ADVERTISEMENT

അതിവിപുലമായ നീതിന്യായ അധികാരമുള്ള, ലോകത്തെ ഏറ്റവും ശക്തമായ കോടതിയാണു നമ്മുടെ സുപ്രീം കോടതി. നിയമങ്ങളും ഭരണ നടപടികളും തീരുമാനങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ അധികാരമുള്ള ഭരണഘടനാ സ്ഥാപനം. തനതായ അധികാരത്തിനു പുറമേ പൂർണ അപ്പീൽ അധികാരവും സുപ്രീംകോടതിക്കുണ്ട്.

മൗലികാവകാശ ലംഘനത്തിനെതിരെ ഭരണഘടനയുടെ 32–ാം അനുഛേദപ്രകാരം പൗരനു നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാം. പൗരന്റെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാകുന്ന അവസരങ്ങളിൽ കോടതി ഇത്തരം ഇടപെടലുകൾ നടത്താറുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും പരിഹാരം കണ്ടെത്തേണ്ടതു സുപ്രീം കോടതി തന്നെ. ഇതൊക്കെയാണ് ഇന്ത്യൻ ഭരണഘടന സുപ്രീം കോടതിക്കു നൽകുന്ന വിശാലമായ അധികാരങ്ങൾ.

1947ൽ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കു പിച്ചവയ്ക്കുമ്പോൾ ഇവിടെ മികച്ച വ്യവസായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വാണിജ്യ രംഗത്തിന്റെ അവസ്ഥയും അങ്ങനെ തന്നെ. എന്തെങ്കിലും ഉണ്ടായിരുന്നതാകട്ടെ സ്വന്തം ലാഭത്തിനുവേണ്ടി ഇന്ത്യയെ പിഴിഞ്ഞെടുത്തിരുന്ന ബ്രിട്ടിഷുകാരുടെ പാരമ്പര്യം പിൻതുടരുന്നവയും. കൃഷിയിൽ അധിഷ്ഠിതമായിരുന്നു അന്നത്തെ സമ്പദ്‌വ്യവസ്ഥ. സ്വാഭാവികമായും വിപുലമായ കാർഷിക നിയമ പരിഷ്കരണങ്ങൾക്കുള്ള നിയമനിർമാണമായിരുന്നു അക്കാലത്തു പാർലമെന്റും സംസ്ഥാന നിയമസഭകളും നടത്തിയിരുന്നത്. ജന്മിത്വം അവസാനിപ്പിക്കൽ, ഭരണകൂടത്തിനു താൽപര്യമുള്ളവർക്കു ഭൂമി ദാനം ചെയ്യുന്നതു നിർത്തലാക്കൽ, കർഷകർക്കും ഭൂരഹിതർക്കും ഭൂമി വിതരണം ചെയ്യൽ തുടങ്ങിയവയ്ക്കായി നിർമിക്കപ്പെട്ട നിയമങ്ങൾ കോടതിയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണു നടപ്പാക്കപ്പെട്ടത്.

സുപ്രീം കോടതി
സുപ്രീം കോടതി

സ്വാതന്ത്ര്യാനന്തരമുള്ള സുപ്രീം കോടതിയുടെ ഇടപെടലുകളെ മൂന്നു ഘട്ടമായി കാണാം. ആദ്യഘട്ടത്തിൽ ഭരണഘടനയുടെ ലക്ഷ്യങ്ങളോടു ചേർന്നുനിന്ന് സാമൂഹിക– സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിനാണ് സുപ്രീം കോടതി നിലകൊണ്ടത്. വ്യക്തിക്കു കൈവശം വയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധി നിർണയിച്ച നിയമങ്ങൾ കോടതി ശരിവച്ചിരുന്നു. അധികഭൂമി ഏറ്റെടുക്കുന്നതിനും അത് അർഹരായ ഭൂരഹിതർക്കു വിതരണം ചെയ്യുന്നതിനും സർക്കാരുകൾക്കു കഴിഞ്ഞത് ഈ നടപടി വഴിയാണ്. നഗര ഭൂപരിധി നിയന്ത്രണ നിയമത്തിനും കോടതിയുടെ അംഗീകാരം ലഭിച്ചതോടെ നഗരങ്ങളിലെ മിച്ചഭൂമിയും സർക്കാരുകളുടെ നിയന്ത്രണത്തിലായി.

