ADVERTISEMENT

എന്റെ കാഴ്ചപ്പാടിൽ സ്വതന്ത്ര ഇന്ത്യയുടെ വികസന സമീപനങ്ങൾ മുന്നോട്ടുവച്ചതു പ്രധാനമായും മൂന്നു പേരാണ്; മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, ഡോ. ബി.ആർ.അംബേദ്കർ. കമ്യൂണിസ്റ്റു നിലപാടുകളുമുണ്ട്. ഇതിൽ അംബേദ്കർ മുന്നോട്ടുവച്ച ആശയങ്ങളെ അധികരിച്ചാണ് എന്റെ ചിന്തകൾ.

പങ്കാളിത്ത ജനാധിപത്യത്തിലും വികേന്ദ്രീകൃത ഉൽപാദനത്തിലും ഊന്നിയായിരുന്നു ഗാന്ധിദർശനം. ഇന്ത്യ വികസിത രാജ്യങ്ങൾക്കൊപ്പം നീങ്ങണമെന്നു നെഹ്റു പറഞ്ഞു. പക്ഷേ, സാഹചര്യങ്ങൾ അതിന് അനുയോജ്യമായിരുന്നില്ല. വികസിതരാജ്യങ്ങളെപ്പോലെ കോളനികൾ സൃഷ്ടിക്കാനോ അടിമകളെ ചൂഷണം ചെയ്യാനോ നമുക്കു കഴിയില്ല. കാർഷിക ജനതയ്ക്കു പ്രാധാന്യം നൽകിയ വികസനസമീപനം കമ്യൂണിസ്റ്റുകാർ അവതരിപ്പിച്ചു. രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച അംബേദ്കറുടെ വികസന കാഴ്ചപ്പാട് ഒരിക്കലും സംവരണത്തിൽ ഊന്നിയുള്ളതായിരുന്നില്ല. എന്നിട്ടും അംബേദ്കർ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ‘അംബേദ്കർ = സംവരണം = സാമൂഹികനീതി’ എന്ന ഫോർമുല രൂപപ്പെട്ടു.

B-R-Ambedkar
ഡോ. ബി.ആർ.അംബേദ്കർ

ചൂഷണത്തിനും പാർശ്വവൽക്കരണത്തിനും ശാശ്വതമായ പരിഹാരമെന്ന നിലയിലല്ല അദ്ദേഹം സംവരണത്തെ കണ്ടത്. പങ്കാളിത്തവും പ്രാതിനിധ്യവും എന്നതിനാണു പ്രാധാന്യം നൽകിയത്. ഭൂമിയുടെ പുനർവിതരണവും അതിലൂന്നിയുള്ള ഉൽപാദനവ്യവസ്ഥയുമാണു പ്രധാനമായിരുന്നത്. കൃഷിഭൂമി ഭരണകൂടത്തിനു കീഴിലാക്കി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കു തുല്യമായി വീതിച്ചു കൊടുക്കുക. അതാണു നീതി. പക്ഷേ, നമുക്കു നീതിയുടെ വ്യാഖ്യാനങ്ങൾ വ്യത്യസ്തങ്ങളാണ്. പൊതുവേ നീതിയെ ധാർമികതയുടെ പ്രശ്നമായാണു പലരും കണ്ടത്. അംബേദ്കർ നീതിയെ മൂർത്തമായ സാമ്പത്തികചോദ്യമായി കണ്ടു. സാമ്പത്തിക അസമത്വമെന്നത് അനീതിയാണ്. സാമ്പത്തികസമത്വമെന്നതു നീതിയും. നീതി എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല. സമ്പന്നരുടെ നീതിയല്ല പാവപ്പെട്ടവരുടേത്. ശക്തരും സമ്പന്നരുമായവർ തങ്ങൾക്കു നീതി കിട്ടുന്നില്ലെന്നു പരാതിപ്പെടാറില്ല. നീതി ലഭിക്കുന്നില്ലെന്നു പറയുന്നതു ദരിദ്രരും ദുർബലരുമാണ്.

ഉദാഹരണത്തിന്, അട്ടപ്പാടിയിലെ മധുവിന്റെ കാര്യമെടുക്കാം. ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ആ മനുഷ്യനെ കൊലപ്പെടുത്തി. ഭക്ഷണമില്ലാത്തവർക്ക് അതു കൊടുക്കേണ്ടതു ഭരണകൂടത്തിന്റെ ചുമതലയാണ്. പകരം തല്ലിക്കൊല്ലുകയാണ്. മോഷണക്കുറ്റം വിശപ്പുമായി ബന്ധപ്പെടുത്തി കാണണം. മധു വിശന്നിരിക്കുന്നു എന്നത് ഒരു സാമൂഹിക പ്രശ്നമായി നാം കാണുന്നില്ല. അതിനാലാണു നീതി വൈകുന്നത്. സാക്ഷികൾ കൂറുമാറുന്നതോടെ ഈ കേസിൽ നീതിന്യായ വ്യവസ്ഥയ്ക്ക് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ‘നീതിന്യായവ്യവസ്ഥ’ നീതിയുടെ വ്യവസ്ഥയല്ല, ‘ന്യായ’ത്തിന്റെ വ്യവസ്ഥയാണ്. സമ്പത്തിനൊപ്പം വരുന്നതാണു നീതി; അതിന്റെ ഒരു ഉൽപന്നം.

