ADVERTISEMENT

എഴുത്തിന്റെ ‘മെറിറ്റ്’ ഒന്നു മാത്രമാണ് ബുക്കർ സമ്മാനത്തിനു ഷെഹാൻ കരുണതിലകെയെ അർഹനാക്കിയതെന്നു ഞാൻ കരുതുന്നു. രാജ്യങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങളെ ഭാഷ എങ്ങനെ പ്രതിനിധാനം ചെയ്യുന്നുവെന്നതു പ്രസക്തവും സജീവവുമായ ഒന്നാണ്. ബുക്കർ പുരസ്കാര നിർണയത്തിലെ രാഷ്ട്രീയത്തിലും ഇതു സ്വാധീനം ചെലുത്തുന്നു. ഭാഷ, കലയ്ക്കും രാഷ്ട്രീയത്തിനുമൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഒന്നാണ്. സമകാലികമായ ഇത്തരം രേഖപ്പെടുത്തലുകളാണു പിന്നീടു ചരിത്രമായി മാറുന്നതും. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വസ്തുതകളാണ് ഇവയെല്ലാം. വിസ്മൃതമായ ചരിത്രം വീണ്ടെടുക്കുന്നതു സാഹിത്യത്തിലൂടെയും കലയിലൂടെയുമാണ്. ശ്രീലങ്കയുടെ രാഷ്ട്രീയവും സാമൂഹികവുമായ സമകാലിക ചരിത്രം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധം കണ്ണീർക്കഥയെന്ന നിലയിൽ അവതരിപ്പിക്കുകയല്ല തന്റെ എഴുത്തിലൂടെ ഷെഹാൻ കരുണതിലകെ ചെയ്തുകൊണ്ടിരിക്കുന്നത്. ഉള്ളിലേക്കു കുത്തിക്കയറുന്ന കുപ്പിച്ചില്ലുപോലെ എഴുതാൻ ഈ എഴുത്തുകാരനു സാധിക്കുന്നു. ഇതു തന്നെയാണ് സമ്മാനിതമായ ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ’ എന്ന നോവലിനെയും ശ്രദ്ധേയമാക്കുന്നത്.

ഈയൊരു സവിശേഷത അദ്ദേഹത്തിന്റെ എല്ലാ രചനകളിലും കാണാം. ഷെഹാൻ എഴുതാൻ ഉപയോഗിക്കുന്ന ശൈലികളും സങ്കേതങ്ങളും ഏറെ ഉപയോഗിക്കപ്പെട്ടതല്ല. മരിച്ച ആളുകളെക്കൊണ്ട് കഥ പറയിക്കുക എന്നതാണ് ഒരു ശൈലി. യുദ്ധമുഖങ്ങളിൽ കൊല്ലപ്പെട്ട തമിഴ്പുലികളോ ജന വിമുക്തി പെരമുന മാർക്സിസ്റ്റുകളോ സർക്കാരിന്റെ ഭീകരവിരുദ്ധ സ്ക്വാഡുകളിലെ അംഗങ്ങളോ ഒക്കെയാണ് ഈ മരണാനന്തര ഭാഷണത്തിലെ കഥാപാത്രങ്ങൾ. അത്തരമൊരു മൃതദേഹത്തെ കണ്ടെത്തി അദ്ദേഹം കഥ പറയിച്ചു തുടങ്ങുകയാണ്. വായനക്കാരന് ഏറ്റവും അടുപ്പം തോന്നിക്കുന്ന രീതിയിൽ വ്യത്യസ്തമായി കഥ പറയാൻ ഷെഹാനു സാധിക്കുന്നു.
സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ശ്രീലങ്കയുടെ 74 വർഷത്തെ ചരിത്രം ഈ നോവലിൽ അനാവരണം ചെയ്യുന്നു. ചരിത്രത്തെയും സമകാലികാവസ്ഥയെയുംകുറിച്ച് പറയാനുള്ളതെല്ലാം മൂർച്ചയുള്ള ഭാഷയിൽ പറഞ്ഞുവയ്ക്കുന്നു. എഴുത്തിന്റെ ശൈലി പരിശോധിച്ചാൽ ഹാസ്യാത്മകം എന്നു തോന്നാമെങ്കിലും, ഒടുവിലെത്തുമ്പോൾ അത് ആക്ഷേപഹാസ്യമല്ലെന്നു ബോധ്യപ്പെടും. ചരിത്രം, പുരാണങ്ങൾ, ഹൊറർ സിനിമകൾ, മതം എന്നിവയൊക്കെ എഴുത്തിനുള്ള അസംസ്കൃത വസ്തുക്കളാണ്. രാഷ്ട്രീയത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ഇഴകൾ കോർത്താണു രചന. വളരെ ബുദ്ധിപരമായി പണിയെടുക്കുന്ന ഒരെഴുത്തുകാരനു മാത്രം കഴിയുന്ന കാര്യമാണിത്. ആ രചനാശൈലി ശ്രദ്ധിക്കപ്പെട്ടുവെന്നതിനു തെളിവാണ് ‘സെവൻ മൂൺ സി’നെ തേടി ബുക്കർ സമ്മാനം എത്തിയതും.

