ADVERTISEMENT

മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലഭിക്കുമായിരുന്ന മാഗ്സസെ അവാർഡ് സ്വീകരിക്കുന്നതിൽനിന്നും അവരെ തടഞ്ഞതിലൂടെ, വളരെ അപൂർവമായി മാത്രം ഒരു ഇന്ത്യൻ വനിതാ പൊതുപ്രവർത്തകയ്ക്കു ലഭിക്കാവുന്ന ഒരു വലിയ രാജ്യാന്തര അംഗീകാരമാണ് സിപിഎം നേതൃത്വം തട്ടിത്തെറിപ്പിച്ചത്. രാജ്യാന്തര ജനാധിപത്യ, മനുഷ്യാവകാശ, സാമൂഹിക ചരിത്രത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തപ്പെടുമായിരുന്ന തന്റെ പേര് അവസരവാദപരമായ രാഷ്ട്രീയകാരണങ്ങളാൽ വെട്ടിക്കളയപ്പെട്ടതിൽ ശൈലജയ്ക്കു നിരാശ തോന്നിയിരിക്കണം. കാരണം, ഇത്തരം അവാർഡുകൾ സംഭവിക്കുന്നത് ഒറ്റ ദിവസം കൊണ്ടല്ല, മറിച്ച് രാജ്യാന്തര സർക്യൂട്ടുകളിൽ സ്വാധീനമുള്ള പലരുടെയും നീണ്ടനാളത്തെ സജീവമായ ഇടപെടലുകളിലൂടെയാണ്. അവാർഡ് കിട്ടാൻ സാധ്യതയുള്ളയാൾ ആദ്യംമുതൽതന്നെ അതറിയാതെ പോവുകയുമില്ല. 

സാധാരണഗതിയിൽ അങ്ങനെ ഒരു പ്രക്രിയ വിജയത്തിലെത്തുമ്പോൾ അതു ലഭിക്കേണ്ടയാൾ വേണ്ട എന്നു പറയുന്നത് വളരെ അപൂർവമായിരിക്കും. ഏഷ്യൻ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം ഇതുവരെ ആരും നിരസിച്ചതായി കേട്ടിട്ടില്ല. ഇന്ത്യയിൽ മദർ തെരേസ, ഇളാ ഭട്ട്, എം.എസ്. സുബ്ബലക്ഷ്മി തുടങ്ങിയ പേരുകളോടൊപ്പം തന്റെ പേരും ചേർത്തുവായിക്കാൻ ആർക്കാവും താൽപര്യമില്ലാത്തത്? ശൈലജയ്ക്കും അവരുടെ ആരാധകർക്കും ഇതൊരു നിരന്തര സ്വകാര്യ ദുഃഖമായിരിക്കും എന്നതിൽ സംശയമില്ല.

1248-kk-shailaja

ഇത്തരം പുരസ്‌കാരങ്ങളുടെ മറ്റൊരു പ്രസക്തി, അവ ലഭിച്ച ശേഷമുള്ള ജേതാക്കളുടെ പ്രതിഛായയിലും സാമൂഹിക-രാഷ്ട്രീയ അവസരങ്ങളിലുമുണ്ടാകുന്ന ആകർഷകമായ വളർച്ചയാണ്. ആഗോള വികസന വേദികളിലും പ്രശസ്ത യൂണിവേഴ്സിറ്റികളിലും രാജ്യാന്തര മാധ്യമങ്ങളിലും കുറച്ചുകാലമെങ്കിലും അപൂർവ തിളക്കത്തോടെ നിറഞ്ഞുനിൽക്കാനും ആ പുരസ്കാരം പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾക്കുവേണ്ടി നിലയുറപ്പിക്കാനുമുള്ള അവസരം. മാഗ്സസെയുടെ കാര്യത്തിലാവുമ്പോൾ, ഉദാര ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ ആശയങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ. ഈ പുരസ്‌കാരം കിട്ടിയശേഷം, പത്രപ്രവർത്തകൻ സായ്നാഥിന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെയും പ്രൊഫൈലിൽ വന്ന മാറ്റം നോക്കൂ. അവരുടെ കരിയറിനെ വൻതോതിൽ സഹായിക്കുന്നതായിരുന്നു ഈ പുരസ്കാരത്തിളക്കം. അങ്ങനെ നോക്കിയാൽ, സാധാരണ ഗതിയിൽ മുൻപു പലരും ഭാവി മുഖ്യമന്ത്രിയായി കണ്ടിരുന്ന ശൈലജയെ പുതിയ രാഷ്ട്രീയ ഭ്രമണപഥത്തിലേക്കു തള്ളിവിടുമായിരുന്ന ബൂസ്റ്റർ ഡോസ്.

