ADVERTISEMENT

മഴ, പുഴ, ഇഷ്ടംപോലെ ജലസ്രോതസ്സുകൾ... കേരളത്തിന് എല്ലാം പ്രകൃതി വാരിക്കോരിത്തന്നു. തൊട്ടടുത്തുള്ള തമിഴ്നാടും കർണാടകയും നമ്മുടെ മണ്ണും പ്രകൃതിയും കൃഷിയും കണ്ടു കൊതിച്ചു. എല്ലാം ഉള്ളതിന്റെ ‘ധാരാളിത്തം’ കേരളത്തിന്റെ കൃഷിമേഖലയെ ആസൂത്രണമില്ലായ്മയിലേക്കു തള്ളിവിട്ടു. മറുവശത്ത് വെള്ളം, വളം, സാങ്കേതികവിദ്യ, വിപണി ഇവയെല്ലാം വിളയുടെ ചുവട്ടിലെത്തിച്ച് ‘സർക്കാർ ഒപ്പമുണ്ട് ’ എന്നാണ് തമിഴ്നാട്ടിലെയും കർണാടകയിലെയും കർഷകർക്കു പറയാനുള്ളത്. കേരളത്തിൽ കർഷകനു വേണ്ട യഥാർഥ പിന്തുണ സർക്കാർ നൽകുന്നുണ്ടോ? കൃഷിയിൽ കേരളം അയൽപക്കത്തേക്കു നോക്കി പഠിക്കേണ്ടതുണ്ടോ? മനോരമ ലേഖകർ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും കൃഷിഭൂമികളിലൂടെ സഞ്ചരിച്ചു തയാറാക്കിയ പരമ്പര ‘പൊൻപാടം, അയൽപാഠം’ ഇന്നു മുതൽ

കയറിലൂടെ കയറിവരുന്ന കാശ്

പൊള്ളാച്ചിയിൽ മണിവേലിന്റെ കയർ ഫാക്ടറി പിരിച്ചെടുത്ത് ഉണങ്ങാൻ തൂക്കിയിട്ടിരിക്കുന്ന കയറിന്റെ കൂട്ടമാണ് വരവേറ്റത്. ഫാക്ടറിയുടെ മുന്നിൽത്തന്നെ, കായ്ച്ചു നിറഞ്ഞു തുളുമ്പി നിൽക്കുന്നൊരു തെങ്ങ്. വൈകിട്ട് ആറര കഴിഞ്ഞു. ഇരുൾ പരന്നുതുടങ്ങുന്നു. അപ്പോഴും ഫാക്ടറിക്കുള്ളിൽ യന്ത്രങ്ങൾ ചലിക്കുന്നു. മനുഷ്യരും.. ഇതല്ലേ കേരളം. അതെ ‘കേര’ളം ഇപ്പോൾ തമിഴ്നാട്ടിലാണ്. ഇടതിങ്ങി നിൽക്കുന്ന തെങ്ങിൻതോപ്പുകൾ. പൊള്ളാച്ചിയിലൂടെ ഒഴുകുന്ന ആളിയാർ പുഴയുടെ ഇരുവശത്തും തിങ്ങിനിൽക്കുന്ന തെങ്ങിൻതോപ്പുകൾ. ഒരു തോണിയും തോണിപ്പാട്ടും കൂടിയുണ്ടെങ്കിൽ ആലപ്പുഴയിൽ ചിത്രീകരിച്ചൊരു സിനിമാദൃശ്യമെന്നേ തോന്നൂ... പക്ഷേ, ആലപ്പുഴയിൽ അത്തരം കാഴ്ചകളൊക്കെ പോയി. ഇപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രമേ ഉള്ളൂ. പൊള്ളാച്ചിയിലെ ‘ലൈവ് ’ കാഴ്ച കളറും.

