ADVERTISEMENT

കുരുക്ക് ഉറപ്പ് കള്ളക്കടത്തു സ്വർണം തട്ടിയെടുത്തതിന്റെ പേരിലുള്ള ഏറ്റുമുട്ടലുകൾ കേരളത്തിന് ഇപ്പോൾ പുതുമയല്ല. കാരിയർമാർ പല തവണ ചതിച്ചതിലൂടെ കോടികൾ നഷ്ടപ്പെട്ട കള്ളക്കടത്തുസംഘങ്ങൾ കടുത്ത നിലപാടിലാണ്. കൊന്നിട്ടായാലും കൊണ്ടുപോയ സ്വർണം തിരിച്ചുപിടിച്ചേ പറ്റൂ...

സ്വർണക്കടത്തിന്റെ പ്രധാന ഘടകമാണു ‘കുരുവി’ അഥവാ കാരിയർ. കോഴിക്കോട്ടും മലപ്പുറത്തും മറ്റും, മുങ്ങിയ ‘കുരുവി’കളെ സ്വർണക്കടത്തു സംഘങ്ങൾ ക്രൂരമായി മർദിച്ചശേഷം കൊന്നുതള്ളിയ വാർത്തകൾ കേരളം ഞെട്ടലോടെയാണു കേട്ടത്. ഒരു കുരുവിയെയും കൂട്ടുകാരെയും പിടികൂടാൻ കോഴിക്കോട് വിമാനത്താവള പരിസരത്ത് അൻപതിൽപരം വാഹനങ്ങളും നൂറിലേറെ ക്വട്ടേഷൻ, സ്വർണക്കടത്തു സംഘങ്ങളും കാത്തുനിന്നതും തുടർന്നു സിനിമാസ്റ്റൈലിൽ നടന്ന സംഭവങ്ങൾക്കൊടുവിൽ 5 പേർ വാഹനാപകടത്തിൽ മരിച്ചതും കേരളം മറന്നിട്ടില്ല. 

സ്വർണക്കടത്തും അതു ‘പൊട്ടിക്കലും’ ഇരു സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുമൊക്കെ കേരളത്തിൽ പതിവായിക്കഴിഞ്ഞു.  കേരളത്തിൽ പൊട്ടിക്കൽ (കള്ളക്കടത്തുസ്വർണം തട്ടിക്കൊണ്ടു പോകുന്നത്) ആവർത്തിച്ചപ്പോൾ, ദുബായിൽ സ്വർണക്കടത്തു സംഘങ്ങളുടെ പ്രതിനിധികൾ യോഗം ചേർന്നു. സ്വർണക്കടത്തിൽ വഞ്ചന കാണിക്കുന്നവർക്കും കടത്തുസ്വർണം തട്ടിയെടുക്കുന്നവർക്കും ‘പരമാവധി ശിക്ഷ’ നൽകാനായിരുന്നു തീരുമാനം ( കോവിഡ് 19 എന്ന പേരിൽ വാട്സാപ് കൂട്ടായ്മയും കള്ളക്കടത്തുകാർ തുടങ്ങിയിരുന്നു. പിന്നീട് ഈ ഗ്രൂപ്പ് പിരിച്ചുവിട്ടു).

കടത്തുസ്വർണവുമായി കാരിയർ മുങ്ങിയാൽ, പിടിവീഴുക അയാളെ സംഘത്തിനു പരിചയപ്പെടുത്തിയ ആൾക്കു കൂടിയാണ്. കണ്ണൂർ മട്ടന്നൂർ സ്വദേശി ജസീലിനെ കള്ളക്കടത്തു സംഘം ദുബായിൽ തടഞ്ഞുവച്ചത്, ജസീൽ പരിചയപ്പെടുത്തിയ  കാരിയർ മുങ്ങിയതിന്റെ പേരിലാണ്. ഈ കാരിയറെ പിന്നീടു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാരിയർമാരുടെ പൊട്ടിക്കലിലൂടെ കോടികളുടെ നഷ്ടം വന്ന കള്ളക്കടത്തു സംഘങ്ങൾ കർക്കശ നിലപാടിലാണിപ്പോൾ. ആളെ കൊന്നിട്ടായാലും കടത്തുസ്വർണം വീണ്ടെടുത്തേ പറ്റൂ. 