പക്ഷേ, എന്തിനു സിപിഎം ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നതിനെക്കാളേറെ ചർച്ച ചെയ്യപ്പെടേണ്ടത് ശൈലജയോ കേരള സർക്കാരിന്റെ കോവിഡ് പ്രവർത്തനമോ ഇത്തരം അവാർഡിന് അർഹമാണോ എന്നതാണ്. ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള മുൻ അവാർഡ് ജേതാക്കളുടെ പൊതുപ്രവർത്തന ചരിത്രം പരിശോധിച്ചാൽ അല്ല എന്നുതന്നെ പറയേണ്ടി വരും. കാരണം, കേരളം കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയേ അല്ല. 

ഇന്ത്യയിലെ ആദ്യത്തെ കേസുകൾ ഇവിടെ രേഖപ്പെടുത്തി എന്നതൊഴിച്ചാൽ കോവിഡ് അതിന്റെ സാംക്രമിക രൂപത്തിൽ കേരളത്തിലെത്തുന്നതു ലോകത്തെയും ഇന്ത്യയിലെയും മറ്റു പ്രദേശങ്ങളെക്കാളും വൈകിയാണ്. ആ ആദ്യനാളുകളിൽ രോഗപ്പകർച്ച കയ്യിലൊതുങ്ങാവുന്ന എണ്ണം മാത്രമായിരുന്നപ്പോൾ പ്രതിരോധപ്രവർത്തനം സുഗമമായിരുന്നു. മറ്റുള്ളിടങ്ങളിൽ രോഗം വ്യാപകമായി പടരുമ്പോൾ, പകർച്ചവ്യാധികളുടെ സ്വാഭാവികമായ കാരണംകൊണ്ട്, ഇവിടെ ആ നിലയിൽ എത്തിയിരുന്നില്ല എന്നതു മനസ്സിലാക്കാതെയോ മറച്ചുവച്ചുകൊണ്ടോ വിജയം പ്രഖ്യാപിക്കുകയും അതിനെ രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തിടത്താണു കേരളം പരാജയപ്പെട്ടത്. അതായത്, മാരത്തൺ ഓട്ടത്തിന്റെ ആദ്യപാദത്തിൽതന്നെ സ്വയം വിജയം പ്രഖ്യാപിച്ച വിഡ്ഢിത്തം. 

ഇതു വെറുതേ ഉണ്ടായതല്ല; മറിച്ച്, ഉണ്ടാക്കിയെടുത്തതാവാനാണു വഴി. അതിനുവേണ്ടി ഒരു നിഴൽ‌സംഘം പ്രവർത്തിച്ചു എന്നു തന്നെയാണു കരുതേണ്ടത്. അല്ലെങ്കിൽ, ഒരേ രീതിയിലുള്ള വിജയകഥകളും ശൈലജയെ വീരവനിതയായി ചിത്രീകരിക്കുന്ന ഫീച്ചറുകളും സമൂഹമാധ്യമങ്ങളിലും ദേശീയ, രാജ്യാന്തര മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെടില്ലായിരുന്നു. ഇതുപോലെ, തുടക്കത്തിൽ തീവ്രമല്ലാത്ത രീതിയിൽ കോവിഡ് പ്രത്യക്ഷപ്പെട്ട വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെയും സ്ഥിതി വിഭിന്നമല്ലായിരുന്നു, പക്ഷേ, അവിടെ നിന്നൊന്നും ഇത്തരത്തിലുള്ള പ്രചാരവേല ഉണ്ടായില്ല. അതുകൊണ്ടുതന്നെ, പൂർണരൂപത്തിൽ പകർച്ചവ്യാധി വന്നപ്പോഴേക്കും കേരളം വീണു. പക്ഷേ, തുടക്കത്തിൽതന്നെ ഉണ്ടാക്കിയെടുത്ത വിജയകഥയിൽ തൂങ്ങിനിൽക്കുകയായിരുന്നു നമ്മുടെ ആരോഗ്യരംഗവും ഈ കഥയുടെ പ്രചാരകരും. വേറെയെങ്ങും കാണാത്ത കോവിഡ് വിജയഗാഥയായി പ്രധാന ഉന്നം. പിന്നീടുള്ള പോക്ക് നാമെല്ലാം കണ്ടതാണ്. 

