ADVERTISEMENT

പറമ്പിക്കുളം അണക്കെട്ടിന്റെ ഒരു ഷട്ടർ തകർന്ന് വൻതേ‍ാതിൽ വെള്ളം പെരിങ്ങൽക്കുത്തുവഴി ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിയ സംഭവത്തിൽ വലിയ ദുരന്തം ഒഴിവായെങ്കിലും, ഒഴുകിപ്പോകാത്ത പാഠങ്ങളേറെയുണ്ട് നമുക്കു പഠിക്കാൻ. സെക്കൻഡിൽ 20,000 ഘനയടി വെള്ളമാണു കേരളത്തിലേക്ക് ഒഴുകിയത്. തൃശൂർ, പാലക്കാട് ജില്ലാ അധികൃതർ യഥാസമയം ഇടപെട്ടു മുന്നറിയിപ്പു നൽകിയതും കാലാവസ്ഥ അനുകൂലമായതും വലിയ പ്രളയത്തിൽനിന്നു ചാലക്കുടിയെ രക്ഷിച്ചു.

കേവലം സാങ്കേതികത്തകരാറുകെ‍ാണ്ടുണ്ടായ അപകടമായിമാത്രം കാണാതെ, കേരളത്തിലും ജാഗ്രത വർധിപ്പിക്കാനുള്ള മുന്നറിയിപ്പായി ഈ സംഭവത്തെ സ്വീകരിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഡാമുകളുടെ സൂക്ഷ്മപരിശോധനയും പരിപാലനവും സമയബന്ധിതമായി നടത്തണമെന്നും ചെറിയ തകരാറുകൾപേ‍ാലും അതീവഗൗരവത്തോടെ കാണണമെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. 

പാലക്കാട് ജില്ലയിലെ മുതലമടയിലാണു പറമ്പിക്കുളം ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും   അന്തർസംസ്ഥാന ജലകരാറനുസരിച്ചു പൂർണനിയന്ത്രണവും പരിപാലനവും തമിഴ്നാടിന്റെ ചുമതലയാണ്. എന്നാൽ, അവിടെയുണ്ടാകുന്ന ഏതു പ്രശ്നവും ബാധിക്കുക കേരളത്തെയാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രണ്ടു ദിവസമായി ഡാമിന്റെ 3 ഷട്ടറുകളും 5 സെന്റീമീറ്റർ വീതം തുറന്നു വെള്ളം ഒഴുക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണു ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്ക് നടുവിലെ ഷട്ടർ തകർന്നത്. ഷട്ടറുകളെ നിയന്ത്രിക്കുന്ന കേ‍‍ാൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിട്ടുള്ള ചെയിൻ സംവിധാനം കാലപ്പഴക്കംകെ‍ാണ്ടു തുരുമ്പിച്ചുപോയതോടെ തൂൺ ഷട്ടറിലേക്കു വീഴുകയും അതു തകർന്നു തുറന്നുപോകുകയുമായിരുന്നു എന്നാണു പ്രാഥമിക വിലയിരുത്തൽ. 

അപ്രതീക്ഷിതമായി എത്തിയ വെള്ളം ആദ്യം പെരിങ്ങൽക്കുത്തിലേക്കും പിന്നീട് ചാലക്കുടിപ്പുഴയിലേക്കും കുതിച്ചു. ഒഴുക്ക് മൂന്നു ദിവസമെങ്കിലും തുടരാനാണു സാധ്യത. ചാലക്കുടിപ്പുഴയിൽ വൻതേ‍ാതിൽ ജലമുയർന്നാലുള്ള അപകടം 2018ൽ നാം അനുഭവിച്ചതാണ്. പ്രളയകാലത്തു മുന്നറിയിപ്പില്ലാതെ തമിഴ്നാട്ടിലെ ഡാമുകൾ തുറന്നതു ചാലക്കുടിയിലും പരിസരത്തുമുണ്ടാക്കിയ നാശനഷ്ടം മറക്കാറായിട്ടില്ല. 

ഡാമുകളുടെ പരിപാലനത്തിനു നിലവിലുള്ള നിർദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിൽ തമിഴ്നാട് വീഴ്ച വരുത്തുന്നത് വർഷങ്ങളായുള്ള പരാതിയാണെങ്കിലും അതു പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഇപ്പേ‍ാഴും തയാറാകുന്നില്ല. ഈ വർഷവും മഴക്കാലത്തു മുല്ലപ്പെരിയാർ, ആളിയാർ ഡാമുകളിൽനിന്നു മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതു ജനത്തെ ഭീതിയിലാഴ്ത്തിയിരുന്നു. പല പ്രദേശങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.