കാരിയറെ തേടി 

കാരിയറെ തേടിയാണു കള്ളക്കടത്തു സംഘത്തലവനൊപ്പം ദുബായ് ഇന്റർനാഷനൽ സിറ്റിയിലെത്തിയത്. സൗകര്യമുള്ള മുറിയാണ്. 3 പേരുണ്ട്. ഒറ്റമുറിയിലാണു താമസവും പാചകവുമൊക്കെ. ഇവിടത്തെ താമസക്കാരും മലപ്പുറം ജില്ലക്കാരുമായ 2 പേർക്കു ജോലിയില്ല. തമിഴ്നാട്ടുകാരനായ മൂന്നാമനു മാത്രമാണു ജോലി. 

മലപ്പുറം ജില്ലക്കാരിൽ ഒരാൾ എൻജിനീയറിങ് ബിരുദധാരിയാണ്. വിവാഹിതനാണ്. മുൻപു ദുബായിൽതന്നെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീടതു വിട്ടു. ജോലി േതടി വീണ്ടുമെത്തിയതാണ്, സന്ദർശക വീസയിൽ. മാസങ്ങൾ കഴിഞ്ഞിട്ടും രക്ഷയില്ല. വീട്ടിലേക്കു മടങ്ങണമെന്നുണ്ട്. ഈ നിസ്സഹായതയാണു കള്ളക്കടത്തു സംഘത്തിന്റെ പിടിവള്ളിയും. ‘ഇതു തുടക്കം മാത്രം.’ മടക്കവഴിയിൽ മിസ്റ്റർ എം പറഞ്ഞു. ‘ഇങ്ങനെ രണ്ടു മൂന്നു തവണ കാണുമ്പോഴേക്കും ആള് ശരിയായിക്കൊള്ളും. ഇനി ഒരാളെക്കൂടി കാണാനുണ്ട്.’ 

കരാമയിലെ പ്രശസ്തമായ റസ്റ്ററന്റിൽ വച്ചാണ് രണ്ടാമത്തെ കാരിയറെ കണ്ടത്. കോഴിക്കോട്ടുകാരൻ. ദുബായിൽ ഫാർമസിയിൽ ജോലി ചെയ്യുന്നു. ഇതിനു മുൻപു 3– 4 തവണ കോഴിക്കോട് വിമാനത്താവളംവഴി സ്വർണം കടത്തിയിട്ടുണ്ട്. ശരീരത്തിലൊളിപ്പിച്ചു സ്വർണം കടത്തുന്ന രീതിയായ ‘ഡിക്കി’ സ്പെഷലിസ്റ്റാണ്. ദുബായിൽ ജോലി ചെയ്യുന്നു. ഇടയ്ക്ക് അവധിയെടുത്തു നാട്ടിൽ പോകും. പോകുമ്പോൾ സ്വർണം കടത്തും. 

