ADVERTISEMENT

സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ, പോർവിളികളിൽ മുങ്ങിയിരിക്കുകയാണ് സിപിഐ. 75 വയസ്സ്  പരിധി പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാക്കിയിരിക്കുന്നു

സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ, പോർവിളികളിൽ മുങ്ങിയിരിക്കുകയാണ് സിപിഐ. 75 വയസ്സ്  പരിധി പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാക്കിയിരിക്കുന്നു

സിപിഐ 75 എന്ന പ്രായപരിധിയിൽ തട്ടി രണ്ടു ചേരികളായി നിൽക്കുകയാണ്. ഇതേ 75 പരിധി സിപിഎം പ്രാബല്യത്തിൽ വരുത്തിയതു പൂവ് നൂള്ളിയെടുക്കുന്ന ലാഘവത്തോടെയാണ്. സിപിഐയിൽ നടപ്പാക്കാൻ ഇറങ്ങുന്നവർക്കാകട്ടെ കല്ലേറും.

സിപിഎമ്മിനെക്കാൾ അച്ചടക്കവും കെട്ടുറപ്പും അവകാശപ്പെടുന്ന പാർട്ടിയാണു സിപിഐ. തർക്കവിതർക്കങ്ങൾ അങ്ങനെ പുറത്തേക്കു വരാറില്ല. പക്ഷേ, സംസ്ഥാന സമ്മേളനത്തിനു കൊടിയേറും വേളയിൽ പോർവിളികൾകൊണ്ട് പാർട്ടി മുങ്ങിയിരിക്കുന്നു.

സിപിഎമ്മിന് അനായാസം സാധിച്ചത് എന്തുകൊണ്ടാകും സിപിഐയിൽ ചേരിതിരിവിനും എതിർപ്പിനും കാരണമായത്? പ്രായപരിധി കേരള സമ്മേളനത്തിൽ ചോദ്യംചെയ്യപ്പെടും എന്നുറപ്പായി. പാർട്ടി കോൺഗ്രസിൽ ഭരണഘടനാ ഭേദഗതിയായി കൊണ്ടുവരുമ്പോഴും എതിർക്കപ്പെടും. ചില സംസ്ഥാന ഘടകങ്ങൾ കേന്ദ്രനേതൃത്വത്തെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

എന്തുകൊണ്ട് 75?

ദേശീയ തലത്തിൽ വളർച്ചയില്ലെന്ന നിഗമനമാണ് ഈ തീരുമാനത്തിനു സിപിഐയെ പ്രേരിപ്പിച്ചത്. ആറ്– ആറര ലക്ഷത്തിൽ  കറങ്ങുകയാണ് അംഗസംഖ്യ. ചെറുപ്പക്കാർക്കു വരാൻ താൽപര്യമില്ല. താരമായിരുന്ന കനയ്യകുമാർ എന്ന ചെറുപ്പക്കാരൻ  സിപിഐയെ ഉപേക്ഷിച്ചു. ബിഹാറിൽ കനയ്യ ഗാങ്ങും മുതിർന്നവരും തമ്മിലുള്ള തലമുറ വിടവാണ് പാർട്ടി വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതേ ബിഹാറിലാണ് 75 കഴിഞ്ഞ രാം നരേഷ് പാണ്ഡെ വീണ്ടും സംസ്ഥാന സെക്രട്ടറിയായതും.

വിപ്ലവകരമായ തീരുമാനങ്ങളിലൂടെ മാത്രമേ ഈ സ്തംഭനാവസ്ഥ മുറിച്ചു കടക്കാനാവൂ എന്നു ദേശീയ നിർവാഹക സമിതിയും കൗൺസിലും വിലയിരുത്തി. ആ സമിതികളിൽ അംഗമായ കെ.ഇ. ഇസ്മായിൽ എതിർപ്പ് അപ്പോൾ പറഞ്ഞതായി വിവരമില്ല. പാർട്ടി സമ്മേളനങ്ങൾക്കു മുന്നോടിയായി അവതരിപ്പിക്കുന്ന മാ‍ർഗരേഖകൾ സാധാരണ കർശനമായി നടപ്പാക്കാറില്ലല്ലോ എന്നതാണ് ആ മൗനത്തിനു ന്യായീകരണമായി ഇസ്മായിൽ പക്ഷക്കാർ ചൂണ്ടിക്കാട്ടുന്നത്.

എന്തുകൊണ്ട് എതിർപ്പ്? 

സിപിഎമ്മിന്റെ നിർദേശത്തിൽ ആശയക്കുഴപ്പം ഒന്നും ഇല്ലായിരുന്നു: 75 വയസ്സ് കഴിഞ്ഞവരെ ഏരിയ മുതലുള്ള പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കും. അവരെ തൊട്ടുതാഴെയുള്ള ഘടകത്തിൽ ക്ഷണിതാവാക്കും. സേവനം ഏതൊക്കെ നിലയിൽ ഉപയോഗിക്കുമെന്ന് അവരോടു പറയും.

