ADVERTISEMENT

ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം.‌ നിലയവുമായുള്ള സഹകരണം 2024ൽ റഷ്യ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തം. ചൈനയുടെ സ്വപ്നപദ്ധതിയായ ടിയൻഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടാനുള്ള സാധ്യത ശക്തമാണ്. ഇതു മുൻനിർത്തി സ്വകാര്യ കമ്പനികൾക്കു വാതിൽ തുറന്നുകൊടുക്കുകയാണു നാസ. ഭാവി എന്താണു കാത്തുവച്ചിരിക്കുന്നത്?

ബഹിരാകാശത്ത് സ്ഥിരസാന്നിധ്യമൊരുക്കി ഗവേഷണത്തിനും യാത്രികരുടെ താമസത്തിനുമുള്ള സൗകര്യം സജ്ജമാക്കുകയാണ് ബഹിരാകാശ നിലയങ്ങളുടെ ധർമം. എന്നാൽ, രാജ്യാന്തര ബഹിരാകാശ നിലയവുമായി നീണ്ടകാലമായി നിലനിൽക്കുന്ന സഹകരണം അവസാനിപ്പിച്ച് സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഉടലെടുത്ത പ്രശ്നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്. 

2024നു ശേഷം തങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയവുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുമെന്നു റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട് (ഇതു നാസ സ്ഥിരീകരിച്ചിട്ടില്ല). ഭാവിയിൽ സ്വന്തം നിലയ്ക്കു നടപ്പാക്കാനുദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിവരങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു.

‘ആർമി 2022’ എന്ന സൈനിക പ്രദർശന വേദിയിലാണ് റോസ്കോമോസ് ‘റോസ്’ എന്ന തങ്ങളുടെ ഭാവി ബഹിരാകാശ നിലയത്തിന്റെ രൂപരേഖ മുന്നോട്ടുവച്ചത്. രണ്ടുഘട്ടങ്ങളായാകും ഇതിന്റെ വിക്ഷേപണം. ആദ്യഘട്ടത്തിൽ 4 മൊഡ്യൂളുകളുള്ള സ്പേസ് സ്റ്റേഷൻ ബഹിരാകാശത്തെത്തിക്കും. ഭാവിയിൽ രണ്ടു മൊഡ്യൂളുകൾകൂടി ബഹിരാകാശം താണ്ടും. ഇതിനുശേഷം ഒരു സർവീസ് പ്ലാറ്റ്ഫോമും. പൂർത്തിയായിക്കഴിയുമ്പോൾ 4 കോസ്മോനോട്ടുകളെയും (റഷ്യൻ ബഹിരാകാശ യാത്രികർ) ശാസ്ത്ര ഉപകരണങ്ങളെയും വഹിക്കാനുള്ള ശേഷി നിലയത്തിനുണ്ടാകും.

2025–26 കാലയളവിൽ നിലയത്തിന്റെ ആദ്യവിക്ഷേപണം നടത്താനാണു റഷ്യ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.  2030ന് അപ്പുറത്തേക്ക് ഇതു നീളരുതെന്നു റോസ്കോമോസിനു നിഷ്കർഷയുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേതുപോലെ എപ്പോഴും മനുഷ്യസാന്നിധ്യം എന്ന രീതി റഷ്യൻ നിലയത്തിനുണ്ടാകില്ല. വർഷത്തിൽ രണ്ടുതവണയാകും ഇവിടെ ആളുകൾ പാർക്കുക.ഇറാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബഹിരാകാശരംഗത്തു സഹകരണം ശക്തമാക്കാനും റഷ്യയ്ക്കു പദ്ധതിയുണ്ട്. 

rose-station
റോസ് സ്റ്റേഷൻ (ഗ്രാഫിക്സ് ചിത്രം)

ബഹിരാകാശ നിലയങ്ങളുടെ  തമ്പുരാൻ

ബഹിരാകാശ നിലയങ്ങളുടെ കാര്യത്തിൽ മറ്റൊരു രാജ്യത്തിനുമില്ലാത്ത പെരുമ അവകാശപ്പെടാവുന്ന രാജ്യമാണു റഷ്യ. 1971ൽ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം സല്യൂട്ട് 1 വിക്ഷേപിച്ചതു സോവിയറ്റ് യൂണിയനാണ്. 3 കോസ്മോനോട്ടുകളെ വഹിക്കാൻ ശേഷിയുള്ള സല്യൂട്ട് ഒന്നിൽ അൾട്രാവയലറ്റ് ടെലിസ്കോപ്പുമുണ്ടായിരുന്നു.

