ADVERTISEMENT

ഇന്ത്യയ്ക്കും പാക്കിസ്ഥാനും പൊതുവായുള്ള ഒട്ടേറെ സവിശേഷതകളെ ഓർമിപ്പിക്കുന്നതാണ് ക്രിക്കറ്റ്. ആ ക്രിക്കറ്റിലെ ഒരു മത്സരത്തിന്റെ പേരിൽ പ്രവാസികളിൽ ചിലർ ഇരുവിഭാഗങ്ങളായി ബ്രിട്ടനിൽ ഏറ്റുമുട്ടുന്നു എന്നത് വൈരുധ്യമാണ്. വിഭജനത്തെയും വിദ്വേഷത്തെയും അല്ല; സാഹോദര്യത്തെയാണ് നാം ഊട്ടിയുറപ്പിക്കേണ്ടത്

തെക്കുപടിഞ്ഞാറൻ ലണ്ടനിലെ ലെസ്റ്റർ നഗരത്തിലുണ്ടായ ‘വ്യാപക’വും ‘ഗൗരവതര’വുമായ കുഴപ്പങ്ങളെപ്പറ്റിയുള്ള വാർത്തകളായിരുന്നു കഴിഞ്ഞയാഴ്ച ബ്രിട്ടനിൽനിന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടിഷുകാർ ‘കലാപം’ എന്ന വാക്ക് അങ്ങനെ ഉപയോഗിക്കാറില്ല. ‘ക്രമക്കേട്’ എന്നൊക്കെയേ പൊലീസ് പറയൂ. അവിടെ വലിയസംഘം ഹിന്ദുക്കളും മുസ്‌ലികളും തെരുവിൽ ഏറ്റുമുട്ടിയെന്നും ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തെന്നുമാണു വാർത്തകൾ. 

ബ്രിട്ടനിലെ ശരാശരിക്കണക്കിലും കൂടുതലാണ് ലെസ്റ്ററിലെ ദക്ഷിണേഷ്യക്കാരുടെ എണ്ണം. നഗരത്തിന്റെ 20% വരുന്ന ഈ ജനസംഖ്യയിൽ 7.4% മുസ്‌ലിംകളും 7.2% ഹിന്ദുക്കളും 2.4% സിഖുകാരുമാണ്. ദുബായിൽ ഓഗസ്റ്റ് 28നു നടന്ന ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപിച്ചതിനെത്തുടർന്ന് ഇരുവിഭാഗം ആരാധകർ‌ തമ്മിൽ ലെസ്റ്ററിന്റെ കിഴക്കൻ ഭാഗത്തുണ്ടായ കശപിശ ഇതുവരെ ഒടുങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ചത്തെ സംഭവങ്ങൾ ഇതിന്റെ തുടർച്ചയായിരുന്നു. ഇതുവരെ 47 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. 

സമൂഹമാധ്യമങ്ങളിൽ വന്ന വ്യാജവാർത്തകളെത്തുടർന്ന് ഇരുവിഭാഗങ്ങളും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുകയും അതു കടകളും ആരാധനാലയങ്ങളും മറ്റും ആക്രമിക്കുന്ന നിലയിലേക്കു കാര്യങ്ങൾ എത്തിക്കുകയും ചെയ്തു.(ലെസ്റ്ററിലെ ഇന്ത്യക്കാർക്കെതിരെയുണ്ടായ ആക്രമണങ്ങളെയും ഹൈന്ദവസ്ഥാപനങ്ങൾക്കും ചിഹ്നങ്ങൾക്കും നേരെയുണ്ടായ കടന്നുകയറ്റങ്ങളെയും അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രസ്താവനയിറക്കി.) ലെസ്റ്ററിന്റെ മേയർ പീറ്റർ സോൾസ്ബി പറഞ്ഞത്, താനും വിവിധ വിഭാഗം നേതാക്കളും ഈ സംഭവങ്ങളിൽ അമ്പരന്നു നിൽക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകളാണ് കുഴപ്പങ്ങൾക്കു പിന്നിലെന്നുമാണ്. ഒട്ടേറെപ്പേർ പുറത്തുനിന്നെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയൽകാലത്തേയുള്ള ഇന്ത്യൻ നിയമവകുപ്പായ 144 ബ്രിട്ടനിൽ ഇല്ലെങ്കിലും, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് അധികാരം കൊടുത്തു. ഇരുവിഭാഗങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നവ കൂടുതലും വ്യാജവാർത്തകളാണെന്നും പലതും പച്ചക്കള്ളമാണെന്നും മേയർ പ്രസ്താവിച്ചു. 