സിപിഐയിൽ വിചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പിടി നിർദേശങ്ങൾകൂടി  ഉണ്ടായി. ജില്ലാ സെക്രട്ടറിക്ക് പ്രായപരിധി 65, ജില്ലയിലെ അസി.സെക്രട്ടറിമാർക്കു രണ്ടു പേർക്കും സെക്രട്ടറിയെക്കാൾ പ്രായം കുറവായിരിക്കണം, ഒരു അസി. സെക്രട്ടറി 50 വയസ്സിൽ താഴെയുള്ള ആളായിരിക്കണം, സംസ്ഥാന കൗൺസിലിന്റെ 40% അൻപതിൽ താഴെ പ്രായം ഉള്ളവരായിരിക്കണം. പാർട്ടിക്കാർക്കു തന്നെ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതായി വ്യവസ്ഥകൾ. കേന്ദ്ര നേതൃത്വത്തിന്, ആദ്യ മാർഗരേഖയിൽ വ്യക്തത വരുത്തി പുതിയ സർക്കുലർ അയയ്ക്കേണ്ടി വന്നു. 

ഇതു സമ്മേളന മാർഗരേഖ മാത്രമാണെന്നും ഇളവുകൾ വരുത്താനുള്ള സ്വാതന്ത്ര്യം ബന്ധപ്പെട്ട ഘടകങ്ങൾക്ക് ഉണ്ടെന്നുമാണ് 75നെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. 50 വയസ്സിൽ താഴെയുള്ള ഒരാളെ ജില്ലാ അസി. സെക്രട്ടറി ആക്കണമെന്ന നിർദേശം മുൻപും വന്നിട്ടുണ്ട്; നടപ്പാക്കിയിട്ടില്ല. 

മാർഗരേഖ, തീരുമാനമായി മാറണമെങ്കിൽ പാർട്ടി കോൺഗ്രസ് അതു ഭരണഘടനാ ഭേദഗതിയിലൂടെ അംഗീകരിക്കണം. അതിനു മുൻപു തിരക്കുപിടിച്ച് നടപ്പാക്കുന്നതിനു പിന്നിൽ ചിലരെ ഒഴിവാക്കുക എന്ന ഗൂഢോദ്ദേശ്യമാണ് എന്നാണ് ആക്ഷേപം. സിപിഎം ഇതേ 75 വയസ്സ് പരിധി കേന്ദ്രകമ്മിറ്റി നിർദേശമായി പാർട്ടി സമ്മേളനങ്ങളിൽ നടപ്പാക്കിയിരുന്നു. പിന്നീട്, കണ്ണൂർ പാർട്ടി കോൺഗ്രസ് ഭരണഘടനാ ഭേദഗതിയിലൂടെ അതിനു സാധുത വരുത്തി. 

എന്തുകൊണ്ട് അവിശ്വാസം?

75 വയസ്സ് കഴിഞ്ഞവരെ ജില്ലാ കൗൺസിലുകളിൽനിന്ന് ഇതിനകം ഒഴിവാക്കിയല്ലോ എന്നു കാനം വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ 75 പിന്നിട്ടവരും ചില കൗൺസിലുകളിൽ ഉണ്ടെന്ന് എതിർവിഭാഗം പറയുന്നു. 75 എന്നതു ജില്ലകൾക്കല്ല, സംസ്ഥാന–ദേശീയ കൗൺസിലുകൾക്കാണു ബാധകം എന്നാണ് കഴിഞ്ഞ കൗൺസിലിൽ വാദപ്രതിവാദം നടന്നപ്പോൾ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു വിശദീകരിച്ചത്. 

സംസ്ഥാന നേതൃനിരയിൽതന്നെ അവ്യക്തതയും അവിശ്വാസവും നിലനിൽക്കുന്നു എന്നു വ്യക്തം.

എതിർപ്പുമായി രംഗത്തുവന്ന ഇസ്മായിലും സി.ദിവാകരനും ജില്ലകളിൽ മാർഗരേഖ നടപ്പാക്കുന്നതിനു കാർമികത്വം വഹിച്ചവരാണ്. മാർഗരേഖ തങ്ങളെ അവതാളത്തിലാക്കുമെന്നായതോടെ ഇരുവരും ഇടഞ്ഞത് ഇരട്ടത്താപ്പാണെന്നു കാനം വിഭാഗം ആരോപിക്കുന്നു. എതിർപ്പ് രണ്ടുപേർക്കു മാത്രമല്ലെന്നും വലിയ വിഭാഗം സഖാക്കൾ വിയോജിക്കുന്നുണ്ടെന്നുമാണ് ഇതിനുള്ള മറുപടി. 

സിപിഎം ഈ കളികണ്ട് ഊറിച്ചിരിക്കുന്നുണ്ടാകും. വിഭാഗീയതയുടെ പേരിൽ എത്ര പഴി കേട്ടവരാണ് അവർ. അന്നെല്ലാം ഞങ്ങളെ മാതൃകയാക്കൂ എന്ന് നല്ല കുട്ടി നടിച്ചിരുന്ന പാർട്ടിയെ ഒരു മാർഗരേഖ മാർഗം മുട്ടിക്കുന്നു.

English Summay: CPI age controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com