ADVERTISEMENT

ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് രാജ്ഞി എന്നതടക്കം ഒട്ടേറെ റെക്കോർഡുകളുമായാണ് എലിസബത്ത് രാജ്ഞി കഴിഞ്ഞദിവസം വിടവാങ്ങിയത്. അക്കൂട്ടത്തിൽ അപൂർവമായ ഒന്നുമുണ്ട് – ലോകത്തിൽ ഏറ്റവും കൂടുതൽവട്ടം വ്യാജ മരണവാർത്ത വന്നത് എലിസബത്ത് രാജ്ഞിയെക്കുറിച്ചാണത്രേ. കൃത്യമായ കണക്കുകൾ ഇതിനില്ലെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളിലെ (വ്യാജ)വാർത്തകൾ തിരഞ്ഞാൽതന്നെ നമുക്കു കാര്യം ബോധ്യപ്പെടും. 

ഏറ്റവും ഒടുവിൽ വ്യാജ മരണവിവരം പ്രചരിച്ചത്, രാ‍ജ്ഞിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപായിരുന്നു. സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്കു ശേഷമാണ് ബക്കിങ്ങാം കൊട്ടാരം രാജ്ഞിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഇതിന് ഏതാനും മണിക്കൂർ മുൻപു ബ്രിട്ടിഷ് മാധ്യമമായ ബിബിസിയിലെ മാധ്യമപ്രവർത്തകയായ യൽദ ഹക്കീം, രാജ്ഞി അന്തരിച്ചതായി ട്വിറ്ററിൽ കുറിച്ചു. ഉടൻതന്നെ അവർ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിനുപേർ അതു വിശ്വസിച്ചു. അനുശോചന പ്രവാഹമായി. മാത്രമല്ല, ചിത്രത്തിൽ കാണുന്നതുപോലെയുള്ള വ്യാജ പേരിലുള്ള ട്വിറ്റർ അക്കൗണ്ടുകളും മരണവാർത്ത പ്രഖ്യാപിച്ചു. 

2015ലും ബിബിസിക്ക് സമാനമായ അബദ്ധം പിണഞ്ഞിരുന്നു. അന്ന് ബിബിസി ഉറുദു വിഭാഗത്തിലെ  അഹ്മൻ ക്വാജ എന്ന മാധ്യമപ്രവർത്തകയാണു രാജ്ഞി അന്തരിച്ചതായി ട്വീറ്റ് ചെയ്തത്. രാ‍ജ്ഞിയുടെ മരണം എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നതു സംബന്ധിച്ചു ബിബിസി പലപ്പോഴും റിഹേഴ്സലുകൾ നടത്തിയിരുന്നു. അത്തരത്തിൽ 2015ൽ രഹസ്യമായി നടത്തിയ ‘റിപ്പോർട്ടിങ് പരിശീലന’ത്തിനിടെയാണ് അഹ്മാൻ ക്വാജ അബദ്ധത്തിൽ ട്വീറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന ബിബിസിയുടെ കർശന നിർദേശമുണ്ടായിട്ടും അതു സംഭവിച്ചു. ഉടൻ തന്നെ ട്വീറ്റ് പിൻവലിച്ചെങ്കിലും വാർത്ത പ്രചരിച്ചു. ബിബിസി അന്നും ക്ഷമാപണം നടത്തിയിരുന്നു. 

ഈ വർഷം ഫെബ്രുവരിയി‍ൽ രാജ്ഞി കോവിഡ് ബാധിതയായി. ‘ഹോളിവുഡ് അൺലോക്ക്ഡ്’ എന്ന ടാബ്ലോയ്ഡ് മാധ്യമം ഫെബ്രുവരി 23ന് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു:‘‘ എലിസബത്ത് രാജ്ഞി അന്തരിച്ചതായി രാജകുടുംബത്തോട് അടുപ്പമുള്ള സ്രോതസ്സുകൾ ഞങ്ങളെ അറിയിച്ചു.’’ നിമിഷങ്ങൾക്കുള്ളിൽ ലോകമാകെ ലക്ഷക്കണക്കിനു പേർ ഈ വാർത്ത പങ്കുവച്ചു. 

വാർത്ത വ്യാജമാണെന്ന കാര്യം പലരും വ്യക്തമാക്കിയിട്ടും ഹോളിവുഡ് അൺലോക്ക്ഡിന്റെ സ്ഥാപകൻ ജേസൺ ലീ ട്വിറ്ററിൽ,‘‘ ഞങ്ങൾ നുണകൾ പോസ്റ്റ് ചെയ്യാറില്ല. എന്റെ വാർത്താ സ്രോതസ്സിൽ ഞാൻ വിശ്വസിക്കുന്നു. കൊട്ടാരത്തിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുന്നു’’ എന്നാണ്  ആദ്യം പ്രതികരിച്ചത്. എന്നാൽ, അധികം വൈകാതെ ലീയുടെ അമിത ആത്മവിശ്വാസം തകർന്നടിഞ്ഞുവെന്നു പറയേണ്ടതില്ലല്ലോ! 

