ADVERTISEMENT

അശാസ്ത്രീയ മാനദണ്ഡങ്ങളുടെ പേരിൽ അനീതി അനുഭവിക്കേണ്ടിവന്ന വിദ്യാർഥികളെ നിരാശരാക്കിക്കെ‍‍ാണ്ടാണ് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്നലെ തുടങ്ങിയത്. ഹയർ സെക്കൻഡറി പ്രവേശനത്തിനു പരിഗണിക്കുന്ന ബോണസ് പോയിന്റുകൾ മെറിറ്റിനെ അട്ടിമറിച്ച്, യോഗ്യതയുള്ള ഒട്ടേറെ വിദ്യാർഥികളുടെ അവസരങ്ങൾ ഇല്ലാതാക്കിയെന്നാണു പരാതി.

കെ‍‍‍ാല്ലം പെരുമ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ കത്ത് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇങ്ങനെ പറയുന്നു: ‘ഞാനും സഹോദരനും തമ്മിൽ 8 റാങ്കിന്റെ വ്യത്യാസമുണ്ട്. മറ്റെല്ലാ മാനദണ്ഡങ്ങളും ഒന്നുതന്നെയായപ്പോൾ ജനനത്തീയതിയും പേരിന്റെ ആദ്യത്തെ അക്ഷരവും റാങ്കിനു പരിഗണിക്കുന്ന തികച്ചും അശാസ്ത്രീയ രീതി സ്വീകരിച്ചതുകൊണ്ടാണിത്. ഗ്രേഡ് പോയിന്റുകളും ബോണസ് പോയിന്റുകളും തുല്യമായ എന്റെ രണ്ടു സഹപാഠികൾക്ക് സമീപത്തുള്ള സ്കൂളിൽ 50 റാങ്കിന്റെ വ്യത്യാസമുണ്ട്. ആദ്യ റാങ്കുകാരി രണ്ടാമത്തെയാളെക്കാൾ 26 ദിവസം മുൻപു ജനിച്ചു എന്നതാണു കാരണം. ഒരു വഴിയുടെ ഇരുവശങ്ങളിലായതിനാൽ, പഞ്ചായത്ത് വേറെയായതിന്റെ പേരിൽ ബോണസ് മാർക്ക് കിട്ടാതെ മെറിറ്റുള്ള കുട്ടി പിന്തള്ളപ്പെടുന്നത് അനീതിയല്ലേ?’ 

ബോണസ് പോയിന്റ് നൽകുന്നതിലെ അശാസ്ത്രീയത മൂലം, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കുപോലും ഇഷ്ടവിഷയത്തിനു പ്ലസ് വൺ പ്രവേശനം കിട്ടിയില്ലെന്ന പരാതി വ്യാപകമാണ്. 9 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബോണസ് പോയിന്റ് നൽകുന്നത്. ഗ്രേഡ് പോയിന്റിനു പുറമേ, ജനനത്തീയതിയും പേരു തുടങ്ങുന്ന അക്ഷരക്രമവും പ്രവേശനത്തിനു പരിഗണിച്ചപ്പോൾ ഒരേ സ്കൂളിൽ പഠിച്ച് ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾ തമ്മിൽപോലും റാങ്ക്പട്ടികയിൽ വ്യത്യാസം അൻപതിലേറെയായി.

ബോണസ് പോയിന്റ് ഒരേപോലെവന്ന വിദ്യാർഥികളിൽ പലർക്കും നിലവിൽ പ്രവേശനം കിട്ടാത്തതു ജനനത്തീയതിയിലും അക്ഷരമാലാക്രമത്തിലും പിന്നിൽ പോയതുകൊണ്ടാണ്. 20 ശതമാനം സീറ്റ് വർധിപ്പിച്ചിട്ടുണ്ടെങ്കിലും സയൻസ് ഗ്രൂപ്പിന് ആവശ്യക്കാർ കൂടുതലുള്ളതിനാൽ ഇഷ്ടപ്പെട്ട സ്കൂളുകളിൽ പ്രവേശനം കിട്ടാൻ മാനേജ്മെന്റ് സീറ്റിനെ ആശ്രയിക്കേണ്ടിവന്ന ഗതികേടിലാണ് ഫുൾ എ പ്ലസുകാരിൽ പലരും. പ്രവേശനത്തിനു മാർക്ക് പരിഗണിക്കാതെ ഗ്രേഡും ബോണസ് പോയിന്റും മാത്രം മാനദണ്ഡമാകുമ്പോൾ മെറിറ്റ് അടിസ്ഥാനത്തിലെ പ്രവേശനം അട്ടിമറിക്കപ്പെടുന്നു.

പത്താം ക്ലാസിൽ അതേ സ്കൂളിൽ പഠിച്ചവർ, അതേ തദ്ദേശസ്ഥാപന പരിധിയിൽപെട്ടവർ എന്നിവർക്ക് 2 മാർക്ക് വീതം ബോണസ് പോയിന്റുണ്ട്. അതേ താലൂക്കിൽ ആണെങ്കിൽ ഒരു പോയിന്റ് വീണ്ടും ലഭിക്കും. പരമാവധി 10 പോയിന്റാണ് അനുവദിക്കുന്നത്. പഠിച്ച സ്കൂളിൽ ഹയർ സെക്കൻഡറി ഇല്ലാത്തതുകൊണ്ടു മാത്രം ഫുൾ എപ്ലസ് ലഭിച്ചാലും ബോണസ് പോയിന്റിൽ പിന്നിൽ പോകുന്ന അവസ്ഥയാണു വർഷങ്ങളായുള്ളത്. ഇതെങ്ങനെ വിദ്യാർഥികളുടെ തെറ്റാവും എന്ന ചോദ്യം ബാലാവകാശ കമ്മിഷൻ മുൻപ് ഉന്നയിച്ചിരുന്നു.

ഏതു സ്കൂളിലും ഏതു കോംബിനേഷനിലും എവിടെയിരുന്നും ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന ഏകജാലക സംവിധാനം ഹയർ സെക്കൻഡറി അഡ്മിഷന്റെ വലിയൊരു പ്രത്യേകതയാണെങ്കിലും മെറിറ്റിനെ അട്ടിമറിക്കുന്ന ബോണസ് പോയിന്റുകൾ ഇപ്പോഴും തുടരുന്നതിലെ അശാസ്ത്രീയത വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പേരും ജനനത്തീയതിയുമൊക്കെ നോക്കി ബോണസ് പോയിന്റ് നൽകുകയും പ്രവേശന പ്രക്രിയയുടെ പ്രധാനഘടകമായി ബോണസ് പോയിന്റുകൾ മാറുകയും ചെയ്യുന്നത് അർഹതയുടെയും അവസര സമത്വത്തിന്റെയും നിഷേധമാകുന്നുവെന്ന് അവർ പറയുന്നു. 

അക്കാദമിക മികവിനെ മറ്റു ഘടകങ്ങളിലൂടെ അട്ടിമറിക്കാൻ പാടില്ല. പ്രവേശനത്തിൽ തുടർന്നുപോരുന്ന അശാസ്ത്രീയത തിരിച്ചറിഞ്ഞ് ഇനിയെങ്കിലും കാലോചിതമാറ്റം നടപ്പാക്കിയേതീരൂ. പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയെങ്കിലും, കുട്ടികളോടുള്ള അനീതി തിരിച്ചറിഞ്ഞ്, അപാകത തിരുത്താനുള്ള സന്നദ്ധത ഈ വർഷംതന്നെ സർക്കാരിൽനിന്നുണ്ടാകേണ്ടതുണ്ട്.

 

English Summary: Problems related with Plus One admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com