ADVERTISEMENT

രാജാവും രാജ്ഞിയും നാടുകാണാനിറങ്ങി. യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും രാജ്ഞിയുടെ സ്വർണവള നഷ്ടപ്പെട്ടു. വഴിയാത്രക്കാരനായ വയോധികനാണ് അതു ലഭിച്ചത്. മുപ്പതു ദിവസത്തിനുള്ളിൽ വള കണ്ടെത്തി നൽകുന്നയാൾക്കു രാജ്ഞി സമ്മാനം നൽകുമെന്നു കൊട്ടാരത്തിൽനിന്ന് അറിയിപ്പുണ്ടായി. മുപ്പതു ദിവസം കഴിഞ്ഞ് വള ആരുടെയെങ്കിലും കയ്യിൽ കണ്ടാൽ അയാളുടെ തല കൊയ്യും. വയോധികൻ മുപ്പത്തിയൊന്നാം ദിവസം കൊട്ടാരത്തിലെത്തി വള തിരിച്ചേൽപിച്ചു.

രാജ്ഞി ചോദിച്ചു: എന്നാണ് ഇതു കിട്ടിയത്. അയാൾ പറഞ്ഞു: ആദ്യദിനം തന്നെ. പിന്നെന്താണ് ഇത്രയും താമസിച്ചത്? ഞാൻ നേരത്തെ തന്നാൽ അതു താങ്കളുടെ സമ്മാനത്തിനുവേണ്ടിയോ താങ്കളെ ഭയന്നിട്ടോ ആണെന്നുവരും. എന്റേതല്ലാത്തതൊന്നും ഞാൻ സ്വന്തമാക്കാറില്ല എന്നതുകൊണ്ടാണ് ഇതു തിരിച്ചേൽപിക്കുന്നത്.

എന്തു ചെയ്യുന്നു എന്നതിനെക്കാൾ പ്രധാനമാണ് എന്തുകൊണ്ടു ചെയ്യുന്നു എന്നത്. സ്വന്തമായ വിശ്വാസപ്രമാണങ്ങളില്ലാതെ ചെയ്യുന്ന ഒരു കർമത്തിനും സ്ഥിരതയോ നൈതികതയോ ഉണ്ടാകില്ല. സാഹചര്യങ്ങളെ മുതലാക്കുക എന്ന അടിസ്ഥാനതത്വത്തിലൂന്നിയായിരിക്കും അത്തരം പ്രവൃത്തികൾ  ഉടലെടുക്കുക. രണ്ടുവിധത്തിലാണ് എല്ലാവരും തങ്ങളുടെ കർമങ്ങൾ ക്രമീകരിക്കുന്നത്. സ്വന്തം നിലപാടുകൾക്കനുസരിച്ചും പരിസ്ഥിതിയുടെ പ്രത്യേകതകൾക്കനുസരിച്ചും. 

സ്വന്തം കാഴ്ചപ്പാടുകൾക്കനുസരിച്ചു പ്രവർത്തിക്കുന്നവരെ പ്രലോഭനങ്ങളിൽ വീഴ്ത്താനോ ഭയപ്പെടുത്താനോ കഴിയില്ല. ഒരു നിലപാടുമില്ലാതെ പ്രവർത്തിക്കുന്നവർ ചുറ്റുപാടുകൾക്കനുസരിച്ചു ചാഞ്ചാടും. സ്വന്തമായ ദർശനമുള്ളവർക്കു രാത്രിയും പകലും ഒരുപോലെയാണ്. ഇരുളോ വെളിച്ചമോ അവരുടെ പ്രവർത്തനശൈലിയെ സ്വാധീനിക്കുന്നില്ല. രഹസ്യമായും പരസ്യമായും അവർ ചെയ്യുന്ന കർമങ്ങൾക്ക് ഒരേ നിലവാരമായിരിക്കും. ഒളിക്യാമറകൾക്ക് അവരുടെ വ്യക്തിത്വത്തിനു വിലയിടാനാകില്ല. ഒരു കാര്യലാഭവുമില്ലാതെ ഒരാൾ ചെയ്യുന്ന കർമങ്ങളുടെ ആകത്തുകയാണ് അയാളുടെ സ്വഭാവം. പാരിതോഷികങ്ങൾക്കോ ഭീഷണിക്കോ ഒരാളെ കീഴ്പ്പെടുത്താനാകുന്നില്ലെങ്കിൽ അയാൾ കണ്ണടച്ചു വിശ്വസിക്കാവുന്ന ഉദ്ദേശ്യശുദ്ധിയുള്ള വ്യക്തിയാണ്.

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com