പൊള്ളാച്ചിയിലെ തെങ്ങ് വ്യവസായത്തെക്കുറിച്ചു പഠിക്കാൻ പോയാൽ ‘മൂക്ക് ’വഴികാട്ടും. നല്ല വെളിച്ചെണ്ണയുടെ മണംപിടിച്ചു പോയാൽ മതി. നിലത്തു പതിനായിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുന്ന തെങ്ങിൻതോപ്പിനു നടുവിലാണു കയർ, വെളിച്ചെണ്ണ ഫാക്ടറികൾ. മിക്കതും കർഷകരുടേതാണ്, എന്നുവച്ചാൽ കർഷക കൂട്ടായ്മകളുടേത്. ഫാർമർ പ്രൊഡ്യൂസർ കമ്പനികളാണു തെങ്ങിനെക്കാൾ തലപ്പൊക്കത്തിൽ പൊള്ളാച്ചിയിൽ തഴച്ചുവളരുന്നത്. കൊട്ടത്തേങ്ങ വിറ്റുകിട്ടുന്ന കാശുമാത്രം നോക്കിയിരിക്കുന്ന കർഷകരല്ലെന്നർഥം. വെളിച്ചെണ്ണയുടെ ഒട്ടേറെ ഇനങ്ങൾ, തേങ്ങാക്കൊത്ത് സ്നാക്സ്, നീര, കരിക്കിൻവെള്ളം, ചകിരിയിൽ ആണെങ്കിൽ മൈക്രോ ഗ്രീൻ പാഡ്, ചകിരിച്ചോറ് (ഡാർക് ബ്രൗൺ, വൈറ്റ്, പെയിൽ ബ്രൗൺ), കയർ, ചവിട്ടികൾ, മൈക്രോ ഹോം ഡെക്കറുകൾ.. അങ്ങനെ എന്തെല്ലാം. നൂറുകണക്കിനു കയർ ഉൽപന്ന യൂണിറ്റുകൾ. മിക്കതും കർഷക കൂട്ടായ്മകളുടെ കമ്പനികളാണ് (ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ). 240 തരം കയർ ഉൽപന്നങ്ങളാണ് ഇവിടെ നിർ‌മിക്കപ്പെടുന്നത്. ചകിരിച്ചോറും ഉപ ഉൽപന്നങ്ങളും അയയ്ക്കുന്നത് 125 രാജ്യങ്ങളിലേക്കാണ്.

coir-factory
തമിഴ്നാട്ടിലെ കയർ ഫാക്ടറികളിലൊന്ന്.

വർഷം 250 കോടിയിലേറെ തേങ്ങ വിളയിക്കുന്ന പൊള്ളാച്ചിയിൽ ഇതിന്റെ 40 ശതമാനം മാത്രമാണ് ഈ ഉൽപന്നങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് അധികൃതർ പറയുന്നു. ബാക്കി പാഴാവുന്നു. അതിനാൽ കേര ഉൽപന്ന നിർമാണ ശൃംഖല (കോക്കനട്ട് പ്രോഡക്ട്സ് ക്ലസ്റ്റർ) ഇവിടെ സ്ഥാപിക്കുകയാണു തമിഴ്നാട് സർക്കാർ. സംയോജിത പോഷക വിതരണ സംവിധാനത്തിലൂടെ (ഇന്റഗ്രേറ്റഡ് ന്യൂട്രിയന്റ് മാനേജ്മെന്റ്) വിളവു കൂട്ടും. മാത്രമല്ല, കഴിഞ്ഞവർഷം 10 ലക്ഷം തെങ്ങിൻതൈയാണു കർഷകർക്കു വിതരണം ചെയ്തത്. ഇത്തവണ 17 ലക്ഷം കൊടുക്കും. കണക്കുകൾക്കിടെ ശബ്ദം താഴ്ത്തി തമിഴും മലയാളവും കൂട്ടിക്കുഴച്ചു മണിവേൽ പറഞ്ഞു: ‘‘ ഉങ്കളുടെ ആലപ്പുളയ്ക്കു കയറും മറ്റും കൊണ്ടുപോകുന്നത് ഇങ്കൈ നിന്നാണ് കേട്ടോ’’.