 അപരിചിതനായ എന്നെ കണ്ടതോടെ യുവാവ് സംശയാലുവായി. താഴ്ന്ന ശബ്ദത്തിലായി മിസ്റ്റർ എമ്മിനോടുള്ള സംസാരം. ഏതു ദിവസവും സ്വർണക്കടത്തിനു തയാറാണെന്നു യുവാവ് പറഞ്ഞു. ഒറ്റ നിബന്ധന മാത്രമേയുള്ളൂ: ‘നിങ്ങളുടെ ആൾക്കാർ ഇടയ്ക്കിടെ വിളിക്കരുത്. കസ്റ്റംസിനു സംശയം തോന്നും. സേഫ് ആയ സ്ഥലത്ത് എത്തിയശേഷം ഞാൻ അവരെ വിളിച്ചോളാം. ഒരു തവണ അങ്ങനെ ഒരു ടീം തുരുതുരാ വിളിച്ചു പ്രശ്നമുണ്ടാക്കിയതാണ്. അങ്ങനെയുണ്ടാകരുത്.’  പ്രവൃത്തിപരിചയം ഉള്ള കാരിയറെന്ന നിലയിൽ 50,000 രൂപയും ടിക്കറ്റും പ്രതിഫലം നിശ്ചയിച്ചു. 

പക്ഷേ, 2–3 ദിവസങ്ങൾ കഴിഞ്ഞിട്ടും ആൾ സ്വർണം കടത്താൻ തയാറായില്ല. ‘നിങ്ങളെ കൂടെ കണ്ടതുകൊണ്ട് ആൾക്കൊരു സംശയം. അതുകൊണ്ടാണു വരാത്തത്. പക്ഷേ, അവൻ വരും’ –മിസ്റ്റർ എം തീർത്തു പറഞ്ഞു.

വഴിതെളിക്കാൻ ആളുണ്ട്

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘങ്ങളെ സഹായിക്കുന്ന പ്രധാന ഏജന്റാണ് കാസർകോട് സ്വദേശി മജീദ്(യഥാർഥ പേരല്ല). സ്വർണക്കടത്തു സംഘങ്ങൾക്ക്, സെറ്റിങ്ങിനു തയാറാകുന്ന ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങുന്ന സുരക്ഷിതമായ കടത്തുവഴി തയാറാക്കിക്കൊടുക്കലാണു മജീദിന്റെ ചുമതല. വലിയ തോതിലുള്ള സ്വർണക്കടത്തു മാത്രമാണു മജീദ് ഏറ്റെടുക്കുക. മുതൽമുടക്കും ലാഭവുമൊന്നും മജീദിന്റേതല്ല. ഇടനിലക്കാരന്റെ റോളിൽ, എന്നാൽ വൻ നിരക്കിലുള്ള കമ്മിഷനാണു മജീദിനു ലഭിക്കുക. 

മർച്ചന്റ് നേവിയിലായിരുന്ന മജീദിനു പല കപ്പലുകളിലെയും ക്യാപ്റ്റന്മാരുമായും അടുത്ത ബന്ധമുണ്ട്. സുഹൃത്തുക്കളായ ക്യാപ്റ്റന്മാരെ കള്ളക്കടത്തിനുപയോഗിച്ചാണു തുടക്കം. 

പിന്നീട്, മർച്ചന്റ് നേവിയിലെ ജോലി ഒഴിവാക്കി പൂർണമായി സ്വർണക്കടത്തിലേക്കിറങ്ങി. സുഹൃത്തുക്കളായ ക്യാപ്റ്റന്മാർ വഴിയാണു വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെയും വിമാനക്കമ്പനി ജീവനക്കാരെയുമൊക്കെ ‘സെറ്റിങ്ങിനു’ വേണ്ടി വലയിലാക്കുന്നത്. സുഹൃത്തായ ഓഫിസറുടെ സഹായത്തോടെ പുണെ വിമാനത്താവളം വഴി വൻതോതിൽ കള്ളക്കടത്തു നടത്തി. 

കോവിഡ് പ്രതിസന്ധിക്കു മുൻപായിരുന്നു ഇത്. മുംബൈയിലും ഡൽഹിയിലും മാത്രമല്ല കണ്ണൂരിലും മജീദുമായി ബന്ധം പുലർത്തുന്ന ഓഫിസർമാർ വിമാനത്താവളത്തിലുണ്ട്. ഈയിടെ, ഡൽഹി വഴിയും മജീദ് സ്വർണക്കടത്തു തുടങ്ങിയതായാണു  വിവരം. 

