ADVERTISEMENT

കർഷകന് ഒരു ‘ലോജിക്’ ഉണ്ട്. ചെയ്യുന്ന കൃഷിയിൽ രണ്ടുമൂന്നു തവണ തോറ്റാൽ, പുതിയ വിളയിലേക്കു മാറും. മാറണം, മാറിയേ തീരൂ... അതുപോലെ, കേരളത്തിന്റെ കാർഷിക സംസ്കാരവും മാറണം, മാറിയേ തീരൂ

മാറേണ്ട ചില കാഴ്ചപ്പാടുകൾ

എല്ലാവരും കൃഷിക്കാരോ? 

നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ‘എല്ലാവരും കൃഷിയിലേക്ക്’ എന്ന ബൃഹദ്പദ്ധതി കൃഷിവകുപ്പ് തുടങ്ങിയത്.  പരിശീലനം, പ്രചാരണ-ബോധവൽക്കരണ പരിപാടികൾ, വിത്തുകളുടെയും ജൈവവളങ്ങളുടെയും വിതരണം എന്നിവയ്ക്കായി കോടിക്കണക്കിനു രൂപയാണു മാറ്റിവച്ചിരിക്കുന്നത്. 

എല്ലാവരും കൃഷിയിലേക്ക് ഇറങ്ങേണ്ടതുണ്ടോ ? 

കൃഷി ഉപജീവനമാക്കിയ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാനും അവർക്കു താങ്ങുവില ഉറപ്പാക്കാനും പ്രഥമ പരിഗണന നൽകേണ്ട വകുപ്പ്, കൃഷി ഉപജീവനമല്ലാത്തവരുടെ ‘ഹോബി’ക്കുവേണ്ടി വൻതുക ചെലവാക്കുന്ന കാര്യത്തിൽ പുനർവിചിന്തനം വേണമെന്നു ഹരിതസേന വയനാട് ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ പറയുന്നു. 

‘ഫലമില്ലാതെ’ ഫലവർഗം

ഫലവർഗവിളകളുടെ വികസനത്തിന് 21.9 കോടി മുടക്കി ആരംഭിച്ചതാണ് 100 കോടി ഫലവൃക്ഷത്തൈകൾ പദ്ധതി.  തൈകൾ പലയിടത്തും കൃഷിഭവനുകളിൽ കെട്ടിക്കിടക്കുന്നു. ഓറഞ്ച്, വുഡ് ആപ്പിൾ, മിറക്കിൾ ഫ്രൂട്ട് തുടങ്ങിയ തൈകൾ എത്ര പരിപാലിച്ചിട്ടും  വേരുപിടിച്ചു കിട്ടാത്ത കർഷകരും ഉണ്ട്. ഇത്തരം ഫലവർഗങ്ങൾക്കു പറ്റിയ ക്ലസ്റ്ററുകൾ കണ്ടെത്തി അടിസ്ഥാനസൗകര്യമൊരുക്കി വലിയ തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണു തമിഴ്നാട് ശൈലി.

കുറെ തൈകൾ വിതരണം ചെയ്താൽ ഫലവർഗ വികസനമാകുമോ ?

കേരളത്തിൽ ഒരു കുടുംബത്തിന് 2 റംബുട്ടാൻ, 3 ഓറഞ്ച്, 2 മാങ്കോസ്റ്റിൻ തൈകൾ വീതം കൊടുക്കുന്നു. അതു വിളഞ്ഞാലും വിറ്റുലാഭമുണ്ടാക്കാനാവില്ല. പക്ഷിതിന്നു പോവുകയേയുള്ളൂ. പാഴാവുന്നതു കോടികൾ.

യന്ത്രങ്ങൾ വാങ്ങിയാൽ മൂല്യവർധന നടപ്പാകുമോ.?

