ADVERTISEMENT

പുറപ്പെട്ട വീട്ടിലേക്കും കൈവീശി യാത്രയയച്ച പ്രിയപ്പെട്ടവരിലേക്കും തിരികെ എത്താനുള്ളതാണ് എല്ലാ യാത്രകളും. പക്ഷേ, ഓരോ ദിവസവും നമ്മുടെ നിരത്തുകളിലുണ്ടാവുന്ന അപകടങ്ങളിൽപെട്ട് വീട്ടിൽ തിരികെയെത്താതെ പലരും യാത്രയാവുന്ന ദുർവിധിക്ക് ഇനിയെങ്കിലും അറുതി കുറിക്കണ്ടേ? 

വാഹനം അപകടത്തിൽപെടുമ്പോൾ യാത്രക്കാരന്റെ ജീവൻ സംരക്ഷിക്കാൻ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന കാര്യത്തിൽ സംശയമില്ല. കാറിന്റെ അമിതവേഗവും ഓവർടേക്കിങ്ങിലെ പിഴവുമാണ് ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്കു നയിച്ചതെന്നും പിൻസീറ്റിലിരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പരുക്കു മാരകമായതെന്നും പൊലീസ് അറിയിക്കുകയുണ്ടായി. ഡ്രൈവറെയും യാത്രക്കാരെയും വാഹനത്തിന്റെ അതിവേഗ ചലനങ്ങളിൽനിന്നും അപകടത്തിൽനിന്നും രക്ഷിക്കാനുള്ള പ്രാഥമിക സുരക്ഷാസംവിധാനമാണ് സീറ്റ് ബെൽറ്റ്. മുൻസീറ്റിൽ സീറ്റ് ബെൽറ്റ് ഇടാതിരിക്കുന്നവർക്ക് എയർബാഗ് പ്രയോജനപ്പെടണമെന്നില്ല. പിൻസീറ്റിലെ വശങ്ങളിൽ എയർബാഗുള്ള കാറുകളുണ്ടെങ്കിലും, പിൻസീറ്റുകളിലെ യാത്രികർക്ക് അഭിമുഖമായി വിടരുന്ന എയർബാഗ് സൗകര്യം ലഭ്യമായിത്തുടങ്ങുന്നതേയുള്ളൂ. 

ഒറ്റ സെക്കൻഡ്കൊണ്ട് ധരിക്കാവുന്ന സീറ്റ് ബെൽറ്റ് ചേർത്തുപിടിക്കുന്നതു വിലപ്പെട്ട ജീവനാണെന്നതു മറക്കാതിരിക്കാം. സീറ്റ് ബെൽറ്റ് ധരിച്ചാൽ അപകടങ്ങളിലെ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നു. ഡ്രൈവർ മാത്രമല്ല, കോ ഡ്രൈവർ സീറ്റിലുള്ളവരും പിൻസീറ്റിൽ യാത്രചെയ്യുന്നവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം. എത്ര ചെറിയ യാത്രയാണെങ്കിലും ഇതു ധരിക്കാൻ മടിക്കരുത്. അപകടം എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ആർക്കറിയാം?കാറിൽ പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ഇടണമെന്ന നിയമം കർശനമായി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിട്ടുണ്ട്. 

നമ്മുടെ പാതകളിൽ ദിവസവും ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ എത്രയോ കുട്ടികൾ ഇരയാകാറുണ്ട്. കുട്ടികൾക്കു സുരക്ഷിതയാത്ര നൽകാനാവാതെപോകുന്ന മാതാപിതാക്കളുടെ അശ്രദ്ധതന്നെയാണ് ഇങ്ങനെയുള്ള പല സംഭവങ്ങൾക്കും കാരണം. കുഞ്ഞുങ്ങളെ താരതമ്യേന സുരക്ഷിതമായ പിൻസീറ്റിലിരുത്തി, ചൈൽഡ് സീറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നെങ്കിൽ പല അപകടങ്ങളും ഒഴിവാക്കാമായിരുന്നു എന്നതാണു സത്യം.

സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിലിരുത്തിയേ യാത്ര ചെയ്യാവൂ എന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിർദേശമുണ്ട്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വാഹനങ്ങളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കണമെന്നും നിർദേശിക്കുന്നു. കൈക്കുഞ്ഞുങ്ങളെയും കൊച്ചുകുട്ടികളെയും മടിയിലിരുത്തിയാണു മിക്കവരും കാർയാത്ര ചെയ്യാറുള്ളത്. പെട്ടെന്നൊരു നിമിഷം അപകടമുണ്ടായാൽ, എത്ര മുറുകെപ്പിടിച്ചാലും കുഞ്ഞ് നമ്മുടെ കയ്യിൽനിന്നു തെറിച്ചുപോയേക്കാം. എയർബാഗ് മുതിർന്നവർക്കു സുരക്ഷിതമെങ്കിലും കുഞ്ഞുങ്ങൾക്ക് അപകടമായതിനാലാണ് അവർക്കുവേണ്ടി ചൈൽഡ് സീറ്റ് ഘടിപ്പിക്കണമെന്ന നിർദേശം. കുട്ടികൾക്കായി കാറിന്റെ പിന്നിൽ ചൈൽഡ് സീറ്റ് മിക്ക വിദേശരാജ്യങ്ങളിലും നിർബന്ധമാണ്. മുൻസീറ്റിൽ കുട്ടികളെ ഇരുത്താനുമാകില്ല. 

കഴിഞ്ഞ വർഷം രാജ്യത്ത് 1.55 ലക്ഷം പേർ റോഡപകടങ്ങളിൽ മരിച്ചെന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് നടുക്കുന്നതാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിവർഷ മരണനിരക്കാണിത്. 4.03 ലക്ഷം റോഡപകടങ്ങളിലായി 3.71 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഈ കണക്കുപ്രകാരം, റോഡപകടങ്ങളിൽ മരിച്ചവർ ഉപയോഗിച്ച വാഹനങ്ങളിൽ 44.5% ഇരുചക്രവാഹനങ്ങളാണെന്നതു ഹെൽമറ്റ് ധരിക്കുന്നതിന്റെ അനിവാര്യത ഓർമിപ്പിക്കുന്നുണ്ട്. പിൻസീറ്റ് യാത്രികരും ഹെൽമറ്റ് ധരിക്കുകതന്നെ വേണം.

ആർക്കറിയാം, നിങ്ങൾ ഈ മുഖപ്രസംഗം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപെടുന്നുണ്ടാവാം; പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം. അങ്ങനെയുണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടൊപ്പം, യാത്രാസുരക്ഷയ്ക്കു ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവോടെ വാഹനമോടിക്കാം. വണ്ടിയോടിക്കുമ്പോൾ ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കുന്നതിലും വാഹനവേഗം നിയന്ത്രിക്കുന്നതിലും തുടങ്ങാം നമ്മുടെ ജാഗ്രത.

 

English Summary: Don't forget to wear seat belt and helmet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com