധ്യതയെ യാഥാർഥ്യത്തിലേക്കു പരിവർത്തനപ്പെടുത്തുകയാണു ചെയ്യേണ്ടത്. ഒരു പ്രഭുപദവി പോലെ വെറുതേ സമ്മാനിക്കപ്പെടുന്ന ഒന്നല്ല വൻശക്തിയെന്ന പദവി. 

(ദേശീയ സുരക്ഷാ ഉപദേശക സമിതി അധ്യക്ഷനാണ് ലേഖകൻ)

English Summary: India's message to the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com