ADVERTISEMENT

ഉദ്യോഗസ്ഥർ ആവശ്യത്തിനില്ലാത്ത സെൻട്രൽ ജയിൽ. അവിടെ ഉൾക്കൊള്ളാവുന്നതിലധികം കുറ്റവാളികൾ. നുരഞ്ഞും പതഞ്ഞും പുകഞ്ഞും സെല്ലുകളിലാകെ പടരുന്ന ലഹരി. ഇതിനുവേണ്ട ലഹരിവസ്തുക്കൾ ഗുഡ്സ് ഓട്ടോയിൽ പുറത്തു നിന്നെത്തിക്കാൻ സംവിധാനം. അവ വിതരണം ചെയ്യാൻ അകത്ത് ആളുകൾ. പുറത്തുള്ളതിനെക്കാൾ ഭീകരമായി സംഘം തിരിഞ്ഞുള്ള തമ്മിലടി. ഡ്യൂട്ടിയിലുള്ള അഞ്ചോ ആറോ ഉദ്യോഗസ്ഥർക്കു നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമാണ് കാര്യങ്ങൾ. കേരളത്തിലെ ജയിലുകളിൽ ഇപ്പോൾ ഇതാണു സ്ഥിതി. രാഷ്ട്രീയത്തടവുകാർ ‘ഭരിക്കുന്ന’ കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ 3 ‘സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണ്’ ഇവയിപ്പോൾ. കഥകളെക്കാൾ അവിശ്വസനീയമാണ് ഇവിടെ യാഥാർഥ്യങ്ങൾ.

ഓണത്തിന് ‘മദ്യസദ്യ’

3 കിലോ കഞ്ചാവ് പച്ചക്കറിക്കൊപ്പം ഗുഡ്സ് ഓട്ടോയിൽ കയറ്റി പ്രധാന ഗേറ്റ് വഴി ജയിലിനകത്ത് എത്തിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ പക്ഷേ, ഉദ്യോഗസ്ഥർ ‘ഞെട്ടിയില്ല’. ആദ്യം ആരും പൊലീസിൽ പരാതിപ്പെടാനും പോയില്ല. വിഷയം വാർത്തയായപ്പോഴാണ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചത്.

ഓണത്തിനു ‘വ്യത്യസ്ത ആഘോഷം’ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. ഗുണ്ടാസംഘങ്ങളെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിൽ പരസ്യമായി മദ്യം വിളമ്പി ഗുണ്ടാ സംഘത്തലവന്മാർ പാർട്ടി നടത്തി. ഇതിനുള്ള കുപ്പികൾ എത്തിയതും പച്ചക്കറിയും മീനും എത്തിക്കുന്ന ഗുഡ്സ് ഓട്ടോകളിൽതന്നെ. പലരും കുഴഞ്ഞു വീണപ്പോഴാണു മദ്യത്തിന്റെ ഗന്ധം ഉദ്യോഗസ്ഥർക്കു കിട്ടിയത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദമില്ലാതെ മദ്യം വിളമ്പുക അസാധ്യമാണെന്നതിനാൽ വിവരം പുറത്തറിയാതെ ഒതുക്കി.

