ADVERTISEMENT

കേരളത്തിന്റെ പൊതുധാരണയിൽ മുഖ്യമായും സാമൂഹിക പരിഷ്കർത്താവാണ്, പ്രത്യേകിച്ചും ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു. എന്നാൽ ഈ ഉപഭൂഖണ്ഡത്തിലെ ഗുരുപാരമ്പര്യത്തിൽ പ്രകാശിച്ചു കാണുന്ന ഒരു തത്വത്തെ ഗുരു സ്വന്തം ജീവിതം കൊണ്ട് ആവിഷ്കരിച്ചത് നാം മറക്കരുത്. സർവം ബ്രഹ്മമയം - പല പേരുകളിൽ വിളിക്കപ്പെടുന്ന ആ ഏകനായ ജഗദീശ്വരന്റെ ഊർജമാണ് കാണായതിലെല്ലാം നിറഞ്ഞുനിൽക്കുന്നത് എന്ന ഉദാത്ത ബോധ്യമാണത്. ‘നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും / നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും...’ എന്നു ദൈവദശകത്തിൽ ഗുരു പറഞ്ഞത് അനുഭവത്തിൽ നിന്നാകാനേ തരമുള്ളൂ. ആഴമേറിയ തിരിച്ചറിവുകൾ അത്ര ലളിതമായി പകർന്നുതരാൻ അനുഭവസ്ഥർക്കല്ലേ കഴിയൂ? ഈയൊരു വിശാലബോധമാണ് സകലതിനെയും ‘തന്നിൽ നിന്നന്യമല്ലാതെ’ ഗുരു കണ്ടതിനു പിറകിൽ. ഈ സമഭാവന കുട്ടിക്കാലത്തു തന്നെ ഗുരുവിൽ പ്രകടമായിരുന്നു എന്ന് ജീവചരിത്രത്തിൽനിന്നു നാം അറിയുന്നു.

ചരിത്രത്തിൽ കാണുന്ന വലിയ ഗുരുക്കൻമാർ പലരും അവലംബിച്ച ശൈലി തന്നെയാണു ഗുരുവിലും കാണുന്നത്. ജനിച്ചു വളർന്ന വീടും നാടും വിട്ട് വിജന പ്രദേശങ്ങളിലും കാടുകളിലും ഏകാന്ത ജീവിതം നയിക്കുകയും തിരിച്ചുവന്ന് സ്വന്തം ആന്തരിക പരിണാമത്തിന്റെ ഫലമായി കിട്ടിയ അറിവുകളിൽനിന്ന് സമൂഹത്തിന് ഉപകരിക്കുന്ന അംശങ്ങൾ പങ്കുവയ്ക്കുകയുമാണത്. ദീനാനുകമ്പയാകാം അവരെ അതിനു പ്രേരിപ്പിക്കുന്നത്. യാതനാഭരിതമായ, പ്രശ്നജടിലമായ നമ്മുടെ ജീവിതങ്ങൾക്കു സാന്ത്വനവും പരിഹാരവും ആകുന്നു പലപ്പോഴും അവർ.

ശ്രീനാരായണഗുരു കുഞ്ഞുന്നാളിൽ തന്നെ ഏകാന്തത ഇഷ്ടപ്പെട്ടിരുന്നതായി പറയുന്നു. വളരുംതോറും ആ പ്രവണത കൂടി, ഏകാന്ത യാത്രകളായി. കാൽനടയായുള്ള ദീർഘയാത്രകൾ. വീടുപേക്ഷിച്ചത് എന്നാണെന്നോ എപ്പോഴാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. വീട്ടിൽനിന്നു പുറപ്പെട്ട് കേരളത്തിന്റെ തെക്കേ അറ്റത്തൊരു സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പരിസരത്ത് കുറെ നാൾ കഴിഞ്ഞു. അവിടെനിന്നു തിരുവിതാംകൂറിൽ പല സ്ഥലങ്ങളിലായി ജനജീവിതമറിഞ്ഞു നടന്നു. എവിടെച്ചെന്നാലും രോഗികളും മക്കളില്ലാതെ ദുഃഖിക്കുന്നവരും ജീവിതപ്രശ്നങ്ങൾ നേരിടുന്നവരും അടുത്തുകൂടും. ആളുകളുടെ വരവു കൂടിയപ്പോൾ ഗുരു വനാന്തരത്തിന്റെ ഏകാന്തത തേടിച്ചെന്നു.
നാഗർകോവിലിനു കിഴക്കുള്ള മരുത്വാമലയാണ് അനുയോജ്യമായി കണ്ടെത്തിയത്. അവിടെ മലമുകളിലെ ‘പിള്ളത്തടം ഗുഹ’ തപോവൃത്തിക്കായി തിരഞ്ഞെടുത്തു. ഭക്ഷണത്തിനായി കാട്ടിലേക്ക് ഇറങ്ങിച്ചെന്നു കണ്ടെത്തിയത് പരിചയമുള്ള ഒരു ചെടിയാണ് - ‘കാട്ടുക്കൊടി’ (കാട്ടുവള്ളി). അതിന്റെ ഇല പിഴിഞ്ഞ നീര് ഇലക്കുമ്പിളിൽ വെള്ളം ചേർത്തുവച്ചാൽ ഉറകൂടി ജെല്ലി പോലെ ആകും. അതും മറ്റു കാട്ടുകിഴങ്ങുകളും ഭക്ഷണത്തിനായി ഗുരു ഉപയോഗിച്ചു. അപ്രതീക്ഷിതമായി എവിടെനിന്നെന്നില്ലാതെ ചിലർ ഭക്ഷണവുമായി എത്തും. ഒരിക്കൽ ഒരു കുഷ്ഠരോഗി. ഇലയിൽ പൊതിഞ്ഞു കൊണ്ടുവന്ന അവിൽ ഗുരു അയാളോടൊപ്പം പങ്കുവച്ചു കഴിച്ചു.