കോടികൾ മുടക്കി നിർമിച്ച സംഭരണകേന്ദ്രങ്ങളും ശീതീകരണ യൂണിറ്റുകളും കേരളത്തിൽ അനാഥമായിക്കിടക്കുന്നു. ബത്തേരി അമ്മായിപ്പാലത്തെ അരിമില്ല് ഉദാഹരണം. 4 വർഷം മുൻപ് 3.5 കോടി രൂപ ചെലവഴിച്ചു വൻ യന്ത്രങ്ങൾ സ്ഥാപിച്ചു. വൈകാതെ  അവ തകരാറിലായി. ജീരകശാല, ഗന്ധകശാല ഇനങ്ങൾ മാത്രമേ ഈ മില്ലിൽ കുത്തി അരിയാക്കാനാകൂ. ഈ ഇനങ്ങൾ വയനാട്ടിൽ വളരെക്കുറച്ചു മാത്രം. വേണ്ടത്ര പഠനമില്ലാതെ യന്ത്രങ്ങൾ വാങ്ങിക്കൂട്ടി. അതു കേടായിട്ടു നന്നാക്കാൻപോലും സംവിധാനമില്ല.

tractor

എന്താണു ചെയ്യേണ്ടത് ?

കർഷകർക്കു ഫാർമർ പ്രൊ‍ഡ്യൂസർ ഓർഗനൈസേഷനുകൾ സ്ഥാപിക്കാൻ സാങ്കേതിക സഹായവും ധനസഹായവും നൽകുകയാണ് മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നത്. മീൻ സൗജന്യമായി നൽകുന്നതിനു പകരം ചൂണ്ട വാങ്ങി നൽകി മീൻപിടിത്തം പരിശീലിപ്പിക്കുന്ന രീതി. 

പാടത്ത് ഇല്ലെങ്കിലും‘പടത്തിൽ’ വേണം കൃഷി

പാടത്തു കൃഷിയില്ലെങ്കിലും ‘പടത്തിൽ ’ കൃഷിയുണ്ടാകണം. ചിങ്ങത്തിൽ കൃഷിവകുപ്പു നടപ്പാക്കിയ ആശയം കൃഷിഭവനിലെ ഉദ്യോഗസ്ഥരെ കുറച്ചൊന്നുമല്ല വലച്ചത്. ഓരോ വാർഡിലും  ആറു പുതിയ കൃഷിയിടമെങ്കിലും കണ്ടെത്തി അതു സാക്ഷ്യപ്പെടുത്താൻ വാർഡ് മെംബറെയോ മുതിർന്ന കർഷകരെയോ കൂടെ നിർത്തി ചിത്രമെടുത്ത് ഇ–മെയിലിൽ അയയ്ക്കണമെന്നായിരുന്നു നിർദേശം. 

പടമെടുത്ത കൃഷിയിടങ്ങളൊക്കെ ഇപ്പോഴുമുണ്ടോ ?

ഇല്ലെന്നാണു കിട്ടുന്ന ഉത്തരം.

വയലിൽ അല്ല, ഫയലിൽ ആണ് കൃഷി ഓഫിസർ

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസുകളിൽ പോയാൽ വിവിധ പേരുകളും തസ്തികകളും എഴുതിയ ഒട്ടേറെ ബോർഡുകൾ കാണാം. പഞ്ചായത്തുതല കൃഷി ഓഫിസുകളിൽ കൃഷി ഓഫിസറും 2 അസിസ്റ്റന്റുമാരുമാണുള്ളത്. ക്ലാർക്കുമാർ ഇല്ല. തമിഴ്നാട്ടിൽ കൃഷിയിടത്തിൽ പോയി കർഷകനൊപ്പം നിൽക്കുകയാണു കൃഷി ഓഫിസർ ചെയ്യേണ്ട ‘മെയിൻ ജോലി’. കേരളത്തിൽ ഇത്   ‘സൈഡ് ’ മാത്രമാണ്. തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും നടത്തുന്ന യോഗങ്ങളിൽ പങ്കെടുക്കുക, എഴുത്തുകുത്തുകൾ നടത്തുക, ഫയൽ നോക്കുക... വയലിൽ അല്ല, ഫയലിൽ ആണ് കൃഷി ഓഫിസർ.

കൃഷി ഓഫിസറായി ശോഭിക്കാൻ എന്തു യോഗ്യത വേണം. ?

കംപ്യൂട്ടർ ഉപയോഗിക്കാൻ അറിയണമെന്നതാണു മറുപടി.