∙ ലങ്കയിൽ ലോകശ്രദ്ധ എത്തിച്ച എഴുത്ത്

വ്യത്യസ്തമാനങ്ങളും ചുഴികളും തിരിവുകളുമുള്ള ദുരന്തമാണു ശ്രീലങ്കയുടേത്. യുക്രെയ്നിലോ അല്ലെങ്കിൽ ലോകത്തിലെ മറ്റു ചില മേഖലകളിലോ നടക്കുന്ന സംഘർഷങ്ങൾ മാധ്യമങ്ങൾ വേണ്ടത്ര ‘ആഘോഷി’ക്കുന്നു. എന്നാൽ, ശ്രീലങ്കയിലേത് അത്രയേറെ ലോകം ശ്രദ്ധിച്ചിട്ടില്ല. ഏഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെ പടിഞ്ഞാറൻ ലോകം ഇങ്ങോട്ടുവന്ന് അന്വേഷിക്കാറില്ല. അവിടെ ഒന്നോ രണ്ടോ ദിവസത്തെ വാർത്തയായി അതങ്ങു മാഞ്ഞുപോവുകയാണു പതിവ്. എന്നാൽ, ശ്രീലങ്കൻ പ്രശ്നങ്ങൾ വിപുലമായ ശ്രദ്ധയാകർഷിച്ചത് ഷെഹാൻ എഴുതിയതുകൊണ്ടു മാത്രമാണ്. അപ്രകാരം തന്റെ രാജ്യത്തിനു വലിയ സംഭാവനയാണ് ഈ എഴുത്തുകാരൻ നൽകിയിരിക്കുന്നതെന്നു നിസ്സംശയം പറയാം. ലങ്കയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏതെങ്കിലും വാതിൽ തുറക്കുമെന്നു ഷെഹാൻ വിചാരിക്കുന്നുണ്ടാകണം.

sunitha-balakrishnan-19
സുനിത ബാലകൃഷ്ണൻ

സെക്കൻഡ് പഴ്സനിലാണ് ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. സാധാരണ ഫസ്റ്റ് അല്ലെങ്കിൽ തേഡ് പഴ്സനിലാണ് എഴുത്തുകാർ കഥ പറയുന്നത്. സെക്കൻഡ് പഴ്സനിലെ രചനാരീതി ആയാസകരമാണ്. എഴുത്തുകാരനും വായനക്കാരനും ഒരുപോലെ പ്രയാസമുള്ളത്. ‘നീ’... ‘നീ’ എന്നൊക്കെ എഴുത്തിൽ പ്രയോഗിക്കുമ്പോൾ വായനയിൽ അടുപ്പം തോന്നണമെന്നില്ല.

ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെയും മനുഷ്യ ദുരിതങ്ങളുടെയും ഭൂമികയാണ് ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ’. ആഭ്യന്തര കലാപവും സാമ്പത്തിക പ്രതിസന്ധിയും മൂലം ശിഥിലമാണ് അയാളുടെ രാജ്യം. അരാജകത്വം, സമൂഹത്തിൽ ആഴ്ന്നിറങ്ങിയ അഴിമതി, മനുഷ്യർക്കിടയിലെ കൊടുംക്രൂരതകൾ, അവസാനമില്ലാത്ത കുറ്റകൃത്യങ്ങൾ എന്നിവ സാമൂഹിക ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. ആഭ്യന്തര സംഘർഷങ്ങളും ജീവിതവൈരുധ്യങ്ങളും ഷെഹാൻ ഉത്കണ്ഠയോടെയും അതോടൊപ്പം പ്രതീക്ഷയോടെയും തന്റെ നോവലിൽ വിവരിച്ചു പോവുകയാണ്.

∙ വായനക്കാരനെ കൂടെക്കൂട്ടി...

വായനക്കാരനെ കാഴ്ചക്കാരനായി നിൽക്കാൻ വിടാതെ തന്റെയൊപ്പം കൂട്ടിക്കൊണ്ടുപോവുകയാണ്. ഒരപകടത്തിന്റെ പത്ര റിപ്പോർട്ടും അതിനു സാക്ഷ്യം വഹിച്ച ഒരാളുടെ അനുഭവവും വ്യത്യസ്തമാണ്. കണ്ടുനിൽക്കുന്നയാൾ ‘കഷ്ടം’ എന്നു പറഞ്ഞ് മുന്നോട്ടുപോകും. റിപ്പോർട്ട് പോലെയാകണമെന്നില്ല അത്. പക്ഷേ, ഈ രണ്ട് അനുഭവങ്ങളിലൂടെയും ഷെഹാനു വായനക്കാരനെ കൊണ്ടുപോകാനാകുന്നു. നേരിട്ടു കാണുന്നതു പോലെയല്ല അതെപ്പറ്റി വിവരിക്കുന്നത്. പക്ഷേ, എഴുത്തുകാരൻ രണ്ടും അനുഭവിപ്പിക്കുന്നു. അതു നിശ്ചയമായും ഷെഹാന്റെ രചനാമികവാണ്. അനുകമ്പാശീലനായ വായനക്കാരൻ ഈ നോവലിലൂടെ കടന്നുപോകുമ്പോൾ എന്തുകൊണ്ട് ഞാനിതു നേരത്തേ കേൾക്കുകയോ കാണുകയോ ചെയ്തില്ല എന്നൊരു തോന്നൽ അയാളിലുണ്ടാകും.

ഒരുപാടു തവണ മാറ്റിയെഴുതിയാണ് അദ്ദേഹം ഈ നോവൽ പൂർത്തിയാക്കുന്നത്. വർഷങ്ങളെടുത്ത രചനാവേളയ്ക്കിടയിൽ കുട്ടികൾക്കായി 5 പുസ്തകങ്ങളെഴുതി. ശ്രീലങ്കൻ സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമെന്നു കരുതുന്ന ‘ദ് ഗ്രേഷ്യസ് പ്രൈസ്’ നേടിയതോടെയാണു ഷെഹാൻ കരുണതിലകെയെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ‘ചൈനാമാൻ: ദ് ലെജൻഡ് ഓഫ് പ്രദീപ് മാത്യു’ എന്ന നോവലിനു പിന്നീടു ഡിഎസ്‌സി പുരസ്കാരവും കോമൺവെൽത്ത് പ്രൈസും ലഭിച്ചു. ‘1996’ എന്ന ഡോക്യുമെന്ററി സീരീസും ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള ‘800– ദ് മുരളി സ്റ്റോറി’ എന്ന ചിത്രത്തിന്റെ തിരക്കഥയുമെഴുതി. ‘ദ് ബർത്ത് ലോട്ടറി ആൻഡ് അദർ സർപ്രൈസസ്’ എന്ന കഥാസമാഹാരം പുറത്തുവന്നത് ഈ വർഷം.

