ADVERTISEMENT

നമ്മുടെ അളവുതൂക്കങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരേയൊരു മൃഗം ആനയാണ്. ആനവലുപ്പം, ആനമണ്ടത്തരം, ആനപ്പൊക്കം, ആനനട എന്നിങ്ങനെ ആവുന്നിടത്തൊക്കെ ആനയിൽ ചാരിനിൽക്കാൻ നമുക്കു സന്തോഷമാണ്. 

കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിക്കു പേരിടേണ്ടിവന്നപ്പോൾ ഒരുനിമിഷം ആലോചിക്കാതെ നമ്മുടെ പൂർവികർ ആനമുടിയെന്നു വിളിച്ചു. എന്തിന്, ആനത്തലവട്ടം ആനയിൽനിന്നാണുണ്ടായതെന്ന് ആനത്തലവട്ടം ആനന്ദൻപോലും സമ്മതിക്കും.

ആനപ്പക ആനയുടെ പകയാണോ ആനവലുപ്പമുള്ള പകയാണോ എന്ന കാര്യത്തിൽ ഭാഷാപണ്ഡിതർ ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞിട്ടില്ല. 

നമ്മുടെ ആനന്ദങ്ങളിൽ ഇക്കൊല്ലം ആനയ്ക്കു പുറമേ പാപ്പാൻകൂടി ചേർന്നു എന്നതു സ്വാതന്ത്ര്യത്തിന്റെ ഈ ജൂബിലി വേളയ്ക്ക് ആനച്ചന്തം നൽകുന്നു. രാജ്യത്തെ ഏറ്റവും മികച്ച ആനപ്പാപ്പാനു പുരസ്കാരം നൽകാൻ കേന്ദ്ര–വനം പരിസ്ഥിതി വകുപ്പു തീരുമാനിച്ചപ്പോൾ ആദ്യത്തേതു വന്നുവീണതു സർക്കാർമുദ്രയിൽ രണ്ട് ആനകളുള്ള കേരളനാട്ടിലാണ്. 

അപ്പുക്കുട്ടന്റെ അയൽക്കാരനായ കറവക്കാരൻ ഇതോടെ ആവേശത്തിലായി. രാജ്യത്തെ ഏറ്റവും മികച്ച കറവക്കാരൻ താനാണെന്ന്, വെൺമയാർന്നൊരു ശീൽക്കാരത്തോടെ പാൽപ്പാത്രത്തിലേക്കു പാൽ ചുരന്നുവീഴുമ്പോഴൊക്കെ അദ്ദേഹം വിചാരിക്കുന്നു. പാലായി ചുരത്തുന്നതു സ്നേഹമാണെന്നും ആ സ്നേഹത്തിന്റെ കാർമികനായ കറവക്കാരൻ / കറവക്കാരി ദേശസ്നേഹത്തിന്റെതന്നെ പ്രതീകമാണെന്നും അദ്ദേഹം പാൽപ്പുഞ്ചിരി ചേർത്തു വിശ്വസിക്കുന്നു.  ആനപ്പാപ്പാനു ദേശീയ പുരസ്കാരം നൽകാമെങ്കിൽ കറവക്കാരനും അതു വേണ്ടതല്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു പശു വാലാട്ടി പിന്തുണ അറിയിക്കുന്നു. 

പനമ്പട്ടപോലെ പോഷകമൂല്യമുള്ള വസ്തുക്കൾ ആനയ്ക്കു ലഭ്യമാക്കുന്ന ജോലി പാപ്പാന്റേതാണെന്നു നമുക്കറിയാം. അതിന്റെ മൂല്യംകൂടി കണക്കാക്കിയാവണം പുരസ്കാരം നിശ്ചയിച്ചത്. അങ്ങനെ നോക്കുമ്പോൾ കാലിമേയ്ക്കുന്നവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. 

ചങ്ങമ്പുഴയുടെയും രമണന്റെയും കാലത്ത് കാനനഛായയിലാടുമേയ്ക്കുന്നത് ഒരു കാൽപനിക പരിപാടിയായിരുന്നു. ഗാന്ധിജിയുടെ കാലത്ത് ദേശീയമൃഗത്തിനു തുല്യമായ സ്ഥാനമായിരുന്നു ആടിന്. വട്ടമേശ സമ്മേളനത്തിനു ലണ്ടനിലേക്കു പോയപ്പോൾ മഹാത്മജിക്കൊപ്പം രണ്ട് ആടുകളും പോയി; അദ്ദേഹത്തിന് ആട്ടിൻപാൽ കുടിക്കാൻ. എന്നാൽ, ആട്ടിടയന് ഇപ്പോഴും ദേശീയ പുരസ്കാരമില്ല. ആട് എത്ര കരഞ്ഞാലും പശുവാകില്ലല്ലോ. 

വൈക്കം മുഹമ്മദ് ബഷീറിന്റെ മേൽവിലാസമുള്ള പാത്തുമ്മയുടെ ആട് പുസ്തകങ്ങളാണു ഭക്ഷിച്ചിരുന്നതെന്നു നമുക്കറിയാം. മേയ്ക്കാൻ ആരുമില്ലാതിരുന്നതിനാൽ പാത്തുമ്മയുടെ ആട് സ്വന്തനിലയ്ക്കു പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. സാഹിത്യാസ്വാദനത്തിൽ ആടിനു സ്വന്തമായൊരു സ്ഥാനം കൈവന്നത് അങ്ങനെയാണ്. 

ആനയെ വരച്ചവരയിൽ നിർത്തുന്ന ഉപകരണം തോട്ടിയാണെങ്കിലും, നിർഭാഗ്യമെന്നു പറയട്ടെ, തോട്ടിക്കു പുരസ്കാരമില്ല. പാപ്പാനെ ആദരിക്കുമ്പോൾ തോട്ടി കാണാതിരിക്കുന്നത് ആനവലുപ്പമുള്ള നോട്ടപ്പിശകാണെന്ന കാര്യത്തിൽ അപ്പുക്കുട്ടനു സംശയമില്ല. 

ആനയെ വാങ്ങുമ്പോൾ തോട്ടി വാങ്ങാൻ ചില്ലറയില്ലാതെ വരുന്ന ഗണിതശാസ്ത്രം ഇപ്പോഴിതാ തുമ്പിക്കൈപിടിച്ചുനിൽക്കുന്നു.

 

English Summary: Award for Mahouts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com