ഇതിലേക്കുള്ള യാത്രികരെ കൊണ്ടുപോയ ദൗത്യമായിരുന്നു സോയുസ്– 11. യാത്രികർ 23 ദിവസം നിലയത്തിൽ തങ്ങി. തിരിച്ചുള്ള യാത്രയ്ക്കിടെ സംഭവിച്ച സാങ്കേതികപ്രശ്നം മൂലം യാത്രികരെല്ലാം കൊല്ലപ്പെട്ടു. ബഹിരാകാശത്തു മരിച്ചിട്ടുള്ള യാത്രികർ സോയൂസ് 11 ദൗത്യത്തിൽപെട്ടവർ മാത്രമാണ്.

പിന്നീട് അമേരിക്കയും ബഹിരാകാശ നിലയങ്ങൾ വികസിപ്പിക്കാൻ തുടങ്ങി. സ്കൈലാബ് ഉദാഹരണം. ശീതയുദ്ധത്തിന്റെ ഈ ബഹിരാകാശച്ചൂട് കൂടുതൽ സാഹസികമായ നടപടികളിലേക്കു റഷ്യയെ നയിച്ചു.

സല്യൂട്ട് പദ്ധതിയുടെ ഭാഗമായി രഹസ്യ സൈനിക ദൗത്യങ്ങളും റഷ്യയ്ക്കുണ്ടായിരുന്നു. സല്യൂട്ട് പദ്ധതികൾ 1982ൽ അവസാനിച്ചു. സല്യൂട്ട് 7 എന്ന പദ്ധതിയായിരുന്നു അവസാനത്തേത്. റഫ്രിജറേറ്ററുകൾ അടക്കമുള്ള സൗകര്യങ്ങൾ ഇതിലുൾപ്പെടുത്തിയിരുന്നു. പിന്നീടാണ് റഷ്യയുടെ ഏറ്റവും പ്രശസ്തമായ സ്പേസ് സ്റ്റേഷനായ മിർ ബഹിരാകാശത്തെത്തിയത്. 1986 മുതൽ 2001 വരെ  മിർ ബഹിരാകാശത്തു നിലനിന്നു. 1991 വരെ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കുമായിരുന്നു മിറിന്റെ നിയന്ത്രണമെങ്കിലും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർക്കും മിർ ആതിഥേയത്വം ഒരുക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് ഇതു സ്ഥാപിച്ചിരുന്നത്.

സോവിയറ്റ് യൂണിയൻ തകർന്നശേഷം റഷ്യൻ സമ്പദ്‌വ്യവസ്ഥയിലും വ്യവസായരംഗത്തും ഉണ്ടായ പ്രതിസന്ധികൾ  മിറിനെയും ബാധിച്ചു. പുതിയ ബഹിരാകാശ നിലയം എന്നതിനു പിന്നാലെ പോകാതെ ചിരവൈരികളായ യുഎസിനൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ റഷ്യ അണിചേർന്നത് അങ്ങനെയാണ്. എന്നാൽ, യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ഉടലെടുത്ത അരക്ഷിത ബോധവും വ്ലാഡിമിർ പുട്ടിന്റെ കീഴിൽ പഴയകാല സുവർണയുഗത്തിലേക്കു തിരികെപ്പോകാനുള്ള താൽപര്യവും റഷ്യയുടെ ബഹിരാകാശ ചിന്തകളിൽ മാറ്റം വരുത്തുകയാണ്.

tiangong-space-station
ചൈനയുടെ ടിയൻഗോങ് സ്്റ്റേഷൻ

ചൈനയുടെ  ആകാശക്കൊട്ടാരം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചൈനയെ സഹകരിപ്പിക്കാൻ യുഎസ് അനുവദിച്ചിരുന്നില്ല. ചൈനയുമായി വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലുള്ള വിലക്കായിരുന്നു കാരണം. സ്വന്തം നിലയിൽ ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്കു താമസിയാതെ ചൈനയെത്തി. ടിയൻഗോങ് എന്ന പേരിൽ ഭൂമിയിൽനിന്ന് 500 കിലോമീറ്റർ ഉയരത്തിലാണു ചൈനയുടെ സ്പേസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബഹിരാകാശക്കൊട്ടാരമെന്നാണു ടിയൻഗോങ്ങിന്റെ അർഥം. ചൈനീസ് ആവശ്യങ്ങൾക്കു മാത്രമായിരിക്കില്ല ഈ ബഹിരാകാശ സ്റ്റേഷനെന്നു ചൈന വെളിപ്പെടുത്തിയിരുന്നു. മറ്റു രാജ്യങ്ങളിലെ യാത്രികരെയും തങ്ങൾ സ്വാഗതം ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു. 