OV Usha
ഒ.വി.ഉഷ

മരുത്വാമലയിൽ കഴിഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമകൾ പിൽക്കാലത്ത് ശിവഗിരിയിൽ കൂടെയുള്ളവരുമായി വല്ലപ്പോഴും പങ്കുവയ്ക്കാറുണ്ടായിരുന്നുവത്രെ. അങ്ങനെ പങ്കുവച്ച വിസ്മയകരമായ ഒരു അനുഭവം ഇങ്ങനെ: ഒരിക്കൽ ചിന്തയിൽ മുഴുകിയിരുന്ന ഗുരുവിനോട് എന്താണു ചിന്തിക്കുന്നത് എന്നൊരാൾ ആരാഞ്ഞു. വേർപിരിഞ്ഞ രണ്ടു ‘കൂട്ടുകാരെ’യാണ് ഗുരു ഓർത്തിരുന്നത്. ഒരു പുലിയും മൂർഖനും ആയിരുന്നു ആ കൂട്ടുകാർ.
അവർ ഗുഹയിൽ തനിക്കു കാവലായിരുന്നു എന്നാണ് ഗുരുവിന്റെ ഭാഷ്യം. പുലിയെയും സർപ്പത്തെയും കൂട്ടുകാരാക്കുന്ന സ്നേഹത്തെക്കുറിച്ച് നമുക്കെന്തറിയാം!

ഗുരുവിന്റെ പ്രഥമ ശിഷ്യനായും സന്യാസിയായും ജീവിച്ച ശിവലിംഗ സ്വാമി തന്റെ കൗമാരത്തിൽ ഗുരുവിനെ ആദ്യമായി കണ്ട രംഗത്തിലും ഒരു പുലിയുണ്ട്. ഗ്രാമത്തിനടുത്തു വനപ്രദേശത്ത് പാറമേലിരുന്നു വിശ്രമിക്കുന്ന ഗുരുവിന്റെ കാൽക്കൽ പൂച്ചയെപ്പോലെ ഇണങ്ങിക്കിടക്കുന്ന പുലിയെയാണു കണ്ടത്.

അഞ്ചാമത്തെയോ ആറാമത്തെയോ ജ്ഞാന ഭൂമിക (ആധ്യാത്മിക ഉയർച്ചയുടെ പടവ്) സാക്ഷാത്കരിച്ച മഹാത്മാവാണ് ഗുരുവെന്നു നീലകണ്ഠ തീർഥസ്വാമി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ ഉയർച്ച നേടിയ ജീവനേ ഈ പ്രപഞ്ചവുമായി ഐക്യപ്പെടുന്ന ബോധത്തിലേക്ക് ഉണരാൻ പറ്റൂ. ഭാരതീയ ഗുരുപാരമ്പര്യത്തിൽ ഈ പ്രകാശം നാം കാണുന്നു. ശ്രീനാരായണഗുരുവിലും ആ ജ്ഞാനസാക്ഷാത്കാരത്തിന്റെ പ്രകാശം സ്ഫുരിക്കുന്നു.

സകല അതിരുകളും ഭേദഭാവങ്ങൾക്കപ്പുറം വിശ്വപ്രകൃതിയുമായി പ്രണയത്തിലാണ്. ഗുരുവിന്റെ രഹസ്യ ജീവിതത്തിൽനിന്നുള്ള ചെറിയ സ്ഫുരണങ്ങളാണു നാമറിയുന്നത്.
വിശ്വപ്രകൃതിയുമായി ഐക്യപ്പെട്ട് വിശ്വമാനവരായി ഉയരണമെന്ന സന്ദേശമാണ് അവ നമുക്കു തരുന്നത്.

(എഴുത്തുകാരിയായ ലേഖിക എംജി സർവകലാശാലയിൽ ഡയറക്ടർ ഓഫ് പബ്ലിക്കേഷൻസ് ആയിരുന്നു)

Content Highlight: Sree Narayana Guru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com