ഉദ്യോഗസ്ഥർ നിസ്സഹായർ

ദുബായിലെ വ്യാപാര സൗഹൃദനയങ്ങളും വ്യാപാരരംഗത്തെ അച്ചടക്കവും സുതാര്യമായ നിയമങ്ങളും ദുരുപയോഗം ചെയ്താണു സ്വർണക്കടത്തുകാർ നേട്ടം കൊയ്യുന്നത്. കള്ളപ്പണ ഇടപാടുകളില്ലാതാക്കാനും സ്വർണക്കടത്തിനു തടയിടാനും ദുബായ് സർക്കാർ കർശന നടപടികളെടുത്തിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലെ ഉയർന്ന ഇറക്കുമതിച്ചുങ്കം കള്ളക്കടത്തുകാർക്കു പ്രലോഭനമാണ്. 

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ, കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും നിസ്സഹായരാണ്. 4 വിമാനത്താവളങ്ങളിലും ആവശ്യമുള്ളതിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥർ പോലുമില്ലാത്ത സ്ഥിതിയാണിപ്പോൾ. ഇതുമൂലം, വിദേശത്തേക്കു പോകുന്ന യാത്രക്കാരെ കസ്റ്റംസ് നിലവിൽ പരിശോധിക്കാറില്ല. 50 ലക്ഷം രൂപയ്ക്കുമേലുള്ള കള്ളക്കടത്തു കേസുകളിൽ മാത്രം പ്രോസിക്യൂഷൻ നടപടി മതിയെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവും കള്ളക്കടത്തു വർധിക്കാനിടയാക്കും.

കള്ളക്കടത്തിലെ വിനോദസഞ്ചാരികൾ

tourist
Creative: Manorama

ആളുകൾ ഗതികേടുകൊണ്ട് കാരിയർമാരായിരുന്ന കാലം പോയി. പ്രഫഷനൽ കാരിയർമാരും ഇപ്പോൾ രംഗത്തുണ്ട്. ദുബായിലെ ജോലിയിൽനിന്നുള്ള വരുമാനത്തിനൊപ്പം അധിക വരുമാനമെന്ന നിലയിൽ കാരിയർമാരാകുന്നവരാണ് അധികവും. 40,000 രൂപ മുതൽ 50,000 രൂപ വരെ പ്രതിഫലവും നാട്ടിലേക്കുള്ള ടിക്കറ്റും ലഭിക്കും. സന്ദർശക വീസയിൽ ദുബായിലേക്കു മാസത്തിൽ പലതവണ പോയിവരുന്ന കാരിയർമാരെ, യാത്രക്കാരുടെ ഡേറ്റ വിശകലനം ചെയ്ത് കസ്റ്റംസ് പിടികൂടാൻ തുടങ്ങിയതോടെ ദുബായിൽ ജോലിവീസ ഉള്ളവർക്കാണിപ്പോൾ ഡിമാൻഡ്. ഇക്കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെ കടത്തിവെട്ടിക്കഴിഞ്ഞുവെന്നും കള്ളക്കടത്തു സംഘങ്ങൾ വ്യക്തമാക്കുന്നു. 

വിദേശികളെ വിനോദസഞ്ചാരികളെന്ന പേരിൽ കേരളത്തിലേക്കു കാരിയർമാരായി അയയ്ക്കുകയും അവരുടെ കയ്യിൽ സ്വർണം കൊടുത്തയയ്ക്കുകയും ചെയ്യുന്നുണ്ട്. ദുബായിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിദേശികളെയാണു ടൂറിസ്റ്റ് വീസയിൽ കേരളത്തിലേക്കു സ്വർണം കടത്താൻ ഉപയോഗിക്കുന്നത്. വിമാനത്താവളങ്ങളിൽ ഇവർക്കു പരിഗണന ലഭിക്കുന്നതിനാൽ, ദേഹപരിശോധന കൂടുതലായി നടക്കില്ലെന്നതാണു കാരണം. പലർക്കും ടിക്കറ്റും കുറച്ചു പ്രതിഫലവും മതിയാകും.  