കേരം തിങ്ങും പൊള്ളാച്ചി

‌പൊള്ളാച്ചിയിലെ ഒരു തെങ്ങിൻതോപ്പ്.തെങ്ങുകളുടെ ചുവട്ടിൽ ഒരാൾ പൊക്കത്തിൽ തേങ്ങ കൂട്ടിയിട്ടിരിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ കാണാനില്ലാത്ത കാഴ്ച. തമിഴ്നാട് ഇപ്പോൾ കേരളത്തിലേക്കു തേങ്ങ കയറ്റിവിടുന്ന ‘എക്സ്പോർട്ട് ’ സംസ്ഥാനമായി. ഒന്നും രണ്ടുമല്ല, 125 ഉൽപന്നങ്ങളാണ് തേങ്ങയിൽനിന്നു തമിഴ്നാട് ഉണ്ടാക്കുന്നതെന്നു തമിഴ്നാട് കാർഷിക സർവകലാശാല (ടിഎൻഎയു)യിലെ ഗവേഷണ വിഭാഗം ഡയറക്ടർ ബി.രവീന്ദ്രൻ പറയുന്നു. തേങ്ങ തേനിൽ മുക്കിയുണ്ടാക്കിയ സ്നാക്സ് മുതൽ വിദേശികളുടെ സ്വീകരണമുറി അലങ്കരിക്കുന്ന ഹോം ഡെക്കർ ഉൽപന്നങ്ങൾ വരെ. കേരളം ഇപ്പോഴും തേങ്ങയിൽനിന്നു വ്യാവസായിക അടിസ്ഥാനത്തിൽ ലാഭകരമായി ഉൽപാദിപ്പിക്കുന്നതു വെളിച്ചെണ്ണ മാത്രമാണ്.

കേരളത്തിന്റെ സമൃദ്ധമായ ഭൂപ്രകൃതിക്കു പകരം തമിഴ്നാടിനു കിട്ടിയ വരണ്ടതും പരന്നതുമായ ഭൂമിയിൽ ജനങ്ങളും സർക്കാരും ചേർന്നു കണ്ടെത്തിയ കൃഷി വിജയമാണിത്. തെങ്ങിൻ തൈ നടുമ്പോൾ മുതൽ തുള്ളിനന സംവിധാനം സർക്കാർ സബ്സിഡിയോടെ ഏർപ്പെടുത്തുന്നു. വളവും ഇതേ രീതിയിൽ എത്തിക്കുന്നു.

coconut-farm
പൊള്ളാച്ചിപ്പുഴയുടെ ഇരുവശവും സമൃദ്ധമായ തെങ്ങിൻതോപ്പിന്റെ ‘കേരളീയ കാഴ്ച’.

തമിഴ്നാടിന്റെ ‘കേരതലസ്ഥാന’മായ പൊള്ളാച്ചിയിൽ 20 കിലോമീറ്റർ ചുറ്റളവിൽ മാത്രം വിളവ് ലഭിക്കുന്ന 1.25 കോടി തെങ്ങ് ഉണ്ടെന്നാണു കണക്ക്. സാധാരണ തെങ്ങിൽ നിന്ന് 200 തേങ്ങയും ഹൈബ്രിഡ് തെങ്ങിൽ നിന്ന് 300 തേങ്ങയും ലഭിക്കുന്നു. കേരളത്തിലാകട്ടെ, തെങ്ങുകൃഷിയുടെ സ്ഥിതി പ്രോത്സാഹജനകമല്ലെന്ന് ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് തന്നെ പറയുന്നു. (അധ്യായം മൂന്ന്). ഉൽപാദനവും ഉൽപാദനക്ഷമതയും 1.58% കുറഞ്ഞു. 10 വർഷത്തിനിടെ കേരളത്തിന്റെ തെങ്ങുകൃഷിയുടെ വിസ്തൃതി 6.3% കുറഞ്ഞു. ഉൽപാദനക്ഷമത 13.9 ശതമാനവും.

