ADVERTISEMENT

രണ്ടോ മൂന്നോ വർഷത്തിനിടെ തിരുവനന്തപുരത്ത് തീരശോഷണവും കടൽക്ഷോഭവും മൂലം തകർന്നത് മുന്നൂറിലേറെ വീടുകളെന്ന് ലത്തീൻ അതിരൂപത. തുറമുഖനിർമാണമാണ് കാരണമെന്ന് അവർ വിലയിരുത്തുന്നു. എന്നാൽ, ഇതു തെളിയിക്കുന്ന പഠനങ്ങളൊന്നും ഇല്ലെന്നാണു സർക്കാർ വാദം. 

വിഴിഞ്ഞം തുറമുഖനിർമാണം നടക്കുന്നിടത്ത് 46 ദിവസമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. ഇതിനകം ഏഴു ചർച്ചകൾ നടന്നു. മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ നാലു ചർച്ചകൾക്കു പുറമേ, മുഖ്യമന്ത്രി, ഗവർണർ, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെയും സമരക്കാർ കണ്ടു. എന്നിട്ടും എന്തുകൊണ്ടാകും സമരം അവസാനിക്കാത്തത്? അതിന് ആദ്യമറിയേണ്ടതു സമരത്തിന്റെ കാരണമാണ്.

ഇടിഞ്ഞ് തീരം, പിന്നിലെന്ത്?

വിഴിഞ്ഞത്തിന്റെ പ്രകൃതിദത്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തി രാജ്യാന്തര തുറമുഖം നിർമിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു 2004ൽ വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡ് അഥവാ വിസിൽ എന്ന കമ്പനിക്കു സംസ്ഥാന സർക്കാർ രൂപം നൽകിയത്. അദാനി പോർട്സ് ലിമിറ്റഡ് 2015 ഡിസംബർ 5നു തുടങ്ങിയ തുറമുഖ നിർമാണം കരാറനുസരിച്ച് 2019 ഡിസംബർ 3നു പൂർത്തിയാകണമായിരുന്നു. എന്നാൽ, കരാർ കാലാവധി പിന്നിട്ട് 2 വർഷവും 9 മാസവും കഴിഞ്ഞിട്ടും ബ്രേക്ക് വാട്ടറിന്റെ(പുലിമുട്ട്) നിർമാണം മൂന്നിലൊന്നേ പൂർത്തിയായിട്ടുള്ളൂ. 3100 മീറ്റർ വേണ്ടസ്ഥാനത്ത് 1350 മീറ്റർ മാത്രം. 

രണ്ടു മൂന്നു വർഷത്തിനിടെ പനത്തുറ, പൂന്തുറ, വലിയതുറ, ചെറിയതുറ, കൊച്ചുതോപ്പ്, കണ്ണാന്തുറ, കൊച്ചുവേളി, വെട്ടുകാട് എന്നിവിടങ്ങളിലെല്ലാം തീരശോഷണവും ശക്തമായ കടൽക്ഷോഭവുമുണ്ടായി. മുന്നൂറിലധികം വീടുകൾ തകർന്നെന്നാണ് അതിരൂപതയുടെ കണക്ക്. തുറമുഖത്തിന്റെ ഭാഗമായ ബ്രേക്ക് വാട്ടർ നിർമാണമാണ് ഇതിനു കാരണമെന്ന് അതിരൂപതയും ഒരു പഠനത്തിലും ഇങ്ങനെയൊരു കണ്ടെത്തൽ ഇല്ലെന്നു വിസിൽ അധികൃതരും സർക്കാരും നിലപാടെടുക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു മുൻപാണു മുതലപ്പൊഴിയിൽ ഫിഷിങ് ഹാർബർ നിർമിച്ചത്. ഇതിന്റെ ആഘാതത്തിൽ താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പിള്ളി എന്നിവിടങ്ങളിൽ തീരശോഷണമുണ്ടായെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. 

കഴിഞ്ഞ വർഷങ്ങളിലെ തീരശോഷണം കൂടിയായപ്പോൾ മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമാണത്തിനെതിരെ രംഗത്തുവന്നു. മുൻകാലങ്ങളിൽ കടൽക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ടവരെ സർക്കാ‍ർ തിരിഞ്ഞു നോക്കാതിരിക്കുകയും മണ്ണെണ്ണ സബ്സിഡി ഉൾപ്പെടെ ഉപജീവനത്തിനുള്ള ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളി സമൂഹത്തിനു മുറിവേറ്റു. 

