ADVERTISEMENT

സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ നിയമങ്ങളും കോടതിവിധികളും തയാറാക്കുന്നതിൽ എന്താണു തടസ്സം? 

വിഷയത്തിന്റെ ഗൗരവം ഭാഷയിലൂടെയും വ്യക്തമാകണമെന്ന് കഠിനഭാഷാവാദികൾ. ആരെ ബാധിക്കുന്ന കാര്യമാണോ അവർക്കു മനസ്സിലാവുന്നതാവണം ഭാഷ എന്ന് മറുവാദവും.   

 

 

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മുന്നോട്ടുവച്ചിരിക്കുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ബില്ലിലെ വ്യവസ്ഥകളോട് യോജിക്കാം, വിയോജിക്കാം. എന്നാൽ, വ്യവസ്ഥകളുടെ ഭാഷയ്ക്കു മന്ത്രിയെ അഭിനന്ദിക്കണം. അതു തെളിച്ചമുള്ള ഇംഗ്ലിഷാണ്, വളച്ചുകെട്ടില്ലാത്തതാണ്. ജഡ്ജിമാരും അഭിഭാഷകരും അല്ലാത്തവർക്കും വായിച്ചാൽ മനസ്സിലാകും. 

1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിനു പകരമായുള്ളതാണ് ബിൽ. അതിലൂടെ, കാലഹരണപ്പെട്ട പല വ്യവസ്ഥകൾക്കുമൊപ്പം നിയമമെഴുത്തിലെ പഴയ ഭാഷയെയും പുറത്താക്കാനാണു ശ്രമം. ആശയവിനിമയവുമായി ബന്ധപ്പെട്ട ബില്ലിൽതന്നെ അതു തുടങ്ങുന്നുവെന്നതു നല്ലകാര്യം. ലളിതമായ ഭാഷയിൽ ബിൽ തയാറാക്കിയതു പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണെന്നു മന്ത്രി പറയുന്നു. അങ്ങനെയാവട്ടെ. 

നിയമപരമായ ബാധ്യതയില്ലാതെതന്നെ, സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ നിയമങ്ങൾ തയാറാക്കാൻ ഇന്ത്യ ശീലിച്ചു തുടങ്ങുന്നതു വലിയ കാര്യമാണ്. സർക്കാരിന്റെ രേഖകളും നിയമങ്ങളും വ്യക്തതയുള്ള ഭാഷയിലാണ് തയാറാക്കുന്നതെന്ന് ഉറപ്പാക്കാൻ യുഎസിൽ നിയമമുണ്ട്; ബ്രിട്ടനിലും യൂറോപ്യൻ യൂണിയനിലും നയമുണ്ട്. അൻപതു രാജ്യങ്ങളിലെങ്കിലും ലളിത ഭാഷാവാദം സജീവമാണ്. അതിലൊന്നായ ന്യൂസീലൻഡിൽ, ലളിത ഭാഷാനിയമത്തിനായുള്ള ബിൽ ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലാണ്. 

എന്താണ് തെളിച്ചമുള്ള അല്ലെങ്കിൽ ലളിതമായ ഭരണഭാഷ? പല ഉത്തരങ്ങളുമുണ്ട്. ന്യൂസീലൻഡിലെ ബില്ലിലേതാണ് പുതിയത്. ആരെ ഉദ്ദേശിച്ചാണോ നിയമമോ സർക്കാരിന്റെ രേഖയോ തയാറാക്കിയിട്ടുള്ളത്, അവർക്ക് ആദ്യവായനയിൽത്തന്നെ കാര്യങ്ങൾ മനസ്സിലാവുന്നതാണ് ലളിതമായ ഭാഷ.  

ന്യൂസീലൻഡിൽ ജീവിക്കുന്നവർക്കു സർക്കാർ തങ്ങളോട് ആവശ്യപ്പെടുന്നത് എന്തെന്ന്, അവരുടെ അവകാശങ്ങളെന്തെന്ന് മനസ്സിലാക്കാൻ അവകാശമുണ്ടെന്നാണു പാർലമെന്റിൽ ബിൽ അവതരിപ്പിച്ച റെയ്ചൽ ബൊയാക് പറയുന്നത്. മനസ്സിലാവുന്ന ഭാഷയെന്നതു സാമൂഹിക നീതിയുടെയും ജനാധിപത്യപരമായ അവകാശത്തിന്റെയും ഭാഗമാണെന്നും റെയ്ചലിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. 