രാജ്യത്തെ തേങ്ങയുടെ ഉൽപാദനക്കണക്ക്: 2021–22
∙ കർണാടക - 30.83%
∙ തമിഴ്നാട് - 27.47%
∙ കേരളം - 24.22%

(അവലംബം– കോക്കനട്ട് ഡവലപ്മെന്റ് ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് )

തേങ്ങ ഉൽപാദനം (2000–01, 2019–20 ദശവർഷ താരതമ്യം)

മൊത്തം കൃഷി (ഹെക്ടറിൽ)
വർഷം       കേരളം      തമിഴ്നാട്
2000–01     9,25,783     3,23,485
2019–20     7,60,776     4,38,935

മൊത്തം വാർഷിക ഉൽപാദനം
വർഷം      കേരളം             തമിഴ്നാട്
2000–01    55,360 ലക്ഷം     31,920 ലക്ഷം
2019–20    48,140 ലക്ഷം     49,474 ലക്ഷം

2019–20 വർഷത്തെ ഉൽപാദനക്ഷമത (ഒരു ഹെക്ടറിൽ)
കേരളം – 6328
തമിഴ്നാട് – 11,271

ഒരുജ് ‘ജാതി’ പരീക്ഷണം

ഓൾ ഇന്ത്യ കിസാൻ സഭ കോയമ്പത്തൂർ മേഖലാ അസി. സെക്രട്ടറി സ്റ്റാലിൻ പളനിച്ചാമിയുടെ ബൈക്കിനു പിന്നിലിരുന്നു പൊള്ളാച്ചിയിലെ തെങ്ങിൻതോട്ടത്തിനു നടുവിലൂടെ പായുമ്പോൾ ഇടയ്ക്കൊരു കാഴ്ച കണ്ട് അമ്പരന്നു. നല്ല ജാതിത്തോട്ടം. അകത്ത് ആളു കയറാത്തവിധം മതിലുകെട്ടി കമ്പിവേലി ഇട്ടു തിരിച്ചിരിക്കുന്നു. നല്ല ഉയരവും തഴപ്പുമുള്ള ജാതി. ഇജ്ജാതി കൃഷി കണ്ടിട്ടുള്ളതു കേരളത്തിലാണല്ലോ എന്നു പറ‍ഞ്ഞപ്പോൾ സ്റ്റാലിൻ പറ‍ഞ്ഞു: ഇതൊക്കെ പരീക്ഷണ കൃഷിയാണ്. ജാതിക്ക് ഇവിടെ കായ്ഫലം കുറവാണ്. പക്ഷേ, വിലയുണ്ടെന്നറിഞ്ഞതിനാൽ പരീക്ഷിക്കുകയാണ്. ഇതിനും സബ്സിഡി ലഭിക്കും. ജാതിക്കായ്ക്കു കേരളത്തിൽ ലഭിക്കുന്നതിന്റെയത്ര വലുപ്പമില്ല എന്നതാണു തമിഴ്നാടിനെ അലട്ടുന്ന പ്രശ്നം. അതിനു പരിഹാരം കാണാനുള്ള ഗവേഷണം തുടങ്ങിയിട്ടുണ്ട്.

nutmeg-farm
കോയമ്പത്തൂരിലെ ജാതിത്തോട്ടം

വേണേൽ ചക്ക..

ചക്കയുടെയും ചക്ക ഉൽപന്നങ്ങളുടെയും ആഗോള വിപണി കണ്ടു കൊതിച്ചിരിക്കുകയാണു തമിഴ്നാട്. കേരളത്തിലെ ഫാമുകളിൽ നിന്നു വൻതോതിൽ പ്ലാവിൻ തൈകൾ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. പണിക്കൻകുപ്പം വില്ലേജിൽ ചക്ക കൃഷിക്കുവേണ്ടിമാത്രം ഒരു കേന്ദ്രം സർക്കാർ ലക്ഷ്യമിട്ടു കഴിഞ്ഞു. ചക്ക ഉൽപന്നങ്ങളുടെ നിർമാണത്തിനും മറ്റുമായി 5 കോടി രൂപയുടെ പദ്ധതിക്കാണിപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

ചൂട് കുറച്ചാൽ, ഏലവും...