സ്വാതന്ത്ര്യസമര ചരിത്രമെടുത്താൽ ഇന്ത്യയിൽ ആദ്യത്തെ ആദിവാസി പോരാട്ടം 1773ൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപം കൊള്ളുന്നതിനു മുൻപേതന്നെ അവരുടെ പോരാട്ടം ആരംഭിച്ചിരുന്നു. ശേഷവും അതു തുടർന്നതായി കാണാം. അവർ ഒരു പ്രത്യേക രാഷ്ട്രീയം വികസിപ്പിച്ചുകൊണ്ടുവന്നു. അതിനെ ‘റിസോഴ്സ് പൊളിറ്റിക്സ്’ എന്നു പറയാം. ഭൂമി, വനം, വെള്ളം ഈ മൂന്നു കാര്യങ്ങളിൽ ഊന്നിയുള്ളതായിരുന്നു അത്. ആദിവാസികളെ അവരുടെ ആവാസ വ്യവസ്ഥയിൽതന്നെ നിലനിർത്തുന്നതും ആ തനിമ നിലനിർത്തിത്തന്നെ മുഖ്യധാരയുടെ ഭാഗമാക്കുന്നതും നെഹ്റു ചിന്തിച്ചു. ആദിവാസി പഞ്ചതത്വങ്ങൾ അനുസരിച്ചാണ് പിന്നീട് ആദിവാസി നയവും വികസനപരിപാടികളും രൂപപ്പെടുന്നതെന്നു കാണാം.

എന്തുകൊണ്ടാണു ഭൂമിയുടെ യഥാർഥ അവകാശികൾ അവരുടെ മണ്ണിൽനിന്ന് നിഷ്കാസിതരായിപ്പോയത്? ഭൂപരിഷ്കരണം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. കമ്യൂണിസ്റ്റുകാർ ഭൂപരിഷ്കരണത്തെ ഭൂമി ഉടമസ്ഥാവകാശത്തിന്റെ പ്രശ്നമായി കണ്ടു. പാട്ടക്കാർക്ക് ഉടമസ്ഥാവകാശം കൊടുക്കുകയെന്നതായിരുന്നു പദ്ധതി. ഭൂപരിധി നിർണയിച്ച് ഓരോ പ്രദേശത്തും ഭൂമി ലഭ്യമാക്കുകയും കൂടുതലുള്ളതു മിച്ചഭൂമിയായി പ്രഖ്യാപിച്ച് ചെറുകിടക്കാർക്കും ഭൂരഹിതർക്കും നൽകുകയും ചെയ്യുക. കൃഷിഭൂമിയുടെ ഏതാണ്ട് ഒരു ശതമാനം മാത്രമാണു മിച്ചം (സർപ്ലസ്) ആയി പ്രഖ്യാപിച്ചത്. അതു ശക്തരുടെ കയ്യിലായിരുന്നു.
വിഭവ–സാമൂഹിക മിച്ചങ്ങളുടെ കാര്യത്തിലും നീതിയുണ്ടായില്ല. അവ എങ്ങനെ ഉപയോഗിക്കണമെന്നു ജാതിയാണു നിർണയിച്ചത്.

അന്യവൽക്കരിക്കപ്പെട്ടവർക്കു വിഭവങ്ങളുടെ ഉടമസ്ഥാവകാശം വേണമെന്ന് അംബേദ്കർ ആവശ്യപ്പെട്ടു. ഭൂമിയും ഉൽപാദനവും ഭരണകൂടത്തിനു കീഴിലാക്കി, കാർഷികവേല ചെയ്യുന്നവർക്കു ഭൂമി നൽകണം. എന്നാൽ, ഭൂരഹിതരായ പരമ്പരാഗത കർഷകത്തൊഴിലാളികൾക്കു ഭൂമി ലഭിച്ചില്ല. ഫ്യൂഡൽ കുടുംബങ്ങളിലെ ഒരാളും തന്നെ ഭൂരഹിത കർഷകത്തൊഴിലാളിയായില്ല. കൂലിപ്പണിക്കാരാകട്ടെ സ്വന്തമായി ഭൂമിയുള്ള കർഷകരുമായില്ല. കർഷകത്തൊഴിലാളിക്കു കേരളത്തിൽ ഭൂമി കിട്ടിയില്ല. കുടികിടപ്പവകാശം കൊടുത്തുവെന്നാണ് അവകാശവാദം. അതായിരുന്നില്ല ഭൂപരിഷ്കരണത്തിന്റെ യഥാർഥ ലക്ഷ്യം. പാട്ടക്കാർക്കു ഭൂമിയുടെ ഉടമാവകാശം കൊടുത്തപ്പോൾ സ്വാഭാവികമായിപ്പോലും കുടികിടപ്പുകാർക്ക് അതു വന്നുചേരുമായിരുന്നു. വികലമായി നടപ്പാക്കിയ ഭൂപരിഷ്കരണം ചരിത്രപരമായ ഒരു വഞ്ചനയാണെന്ന് ഇന്നു മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.