ഇതേ യുക്തിയാണു നമ്മുടെ സുപ്രീം കോടതി ഏതാനും ആഴ്ചമുൻപ് ഒരു വിധിയിലും പറഞ്ഞത്: ‘കോടതിയുടെ വിധിയിൽ പറയുന്നതെന്തെന്ന് ആദ്യം മനസ്സിലാവേണ്ടതു കേസിലെ കക്ഷികൾക്കാണ്’. അതിന് എങ്ങനെയാണു വിധിന്യായങ്ങൾ തയാറാക്കേണ്ടതെന്ന മാർഗരേഖയും കോടതി നൽകി. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു നടപടി. 

ഹർജി തീർപ്പാക്കുന്നതിനു പകരം, കേസ് വീണ്ടും പരിഗണിക്കാനായി ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു. അതിനുള്ള കാരണം ലളിതമായ ഭാഷയിൽ സുപ്രീം കോടതി പറഞ്ഞു: ‘ഹൈക്കോടതിയുടെ വിധി വായിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല’. ഹിമാലയം കയറുന്നതിനെക്കാൾ കാഠിന്യമുള്ള വിധി ഹിമാചൽ ഹൈക്കോടതിയിൽനിന്ന് ഇതാദ്യമല്ല. ആ കോടതിയുടെ ഒരു വിധി വായിച്ചു നിർത്തിയപ്പോൾ തലവേദന മാറാനുള്ള ലേപനം പുരട്ടേണ്ടി വന്നുവെന്നു സുപ്രീം കോടതിയിലെ ജസ്റ്റിസ് എം.ആർ.ഷാ പറഞ്ഞത് ഏതാനും മാസം മുൻപാണ്. 

എല്ലാം ലളിതമായ ഭാഷയിൽ പറയാൻ പറ്റില്ലെന്നും വിഷയത്തിന്റെ ഗൗരവം ഭാഷയിലൂടെയും വ്യക്തമാകണമെന്നുമാണ് കഠിനഭാഷാവാദികളുടെ പക്ഷം; സാങ്കേതിക വിഷയങ്ങൾ എല്ലാവർക്കും മനസ്സിലാവണമെന്നില്ലെന്നും. ആരെ ബാധിക്കുന്ന കാര്യമാണോ, അവർക്കു മനസ്സിലാവുന്നതാവണം ഭാഷ എന്നതാണ് മറുവാദം. ഭരണം ജനത്തെ ബാധിക്കുന്നതാണ്. അപ്പോൾ, ഭരണഭാഷ അല്ലെങ്കിൽ ഒൗദ്യോഗിക ഭാഷ ജനത്തിനു മനസ്സിലാവണം.  

ആ ജനാധിപത്യപരമായ അവകാശം അംഗീകരിക്കാനുള്ള നടപടി കേന്ദ്രത്തിൽ തുടങ്ങിയെങ്കിൽ, കേരളത്തിലുമാവാം. അതിന്റെ ആവശ്യമെന്തെന്നു സംശയിക്കുന്നവർക്കായി, കഴിഞ്ഞ വർഷം കേരള നിയമസഭ പാസാക്കിയ ഒരു നിയമത്തിലെ ഒരു വാചകം മാത്രമെടുക്കാം: ‘സാമാന്യമായതോ ഏതെങ്കിലും പ്രത്യേക സംഗതിയാലോ പ്രത്യേക വിഭാഗം സംഗതികളാലോ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലോ പബ്ലിക് സർവീസ് കമ്മിഷനുമായി കൂടിയാലോചിക്കേണ്ടതില്ലാത്ത സംഗതികൾ ഏതൊക്കെയാണെന്നു വ്യക്തമാക്കുന്ന ചട്ടങ്ങൾ സർക്കാരിന് ഉണ്ടാക്കാവുന്നതാണ്.’ 

അടുത്ത 25 വർഷത്തിനുള്ളിൽ സമ്പൂർണ ജനാധിപത്യത്തിലേക്കു ചുവടുമാറ്റമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കേരളത്തിലെ സർക്കാരിന്, ഒൗദ്യോഗിക ഭാഷ മലയാളം എന്നല്ല, ഒൗദ്യോഗിക ഭാഷ ലളിതമായ മലയാളം എന്നു തീരുമാനിച്ച് ആ മാറ്റം തുടങ്ങാനാവും. മോദിയെ അനുകരിക്കുന്നുവെന്ന ആരോപണം ഭയക്കേണ്ടതില്ല. ഭാഷയിൽനിന്നു വേറിട്ടൊരു ജീവിതം ആശയങ്ങൾക്കില്ലെന്ന് കാൾ മാർക്സ് പറഞ്ഞിട്ടുണ്ട്.

 

English Summary: Simple language used in Telecommunication bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com