എന്നാൽ, സ്വത്തിന്മേലുള്ള മൗലികാവകാശത്തിന്റെ കാര്യത്തിൽ കോടതി യാഥാസ്ഥിതിക സമീപനമാണു കൈക്കൊണ്ടത്. ചില നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു. മൗലികാവകാശങ്ങൾ നിഷേധിക്കാനും തടസ്സപ്പെടുത്താനും കഴിയുംവിധം ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന് 1967ലെ ഗോലക്നാഥ് കേസിൽ സുപ്രീം കോടതി വിധിച്ചു. ഈ വിധിയെ മറികടക്കാൻ പാർലമെന്റ് 1971ലെ 24–ാം ഭരണഘടനാ ഭേദഗതി അംഗീകരിച്ചു. മൗലികാവകാശങ്ങൾ അടക്കം ഭരണഘടനയുടെ ഏത് അനുഛേദവും ഭേദഗതി ചെയ്യാനുള്ള അവകാശം പാർലമെന്റ് തങ്ങളിൽതന്നെ നിക്ഷിപ്തമാക്കി. എന്നാൽ, ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിനു പാർലമെന്റിനു പരമാധികാരമില്ലെന്നും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാൻ പാർലമെന്റിനു കഴിയില്ലെന്നും 1973ലെ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി വിധിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ തടയപ്പെട്ടപ്പോൾ അതിനെതിരെ നടന്ന നിയമ പോരാട്ടങ്ങളെ നിരാകരിക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഭരണഘടനാപരമായ ദൗത്യ നിർവഹണത്തിൽ കോടതി അവിടെ പരാജയപ്പെടുകയായിരുന്നു. എന്നാൽ, പൗരന്റെ ജീവനും സ്വാതന്ത്ര്യത്തിനും മേൽ സ്റ്റേറ്റിന്റെ കടന്നുകയറ്റമുണ്ടായപ്പോൾ അതിൽ ഇടപെടാനും പൗരന്റെ അവകാശം സംരക്ഷിക്കാനും കോടതി മടിച്ചില്ല. 1978ലെ മേനക ഗാന്ധി കേസ് ഇതിനുദാഹരണമാണ്. ഈ കേസിൽ ഭരണഘടനയുടെ 21–ാം അനുഛേദത്തിനു ജസ്റ്റിസ് പി.എൻ. ഭഗവതി പുതിയൊരു വ്യാഖ്യാനം നൽകി. മൗലികാവകാശങ്ങളിൽ ഇടപെടുന്ന നിയമനിർമാണം ഉള്ളടക്കം കൊണ്ടും നടപടിക്രമം കൊണ്ടും ന്യായമായിരിക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 14,19, 21 അനുഛേദങ്ങൾ സമഗ്രമായി ഒരുമിച്ചു പരിഗണിക്കപ്പെടേണ്ടവയാണെന്നും ഒറ്റയ്ക്കൊറ്റയ്ക്കല്ല കണക്കാക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതു താൽപര്യ ഹർജികൾ എന്ന ആശയം ജനശ്രദ്ധയിലേക്കു വന്നതും ഇക്കാലത്താണ്.

രണ്ടാം ഘട്ടത്തിൽ സാമ്പത്തിക ഉദാരവൽക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. ടെലികോം തരംഗങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്ന നിലപാടുകളിലും നടപടികളിലും സാമൂഹികമായ ഉത്തരവാദിത്തം ഉറപ്പുവരുത്താനും മാർഗനിർദേശങ്ങൾ രൂപപ്പെടുത്താനും കോടതിയുടെ ഇടപെടലുണ്ടായി. ടെലികോം തരംഗങ്ങളും കൽക്കരി ഖനികളും അനുവദിച്ച നടപടികൾ കോടതി റദ്ദാക്കി. ഇന്ത്യയിൽ ടെലികോം മേഖലയുടെ ഭാവിയെ ബാധിക്കുന്നതായിരുന്നു ആദ്യ തീരുമാനം. കൽക്കരി ഖനികൾ അനുവദിച്ചതു റദ്ദാക്കിയ നടപടി ഖനനം, ഉരുക്കു നിർമാണം തുടങ്ങിയ വ്യവസായ മേഖലകളിലെ ഭാവി നിക്ഷേപങ്ങളെ സാരമായി ബാധിച്ചു. ബാങ്കിങ് മേഖലയും പ്രതിസന്ധിയിലായി. കാരണം, ടെലികോം, കൽക്കരി–സ്റ്റീൽ വ്യവസായങ്ങൾക്കു ബാങ്കുകൾ കനത്ത തോതിൽ വായ്പ നൽകിയിരുന്നു. തിരിച്ചടവു മുടങ്ങിയതോടെ അവ കിട്ടാക്കടവും നിഷ്ക്രിയ ആസ്തികളുമായി. ഇതെല്ലാം ദേശീയോൽപാദനത്തെയും ബാധിച്ചു. സങ്കീർണമായ സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രീം കോടതിയുടെ പ്രകടനം തൃപ്തികരമല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