ship

ചോദ്യങ്ങളേറെ

നിർമാണം നിർത്തിവച്ചു പഠനം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നാണു സമരം തുടരുന്നത്. ഈ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറല്ല. അതേസമയം, വിദഗ്ധസമിതിയെ വയ്ക്കുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും സമിതി രൂപീകരിച്ചിട്ടില്ല. മുട്ടത്തറയിൽ നിർമിക്കുമെന്നു പറഞ്ഞ ഫ്ലാറ്റിന് എന്നു തറക്കല്ലിടും, മണ്ണെണ്ണ സബ്സിഡി സംബന്ധിച്ച പ്രമേയം പാസാക്കാൻ നിയമസഭ എന്നു ചേരും, സബ്സിഡി കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തു ചെയ്യും, മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം പരിഹരിക്കാൻ എന്തു നടപടിയായി, കാലാവസ്ഥാ പ്രവചനംമൂലം തൊഴിൽ നഷ്ടപ്പെട്ട ദിവസത്തെ വേതനം എപ്പോൾ നൽകും, 5500 രൂപ വാടകയ്ക്കു മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ എത്ര വീടുകൾ കണ്ടെത്തി? മത്സ്യത്തൊഴിലാളികളുടെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. 

വേണം നടപടി

ഫിഷറീസ് വകുപ്പ് കൊച്ചി ചെല്ലാനത്ത് തീരസംരക്ഷണത്തിനു ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂന്തുറയിൽ ജിയോട്യൂബുകളാണു നിരത്തുന്നത്. അഞ്ചുതെങ്ങിൽ പുലിമുട്ട് നിർമിക്കുന്നതിനു ഭരണാനുമതിയായി. തീരസംരക്ഷണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുവെന്നു വകുപ്പു പറയുന്നു. കാസർകോട് ജില്ലയിൽ യുകെ യൂസഫ് ഇഫക്ട് എന്ന പേരിൽ ഒരു സാങ്കേതിക വിദ്യ സ്വകാര്യ സംരംഭകൻ സർക്കാർ അനുമതിയോടെ പരീക്ഷിച്ചിട്ടുണ്ട്. ഇതു വിജയം കണ്ടാൽ പകർത്താനാകും. ലോകത്തെങ്ങും തീരസംരക്ഷണത്തിനു പല മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. മണൽ റീ സൈക്ലിങ്, ബൈ പാസിങ്, റീചാർജിങ് എന്നിങ്ങനെ. കൂടുതൽ പ്രായോഗികവും സുസ്ഥിരവുമായ വഴികളിലേക്കു സർക്കാർ പോകണം. വാഗ്ദാനങ്ങൾ കേട്ടുപഴകിയ മത്സ്യത്തൊഴിലാളി സമൂഹം ഇനി നടപടികളാണ് ആഗ്രഹിക്കുന്നത്. 

ship

ആവശ്യങ്ങൾ ഏഴ്

സമരസമിതിയുടെ ഏഴ് ആവശ്യങ്ങളും അതിനോടുള്ള സർക്കാർ പ്രതികരണവും

1. തീരശോഷണത്തിനു ശാശ്വതപരിഹാരം വേണം

∙ ഓരോ തീരത്തിനും യോജിച്ച തീരസംരക്ഷണ മാർഗങ്ങൾ എന്താണോ, അതു ചെയ്യാം. 

2. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു മാറിത്താമസിക്കാൻ വാടക നൽകണം

∙ 5500 രൂപ മാസവാടക നൽകുന്ന പദ്ധതിക്കു സർക്കാർ തുടക്കം കുറിച്ചു. കണ്ടെത്തിയ 282 കുടുംബങ്ങളിൽ 54 പേരുടെ അക്കൗണ്ടിലേക്കു പണമെത്തി.  

3. ശാശ്വത പുനരധിവാസ പദ്ധതി വേണം

∙ മുട്ടത്തറയിലെ പത്തേക്കറിൽ 

ഫ്ലാറ്റ് നിർമാണം ഉടൻ ആരംഭിക്കും. 

4. കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴിൽനഷ്ടം അനുഭവിച്ചവർക്കു മിനിമം വേതനം നൽകണം 

∙ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മുൻപും വേതനം നൽകിയിട്ടുണ്ട്. 

5. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമിച്ച ഫിഷിങ് ഹാർബർ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കണം

∙ ഡ്രജ് ചെയ്ത മണൽ തീരശോഷണമുള്ളിടത്തു നിക്ഷേപിക്കും. നിർമാണത്തിലെ അശാസ്ത്രീയത പഠിക്കും.