ഒരു പുസ്തകം ഇന്നലെ എഴുതി, ഇന്നു പ്രസിദ്ധീകരിച്ച്, നാളെ അവാർഡ് നേടുന്ന ഇന്നത്തെ ലോകത്തിൽ ഈ എഴുത്തുകാരന്റെ സമ്പ്രദായം വേറിട്ടതാണ്. പത്തു വർഷത്തിനിടയ്ക്കാണ് അദ്ദേഹത്തിന്റെ ഒരു രചന പുറത്തുവരുന്നത്. അതിന്റേതായ വിലയും ആഴവും ആ കൃതിയിൽ കാണുമെന്ന് ഉറപ്പാണ്. കാലാകാലങ്ങളിലെ ഏറ്റവും മികച്ച പുസ്തകത്തിനു ബുക്കർ നൽകുകയാണ് അവരുടെ രീതിയെന്ന് ഈ സമ്മാനത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം. ‘ബുക്കേഴ്സ് ഡസൻ’ എന്നൊരു സങ്കൽപമുണ്ട്. ഒരുപാടു പുസ്തകങ്ങൾ പുരസ്കാരത്തിനായി പരിഗണിക്കുന്നതേയില്ല.

പന്ത്രണ്ടിനു പകരം 13 പുസ്തകങ്ങളാണ് അവർ തിരഞ്ഞെടുക്കുന്നത്. അതിൽനിന്നു മികച്ചതു കണ്ടെത്തുന്നു. നിശ്ചയമായും ലോകത്തിലെ ഏതു ഭൂഖണ്ഡത്തിൽനിന്നു വേണമെന്നൊരു ചർച്ച അവിടെ നടന്നേക്കാം. പക്ഷേ, ഭൂമിശാസ്ത്രപരമായ ഇത്തരം പ്രതിനിധാനങ്ങൾക്കപ്പുറം എഴുതപ്പെട്ടതിന്റെയും എഴുത്തിന്റെയും മികവു തന്നെയാണ് അന്തിമതീരുമാനങ്ങളിലേക്കു നയിക്കുന്നത്. വായനയിൽ ഒന്നുമില്ലെന്ന ശൂന്യത സൃഷ്ടിക്കുന്ന ഒരു പുസ്തകത്തെയും തേടി ഇതുവരെയും ബുക്കർ ചെന്നെത്തിയിട്ടില്ല.

ഷെഹാൻ കരുണതിലകെയുടെ ഒരു പ്രത്യേകത കൂടി പറയേണ്ടതുണ്ട്. ഒരു അഭിമുഖത്തിലും അദ്ദേഹം തന്നെത്തന്നെ ആവർത്തിക്കാറില്ല. ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ അവിടെ അവസാനിക്കുകയാണ്. പുതിയ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമാണു പുതിയ അഭിമുഖങ്ങളിൽ അവതരിപ്പിക്കുന്നത്. പ്രതിഭയുടെ കയ്യൊപ്പുള്ളതാണ് ആ ഉത്തരങ്ങളെല്ലാം തന്നെ. എഴുത്തിലും ഇതേ നവീനത കൈവരുത്താനുള്ള കഴിവാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. കൊളംബോയിലെ കോർപറേറ്റ് ലോകത്തെക്കുറിച്ചുള്ള അടുത്ത നോവൽ അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണു ലോകം കാത്തിരിക്കുന്നത്.

∙ പാട്ടും ഗിറ്റാറും കുട്ടിക്കഥകളും നിറഞ്ഞ ലോകം

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും ഇരുണ്ടകാലത്ത്, 1980കളിൽ, മാലി അൽമേയ്ദ എന്ന ഫൊട്ടോഗ്രഫർ ഒരു ദിവസം ഉണരുമ്പോൾ താൻ കൊല്ലപ്പെട്ടതായി അറിയുന്നു. കൊളംബോയിലെ തടാകത്തിലേക്കു വെട്ടിമുറിക്കപ്പെട്ട അയാളുടെ ശരീരം മുങ്ങിത്താഴുന്നു. തന്നെ കൊന്നതാരാണെന്ന് അയാൾക്കറിയില്ല. എന്നാൽ, മരണാനന്തരജീവിതത്തിൽ അൽമേയ്ദയ്ക്കു മുന്നിൽ ഏഴുദിവസം (ഏഴു ചന്ദ്രൻ കടന്നുപോകും വരെ) കൂടി ബാക്കിയുണ്ട്. അതിനുള്ളിൽ താൻ ഏറ്റവും സ്നേഹിക്കുന്ന രണ്ടുപേരെ ബന്ധപ്പെടാനും തന്റെ യുദ്ധ ഫൊട്ടോഗ്രഫുകളുടെ ശേഖരം ഒളിപ്പിച്ചുവച്ചിരിക്കുന്നത് അവരെ കാട്ടിക്കൊടുക്കാനും കഴിയണം. ബുക്കർ സമ്മാനം നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയുടെ (47) ‘ ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ’എന്ന നോവലിന്റെ ആരംഭം ഇതാണ്.