മോഡുലാർ ബഹിരാകാശ നിലയമാണു ടിയൻഗോങ്. അതായത്, ആദ്യമൊരു പ്രധാനഭാഗം വിക്ഷേപിച്ച ശേഷം മറ്റു ഭാഗങ്ങൾ അതിലേക്കു കൂട്ടിച്ചേർക്കുന്ന രീതി. പ്രധാനഭാഗമായ ടിയൻഹെ കഴിഞ്ഞ വർഷം തന്നെ ചൈന ബഹിരാകാശത്തെത്തെത്തിച്ചിരുന്നു. ഇനി 6 തുടർദൗത്യങ്ങളിലൂടെ നിലയം പൂർത്തീകരിക്കാനാണു പദ്ധതി. വെന്റിയൻ എന്ന രണ്ടാമത്തെ മൊഡ്യൂൾ ജൂലൈ അവസാനം ചൈന ടിയൻഹെയിലെത്തിച്ചു കൂട്ടിച്ചേർത്തു.മെങ്ടിയൻ എന്ന അവസാന മൊഡ്യൂളും ഭാവിയിൽ ടിയൻഹെയോടു ചേരും. ഇത്തരത്തിൽ മൂന്നു മൊഡ്യൂളുകളുമായി ചൈനീസ് സഞ്ചാരികൾക്കു ബഹിരാകാശ ആവാസവ്യവസ്ഥ തുറക്കപ്പെടും. 

വലിയ സ്വപ്നങ്ങളാണു ടിയൻഗോങ്ങിൽ ചൈനയ്ക്കുള്ളത്. സ്വന്തം നിലയ്ക്ക് ഊർജോൽപാദന സംവിധാനം മുതൽ മികവേറിയ ആവാസകേന്ദ്രങ്ങൾ വരെ നിലയത്തിലുണ്ടാകും. ഭാവിയിൽ ചൈന പറത്താൻ പോകുന്ന ഷുൻടിയാൻ എന്ന ടെലിസ്കോപ്പിന്റെ ഇന്ധനാവശ്യങ്ങളും ടിയൻഗോങ് നിറവേറ്റും. 

1970ൽ ആണ് ചൈന ബഹിരാകാശത്ത് തങ്ങളുടെ ആദ്യ ഉപഗ്രഹം എത്തിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇരുന്നൂറിലധികം റോക്കറ്റ് വിക്ഷേപണങ്ങൾ ചൈന നടത്തിയിട്ടുണ്ട്. ഇതോടൊപ്പം, ചന്ദ്രന്റെ വിദൂരവശത്തേക്ക് ചാങ് ഇ 5 എന്ന ദൗത്യവും അയച്ചിട്ടുണ്ട്. ഷെൻസു 14 എന്ന ദൗത്യത്തിലൂടെ 14 സഞ്ചാരികളെ ചൈന ബഹിരാകാശത്തെത്തിച്ചു. ഭാവിയിൽ ചാന്ദ്ര, ചൊവ്വാ പദ്ധതികളിൽ കുറെയേറെ സ്വപ്നങ്ങൾ ചൈനയ്ക്കുണ്ട്. ഇന്നു ബഹിരാകാശ മേഖലയിൽ യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചെലവേറിയ പദ്ധതികളുള്ള രാജ്യം ചൈനയാണ്. 2021ൽ യുഎസ് 5490 കോടി ഡോളർ ബഹിരാകാശമേഖലയ്ക്കായി ചെലവഴിച്ചപ്പോൾ 1030 കോടി ഡോളറാണു ചൈന വിനിയോഗിച്ചത്. എന്നിരുന്നാലും, ബഹിരാകാശ മേഖലയിൽ ശക്തസാന്നിധ്യമാകാൻ സ്വന്തം ബഹിരാകാശനിലയം വേണമെന്ന ചിന്തയാണ് ടിയൻഗോങ്ങിന്റെ നിർമാണം ഊർജിതപ്പെടുത്താൻ ചൈനയ്ക്കു വഴികാട്ടിയായത്.

ചൈനീസ് ബഹിരാകാശ നിലയത്തിനു ക്രെയിൻ പോലൊരു യന്ത്രക്കൈയുണ്ട്. നിലയത്തിലേക്കെത്തുന്ന ചൈനീസ് സ്പേസ്ക്രാഫ്റ്റുകളെ പിടിച്ചടുപ്പിക്കാനും മറ്റും ഇതു സഹായിക്കും. എന്നാൽ, ഭാവിയിൽ തങ്ങളുടെ ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ചൈനീസ് സാങ്കേതികവിദ്യയാണിതെന്നു യുഎസ് ഭയക്കുന്നുണ്ട്. 

axiom-station
ആക്സിയം സ്റ്റേഷൻ

 

വരുന്നത് സ്വകാര്യഭീമന്മാർ 

നാസയ്ക്കാണു പ്രധാനനേതൃത്വമെങ്കിലും ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയാണു രാജ്യാന്തര ബഹിരാകാശ നിലയം വിഭാവനം ചെയ്തതും സ്ഥാപിച്ചതും. 1984ൽ യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനാണ് പദ്ധതി ആവിഷ്കരിച്ചത്.