6. മണ്ണെണ്ണവില കുറയ്ക്കാൻ സർക്കാർ ഇടപെടണം, സബ്സിഡി വർധിപ്പിക്കണം

∙ മണ്ണെണ്ണ വില നിശ്ചയിക്കുന്നതു കേന്ദ്രം. 

നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയയ്ക്കാം. ഡീസൽ എൻജിനുകളിലേക്കു മാറാനുള്ള സബ്സിഡി നൽകാം. 

7. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു പഠിക്കണം

∙ തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. 3 മാസത്തിനകം റിപ്പോർട്ട് വാങ്ങും. നിർമാണം നിർത്തിവയ്ക്കില്ല. 

Print

പഠനവും രേഖയും നിരത്തി സർക്കാർ

മത്സ്യത്തൊഴിലാളികളുടെ വാദം വിസിലും സർക്കാരും തള്ളുന്നത്  പഠന റിപ്പോർട്ടുകളും ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി) ഉൾപ്പെടെയുള്ളവയുടെ വിധികളും ആധാരമാക്കിയാണ്. അദാനി പോർട്സ് ചിത്രത്തിലേ ഇല്ലാതിരുന്നപ്പോഴാണു പരിസ്ഥിതിപഠനം നടന്നത്. വടക്കുഭാഗത്ത് നിർമാണം കാര്യമായ ആഘാതം ഏൽപിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. നിർമാണം കഴിഞ്ഞ് 10 വർഷത്തിനുള്ളിൽ, തെക്ക് തീരംവച്ചു തുടങ്ങും.  ഈ റിപ്പോർട്ട് അംഗീകരിച്ചാണു കേന്ദ്രം 2014ൽ പരിസ്ഥിതി അനുമതി നൽകിയത്. ഇതിനെതിരായ പരാതികൾ 2016ൽ  എൻജിടി തള്ളിയിരുന്നു. എൻജിടി നിർദേശപ്രകാരം വിദഗ്ധസമിതിയും തീരരേഖാ നിരീക്ഷണ സമിതിയും രൂപീകരിച്ചു. 

അന്നു മുതൽ തുറമുഖത്തിന്റെ തെക്കും വടക്കുമായി 20 കിലോമീറ്റർ പരിധിയിൽ ഈ സമിതികൾ ആറുമാസത്തിലൊരിക്കൽ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.  തുറമുഖ നിർമാണം നടക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയും വിസിലും സർക്കാരും എടുത്തുകാട്ടുന്നു. അടിമലത്തുറ മുനമ്പു മുതൽ കോവളം മുനമ്പു വരെയുള്ള ഈ പ്രദേശം, അകത്തു മാത്രം മണൽ കയറിയിറങ്ങുന്ന ഒരു ‘പോക്കറ്റ്’ ആണ്. സെഡിമെന്റ് സബ് സെൽ എന്നു വിശേഷിപ്പിക്കാവുന്ന ഈ പ്രദേശത്ത്, സെല്ലിനുള്ളിൽ നടക്കുന്ന മണൽ നീക്കം സമീപപ്രദേശങ്ങളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. 5 കിലോമീറ്റർ പരിധിയിലുള്ള കോവളം ബീച്ചിലോ സമുദ്ര ബീച്ചിലോ തീരശോഷണമുണ്ടായിട്ടില്ല.  അങ്ങനെയുള്ളപ്പോൾ 16 കിലോമീറ്റർ ദൂരെയുള്ള ശംഖുമുഖത്തെ എങ്ങനെ ബാധിക്കുമെന്നാണു വിസിലിന്റെ ചോദ്യം. 2017ൽ ഓഖി വന്നശേഷം 12 ചുഴലിക്കാറ്റുകളാണു പിന്നാലെ വന്നത്. അതിന്റെയെല്ലാം ഭാഗമാണ് തീരശോഷണമെന്നു സർക്കാർ പറയുന്നു. 

