ADVERTISEMENT

സംസ്ഥാന സർക്കാർ പലപ്പോഴും പ്രകടിപ്പിക്കുന്ന ജനവിരുദ്ധതയുടെ സാക്ഷ്യമാണു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേട്ടത്. സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചവരുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കില്ലെന്നു സർക്കാർ കോടതിയെ അറിയിച്ചപ്പോൾ പിടിവാശിയുടെ മറ്റെ‍ാരു അടയാളക്കല്ലുതന്നെയായി അത്. പദ്ധതിയെ കേന്ദ്ര സർക്കാർ തള്ളിപ്പറയുകയും സാമൂഹികാഘാത പഠനം എന്തിനായിരുന്നുവെന്നു െഹെക്കോടതി ചോദിക്കുകയും ചെയ്തെങ്കിലും കേസ് തുടരുമെന്നുള്ള സംസ്ഥാന സർക്കാർ നിലപാടിൽ ജനങ്ങളോടുള്ള വെല്ലുവിളി തെളിയുന്നു.   

സിൽവർ‌ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു സംസ്ഥാനത്താകെ ഇരുനൂറ്റിയൻപതിലേറെ കേസ് ഇപ്പോഴുണ്ട്. ജനങ്ങളെ വലിച്ചിഴച്ചും ചവിട്ടിമെതിച്ചും ഇട്ട കല്ലുകൾ സർക്കാരിനു മറക്കാം. എന്നാൽ, ഇതിന്റെ പേരിൽ പെ‍ാലീസ് മർദനവും കേസും പിഴയുമടക്കം സഹിക്കേണ്ടിവന്ന ജനങ്ങൾക്ക് ആ പീഡനകാണ്ഡം മറക്കാനാവുമോ? ശാന്തമായി കഴിഞ്ഞുവന്ന എത്രയോ കുടുംബങ്ങൾക്കു നിനച്ചിരിയാതെ അനുഭവിക്കേണ്ടിവന്ന മനോവ്യഥയ്ക്കുള്ള മറുപടി എന്താണ്? കല്ലിടലിനു കെ– റെയിൽ ഇതിനകം ചെലവിട്ട വൻതുക ഏതു പാഴ്കണക്കിലാണ് ഇനി എഴുതിച്ചേർക്കേണ്ടത്? എന്തിനാണ് അനാവശ്യ ചെലവുണ്ടാക്കിയതെന്നു ഹൈക്കോടതി ചോദിച്ചതിനു കൃത്യമായ മറുപടി സർക്കാർ നൽകുകതന്നെ വേണം.

കല്ലുകൾക്കു പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹികാഘാത പഠനം നടത്താമെന്നു സർക്കാർതന്നെ സമ്മതിച്ച പശ്ചാത്തലത്തിൽ, കല്ലുകളിടുന്നതിൽ പ്രതിഷേധിച്ചവരെ കേസ് നടപടികളുടെ പേരിൽ കഷ്ടപ്പെടുത്തണമോ എന്നു ഹൈക്കോടതി ആരാഞ്ഞതു കഴിഞ്ഞ മാസാവസാനമാണ്. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാകുമായിരുന്നെന്നു കഴിഞ്ഞ തിങ്കളാഴ്ചയും കോടതി പറഞ്ഞു. പ്രതിഷേധിച്ചവരുടെ തലയ്ക്കു മുകളിൽ കേസുകൾ വാളുപോലെ ഉണ്ടാകാനാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും കോടതി പറയുകയുണ്ടായി. 

നിയമവിരുദ്ധ കൂടിച്ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പല കേസുകളിലും പല വകുപ്പുകളാണു ചുമത്തിയത്. കല്ലിടൽ നിർത്തിയെങ്കിലും സമരക്കാർക്ക് ഇപ്പോഴും സമൻസ് വരുന്നുണ്ട്. പല സ്റ്റേഷനുകളിലും കുറ്റപത്രം നൽകാനുള്ള നടപടികളെടുക്കുന്നുമുണ്ട്. ജോലിക്കും മറ്റുമായി വിദേശത്തേക്കുപോയ ചിലരുടെ കേസുകൾ ഇതിനകം പിഴചുമത്തി തീർക്കുകയുണ്ടായി.

എന്തിനുവേണ്ടിയാണു സർക്കാർ ഈ ജനവിരുദ്ധ നിലപാടു തുടരുന്നത്? സിൽവർലൈനിന്റെ വിശദപദ്ധതിരേഖ (ഡിപിആർ) കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അതിനെ ‘പദ്ധതി’യെന്നുപോലും പറയാനാവില്ലെന്നാണു കേന്ദ്രസർക്കാരിനുവേണ്ടി ഡപ്യൂട്ടി സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ അറിയിച്ചത്. പദ്ധതിയുടെ ഡിപിആർ സംബന്ധിച്ചു തങ്ങൾ ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ– റെയിൽ കോർപറേഷൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നു റെയിൽവേ ബോർഡും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പദ്ധതിയിൽനിന്നു പിന്മാറില്ലെന്നും നടപ്പാക്കുമെന്നും ഇപ്പോഴും ആവർത്തിക്കുന്നുണ്ടെങ്കിലും വെല്ലുവിളിക്കുന്നത്ര എളുപ്പമല്ല കാര്യങ്ങളെന്നു സർക്കാർ മനസ്സിലാക്കിയിരിക്കുന്നു. കേന്ദ്രാനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കാനാവില്ലെന്നു പണ്ടേ അറിയാമായിരുന്നിട്ടും സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ മുതിർന്നതിനു സർക്കാർ ഉത്തരം പറയേണ്ടതുണ്ട്. പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനു മുൻപ് എന്തിനാണ് ഈ തിടുക്കമെന്നു ഭരണമുന്നണിയിൽപെട്ടവർ പോലും അക്കാലത്തു സർക്കാരിനോടു ചോദിച്ചതാണ്.

ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്കു വസ്തുനിഷ്ഠവും യുക്തിസഹവുമായ മറുപടി നൽകാത്ത സർക്കാർ, പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്നു സംസ്ഥാന കെ– റെയിൽ സിൽവർലൈൻ വിരുദ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തമായി പദ്ധതി രേഖ തയാറാക്കുകയോ പഠനങ്ങൾ നടത്തുകയോ ചെയ്യാതെയും നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയുമാണു ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതെന്നും സമിതി പറയുന്നു. 

സിൽവർലൈൻ പദ്ധതിക്കുവേണ്ടി കല്ലിട്ടതിന്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു ക്ഷമ ചോദിക്കേണ്ട ധാർമികബാധ്യത സർക്കാരിനുണ്ട്. ജനങ്ങളുടെമേൽ അനാവശ്യമായി ചുമത്തിയ കേസുകൾ റദ്ദാക്കിയും ഈടാക്കിയ പിഴ തിരിച്ചുകെ‍ാടുത്തുമാണ് അടിയന്തരമായി അതു തെളിയിക്കേണ്ടത്. ജനങ്ങൾ ഒപ്പമില്ലെങ്കിൽ ഒരു പദ്ധതിയും മുന്നോട്ടുപോകില്ലെന്നു സർക്കാർ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ ഉത്തരം പറയേണ്ടതു കാലത്തോടാവും.

 

English Summary: Silverline protest: Cases should be withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com