prison

ഡിജിപി പോയി; ഉത്തരവും

ജയിലിനുള്ളിലെ അടുക്കളയിലേക്കും ഫാമിലേക്കും മറ്റും എത്തിക്കുന്ന സാധനങ്ങൾ പ്രധാന ഗേറ്റിനു പുറത്ത് ഇറക്കണമെന്നു ഋഷിരാജ് സിങ് ജയിൽ ഡിജിപിയായിരിക്കെ ഉത്തരവിട്ടിരുന്നു. അവിടെയിറക്കി പരിശോധിച്ചശേഷം തടവുകാരെ ഉപയോഗിച്ച് അകത്തുകയറ്റാനായിരുന്നു നിർദേശം. എന്നാൽ, സിങ് വിരമിച്ചതോടെ ആ ഉത്തരവും പോയി. സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾ നേരെ അടുക്കളയ്ക്കു പിന്നിലേക്ക്. അവിടെ കാര്യങ്ങൾ നോക്കുന്നതു തടവുകാരായതിനാൽ എന്തും സുഗമമായി കടത്താം. വാഹനത്തിൽ സ്ഥിരം വരുന്നവരുമായി പരിചയമായതിനാൽ ഗേറ്റിനു സമീപത്തു ജയിൽ ഉദ്യോഗസ്ഥരോ പുറത്തു പൊലീസ് ഉദ്യോഗസ്ഥരോ ഈ വാഹനങ്ങൾ പരിശോധിക്കാറില്ല.

ലഹരി വിൽപനയ്ക്ക് ടീം

ജയിലിൽ ജോലി വിഭജിച്ചു നൽകുന്നപോലെ ലഹരിസംഘവും ചെയ്തിട്ടുണ്ട്. പുറത്തുനിന്നു ലഹരി എത്തിക്കുന്നതിന് ഒരു സംഘവും അവ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും മറ്റൊരു സംഘവും. പണം ഈടാക്കുന്നതു മൂന്നാമത്തെ സംഘമാണ്. ഈ സംഘത്തിനു ജയിൽ ജീവനക്കാരുടെ സഹായവുമുണ്ടത്രേ. പുറത്തുനിന്നു വലിച്ചെറിയുന്ന കഞ്ചാവ് ശേഖരിക്കാൻ ചുമതലപ്പെട്ടവരടക്കം, കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും കച്ചവടത്തിനു കൃത്യമായ ശൃംഖലയുണ്ടെന്നാണു സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

‘ബോധം’ പോകാൻ ബോധക്കേട്

വിയ്യൂരിൽ മിക്ക ദിവസങ്ങളിലും തടവുകാരിൽ ആരെങ്കിലും ബോധംകെടും. ഡ്യൂട്ടിയിലുള്ള അസി. പ്രിസൺ ഓഫിസർ ഇയാളെയുംകൊണ്ട് ആശുപത്രിയിലേക്കു പോകും. അവർ തിരിച്ചെത്തുംവരെ ജയിലിൽ ‘പാർട്ടി’ നടക്കും. മറ്റുള്ളവർക്കു ലഹരി ഉപയോഗിക്കാനുള്ള സമയം ലഭിക്കാനാണ് ഈ ബോധക്കേട്. ഇതറിയാമെങ്കിലും ആരോഗ്യപ്രശ്നമായതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാതിരിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയില്ല. ഓരോ ദിവസവും വെവ്വേറെ ആളുകൾക്കാണു ബോധക്കേട് എന്നതിനാൽ തെളിയിക്കാൻ മാർഗങ്ങളുമില്ല.

viyyur-prison
തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ.

ചോർന്നു, ഉടൻ

ഗുണ്ടാ വിരുദ്ധ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ ഉദ്യോഗസ്ഥനുമായി ഉടക്കി. ഉദ്യോഗസ്ഥൻ അയാളെ അടിച്ചു. പിന്നീടു നടന്നതു നാടകീയ സംഭവങ്ങൾ. അന്നു ഹൈക്കോടതിയിൽ ഈ തടവുകാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസമായിരുന്നു. അടി കിട്ടിയ വിവരം നിമിഷങ്ങൾക്കകം തടവുകാരൻ ഭാര്യയെ അറിയിച്ചു, ഭാര്യ അഭിഭാഷകനെയും. അദ്ദേഹം ഇതു ഹൈക്കോടതിയിലും പറഞ്ഞു. കോടതി നിർദേശപ്രകാരം തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി നേരിട്ടു ജയിലിലെത്തി തെളിവെടുത്തു. തടവുകാരനെ തല്ലിയ വിവരം നിമിഷങ്ങൾക്കകം ഭാര്യ അറിഞ്ഞത് എങ്ങനെയെന്ന് അന്വേഷണമുണ്ടായില്ല.

കടത്താൻ ക്ലാസെടുക്കണ്ട

ജയിലിനകത്തേക്കു ലഹരി കടത്താൻ പല മാർഗങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് ‘ഗുഡ്സ് ഓട്ടോ സർവീസ്’. മതിലിനു പുറത്തുനിന്നുള്ള എറിഞ്ഞുകൊടുക്കൽ ഇപ്പോഴുമുണ്ട്. നെയ്യാറ്റിൻകര സബ്ജയിലിൽ കഴിയുന്ന അടിപിടിക്കേസിലെ പ്രതിയെ അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു.

മടങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ ജീപ്പിലെ സീറ്റിനു താഴെ പൊതി കണ്ടെത്തി. പരിശോധിച്ചപ്പോൾ കഞ്ചാവായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിക്കുമെന്ന് അറിഞ്ഞ് ഭാര്യ തന്നെയാണു കഞ്ചാവെത്തിച്ചത്. വിയ്യൂരിൽ ജയിലിനു പുറത്തുനടത്തുന്ന പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ആൾ ശുചിമുറിയിലേക്കു പോയി. ഇയാൾ മടങ്ങിയശേഷം പമ്പിൽ ജോലി ചെയ്യുന്ന തടവുകാരൻ ഇതേ ശുചിമുറി ഉപയോഗിച്ചു. പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ കഞ്ചാവുപൊതി കണ്ടെത്തി.

prisoner

സഹകരണ സംഘം

പല ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ സഹകരണ സംഘം പോലെയുള്ള ബന്ധമാണ്. ഉദ്യോഗസ്ഥരുടെ വ്യക്തമായ പിന്തുണയോടെയാണു ജയിലിലേക്കു സാധനങ്ങൾ കടത്തുന്നതെന്നു പലവട്ടം കണ്ടെത്തിയിട്ടുണ്ട്. ‘മൊബൈൽ ഫോണും മറ്റു നിരോധിത വസ്തുക്കളും ജയിലിലേക്കു കടത്തുന്നതു തടയാനുള്ള പരിശോധനാ ഉപകരണങ്ങളൊന്നും പ്രവർത്തിപ്പിക്കുന്നില്ല. താൻ നേരിട്ടെത്തി നിർദേശിച്ചശേഷം മാത്രമാണ് ഇവ പ്രവർത്തിപ്പിച്ചത്’. കഴിഞ്ഞ സെപ്റ്റംബറിൽ ജയിൽ ഡിജിപി ഷേക്ക് ദർവേഷ് സാഹേബ്, അന്നത്തെ വിയ്യൂർ സെൻട്രൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു നൽകിയ റിപ്പോർട്ടിലെ വാചകമാണിത്. ഉദ്യോഗസ്ഥസഹായം സംബന്ധിച്ച വ്യക്തമായ വിവരം. അന്നു സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചതു കുപ്രസിദ്ധ കുറ്റവാളിയാണ്. ഇയാൾക്കു സ്വന്തമായി ഫോണുണ്ടായിരുന്നു. 3 ലക്ഷം സെക്കൻഡ് ഈ ഫോൺ ഉപയോഗിച്ചതായാണു കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ സസ്പെൻഷനിലിരിക്കെ വിരമിച്ചു.

ലഹരിമരുന്നിന്റെ മണം പിടിക്കാൻ 9 മാസം പരിശീലനം നേടിയ 12 നായ്ക്കൾ മൂന്നു സെൻട്രൽ ജയിലുകളിലുമായുണ്ടെങ്കിലും ഇവയെ മതിലിനു പുറത്തെ പരിശോധനകൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. ഗേറ്റിനരികിൽപോലും ഡോഗ് സ്ക്വാഡിന്റെ പരിശോധനയില്ല. എല്ലാ ആഴ്ചയിലും മുഴുവൻ ജയിലുകളിലും മിന്നൽ പരിശോധന നടത്തണമെന്നു 2 വർഷം മുൻപു ജയിൽ ആസ്ഥാനത്തുനിന്നു നിർദേശമുണ്ടായിരുന്നു. അതും മുടങ്ങി.