എന്നാൽ, പരിസ്ഥിതി വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ അഭിനന്ദനാർഹമാണ്. സ്വകാര്യ നിക്ഷേപകരിലൂടെ സമ്പദ്‌ഘടന വളരുമ്പോൾ ജല, വായു മലിനീകരണ നിയന്ത്രണങ്ങൾ അത്യന്താപേക്ഷിതമാണ്. ഇത്തരം കാര്യങ്ങളിൽ കോടതി വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പൊതു ജീവിതത്തിലെ അഴിമതി തടയുന്നതിനും അതിശക്തമായ നിലപാടുകളാണു കോടതി സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ രാഷ്ട്രീയത്തെ ഏറ്റവും സ്വാധീനിച്ച ഒന്നാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്. സർക്കാർ പൊതുമേഖലാ നിയമനങ്ങളിൽ പിന്നാക്ക വിഭാഗക്കാർക്ക് 27% സംവരണം ശുപാർശ ചെയ്യുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ച സുപ്രീം കോടതി, പിന്നാക്കാവസ്ഥ നിർണയിക്കുന്നതിനുള്ള അടിസ്ഥാന സൂചകമായി ജാതിയെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയത്തിലെ കൂറുമാറ്റം തടയുന്നതിനുള്ള നിയമത്തർക്കങ്ങളിൽ കോടതിയുടെ ഇടപെടലുകൾ കാര്യമായ വിജയം കണ്ടിട്ടില്ല.

2014ൽ ആരംഭിച്ച മൂന്നാം ഘട്ടത്തിൽ വ്യക്തി സ്വാതന്ത്ര്യ സംരക്ഷണത്തിൽ കോടതിയുടെ പ്രകടനം ഒട്ടും അഭിനന്ദനീയമല്ല. രാജ്യദ്രോഹ നിയമം (124എ– ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമം (യുഎപിഎ) തുടങ്ങിയവ വിദ്യാർഥികൾ, മാധ്യമ പ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവർക്കെതിരെ വ്യാപകമായി ദുരുപയോഗിച്ചപ്പോൾ അതിനെ ചെറുക്കാനും ഇരകൾക്കു സംരക്ഷണം നൽകുക എന്ന ധർമം നിർവഹിക്കാനും കോടതിക്കു കഴിഞ്ഞില്ല. പരമോന്നത നീതിപീഠം ഈ വിഷയങ്ങളിലെ ഹർജികളിൽ പലപ്പോഴും ഇടപെട്ടതേയില്ല. തടങ്കൽ സംബന്ധിച്ച പരാതികളിൽപോലും മുൻപത്തെപ്പോലെ ത്വരിത നടപടികൾ സ്വീകരിക്കാൻ കോടതി തയാറായില്ല.

സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കിയും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന നിയമം റദ്ദാക്കിയും രണ്ടു നിർണായക വിധികൾ ഇക്കാലത്താണു കോടതിയിൽ നിന്നുണ്ടായത്. യാഥാസ്ഥിതിക മനോഭാവം നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ സാമൂഹിക– രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വകാര്യതയെ മൗലികാവകാശമായി ഉയർത്തിപ്പിടിച്ചുള്ള ഈ ചരിത്ര വിധികൾ കോടതിയുടെ പുരോഗമനപരമായ ചിന്തയുടെ ഉദാഹരണങ്ങളാണ്.

നീതിക്കുവേണ്ടി വാതിലിൽ മുട്ടുന്നവരുടെ പ്രതീക്ഷയ്ക്കു യോജിക്കുന്ന നടപടികൾ ഭീതിയോ പ്രീതിയോ കൂടാതെ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുമെന്നു പ്രതീക്ഷിക്കാം.

(സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ലേഖകൻ രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമാണ്)


English Summary: Kapil Sibal on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com