ADVERTISEMENT

ചരിത്രത്തെ കറുപ്പും വെളുപ്പുമായി കള്ളിതിരിക്കുന്നത് പുതിയ കാലത്തെ പ്രവണതയാണ്. സ്വാതന്ത്ര്യസമരം നയിക്കുകയും നമ്മുടെ രാജ്യത്തെ മോചനത്തിലേക്കു നയിക്കുകയും ചെയ്ത പഴയകാല രാഷ്ട്രീയ മഹാരഥന്മാരെ വിവാദം സൃഷ്ടിക്കുന്ന ഈ കാഴ്ചപ്പാടിലൂടെയാണ് പലപ്പോഴും വിലയിരുത്തുന്നതും. സർദാർ വല്ലഭ്ഭായ് പട്ടേൽ ആ ഗണത്തിൽ പെട്ട ഒരു നേതാവാണ്. 1917 മുതൽ 1950 വരെ, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതാണ്ട് മുഴുവൻ കാലയളവിലും ഗാംഭീര്യത്തോടെ നിറഞ്ഞുനിന്ന നേതാവായിരുന്നു അദ്ദേഹം. ഇന്നും നമ്മൾ അദ്ദേഹത്തെ പഠിക്കുന്നു എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നമ്മുടെ രാഷ്ട്രീയത്തിന്റെ സങ്കീർണതയെയും ഒരു നേതാവെന്ന നിലയിൽ പട്ടേലിന്റെ പ്രതാപത്തെയും ആണ് കാണിക്കുന്നത്. 

ഒരു ഇടത്തരം കുടുംബത്തിൽ 1875 ഒക്ടോബർ 31ന് ജനിച്ച വല്ലഭ്ഭായ് പട്ടേൽ, ഇംഗ്ലണ്ടിൽനിന്ന് നിയമബിരുദം പൂർത്തിയാക്കി 1912ൽ  തിരിച്ചെത്തിയത് രാഷ്ട്രീയ തിരയിളക്കങ്ങൾ നിറഞ്ഞ ഇന്ത്യയിലേക്കാണ്. ഗാന്ധിജി മുന്നോട്ടുവച്ച അഹിംസ, ധാർമികബലം, അച്ചടക്കം എന്നിവയും ഗാന്ധിയൻ മൂല്യങ്ങളും ആഴത്തിൽ സ്വാധീനിച്ചതിനാൽ അദ്ദേഹം തന്റെ കർമമേഖലയായി രാഷ്ട്രീയം തിരഞ്ഞെടുത്തു. 

കൂടുതൽ ആദർശവാനും പ്രിയങ്കരനുമായ ജവഹർലാൽ നെഹ്റുവിന്റെ എതിരാളിയായാണ് സർദാർ പട്ടേലിനെ ഇന്ന് പലപ്പോഴും അവതരിപ്പിക്കാറുള്ളത്. നെഹ്റുവിനെ ഉയർത്തിക്കാട്ടാനുള്ള ഇടതടവില്ലാത്ത ശ്രമത്തിനിടയിൽ സർദാർ പട്ടേൽ രാജ്യത്തിനു നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ ഉജ്വല പാരമ്പര്യവും ഒരു മൂലയിലേക്ക് ഒതുങ്ങിപ്പോയി. അതേസമയം ഇന്നും പുതുമമാറാത്ത പാഠങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽനിന്നു നമുക്ക് കണ്ടെടുക്കാനാവും. എതിരാളിയെ നിർഭയം വരുതിയിൽ കൊണ്ടുവരാൻ കഴിഞ്ഞ തികഞ്ഞ പ്രായോഗികവാദി ആയിരുന്നു അദ്ദേഹം. ഹൈദരാബാദ്, കശ്മീർ, ജുനഗഡ് തുടങ്ങിയ രാജ്യങ്ങളുടെ സംയോജനം അതിന് തെളിവാണ്.  മറ്റുള്ളവർ ഏറ്റെടുക്കാൻ മടികാണിക്കുന്ന കാര്യങ്ങളിൽ പോലും ഉറച്ച നിലപാടെടുക്കാൻ പോന്ന മേധാശക്തിയും ബുദ്ധിപരമായ സത്യസന്ധതയും അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. 1949ലെ പ്രിവി പഴ്സ് വിവാദം ഉദാഹരണമാണ്. നാട്ടുരാജാക്കന്മാരുടെ ജീവിതം ഒറ്റദിവസം കൊണ്ട് മാറിമറിഞ്ഞപ്പോൾ അവർക്ക് വാഗ്ദാനം ചെയ്തിരുന്ന പ്രിവി പഴ്സ് നൽകേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ് എന്ന നിലപാടാണ് പട്ടേൽ സ്വീകരിച്ചത്. മനസ്സുകൊണ്ട് ഒരു ഹിന്ദു ആയിരിക്കുമ്പോഴും വർഗീയലഹളയുടെ കാലത്ത് അതിന്റെ ഉത്തരവാദികൾ രാജ്യത്തിന്റെ ഐക്യം തകർക്കുന്നവരാണെന്ന് പറയാൻ അദ്ദേഹം മടികാണിച്ചില്ല. 1948ൽ ആർഎസ്എസിനോട് പറഞ്ഞ ഈ വാക്കുകൾ നോക്കുക: ‘നിങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്തുക, രഹസ്യാത്മകത കൈവെടിയുക, സാമുദായിക സംഘർഷം ഒഴിവാക്കുക, ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിക്കുക, ദേശീയപതാകയോട് കൂറുകാണിക്കുക, നിങ്ങളുടെ വാക്കുകളെ വിശ്വസിക്കാമെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തുക. ഒന്ന് പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നത് അരുതാത്തതാണ്.’