1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. യുഎസ് 153 പേരെയും റഷ്യ 50 പേരെയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. 2021 വരെ 9 രാജ്യങ്ങളിൽ നിന്നായി 244 യാത്രികർ നിലയം സന്ദർശിച്ചിട്ടുണ്ടെന്നു നാസയുടെ കണക്ക് പറയുന്നു.

ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2024 വരെയുള്ള നിലയത്തിന്റെ പ്രവർത്തന പരിപാടികൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2028 വരെ ഇതു പ്രവർത്തന യോഗ്യമായി തുടരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുശേഷം? 

2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുമെന്ന് ഒരു കൂട്ടം വിദഗ്ധർ പറയുന്നു. ഇതോടെ നാസയുടെ ഈ മേഖലയിലെ അപ്രമാദിത്വത്തിനു തിരശ്ശീല വീഴുമെന്നും അവർ കരുതുന്നു. ചൈനയുടെയും റഷ്യയുടെയും നിലയങ്ങൾ ഈ കാലയളവാകുമ്പോഴേക്കും പൂർണ സജ്ജമാകുന്നതു യുഎസിനു വലിയ വെല്ലുവിളി സൃഷ്ടിക്കും.

രാജ്യാന്തര നിലയത്തിന്റെ അന്ത്യത്തോടെ ബഹിരാകാശ നിലയങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടുമെത്തിക്കുന്ന യുഎസിന്റെ ആർട്ടിമിസ് ദൗത്യം നടക്കാനിരിക്കുന്നതിനാൽ നാസയുടെ ശ്രദ്ധ മുഴുവൻ അതിലാണ്. അതിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശനിലയം (ലൂണർ ഗേറ്റ്‌വേ) സ്ഥാപിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. അതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം ഉൾപ്പെടുന്ന താഴ്ന്ന ഭൗമഭ്രമണപഥ സ്പേസ് സ്റ്റേഷൻ മേഖലയിലേക്കു സ്വകാര്യകമ്പനികളെ ക്ഷണിക്കാനാണ് ഏജൻസിക്കു താൽപര്യം.

സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വെർജിൻ ഗലാക്റ്റിക്, ആക്സിയം സ്പേസ്, നോർത്രോപ് ഗ്രുമ്മൻ തുടങ്ങിയ വമ്പൻ സ്പേസ് കമ്പനികൾ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. രാജ്യാന്തര നിലയത്തിന്റെ അന്ത്യം സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്കു വലിയ കുതിപ്പേകുമെന്ന വിലയിരുത്തലുമുണ്ട്. ആക്സിയം സ്പേസ് കമ്പനിയുടെ ആക്സിയം സ്റ്റേഷൻ 2024ൽ പ്രവർത്തനം തുടങ്ങുമെന്നാണ് അഭ്യൂഹം. രാജ്യാന്തര നിലയത്തിന്റെ ഭാഗമായാകും ആദ്യം ഈ സ്റ്റേഷൻ വികസിപ്പിക്കുക. തുടർന്ന് 2027ൽ പൂർണരൂപം കൈവരിച്ച ശേഷം മാറും. പൂർണമായും വാണിജ്യാടിസ്ഥാനത്തിലാകും ഈ നിലയത്തിന്റെ പ്രവർത്തനം.

2027ൽ  സജ്ജമാകുന്ന നാനോറാക്സ് കമ്പനിയുടെ സ്റ്റാർലാബ് സ്പേസ് സ്റ്റേഷനും  ശ്രദ്ധേയമാണ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ഓർബിറ്റൽ റീഫ് സ്റ്റേഷനും 2027ൽ പ്രവർത്തനയോഗ്യമായേക്കും. ഭാവിയിൽ പല രാജ്യങ്ങളും സ്വന്തം സ്പേസ് സ്റ്റേഷനുകൾ താഴ്ന്ന ഭ്രമണപഥ മേഖലയിൽ സ്ഥാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയും ഇക്കൂട്ടത്തിലുണ്ട്. ചുരുക്കത്തിൽ, ബഹിരാകാശ ഗവേഷണങ്ങളുടെ നട്ടെല്ലായി രാജ്യാന്തര ബഹിരാകാശ നിലയം നിലനിന്ന കാലഘട്ടത്തിന്റെ അവസാനത്തിനാകും അടുത്ത പതിറ്റാണ്ട് സാക്ഷ്യം വഹിക്കുക.

 

English Summary: Future of international space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com