പാളിയോ പാക്കേജ്

വിഴിഞ്ഞം തുറമുഖം വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർക്കും തീരശോഷണത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നവർക്കുമായി 475 കോടി രൂപയുടെ പാക്കേജാണ് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ചതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.  ഇതുവരെ മുടക്കിയതോ 100 കോടി രൂപയും. തൊഴിൽ നഷ്ടപ്പെട്ട എല്ലാവർക്കും പ്രയോജനം ലഭിച്ചിട്ടില്ല. കണക്കെടുപ്പു പൂർത്തിയായി വരുന്നതേയുള്ളൂ. ഇപ്പോഴത്തെ തീരശോഷണം തുറമുഖ നിർമാണത്തിന്റെ ഭാഗമാണെന്നു കണ്ടെത്തിയാൽ, അതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവരെ പാക്കേജിന്റെ ഭാഗമായി പുനരധിവസിപ്പിക്കേണ്ടിവരും. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനു കാരണം അതാണെന്നു മത്സ്യത്തൊഴിലാളികൾ വാദിക്കുന്നു. ജൂൺ– ഓഗസ്റ്റ് മാസങ്ങളിൽ നഷ്ടപ്പെടുന്ന തീരം സെപ്റ്റംബർ– ഒക്ടോബറിൽ തിരിച്ചുവരികയായിരുന്നു പതിവ്. എന്നാൽ, തിരിച്ചുവരാത്ത രീതിയിൽ കടലിൽ തടസ്സമുണ്ടാക്കിയിരിക്കുന്നു എന്നാണ് ആരോപണം. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനെല്ലാം കാരണമെങ്കിൽ എല്ലാ തീരദേശങ്ങളിലും ഇതു ബാധിക്കേണ്ടതല്ലേ എന്നും ഇവർ ചോദിക്കുന്നു. 

പുനരധിവസിപ്പിക്കണം 21,011 കുടുംബങ്ങളെ

തീരശോഷണവും കടലാക്രമണവും മൂലം വീടിനു ഭീഷണിയുള്ള 21,011 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ടെന്നാണു ഫിഷറീസ് വകുപ്പിന്റെ കണക്ക്. എന്നാൽ, 8436 പേർ മാത്രമേ പുനർഗേഹം പദ്ധതി വഴി താമസം മാറാൻ സമ്മതമറിയിച്ചിട്ടുള്ളൂ. ഇതിൽ 3408 പേർ ഭൂമി കണ്ടെത്തി. പദ്ധതിപ്രകാരം നിലവിൽ 276 കുടുംബങ്ങളെയാണു ഫ്ലാറ്റുകളിൽ പുനരധിവസിപ്പിച്ചത്. 898 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളുടെ നിർമാണം നടക്കുന്നു. 

‘വിഴിഞ്ഞം തന്ത്രപ്രധാനം’

കേരളത്തിലെ മേജർ തുറമുഖമായ കൊച്ചിയിൽനിന്ന് 7 മണിക്കൂറാണു രാജ്യാന്തര കപ്പൽചാലിലേക്കുള്ള ദൂരം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ ഒരു മണിക്കൂർ കൊണ്ടെത്താമെന്നും 10 നോട്ടിക്കൽ മൈൽ മാത്രമാണു ദൂരമെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇന്ത്യയ്ക്ക്  ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഇപ്പോഴില്ല. അടുത്തുള്ളതു കൊളംബോയാണ്. വിഴിഞ്ഞം ഈ കുറവു പരിഹരിക്കും. 7,700 കോടി രൂപയാണു നിർമാണച്ചെലവ്. 

ഹോട്സ്പോട്ട് എത്ര, ആർക്കറിയാം?

സംസ്ഥാനത്ത് കടലാക്രമണത്തി‍ൽനിന്ന് അടിയന്തരമായി സംരക്ഷിക്കേണ്ട ഹോട്ട് സ്പോട്ട് തീരപ്രദേശം എത്ര കിലോമീറ്ററാണ്? 57 എന്നാണു ഫിഷറീസ് വകുപ്പിന്റെ മറുപടി. ഇറിഗേഷൻ വകുപ്പ് പറയുന്നത് 35 കിലോമീറ്ററെന്നും. രണ്ടും വ്യത്യസ്ത കണക്കായതിനാലാണ് തീരപ്രദേശത്തു പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളെല്ലാം ചേർന്നു  സർവേ നടത്തണമെന്നു 2021 ജൂലൈയിൽ തീരുമാനമെടുത്തത്. ഫിഷറീസ്, ഹാർബർ എ‍ൻജിനീയറിങ്, ഇറിഗേഷൻ വകുപ്പുകളുടെയും തീരദേശ വികസന കോർപറേഷന്റെയും പ്രതിനിധികളടങ്ങിയ സംഘത്തെയും നിയോഗിച്ചു. 2021 ഓഗസ്റ്റ് 25ന് അകം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ വരെ പഠനം നടക്കുകയോ റിപ്പോർട്ട് കൊടുക്കുകയോ ചെയ്തിട്ടില്ല. തീരസംരക്ഷണത്തിന്റെ കാര്യത്തിൽ അത്രയ്ക്കുണ്ടു സർക്കാരിന്റെ ശുഷ്കാന്തി!

 

(പരമ്പര അവസാനിച്ചു)

തയാറാക്കിയത്: ജോജി സൈമൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com