Magsaysay award

ഇപ്പോൾ ബാക്കിപത്രം വായിക്കുമ്പോൾ, ഇന്ത്യയിൽ 11 കോടിയിലേറെ ജനസംഖ്യയുള്ള മഹാരാഷ്ട്ര കഴിഞ്ഞാൽ, അതിന്റെ മൂന്നിലൊന്നിൽ താഴെ ജനസംഖ്യയുള്ള കേരളത്തിലാണു കോവിഡ് ബാധിച്ച് ഏറ്റവുമധികം ആളുകൾ മരിച്ചത്. മരണക്കണക്കുകൾ മറച്ചുവച്ചതും പാവപ്പെട്ടവരുടെ ഇടയിൽ സായുധസേനാ റൂട്ട് മാർച്ച് നടത്തിയതും പൊലീസ് അതിക്രമവും പോലെയുള്ള മറ്റാരോപണങ്ങൾ വേറെ. പ്രചാരവേല ഒരു പ്രധാന ഉദ്ദേശ്യമായപ്പോൾ അശാസ്ത്രീയവും മനുഷ്യാവകാശവിരുദ്ധവുമായ പലതും നടക്കുന്നതു നാം കണ്ടു. ഗോൾ പോസ്റ്റുകൾ മാറ്റിക്കൊണ്ടേയിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പരാജയമെന്നു വിളിച്ച് അധിക്ഷേപിക്കേണ്ട കാര്യമില്ല. കാരണം, അത് ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ എല്ലാം ത്യജിച്ചു നടത്തിയ ത്യാഗപൂർണമായ പ്രവൃത്തിയായിരുന്നു. ലോകത്തിലെ മറ്റു പല രാജ്യങ്ങളെയും ഇന്ത്യയിലെതന്നെ ചില സംസ്ഥാനങ്ങളെയുംപോലെ പിഴച്ചുപോയി എന്നു മാത്രം. അതിന്റെ കാരണങ്ങൾ വിശദമായി പഠിക്കേണ്ടതാണ്. പലരും പല തന്ത്രങ്ങളും പ്രയോഗിച്ചു, ചിലത് ആദ്യം ഫലം കണ്ടു, പക്ഷേ പിന്നീടു പിഴച്ചു; ചിലത് ആദ്യം പിഴച്ചു, പക്ഷേ, പിന്നീടു ഫലിച്ചു. പക്ഷേ, അകാലത്തിൽ വിജയപ്രചാരണം നടത്തി അതിനെ രാഷ്ട്രീയമായി ഉപയോഗിച്ചതു കേരളത്തിൽ മാത്രമാവാനേ വഴിയുള്ളൂ. വിയറ്റ്നാം തുടക്കത്തിൽ ഒരുദാഹരണമായി രാജ്യാന്തര മാധ്യമങ്ങളാൽ വാഴ്ത്തപ്പെട്ടെങ്കിലും, ഇവിടുത്തെപ്പോലെ വ്യവസ്ഥാപിതമായ ഒരു പ്രചാരവേലയ്ക്ക് അവർ മിനക്കെട്ടില്ല.

ഇനി ഈ സംഭവം മാഗ്‌സസെയുടെ ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത്, അനർഹമായി വന്നുചേരപ്പെട്ട ഒരവാർഡ്‌ വിചിത്ര കാരണങ്ങളാൽ പാർട്ടി വിലക്കി എന്ന രീതിയിലാണ്. ഇതിൽ ആരും നിഷ്കളങ്കരാവാൻ വഴിയില്ല.

(യുഎൻഡിപിയുടെ  ഏഷ്യ– പസിഫിക് മേഖലാ മുൻ സീനിയർ ഉപദേശകനാണ് ലേഖകൻ)

 

Content Highlight: KK Shailaja, Magsaysay Award controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com