2018ൽ രാജ്ഞിയുടെ മരണവാർത്ത പ്രചരിച്ചതിനു പിന്നിൽ ‘ദ് ഡെയ്‌ലി വേൾ‍ഡ് അപ്ഡേറ്റ്’ എന്ന സറ്റയർ (ആക്ഷേപഹാസ്യ, ഫലിത) വെബ്സൈറ്റ് ആയിരുന്നു. അവർ കൊടുത്ത വാർത്ത ഇങ്ങനെയായിരുന്നു: ‘‘എലിസബത്ത് രാജ്ഞി അന്തരിച്ചു. ‘ഡോണൾഡ് ട്രംപിനെ വിശ്വസിക്കരുത്’ എന്നായിരുന്നു അവരുടെ അവസാന വാക്കുകൾ.’’ സറ്റയർ ആണെന്നു തിരിച്ചറിയാതെ ലോകത്തു പലയിടത്തും ആളുകളും മാധ്യമങ്ങളും ഈ ‘വാർത്ത’ വിശ്വസിച്ചു! 

ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണു മുകളിൽ ചേർത്തത്. എണ്ണമറ്റ തവണ രാജ്ഞിയുടെ മരണം സമൂഹമാധ്യമങ്ങളും വെബ്സൈറ്റുകളും വ്യക്തികളും പ്രഖ്യാപിച്ചിട്ടുണ്ട്. ചിലത് അബദ്ധത്തിൽ സംഭവിച്ചതായിരുന്നു, ചിലത് വാർത്താ സ്രോതസ്സുകൾക്കു തെറ്റിയതായിരുന്നു, ചിലതാവട്ടെ വായനക്കാരെ കബളിപ്പിക്കാനായിരുന്നു. 

മരണത്തിനു ശേഷവും 

മരണം സംബന്ധിച്ചു മാത്രമല്ല രാജ്ഞിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിച്ചത്. അവരുടെ മരണശേഷം വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിച്ച രണ്ടു വിഡിയോകളുടെ കാര്യം മാത്രം പറയാം. എലിസബത്ത് രാജ്ഞി ആഫ്രിക്കൻ കുട്ടികൾക്കു ഭക്ഷണവും പണവും എറിഞ്ഞുകൊടുക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഒരു വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്. (കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യൂ.) രാജകീയ വേഷധാരികളായ രണ്ടു സ്ത്രീകൾ കുട്ടികൾക്ക് എന്തോ എറിഞ്ഞുകൊടുക്കുന്നതാണു  വിഡിയോയിലുള്ളത്. യഥാർഥത്തിൽ വിഡിയോയിലുള്ളത് എലിസബത്ത് രാ‍ജ്ഞിയേയല്ല. 

elizabeth-2

1899ൽ വിയറ്റ്നാമിൽ ഷൂട്ട് ചെയ്തതാണ് വിഡിയോ. വിഡിയോയിലുള്ളതു പിന്നീട് ഫ്രഞ്ച് പ്രസിഡന്റായ പോൾ ഡോമറുടെ ഭാര്യ ബ്ലാങ്കും മകളുമാണ്. അക്കാലത്ത് ഫ്രഞ്ച് കോളനിയായിരുന്നു വിയറ്റ്നാം.

മറ്റൊരു വിഡിയോ, എലിസബത്ത് രാജ്ഞിയുടെ ചരമശുശ്രൂഷയിൽ വിദ്യാർഥികൾ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുന്നു എന്ന പേരിലാണു പ്രചരിക്കുന്നത്. എലിസ‍ബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു നമുക്കറിയാം. അപ്പോൾ വിഡിയോ?  2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ മുന്നോടിയായി 2009 ഒക്ടോബർ 29ന് ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന ക്വീൻസ് ബാറ്റൺ റിലേയുടെ പ്രാരംഭച്ചടങ്ങിൽ സ്കൂൾ കുട്ടികൾ ശ്ലോകം ചൊല്ലുന്നതിന്റെയാണത്.  ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയുടെ മരണത്തിനു ശേഷവും വ്യാജവിവരങ്ങൾ പ്രയാണം തുടരുന്നു!

English Summary: Queen elizabeth, BBC 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com