സമ്പന്നൻ കൂടുതൽ സമ്പന്നൻ ആകുമ്പോൾതന്നെ പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവൻ ആകുന്നില്ല. ഇതിൽ ഭരണകൂടത്തിന്റെ ബോധപൂർ‍വമായ ഇടപെടലുണ്ട്. അതിൽ പ്രധാനം ക്ഷേമപ്രവർത്തനങ്ങളാണ്. സമ്പന്നവിഭാഗത്തിനു ദാരിദ്ര്യം ശാശ്വതീകരിക്കാൻ ഇഷ്ടമല്ല. ദരിദ്രരുടെ ക്രയാശേഷി (പർചേസിങ് പവർ) ഉയർത്തുന്നതിലാണ് അവർക്കു താൽപര്യം. കൂടുതൽ ഉൽപാദിപ്പിക്കാനും പരമാവധി വിറ്റഴിക്കാനും കോർപറേറ്റുകളും ശ്രമിക്കുന്നു.

ഭക്ഷണസാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകൽ, പൊതു വിതരണ സംവിധാനത്തിന്റെ വ്യാപനം, സ്കൂളുകളിൽ പ്രാതലും ഉച്ചഭക്ഷണവും നൽകൽ, തൊഴിലുറപ്പു പദ്ധതിയും ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളും ഇവയൊക്കെ ഭരണകൂടം ഉറപ്പാക്കുന്നു. ഇതിന്റെ നല്ല ഫലങ്ങൾ ഇല്ലെന്നല്ല. പക്ഷേ, മറ്റൊന്നു കൂടി കാണണം. എന്തുകൊണ്ടു ദരിദ്രവിഭാഗത്തെ അവരുടെ പ്രശ്നങ്ങളിൽനിന്നു ശാശ്വതമായി മോചിപ്പിക്കാതെ ഇത്തരം ക്ഷേമപ്രവർത്തനങ്ങൾകൊണ്ടു തൃപ്തിപ്പെടുത്തുന്നു. ദരിദ്രരുടെ ജീവിതകാഠിന്യം കുറച്ചു എന്നതല്ലാതെ അവർക്കനുകൂലമായ സമ്പത്തിന്റെ പുനർവിതരണം ഒരിക്കലും യാഥാർഥ്യമാകുന്നില്ല.
സ്വാഭാവികമായും മൗലികമായ, ഘടനാപരമായ മാറ്റങ്ങൾ തടയപ്പെടുകയും ചെയ്യും. മുതലാളിത്ത അനന്തര സാമൂഹികവ്യവസ്ഥയിൽ സമ്പത്തിന്റെയടക്കം തുല്യത കൈവന്നില്ല. വലിയ തോതിൽ ഏകാധിപത്യവും വ്യക്തിപൂജയും ബലപ്പെടുകയും ചെയ്തു.

ക്ഷേമരാഷ്ട്രമെന്നതു കെയിൻസിന്റെ ആശയമായിരുന്നു. മാർക്സിയൻ ആശയമല്ല. വർഗരഹിതമായ സാമൂഹികസ്ഥിതി സൃഷ്ടിക്കുകയെന്നതാണ് മാർക്സിയൻ ആശയം. വിപ്ലവത്തിലൂടെയാണ് അതു വിഭാവന ചെയ്യുന്നത്.

ഈ കാലം ഒരിക്കലും വിപ്ലവ ചിന്തകളുടേതല്ല. പകരം, മനുഷ്യാവകാശ– ജനാധിപത്യബോധങ്ങൾ ശക്തി പ്രാപിക്കുന്നു. ബ്യൂറോക്രസി, രാഷ്ട്രീയ പാർട്ടികൾ, മതം, മാധ്യമങ്ങൾ, അക്കാദമിക രംഗം ഇവയുടെ ശ്രേണീഘടനയാണ് ഇന്നു ശക്തം. ജാതിചിന്ത പൊതുസമൂഹത്തിൽ കുറഞ്ഞു. പക്ഷേ, കുറയുന്നതൊന്നും അപ്രത്യക്ഷമാകുന്നില്ല. ജാതി ഉന്മൂലനത്തിനായി സമ്പത്തിന്റെ പുനർവിതരണവും മിശ്രവിവാഹവും ആയിരുന്നു ആവശ്യം. സമ്പത്തിന്റെ തുല്യവിതരണം ഒരു പരിപാടിയായി പ്രഖ്യാപിച്ച് ഒരു പാർട്ടിക്കും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല. മാറ്റം കൊണ്ടുവരുന്നത് എപ്പോഴും ഇരകളാണ് എന്നതാണു വസ്തുത. ഭരണാധികാരികൾക്കു മാറ്റം കൊണ്ടുവരാനാകില്ല. നിലവിലുള്ളതിനെ അൽപം മെച്ചപ്പെടുത്താനേ കഴിയൂ.

(പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് ലേഖകൻ)

English Summary: Dr. M. Kunhaman on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com