കേരളത്തിന്റെ കുത്തകയായ ഏലം എങ്ങനെ ചുരമിറക്കിക്കൊണ്ടുപോകാം എന്ന ഗവേഷണങ്ങൾ നടക്കുന്നുണ്ട് തമിഴ്നാട്ടിൽ. കേരളത്തോടു ചേർന്നു കിടക്കുന്ന ശിരുവാണി, തൊണ്ടാമുത്തൂർ, പുളുവംപട്ടി മേഖലകളിൽ കേരളത്തിന്റെ സുഗന്ധ വ്യഞ്ജനവിളകൾക്കു വലിയ പ്രോത്സാഹനമാണു നൽകുന്നതെന്നു കോയമ്പത്തൂർ കാരുണ്യ കാർഷിക കോളജ് പ്രഫസർ ആൻഡ് ഡീൻ ഡോ. രാജൻ കുര്യൻ പറയുന്നു.
ശിരുവാണി മേഖലയിൽ സർക്കാർ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ്. തമിഴ്നാടിന്റെ മറ്റുപ്രദേശങ്ങളെക്കാൾ തണുപ്പുള്ള ഇവിടെ ചൂട് 2 ഡിഗ്രി കൂടി കുറയ്ക്കാനാണു ശ്രമം. അതു വിജയിച്ചാൽ ഏലം കൃഷി ചെയ്യാനാകും. 24 ഏക്കറിൽ ഓർഗാനിക് കൃഷി ചെയ്യുന്ന നാഗരത്തിനത്തിന്റെ തോട്ടത്തിൽ അടുത്തവർഷം ഏലം കൃഷി ആരംഭിക്കും.

തമിഴന്റെ കുരുമുളക്, കേരളത്തിനു നീറ്റൽ

കോയമ്പത്തൂർ– ശിരുവാണി റൂട്ടിലെ തൊണ്ടാമുത്തൂരിലെ കർഷക നാഗരത്തിനവും ഭർത്താവ് ശിശുചികിത്സാവിദഗ്ധൻ ഡോ.ടി.എം.മാണിക്യരാജും ജൈവകൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുകയാണ്. അച്ചാർ, ജ്യൂസ്, ജാം, മഞ്ഞൾപൊടി, കുരുമുളകുപൊടി, മുട്ട, പാൽ എല്ലാം ജൈവരീതിയിൽ തയാറാക്കുന്നു.

24 ഏക്കറിൽ കൃഷിയുള്ളതിൽ ഇവർ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നതു മൂന്നേക്കറിലെ കുരുമുളകുകൃഷിയെയാണ്. തേക്ക്, മഹാഗണി തൈകൾ നട്ട് അതിൽ 3000 കുരുമുളകുവള്ളികൾ പടർത്തിയിരിക്കുന്നു. മൂന്നരവർഷം പ്രായമായ മരങ്ങളിൽ നിന്ന് ആദ്യഫലമായി 2 ടൺ കുരുമുളക് കിട്ടി. തെങ്ങിലും മറ്റുമായി 3000 വള്ളികൾ കൂടി പുതുതായി കൃഷി ചെയ്തിരിക്കുന്നു. തമിഴ്നാട്ടിലെ തേനി, കമ്പം, ഗുഡല്ലൂർ, വാൽപ്പാറ, യേർക്കാട് കോല്ലി ഹിൽസ്, ലോവർ പളനി ഹിൽസ്, ബോഡിമെട്ട്, മേഘമല, പോതിഗൈ ഹിൽസ് എന്നിവിടങ്ങളിലെല്ലാം കുരുമുളകുകൃഷി വ്യാപകമാണ്. പൊള്ളാച്ചിയിൽ കുരുമുളകു കൃഷിക്കു പരിശീലനം നൽകാൻ പ്രത്യേക പദ്ധതി തുടങ്ങിയിട്ടുണ്ട്.

വിത്ത് നടുമ്പോൾ വിളയല്ല, അതിന്റെ വിപണി സാധ്യതയാണ് മനസ്സിൽ. അതെപ്പറ്റി നാളെ.

തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ, രമേഷ് എഴുത്തച്ഛൻ, എസ്.വി. രാജേഷ്, സി.ഐ സിജിമോൻ, ഷിന്റോ ജോസഫ്

Content Highlight: Tamil Nadu practices a systematic method in agriculture development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com