കൊളംബോയിലെ ഗോളിൽ 1975ൽ ജനിച്ച ഷെഹാൻ രാജ്യാന്തര സാഹിത്യരംഗത്തു ശ്രദ്ധ നേടിയത് 2011ൽ അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ചൈനാമാൻ’ കോമൺവെൽത്ത് ബുക് പ്രൈസ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയപ്പോഴാണ്. ക്രിക്കറ്റ് പ്രമേയമായ രണ്ടാമത്തെ മികച്ച പുസ്തകമെന്നാണു ചൈനാമാനെ വിസ്‌ഡൻ ക്രിക്കറ്റേഴ്സ് അൽമനാക് വിശേഷിപ്പിച്ചത്.

കൊളംബോയിൽ ആഭ്യന്തരയുദ്ധഭീകരതയ്ക്കു നടുവിൽ കുട്ടിക്കാലം ചെലവഴിച്ച ഷെഹാൻ ന്യൂസീലൻഡിലാണു പഠിച്ചത്. പിന്നീടു പരസ്യകലാരംഗത്തു കോപ്പിറൈറ്ററായി ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ ജോലിയെടുത്തു. നോവലിനു പുറമേ റോക്ക് ഗാനങ്ങളും കുട്ടികൾക്കുള്ള കഥകളും എഴുതി. ഇൻഡിപെൻഡന്റ് സ്ക്വയർ എന്ന ബാൻഡിൽ ഗിറ്റാറിസ്റ്റായിരുന്നു.

ആഭ്യന്തരയുദ്ധം അവസാനിച്ച 2009ൽ ആണു ‘ ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ’ എന്ന നോവലിന്റെ ആശയം തന്റെ മനസ്സിൽ വന്നതെന്നു അദ്ദേഹം പറയുന്നു. 1989ൽ നടക്കുന്ന കഥയായി, ഒരു പ്രേതം വന്ന് യുദ്ധത്തെപ്പറ്റിയുള്ള വീക്ഷണം അവതരിപ്പിക്കുന്ന രീതിയിലാണു നോവൽ രൂപമെടുത്തത്. 2014ൽ എഴുതിത്തുടങ്ങി. ആദ്യ പതിപ്പ് ഇന്ത്യയിൽ 2020ൽ ‘ചാറ്റ്സ് വിത് ദ് ഡെഡ്’ എന്ന പേരിലാണ് ഇറങ്ങിയത്. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണു യുകെയിൽ ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമേയ്ദ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.
ബുക്കർ സമ്മാനം ലഭിക്കുന്ന രണ്ടാമത്തെ ലങ്കൻ എഴുത്തുകാരനാണു ഷെഹാൻ കരുണതിലകെ. 1992ൽ ‘ദി ഇംഗ്ലിഷ് പേഷ്യന്റ് ’ എന്ന നോവലിലൂടെ മൈക്കിൾ ഒൻഡാച്ചിക്കാണ് ആദ്യം സമ്മാനം ലഭിച്ചത്.

ബ്രിട്ടൻ, അയർലൻഡ്, കോമൺവെൽത്ത് രാജ്യങ്ങൾ, സിംബാബ്‌വേ എന്നിവിടങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ ഇംഗ്ലിഷ് നോവലുകൾക്കാണു ബുക്കർ സമ്മാനം നൽകിവന്നിരുന്നത്. 2014 മുതൽ യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന എല്ലാ ഇംഗ്ലിഷ് നോവലുകളും പുരസ്കാരത്തിനു പരിഗണിക്കാൻ തുടങ്ങി.

(എഴുത്തുകാരിയും പ്രമുഖ ഇംഗ്ലിഷ് വിവർത്തകയുമാണ് ലേഖിക)

Content Highlights: Shehan Karunatilaka, Booker Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com