മുൻപ്, 40–50 കാരിയർമാരെ ഒരുമിച്ചു ദുബായിലെത്തിച്ച് ചെറിയ മുറിയിൽ അടച്ചിടുകയും ഒന്നോ രണ്ടോ പേരെ വീതം സ്വർണവുമായി കേരളത്തിലേക്കു വിടുകയുമാണു ചെയ്തിരുന്നത്. ഇവരെ പരസ്പരം പരിചയപ്പെടാൻപോലും അനുവദിച്ചിരുന്നില്ല. 5 വർഷം മുൻപുവരെ ഇതായിരുന്നു സ്ഥിതി. വീട്ടുതടങ്കലിലെന്ന പോലെയാണു കാരിയർമാർ കഴിഞ്ഞിരുന്നത്. ഇപ്പോഴതു മാറി. കടത്തു നടക്കുന്നതിനു തൊട്ടടുത്ത ദിവസം സംഘത്തിനൊപ്പം ചേർന്നാൽ മതി. വിമാനത്താവളത്തിലെത്തുന്നതു വരെ പാസ്പോർട്ട് വാങ്ങിവയ്ക്കുമെന്നു മാത്രം. കാരിയർമാരെ നൽകാൻ ഏജന്റുമാരും രംഗത്തുവന്നതോടെ, സ്വന്തമായി ‘കാരിയർ ക്യാംപ്’ നടത്തേണ്ട ബാധ്യതയും സംഘങ്ങൾക്കില്ലാതായി. 

പ്രതിഫലത്തിന്റെ കാര്യത്തിൽ, കേരളത്തിലുള്ള കാരിയർമാർ തന്നെയാണു മുന്നിൽ. ഉത്തരേന്ത്യക്കാർക്ക് 20,000 –25,000 രൂപ മതിയാകുമ്പോൾ, മലയാളികൾക്ക് ഇരട്ടിയാണു പ്രതിഫലം. ദുബായിൽ ചെറിയ ജോലി ചെയ്യുന്ന സ്ത്രീകളും ഇപ്പോൾ വൻതോതിൽ കാരിയർമാരാകുന്നുണ്ട്. പുരുഷന്മാരെപ്പോലെ കർശന പരിശോധന ഇവരുടെ കാര്യത്തിൽ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണിത്. പ്രതിഫലത്തിൽ ആൺ–പെൺ വ്യത്യാസമില്ല.

വിനോദസഞ്ചാരത്തിനു യുഎഇയിലെത്തുന്ന ചില കുടുംബങ്ങൾപോലും യാത്രച്ചെലവിനുള്ള തുക കണ്ടെത്താൻ സ്വർണക്കടത്തിനു തയാറാകുന്നുണ്ടെന്നും മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വലിയ അളവിൽ കടത്താൻ പറ്റില്ലെങ്കിൽ, 200–300 ഗ്രാം കടത്തിയാൽ മതി. ടിക്കറ്റും പോക്കറ്റ് മണിയും ഉറപ്പ്.  ‘നിങ്ങൾക്കു കൊണ്ടുപോകാൻ ധൈര്യമുണ്ടോ? ഒരു കിലോഗ്രാം തന്നുവിടാം’ –പറഞ്ഞതു കള്ളക്കടത്തു സംഘത്തലവൻ മിസ്റ്റർ എം. ‘മുതലാളിയാകാൻ വന്നയാൾ തൊഴിലാളിയാകുന്നതു ശരിയല്ലല്ലോ’ എന്നു പറഞ്ഞാണു ഞാൻ ആ കുരുക്കിൽനിന്നു തലയൂരിയത്.   

English Summary: Gold smuggling , Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com