കേരളത്തിൽ വൈദ്യുതി ബോർഡിനും ജലസേചന വകുപ്പിനും കീഴിലുള്ള 47 പ്രധാന ഡാമുകളുടെ പരിശേ‍ാധനയ്ക്കും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നേരത്തേ മുതൽ സംവിധാനമുണ്ടായിരുന്നെങ്കിലും അതു ശാസ്ത്രീയമായിരുന്നില്ല. 2018ലെ പ്രളയദുരന്തത്തിനു പ്രധാന കാരണം മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതാണെന്ന വാദം കേന്ദ്രജലകമ്മിഷൻവരെ ഉയർത്തിയതോടെ വിഷയം ഗൗരവമായ ചർച്ചയ്ക്കു വിധേയമായി. ഡാമുകൾ തുറക്കുന്നതിനു 36 മണിക്കൂർ മുൻപു ജില്ലാ ഭരണകൂടത്തെ അറിയിക്കണം, കലക്ടറുടെ അനുമതിയില്ലാതെ തുറക്കരുത്, വെള്ളമെത്തുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളെ 24 മണിക്കൂർ മുൻപ് അറിയിക്കണം എന്നീ നിർദേശങ്ങൾ സംസ്ഥാനത്തു നടപ്പാക്കി. 

സുരക്ഷാക്രമീകരണം ഉറപ്പാക്കാൻ ഡാം സുരക്ഷാവിഭാഗം, പ്രത്യേക പരിശേ‍ാധനകൾ നടത്താൻ ഡാം സുരക്ഷാ റിവ്യൂ പാനൽ, റിട്ട.ജഡ്ജിയുടെ നേതൃത്വത്തിൽ ഡാം സുരക്ഷാ അതേ‍ാറിറ്റി എന്നിവയുണ്ടായി. ഈ ത്രിതല സുരക്ഷാസംവിധാനത്തിന്റെ ഏകേ‍ാപനവും സമയബന്ധിതമായ പ്രവർത്തനവും വിശകലനവും വിലയിരുത്തലും  ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സർക്കാരാണ്. സംസ്ഥാനാന്തര നദീജല കരാറിന്റെ പരിധിയിൽപെട്ടതിനാൽ പറമ്പിക്കുളം അടക്കമുള്ള ചില ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളത്തിനു പരിമിതികളുണ്ട്. ഇതും സുരക്ഷാവീഴ്ചയ്ക്കു കാരണമാകുന്നുണ്ട്.

കേന്ദ്രസർക്കാർ പാസാക്കിയ ഡാം സുരക്ഷാനിയമത്തിന്റെ മാർഗരേഖ താമസിയാതെ നിലവിൽ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതനുസരിച്ച്    സംസ്ഥാനത്തിന്റെ പരിധിയിലെ ഡാമുകളുടെ പൂർണമായ സുരക്ഷ അതതു സർക്കാരിനാവും. ‌മറ്റു സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നാശത്തിന്റെ ഉത്തരവാദിത്തം അതതു സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കേണ്ടിവരും. ഈ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നു തമിഴ്നാട് ആവശ്യപ്പെടുന്നുണ്ട്. 

കേരളം പേ‍ാലെ പരിസ്ഥിതി ദുർബലമായ പ്രദേശത്തു ‍ഡാമുകളുടെ സുരക്ഷ അതീവഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. വൻതേ‍ാതിൽ ജലം പുറത്തേക്കൊഴുകുന്ന സംഭവങ്ങളുണ്ടായാൽ അപരിഹാര്യമായ നാശനഷ്ടമാണു സംഭവിക്കുക. പറമ്പിക്കുളം സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷിതത്വം സംബന്ധിച്ച സമഗ്രമായൊരു ഓഡിറ്റിനു സമയമായി. ഇതിനായി നിലവിലുള്ള സർക്കാർ സമിതികളുടെ ഏകോപനമുണ്ടാകണം. മുൻകരുതലിനെക്കാൾ ബലമുള്ള ഷട്ടർ വേറെയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com