പേരു മാറ്റി ‘വിളയുന്ന’ പദ്ധതികൾ

കൃഷിവകുപ്പിന്റെ പേര് കാർഷിക വികസന കർഷക ക്ഷേമവകുപ്പ് എന്നു മാറ്റിയതുകൊണ്ട് കർഷകർക്ക് എന്തു ഗുണമാണുണ്ടായത് ? കുറെ പുതിയ  ബോർഡുകൾ വന്നു. ആ വഴിക്കു ഫണ്ട് ചെലവായി. വകുപ്പിനു മാത്രമല്ല, പദ്ധതികൾക്കുമുണ്ട് പേരുകൊണ്ടുള്ള കളി. ഞങ്ങളും കൃഷിയിലേക്ക് എന്നതാണ് ഒരു പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി ’. കോവിഡ്കാലത്ത് ആരംഭിച്ച പദ്ധതിയാണു സുഭിക്ഷ കേരളം. പേരുമാത്രമേ മാറുന്നുള്ളൂ.

ഇഷ്ടമുള്ള പേരിട്ടു വിളിച്ചതുകൊണ്ട് എന്താണു നഷ്ടം? 

ഓരോ പദ്ധതിയും ഓരോ വർഷവും മാറ്റുന്നതോടെ കോടികൾ ചെലവിട്ടു തയാറാക്കിയ പോസ്റ്ററുകൾ, ബാനറുകൾ, കൈപ്പുസ്തകങ്ങൾ എന്നിവ പാഴാകും. പുതിയത് അടിക്കാം. നല്ല ‘കോളു’ള്ള കൃഷി!

നാടുവിടുന്ന കർഷകർ

കേരളത്തിൽ കൃഷി വൻതോതിൽ ചെയ്ത 2 കർഷകരാണിവർ.  പ്രേംജി ഇപ്പോൾ  കർണാടകയിൽ, ബാബു തമിഴ്നാട്ടിലും. എന്തുകൊണ്ടാണ് നല്ല കർഷകർ നാടുവിടുന്നത് ?

premji
പ്രേംജി കർണാടകയിലെ വാഴത്തോട്ടത്തിൽ.

പ്രേംജി വിളയിക്കുന്ന പഴം ദുബായിലേക്കു പറക്കും; കർണാടകയിൽനിന്ന്

വിലസ്ഥിരതയോ വിപണി സൗകര്യമോ ഇല്ലാത്തിടത്ത് നല്ല  കർഷകർക്കു പിടിച്ചുനിൽക്കാനാവില്ലെന്നതിന്റെ ഉദാഹരണമാണു  വയനാട്ടുകാരൻ പ്രേംജി. നാട്ടിലെ ഇഞ്ചിക്കൃഷി ലാഭകരമല്ലെന്നു കണ്ടപ്പോൾ 2004ൽ ആണ് പ്രേംജി കർണാടകയിലെ ചാമരാജ്നഗറിലെത്തി വാഴക്കൃഷിയിലേക്കു തിരിഞ്ഞത്. ഞാലിപ്പൂവനാണു  പ്രധാന കൃഷി. 

കർണാടകയിൽ ഒരു കിലോ ഞാലിപ്പൂവന് 70-75 രൂപയാണു വില. കേരളത്തിൽ പരമാവധി 30-35 രൂപയേ ലഭിക്കൂ. ഏക്കറിൽനിന്ന് കുറഞ്ഞത് 5 ലക്ഷം രൂപയാണു കർണാടകയിലെ ഞാലിപ്പൂവനിൽ നിന്നുള്ള ലാഭം. കൃഷിച്ചെലവ് ഒന്നരലക്ഷം രൂപയിൽ ഒതുങ്ങും. എ ഗ്രേഡ് പഴമായതിനാൽ അധികവും ദുബായിലേക്കു കയറ്റിയയ്ക്കുന്നു. 

വാഴക്കർഷകർക്കു കേരളത്തെക്കാൾ നല്ലതു കർണാടകയാണെന്നു വയനാട് കാവുമന്ദം സ്വദേശിയും നഞ്ചൻകോട്ടെ കർഷകനുമായ ഷമീർ പുതുക്കുളത്തും പറയുന്നു. ഒരേക്കർ പാട്ടഭൂമിയിൽ നേന്ത്രവാഴ കൃഷി ചെയ്യാൻ കേരളത്തിൽ 2.45 ലക്ഷം രൂപ ചെലവാകുമ്പോൾ കർണാടകയിൽ പരമാവധി ഒന്നരലക്ഷം രൂപ മതി. കേരളത്തിൽ 30-32 രൂപ കിട്ടുമ്പോൾ കർണാടകയിൽ 44 രൂപ വരെ ലഭിക്കുന്നു. ഭൂവുടമകളായ കർഷകർക്ക് ഒരേക്കറിൽ വാഴക്കൃഷി ചെയ്യാൻ കർണാടക കൃഷിവകുപ്പു നൽകുന്നത് 40,000 രൂപയാണ്.  

ബാബുവിനെ ‘തമിഴൻ’ ആക്കിയത് ആര്

(ബാബു യഥാർഥ പേരല്ല. ചിത്രം പ്രസിദ്ധീകരിക്കാനും അദ്ദേഹത്തിനു താൽപര്യമില്ല. കേരളത്തിലെ സ്ഥലം ജപ്തിനടപടികളിലാണ്.. ശത്രുത സൃഷ്ടിച്ച് ജപ്തി വേഗത്തിലാക്കാനില്ലെന്ന് അദ്ദേഹം)

50 ഏക്കർപാട്ടഭൂമിയിൽ വിളവിന്റെ അദ്ഭുതം സൃഷ്ടിച്ച ബാബു ഇപ്പോൾ എവിടെ? 50 ഏക്കർകൃഷി ഉപേക്ഷിച്ചു. സ്വന്തമായുള്ള  ഭൂമി ജപ്തി ഭീഷണിയിൽ. പക്ഷേ, ബാബു തോറ്റില്ല. അതിർത്തി കടന്ന അദ്ദേഹം തമിഴ്നാട്ടിൽ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ 250 ഏക്കറിൽ കൃഷി ചെയ്യുന്നു. ബാബുവിന്റെ കൃഷിയെ നാടുകടത്തിയതു കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ  കെടുകാര്യസ്ഥത മാത്രമല്ല, തമിഴ്നാട്ടിൽ നിന്നു ലഭിക്കുന്ന പിന്തുണ കൂടിയാണ്. 

ഹോർട്ടികോർപിനു മാത്രം ദിവസം 2000 കിലോ വെണ്ട, പാവയ്ക്ക എന്നിവയൊക്കെ നൽകിയിട്ടുണ്ട് ബാബു. പണം  കിട്ടാതെ വന്നപ്പോൾ നിർത്തി. പ്രമുഖ ബിസിനസ് ഗ്രൂപ്പ് വഴി ദിവസം 2000 കിലോ പച്ചക്കറി വരെ കയറ്റുമതി ചെയ്ത കാലവുമുണ്ട്.  

കർഷകർക്കുള്ള സൗജന്യ വൈദ്യുതി ക്ക് അർഹതയുണ്ടായിരുന്നതിനാൽ ബിൽതുക അടച്ചിരുന്നില്ല. വൈദ്യുതി സൗജന്യമാക്കാൻ രണ്ടു വർഷം ഓഫിസുകൾ കയറി നടന്നു. അതിനു കിട്ടിയ സമ്മാനം വൈദ്യുതിബന്ധം വിച്ഛേദിക്കലായിരുന്നു. 2018ൽ പ്രളയത്തിൽ കൃഷി നഷ്ടമായപ്പോൾ നഷ്ടപരിഹാരത്തിനു കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ലോക്ഡൗൺ കാലത്ത് ഉൽപാദിപ്പിച്ച പച്ചക്കറി നശിച്ചു. തകർന്ന ബാബു തമിഴ്നാട്ടിലേക്കു വണ്ടികയറി. ഇപ്പോൾ ബോഡിനായ്ക്കന്നൂരിൽ ബാബു ചെയ്യുന്ന കൃഷി എത്രയെ ന്നോ? ഒരു ലക്ഷം ഏത്തവാഴ, 50,000 പൂവൻ, 30 കൂറ്റൻ പന്തലുകൾ നിറയെ പച്ചക്കറി. ആറുമാസത്തെ തമിഴ്നാട് കൃഷിക്കിടെ തന്നെത്തേടി അവിടത്തെ കൃഷി ഓഫിസർമാർ  50 തവണയെങ്കിലും എത്തിയെന്നു ബാബു. കേരളത്തിൽ 50 തവണ അങ്ങോട്ടു ചെന്നിട്ടും ഒന്നും നടന്നില്ല.

കേരളത്തിൽ കൃഷി നന്നാകാൻ ബാബു നിർദേശിക്കുന്നത്: 

1. ഓരോ കൃഷിഭവനു കീഴിലും എത്ര ഏക്കറിൽ ഏതൊക്കെ കൃഷി എന്ന ഡേറ്റാബേസ് മേലുദ്യോഗസ്ഥർ കൃഷി ഓഫിസർമാർക്കു  കൈമാറണം. ഓരോ വർഷവും ഇതിൽ എത്ര വിളവുവർധനയുണ്ടാക്കിയെന്നു കൃഷി ഓഫിസർ കണക്കുകൊടുക്കണം.  (പ്രോഗ്രസ് റിപ്പോർട്ട്).

2. ഓരോ കൃഷിഭവനു കീഴിലും, കർഷകർക്കു നൽകുന്ന സബ്സിഡി തുക  പ്രദർശിപ്പിക്കണം. കൃഷിചെയ്യാതെ എത്ര പേർ സബ്സിഡി കൈപ്പറ്റുന്നുവെന്നും കർഷകർക്ക് എത്രപേർക്കു കിട്ടുന്നില്ലെന്നും  മനസ്സിലാകും. (സോഷ്യൽ ഓഡിറ്റിങ്)

3. കൃഷി ഉദ്യോഗസ്ഥരുടെ സ്ഥലം സന്ദർശനം നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനം വേണം. ഏതൊക്കെ ഫാമിൽ കൃഷി ഓഫിസർ എപ്പോഴൊക്കെ എത്തിയെന്നും എന്തു സഹായം നൽകിയെന്നും മേലുദ്യോഗസ്ഥർ നേരിട്ടു പരിശോധിക്കണം. (ഫാക്ട്  ചെക്കിങ്)

സം–ഭരണപ്രശ്നം

കർഷകരെ പിടിച്ചുനിർത്താൻ ആരംഭിച്ച സംഭരണ പദ്ധതികളുടെ സ്ഥിതിയോ

തെങ്ങുകൃഷി കൂട്ടാൻ കേരഗ്രാമം; സംഭരിക്കുന്നതിനു നിയന്ത്രണം

തേങ്ങ ഉൽപാദനം വർധിച്ചാൽ വിറ്റഴിക്കാൻ വിപണിയുണ്ടോ? കിലോയ്ക്ക് 32 രൂപ നിരക്കിൽ ആഴ്ചയിൽ 2 ദിവസം 5 ടൺ തേങ്ങ വീതം സംഭരിക്കാനാണു സർക്കാർ ഓരോ സംഘത്തിനും നിർദേശം നൽകിയത്. ഒരു തെങ്ങിന് 50 നാളികേരം വീതം. എന്നാൽ, നന്നായി നോക്കുന്ന തെങ്ങുകളിൽ നൂറു തേങ്ങ വരെയുണ്ടാകും. 50 തേങ്ങ സർക്കാരിനു നൽകിയാൽ ബാക്കി പുറത്തു കുറഞ്ഞവിലയ്ക്കു നൽകണം. അതുകൊണ്ടു പലയിടത്തും കർഷകർ സംഭരണവുമായി സഹകരിച്ചില്ല. 

നെല്ല് സംഭരണം:  കർഷകരുടെ പണം കവർന്നു

നെല്ലുസംഭരണത്തിൽ പലപ്പോഴായി കേന്ദ്രം നൽകിയ താങ്ങുവില അതേപടി കർഷകർക്കു കിട്ടാത്തതിനാ‍ൽ 2 വർഷത്തിനുള്ളിൽ കർഷകർക്കുണ്ടായ നഷ്ടം കിലോയ്ക്ക് 1.72 രൂപ. കേന്ദ്രവിഹിതം വർധിപ്പിക്കുമ്പോൾ അത്രയും തുക സംസ്ഥാനസർക്കാരിന്റെ വിഹിതത്തിൽ നിന്നു കുറവു വരുത്തുന്നതാണു കാരണം. ‌28 രൂപയ്ക്കു നെല്ലെടുക്കുമ്പോൾ 19.40 രൂപ കേന്ദ്ര വിഹിതവും 8.40 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. കഴിഞ്ഞ വർഷം കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 72 പൈസ വർധിപ്പിച്ചിരുന്നു. അതുപ്രകാരം സംഭരണവില 28.72 ആകണം. പക്ഷേ, നെല്ലെടുത്തത് 28 രൂപയ്ക്ക്. 

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കൂട്ടിയ 20 പൈസ സഹിതം 28.20 രൂപയ്ക്കാണ് ഇപ്പോൾ നെല്ലെടുക്കുന്നത്. സംസ്ഥാനവിഹിതം കുറയ്ക്കാൻ തുക ‘അഡ്ജസ്റ്റ്’ ചെയ്യുമ്പോൾ കർഷകനാണു നഷ്ടം.

coffee

കാപ്പി സംഭരണം തുച്ഛം; മേനി നടിച്ചതു മിച്ചം

വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയുള്ള കാപ്പിസംഭരണം ഫെബ്രുവരിയിൽ തുടങ്ങിയെങ്കിലും എല്ലാ കർഷകർക്കും ഗുണകരമായില്ല. വിപണി വിലയെക്കാൾ 10 രൂപ അധികം നൽകിയാണു ചെറുകിട- നാമമാത്ര കർഷകരിൽനിന്നുള്ള കാപ്പി സംഭരണം. വയനാട്ടിലെ ആകെ കാപ്പി ഉൽപാദനം 1.05 ലക്ഷം ടൺ ആണ്. ഇതിന്റെ 0.4 ശതമാനം മാത്രമേ ഈ പദ്ധതി വഴി സംഭരിക്കുന്നുള്ളൂ. കേവലം 455 ടൺ. 50,000 കർഷകർ 1.3 ലക്ഷം ഹെക്ടറിൽ കാപ്പി കൃഷി ചെയ്യുന്ന ജില്ലയിൽ പരമാവധി 1820 കർഷകരുടെ കാപ്പി മാത്രമാണ് ഏറ്റെടുത്തത്. പദ്ധതി നടപ്പാക്കിയെന്നു സർക്കാർ മേനി നടിച്ചതു മിച്ചം.

താങ്ങാത്ത താങ്ങുവില  

16 ഇനം പച്ചക്കറിക്കു സർക്കാർ താങ്ങുവില പ്രഖ്യാപിച്ചതു വലിയ പ്രതീക്ഷയായിരുന്നു. സംഭവിച്ചതോ? താങ്ങുവില‍യ്ക്കു താഴേക്കു ഭൂരിഭാഗം കാർഷികോൽ‍പന്നങ്ങളുടെയും വിലയെത്തി. നേന്ത്രവാഴ, മരച്ചീനി, പൈനാപ്പിൾ, വെ‍ള്ളരി, കുമ്പളം, പാവയ്ക്ക, പയർ തുടങ്ങി 16 ഇനത്തിന് 2020 നവംബർ ഒന്നു മുതൽ താങ്ങുവില നൽകു‍ന്ന പദ്ധതി 2 വർഷം തികയുന്നു. കുറഞ്ഞവിലയേ വിപണിയിലുള്ളുവെങ്കിൽ താങ്ങുവിലയിലെ ബാക്കി കർഷകരുടെ അക്കൗണ്ടിലേക്കു സർക്കാർ നൽകുന്നതായിരുന്നു പദ്ധതി. റജിസ്റ്റർ ചെയ്ത പലർക്കും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണു കർഷകരുടെ മുഖ്യപരാതി. മാർച്ചിലാണ് കുറച്ചുതുക കർഷകർക്കു നൽകാനായത്.  

തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ, രമേഷ് എഴുത്തച്ഛൻ, എസ്.വി. രാജേഷ്, സി.ഐ. സിജിമോൻ, ഷിന്റോ ജോസഫ്

(പരമ്പര അവസാനിച്ചു ) 

 

English Summary: Kerala agriculture faces crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com