സമാധാനപാലനത്തിനു ദക്ഷിണേഷ്യൻ നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. ലെസ്റ്ററിലെ ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ പ്രതിനിധിയായി കരുതപ്പെടുന്ന സഞ്ജീവ് പട്ടേൽ പറഞ്ഞു: ‘‘ഹിന്ദു, ജൈന വിഭാഗക്കാരും മുസ്‌ലിം സഹോദരങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങൾ നിർഭാഗ്യകരമാണ്. എല്ലാവരും ശാന്തരാകണം, ഇതു സമാധാന സ്ഥാപനത്തിനുള്ള സമയമാണ്’’. 

അതുപോലെ, ലെസ്റ്ററിലെ ഫെഡറേഷൻ ഓഫ് മുസ്‌ലിം ഓർഗനൈസേഷൻ പ്രതിനിധി സുലൈമാൻ നഗ്ദി ബിബിസിയോടു പറഞ്ഞു: ‘‘നമുക്കു സമാധാനം വേണം. ഈ അക്രമങ്ങൾ നിർത്തിയേ തീരൂ. മാതാപിതാക്കളും മുത്തശ്ശി–മുത്തച്ഛന്മാരും ഇക്കാര്യം ചെറുപ്പക്കാരോടു പറഞ്ഞു മനസ്സിലാക്കണം. ’’

ഇന്ത്യക്കാർ പരസ്പരവും ഇന്ത്യ – പാക്ക് പൗരന്മാർ തമ്മിലുമുള്ള സ്നേഹസാഹോദര്യങ്ങളുടെ ഉത്തമ ഉദാഹരണമായി നമ്മുടെ പ്രവാസി സമൂഹത്തെ ലോകം കണക്കാക്കുന്ന വേളയിലാണ് ഈ പ്രശ്നങ്ങൾ ഉടലെടുത്തതെന്നതാണു വൈരുധ്യം. സാഹോദര്യത്തെ ക്രിക്കറ്റ് കൂടുതൽ ഊട്ടിയുറപ്പിക്കുകയാണു ചെയ്യുന്നത്, അല്ലാതെ വിഭജനവും വിദ്വേഷവും സൃഷ്ടിക്കുകയല്ല. 2019 ജൂണിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ച മത്സരം ഇന്ത്യ – പാക്ക് കാണികൾക്കിടയിലിരുന്നു കണ്ടതു ഞാൻ ഓർക്കുന്നു. പിന്നിലിരുന്ന ഹണിമൂൺ ദമ്പതികളെ ഞാനിപ്പോഴും മറന്നിട്ടില്ല. ഇന്ത്യൻ വംശജനായ ഭർത്താവും പാക്കിസ്ഥാൻകാരിയായ ഭാര്യയും. ഇരുവരും അവരവരുടെ ദേശീയ പതാകകൾ വീശു‌കയും അപ്പപ്പോൾ ‘സ്വന്തം’ ടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു!.

വ്യക്തിപരമായ ബന്ധത്തിനപ്പുറം അവർ കാണികളുടെ വികാരത്തോട് ആവേശപൂർവം കൂട്ടുചേരുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും മുറിവേറ്റ ചരിത്രങ്ങൾ കണക്കിലെടുക്കുമ്പോൾ, കാണികളുടെ പ്രതികരണങ്ങൾ അതിരുവിടുമെന്നു പ്രതീക്ഷിക്കുന്നവരെ കുറ്റം പറയാനാവില്ല. എന്നാൽ, ഇവിടെ ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും അവരവരുടെ മുദ്രാവാക്യങ്ങളും വിജയമന്ത്രങ്ങളും താളത്തിൽപാടി ഒറ്റ അലയായി സ്റ്റേഡിയത്തിൽ പടരുകയായിരുന്നു. 

അതുപോലെതന്നെ 2021 ഒക്ടോബറിൽ ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിച്ച മത്സരത്തിനു സാക്ഷികളായതു വൻ ജനക്കൂട്ടമാണ്. എന്നാൽ, ശത്രുതയുടെയോ വിദ്വേഷത്തിന്റെയോ കണികപോലും അവിടെ ഉയർന്നില്ല. കാരണം, ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും യുഎഇയിൽ തോളോടുതോൾ ചേർന്ന് ജോലിചെയ്യുന്നവരാണ്. സാമൂഹികമായി ഇരുകൂട്ടരും പരസ്പരം മനസ്സിലാക്കുന്നവരാണ്. പാക്കിസ്ഥാൻകാർ അവരുടെ ടീമിനെ കരകയറ്റാൻ പാടി പ്രോത്സാഹിപ്പിക്കുമ്പോൾ ഇന്ത്യക്കാർ സൗഹൃദപൂർവം അവർക്കുനേരെ ത്രിവർണപതാക വീശിക്കൊണ്ടേയിരുന്നു. ഇരുപക്ഷവും ജയിച്ച പ്രതീതിയായിരുന്നു കളി തീർന്നപ്പോൾ. 