കണ്ണൂരിലെ ‘ഭരണ സിരാകേന്ദ്രം’

കണ്ണൂർ സെൻട്രൽ ജയിൽ, സിപിഎമ്മുകാരായ തടവുകാരുടെ നിയന്ത്രണത്തിലാണിപ്പോഴും. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളും പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളും അടക്കമുള്ള സിപിഎമ്മുകാർ കണ്ണൂരിലിപ്പോഴുമുണ്ട്. സംഘർഷമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ലെങ്കിലും ഇവരാണു കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. കുറച്ചുനാൾ മുൻപ്, രണ്ടാം ബ്ലോക്കിൽ പരിശോധനയ്ക്കു ചെന്ന ഉന്നതരായ ജയിൽ ഉദ്യോഗസ്ഥരെ സിപിഎമ്മുകാരായ ചില തടവുകാർ അസഭ്യംപറഞ്ഞ്‍ ഓടിച്ചു. ഇവരടക്കം മുന്നൂറോളം തടവുകാർ ജോലിചെയ്യാതെയാണു കൂലി കൈപ്പറ്റുന്നതെന്നും വിവരമുണ്ട്. രേഖകളിൽ ജോലി കാണിക്കുമെങ്കിലും പണിയൊന്നുമെടുക്കില്ല.

kannur-prison
കണ്ണൂർ സെൻട്രൽ ജയിൽ.

ജയിലിൽ ‘ഗാങ് വാർ’

‘കാപ്പ’ നിയമം ചുമത്തി കരുതൽ തടങ്കലിലാക്കുന്ന ഗുണ്ടകളും കൊടുംകുറ്റവാളികളും വിയ്യൂർ സെൻട്രൽ ജയിലിൽ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഇവിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ബ്ലേഡ് കൊണ്ടു വരഞ്ഞുള്ള ആക്രമണങ്ങളും മറ്റും പതിവാണ്. പുതിയ ഗാങ്ങുകൾ രൂപപ്പെടുന്നതും ജയിലിൽ തന്നെ. ഇങ്ങനെ ജയിലിൽ രൂപപ്പെട്ട സംഘത്തെ ആന്ധ്രയിൽനിന്നു ലഹരി കടത്തുന്നതിനിടെ പിടികൂടിയിരുന്നു.

ലക്ഷ്യം സെൻട്രൽ ജയിൽ

സെൻട്രൽ ജയിലുകളിൽ എത്തിപ്പെടാൻ ചെറിയ ശിക്ഷാത്തടവുകാരുടെയും റിമാൻഡ് തടവുകാരുടെയും തള്ളാണ്. അവിടെ കിട്ടുന്ന സ്വാതന്ത്ര്യമാണു പ്രലോഭനം. രാവിലെ ആറിനു ലോക്കപ്പ് തുറന്നാൽ വൈകിട്ട് ആറു വരെ ജയിൽ വളപ്പിൽ റോന്തു ചുറ്റാം. ആരെയും കാണാം, ഇടപാടുകൾ ഉറപ്പിക്കാം. ലഹരിയോ ഫോണോ കൈമാറാം. അതീവസുരക്ഷാ ജയിലിലാണെങ്കിൽ വരാന്തയിലിരുത്തി ഭക്ഷണം കൊടുക്കാൻ മാത്രമേ സെല്ലിൽനിന്നിറക്കൂ. സബ്ജയിലുകൾ രാവിലെ ആറിനു തുറന്നാൽ ശുചിമുറിയിൽ പോകാനും മറ്റുമായി ദിവസം മൂന്നുനേരം പരമാവധി 20 മിനിറ്റേ അനുവദിക്കൂ.

ആളില്ല.. ഓവർ ഓവർ

2016ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ മോഡൽ പ്രിസൺ മാനുവലിൽ പറയുന്നത് ആറു തടവുകാർക്ക് 3 ജീവനക്കാർ വീതം വേണമെന്നാണ്. കേരളത്തിലെ ജയിലുകളിൽ ഒരിക്കലും ഈ നിർദേശം പാലിച്ചിട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കാവുന്ന തടവുകാരുടെ എണ്ണം 727 ആണ്. ഇന്നലത്തെ കണക്കുപ്രകാരം ഇവിടെയുള്ളത് റിമാൻഡ് തടവുകാരടക്കം 1150 പേർ. അനുവദിച്ചിരിക്കുന്ന തസ്തിക, സൂപ്രണ്ട് ഉൾപ്പെടെ 272. ഇതിൽ ഒഴിഞ്ഞുകിടക്കുന്നത് 40 എണ്ണം. അഞ്ചുപേർക്ക് ഒരാൾ എന്ന കണക്കിലേ ജീവനക്കാരുള്ളൂ. 500 പേരെ പാർപ്പിക്കാവുന്ന വിയ്യൂരിൽ ആയിരത്തിലധികം പേരെ കുത്തിനിറച്ചിരിക്കുകയാണ്.

140 അസി. പ്രിസൺ ഓഫിസർമാർ, 43 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാർ, 3 ഗേറ്റ് കീപ്പർമാർ, 3 പ്രിസൺ ഓഫിസർമാർ, 12 അസി. സൂപ്രണ്ടുമാർ, 2 ജൂനിയർ സൂപ്രണ്ടുമാർ, ഡപ്യൂട്ടി സൂപ്രണ്ട്, സൂപ്രണ്ട് എന്നിങ്ങനെയാണു കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരുടെ കണക്ക്. അവധികളും ഡ്യൂട്ടി അഡ്ജസ്റ്റ്മെന്റുമൊക്കെ കഴിച്ച്, 60 പേരാണു പകൽ ഡ്യൂട്ടിക്കുണ്ടാവുക. സ്വാധീനമുള്ള സംഘടനാ നേതാക്കളടക്കം മുപ്പതോളം പേർക്ക് ഓഫിസ് ഡ്യൂട്ടിയായിരിക്കും. ബാക്കി 30 പേരാണു സുരക്ഷയൊരുക്കാനുള്ളത്. പുറത്തേക്കു ചികിത്സയ്ക്കു റഫർ ചെയ്യുന്നവർക്കൊപ്പം 2 ഉദ്യോഗസ്ഥർ വേണമെന്നാണു നിയമം. 10–15 പേരെങ്കിലും ഇത്തരത്തിൽ ദിവസവും ചികിത്സയ്ക്കായി പോകുന്നുണ്ട്. അതുകൊണ്ട് 20– 25 പേരെങ്കിലും ഇവർക്കൊപ്പം പല ആശുപത്രികളിലേക്കായി പോകും. ചുരുക്കത്തിൽ നാലോ അഞ്ചോ പേരാണു ജയിലിലാകെ കാവലിനുണ്ടാകുക. ജയിലിലെ വിവിധ ബ്ലോക്കുകളും തുന്നൽകേന്ദ്രം, പെട്രോൾ പമ്പ് തുടങ്ങി വിവിധ തൊഴിൽ സ്ഥലങ്ങളുമെല്ലാം നിരീക്ഷിക്കേണ്ട ചുമതലയും ഈ നാലോ അഞ്ചോ പേർക്കാണ്.

റിപ്പോർട്ടുകൾ: കെ.ജയപ്രകാശ് ബാബു, ജോജി സൈമൺ, എസ്.പി.ശരത്.
സങ്കലനം: ആദർശ് മാധവൻ

Content Highlight: Drug racket in Kerala Jails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com