Narayani Basu
നാരായണി ബസു. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

നെഹ്റു, വി.പി. മേനോൻ എന്നിവരുമായി ചേർന്ന് സ്വതന്ത്ര ഇന്ത്യയുടെ സംയോജനത്തിന് പട്ടേൽ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. രാജ്യത്തിന്റെ സംയോജനം പട്ടേലിന്റെ മാത്രം സംഭാവനയോ സൃഷ്ടിയോ അല്ല. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തവണ്ണം സങ്കീർണമായതാണ് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഘടന. നാട്ടുരാജ്യങ്ങളുടെ സംയോജനം സാധ്യമാക്കിയത് തോളോടുതോൾ ചേർന്നു നടത്തിയ പ്രവർത്തനം മൂലമാണ്. കൂട്ടുത്തരവാദിത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു പട്ടേൽ. വി.പി. മേനോനൊടൊപ്പമുള്ള പ്രവർത്തനം തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 1946 ലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ പിറന്ന ഈ കൂട്ടുകെട്ട് അധികാരകൈമാറ്റത്തിന് പദ്ധതി തയാറാക്കി. 1947 മുതൽ 1950 വരെയുള്ള കാലത്തിനിടയിൽ ഈ കൂട്ടുകെട്ട് 565 നാട്ടുരാജ്യങ്ങളെ ഒറ്റ യൂണിയനാക്കി മാറ്റി. സ്വാതന്ത്ര്യത്തിലേക്കുള്ള സമാധാനപരമായ ചുവടുവയ്പിനെ ജിന്ന അട്ടിമറിക്കുമോ എന്ന അന്തരീക്ഷം നിലനിൽക്കവെ ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധിയെയാണ് ഇവർ മറികടന്നത്.  ഇരുവരുടെയും വ്യക്തിത്വവും സമാനമായതായിരുന്നു–  വരുംവരായ്കകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉടനടി തീരുമാനമെടുത്ത് വേഗം ചെയ്യുന്ന സ്വഭാവവും. നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചതിന്റെ മുദ്ര വി.പി. മേനോനിലാണ് പതിഞ്ഞിട്ടുള്ളതെങ്കിലും നിർണായകമായ ആദ്യ വർഷത്തിൽ ഇരുവരും ചേർന്ന കൂട്ടുകെട്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ഓരോ കല്ലുകളെയും ചേർത്തുവച്ചത്. 

സർദാർ പട്ടേൽ 1950 ഡിസംബർ 15ന് അന്തരിച്ചപ്പോൾ വി.പി. മേനോൻ സംയോജനത്തിന് ഒപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സംസ്കാരം നടന്ന മുംബൈയിലെ മറൈൻ ലൈനിലേക്ക് ചാർട്ടർ ചെയ്ത വിമാനത്തിൽ കൂട്ടികൊണ്ടുപോയി. ഡൽഹി ഔറംഗസീബ് റോഡിലെ പട്ടേലിന്റെ വസതിയിൽ ഒത്തുകൂടിയ 1500 ഉദ്യോഗസ്ഥർ ആകട്ടെ സർദാറിനെപ്പോലെ രാജ്യത്തെ സേവിക്കുമെന്നു പ്രതിജ്ഞ ചെയ്തു. സമാനമായ ഒരു സംഭവം മുൻപൊരിക്കലും നടന്നിട്ടില്ല. ആർക്കും വിലയ്ക്കു വാങ്ങാൻ കഴിയാത്തതായിരുന്നു അദ്ദേഹത്തിന്റെ ദേശസ്നേഹം. 

 

(‘വി.പി. മേനോൻ: ദ് അൺസംങ് ആർകിടെക്ട് ഓഫ് മോഡേൺ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് നാരായണി ബസു. ചരിത്രകാരിയും വിദേശകാര്യ വിദഗ്ധയുമായ നാരായണി വി.പി. മേനോന്റെ കൊച്ചുമകളുടെ മകളാണ്.)

 

Content Highlight: Sardar Vallabhbhai Patel, 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com