ADVERTISEMENT

ഈയിടെ യുഎഇയിൽ സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേർ നേരിട്ടും ടെലിവിഷനിലൂടെയും കണ്ട മത്സരം ശ്രീലങ്ക–പാക്കിസ്ഥാൻ ഫൈനൽ ആയിരുന്നില്ല. സൂപ്പർ ഫോർ സ്റ്റേജിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനായിരുന്നു ആ ബഹുമതി. ലോകകപ്പിനു മുൻപുള്ള പ്രധാന ചാംപ്യൻഷിപ് എന്ന നിലയിൽ സർവസന്നാഹങ്ങളോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യ ടൂർണമെന്റിനിറങ്ങിയത്. എന്നാൽ ഈ പേരിനും പകിട്ടിനും ചേർന്ന പ്രകടനമല്ല രോഹിത് ശർമയുടെ നായകത്വത്തിലുള്ള ടീം കാഴ്ചവച്ചത്. സൂപ്പർ ഫോറിൽ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. ഏഷ്യാ കപ്പ് തോൽവിക്കു കാരണങ്ങൾ തേടി മലയാള മനോരമ നടത്തിയ വായനക്കാരുടെ അഭിപ്രായ വോട്ടെടുപ്പിലും ആ നിരാശ തന്നെയാണു തെളിഞ്ഞുകണ്ടത്.

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിനു പൊതുവായ കാരണം മുതൽ ടൂർണമെന്റിൽ ഇന്ത്യ ഏറ്റവും മിസ് ചെയ്ത താരമാര് എന്നു വരെയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വോട്ടെടുപ്പ്. നാലു ദിവസങ്ങളിലായി നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ ആവേശത്തോടെ പങ്കെടുത്ത ആരാധകരെല്ലാം പ്രധാനമായും വിരൽചൂണ്ടിയത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളിലേക്കും കളിയോടുള്ള ടീമിന്റെ സമീപനത്തിലേക്കുമാണ്. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കായി മത്സരിച്ച കളിക്കാരുടെ മികവിൽ ആരാധകർക്ക് സംശയങ്ങളേതുമുണ്ടായില്ല. കാരണം, ഐപിഎലിൽ സ്വന്തം ടീമുകൾക്കു വേണ്ടി ഇവരെല്ലാം നടത്തിയ മികച്ച പ്രകടനങ്ങൾ എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. എന്നാൽ, ഏഷ്യാ കപ്പിലേക്കു വന്നപ്പോൾ ഇന്ത്യൻ കളിക്കാരുടെ സ്ഥിതി മറിച്ചായി എന്ന് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി ട്വന്റി20 ക്രിക്കറ്റിനു വേണ്ട സാഹസികത ഇന്ത്യൻ കളിക്കാർക്കുണ്ടായില്ല എന്നതാണു പ്രധാന നിരീക്ഷണം. ഓപ്പണിങ് ബാറ്റിങ്ങിൽ മുതൽ ഡെത്ത് ഓവർ ബോളിങ്ങിൽ വരെ കളിക്കാരുടെ ഈ സമീപനം ഇന്ത്യയ്ക്കു തിരിച്ചടിയായി എന്നാണ് ആരാധകപക്ഷം.

ട്വന്റി20 മത്സരത്തിൽ വളരെ നിർണായകമായ ഒന്നു മുതൽ ആറു വരെയുള്ള പവർപ്ലേ ഓവറുകളിൽ മിക്ക മത്സരങ്ങളിലും മികച്ച തുടക്കമല്ല ഇന്ത്യയ്ക്കു കിട്ടിയത്. ഫീൽഡിങ് നിയന്ത്രണമുള്ള ഈ ഓവറുകളിൽ പരമാവധി റൺസ് സ്കോർ ചെയ്യുക എന്നതിനു പകരം നിലയുറപ്പിച്ചതിനു ശേഷം കളിക്കാം എന്ന ഏകദിന ശൈലിയാണ് ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരിലൊരാളായ കെ.എൽ. രാഹുൽ പുറത്തെടുത്തത്. പരുക്കിനു ശേഷമുള്ള തിരിച്ചുവരവിൽ വലിയ സ്കോറുകൾ കണ്ടെത്തി ടീമിൽ സ്ഥാനമുറപ്പിക്കുക എന്ന സമ്മർദം രാഹുലിനെ അലട്ടിയെന്നു വ്യക്തം. ഈ സമ്മർദം രാഹുലിനെ മാത്രമല്ല ബാധിച്ചത്, ടീം ഇന്ത്യയെ ഒന്നാകെയാണ്. തുടക്കത്തിൽ സ്കോറിങ് വേഗമില്ലാതെ പോയതോടെ പിന്നാലെ വന്നവരും സമ്മർദത്തിലായി.

ബിഗ് ഹിറ്റർമാരായി ടീമിലെടുത്തവർ ഫോമിലായില്ല എന്നതും ബാറ്റിങ്ങിൽ ഇന്ത്യയെ അലട്ടി. ഹാർദിക് പാണ്ഡ്യ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ മാത്രമാണ് നന്നായി കളിച്ചത്. ടീമിലെ ഏക ഇടംകയ്യൻ സ്പെഷലിസ്റ്റ് ബാറ്ററായ ഋഷഭ് പന്ത് ഒരു മത്സരത്തിൽ പോലും ഫോമിലായില്ല. ബാറ്റിങ് ക്രമത്തിലെ ആശയക്കുഴപ്പം കാരണം സമീപകാല ട്വന്റി20യിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ ദിനേഷ് കാർത്തിക്കിന് ടൂർണമെന്റിലാകെ ഒരേയൊരു പന്തു മാത്രമാണ് ബാറ്റു ചെയ്യാൻ അവസരം കിട്ടിയത്. പ്രതീക്ഷിച്ചതിലും 10–20 റൺസ് കുറവാണ് ഇന്ത്യ മിക്ക മത്സരങ്ങളിലും സ്കോർ ചെയ്തത്. അവസാന പന്തുവരെ കളി മാറിമാറിയാവുന്ന ട്വന്റി20 ക്രിക്കറ്റിൽ ഇതെത്ര നിർണായകമാണെന്നു പറയേണ്ടതില്ല.

കൃത്യതയാർന്ന യോർക്കറുകളുമായി അവസാന ഓവറുകളിൽ എതിർ ബാറ്റർമാരെ തളച്ചിടുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്ര പരുക്കു മൂലം ടീമിലില്ലാതെ പോയതും ബാറ്റിങ്ങിൽ മികച്ച സ്ട്രൈക്ക് റേറ്റ് നിലനിർത്തി കളിക്കുന്ന സഞ്ജു സാംസണെ ടീമിലെടുക്കാതെ പോയതും ഇന്ത്യയ്ക്കു തിരിച്ചടിയായി എന്ന് വായനക്കാർ പറയുന്നു. ഓരോ ഫോർമാറ്റിനും അതിനു പറ്റുന്ന തരത്തിലുള്ള കളിക്കാരെ ഉൾപ്പെടുത്തിയുള്ള ടീമുകൾ എന്ന രീതിയിൽ ഇന്ത്യ ചിന്തിച്ചിരുന്നെങ്കിൽ സഞ്ജുവിനെപ്പോലൊരു ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്റർക്കു പുറത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും വോട്ടെടുപ്പിൽ അഭിപ്രായം വന്നു. എന്നാൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനും ഏറെക്കുറെ ഏഷ്യാ കപ്പിനു സമാനമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനു മുൻപ് ഓസ്ട്രേലിയയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യയ്ക്കു പരമ്പരകളുണ്ട്. ഏഷ്യാ കപ്പിലെ തിരിച്ചടികളിൽ നിന്നു പാഠം പഠിച്ച്, ഈ പരമ്പരകളിൽ അവ പരിഹരിച്ച് ട്വന്റി20 ക്രിക്കറ്റിനു ചേർന്ന മനസ്സോടെ ലോകകപ്പിനൊരുങ്ങുക എന്നതാണ് ഇനി ടീം ഇന്ത്യയ്ക്കു ചെയ്യാനുള്ളത്.

Content Highlight: India's failure in Asia Cup cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com