ഇന്ത്യയ്ക്കും പാക്കിസ്ഥാനും പൊതുവായുള്ള എന്തെല്ലാം സവിശേഷതകളെ ഓർമിപ്പിക്കുന്നതാണ് ക്രിക്കറ്റ്! ഭാഷ, ഭക്ഷണം, വസ്ത്രധാരണം, വിനോദശീലങ്ങൾ, സംസ്കാരത്തിലെ അടുപ്പങ്ങൾ, എന്തിനധികം കായികാവേശം വരെ എന്തൊക്കെ യോജിപ്പുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ! ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കപ്പുറമുള്ള ഈ പൊതു സംസ്കാരച്ചേർച്ചകളെ ക്രിക്കറ്റ് അടിവരയിട്ടുറപ്പിക്കുകയല്ലേ? ഈ സാംസ്കാരിക അടിത്തറ രാഷ്ട്രീയ വിദ്വേഷക്കാലത്തിനും എത്രയോ മുൻപേ രൂപപ്പെട്ടതാണ്. അപരിചിത ദേശങ്ങളിൽ പ്രവാസി സമൂഹങ്ങൾ തമ്മിൽ കാണിക്കുന്ന സൗഹൃദം ഇതിന്റെ ബാക്കിപത്രമാണ്. ദുബായിയെപ്പറ്റി പറയുമ്പോൾ ഇതുകൂടി: അവിഭക്ത ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല നഗരമായി ദുബായിയെ കാണാം. 

ലെസ്റ്ററിൽ ഇതിനു വിപരീതമായാണു സംഭവിച്ചത്. ദക്ഷിണേഷ്യൻ വംശജരായ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഇവിടെ കൂടുതൽ സാംസ്കാരിക– സാമൂഹിക ഐക്യമാണ് ഉണ്ടാകേണ്ടത്. ബ്രിട്ടിഷ് സമൂഹത്തിലെ അവരുടെ ജീവിതം ഭിന്നിപ്പിക്കുന്നതിനെക്കാൾ അവരെ ഒന്നിപ്പിക്കുകയാണു ചെയ്യുന്നത്. അവരെ പൊതുതാൽപര്യങ്ങളും പ്രവാസികൾ എന്ന നിലയിലുള്ള പൊതുവായ ആവശ്യങ്ങളും ഓർമിപ്പിക്കേണ്ടതുണ്ട്. ഉപഭൂഖണ്ഡത്തിലെ മുൻവിധികളും വിദ്വേഷവുമൊക്കെ ഒരു വിദേശരാജ്യത്തേക്കു കയറ്റുമതി ചെയ്യുകയല്ല വേണ്ടത്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്നതു കൊളോണിയൽ കാലത്തെ ബ്രിട്ടിഷ് തന്ത്രമായിരുന്നു എന്നു നമുക്കറിയാം. ഇവിടെയിപ്പോൾ ആ വിഭജനങ്ങളുടെ നീക്കിയിരിപ്പു സ്വന്തം നാട്ടിൽ അവർക്കുതന്നെ വിനയായിരിക്കുന്നു. 

വാൽക്കഷണം

പകിട്ടോടെയും പ്രതാപത്തോടെയും തിങ്കളാഴ്ച നടന്ന, എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ അമേരിക്ക, ഫ്രാൻസ്, ഇന്ത്യയൊഴികെയുള്ള കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് അതതു രാഷ്ട്രങ്ങളുടെ ഭരണത്തലവന്മാരായിരുന്നു. ഇന്ത്യയിൽനിന്നു പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്കാരച്ചടങ്ങിനു പോയില്ല. പകരം, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആദ്യ വിദേശ സന്ദർ‌ശനമായി അതു മാറ്റുകയായിരുന്നു. ‘പഴയ രാജ്യ’ത്തോടും കോമൺവെൽത്തിനോടും ഇന്ത്യയ്ക്കു താൽപര്യം കുറഞ്ഞുവരുന്നു എന്നതിന്റെ സൂചനയാണോ ഇത്?

Content Highlights: India, Pakistan, Cricket, Sashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT