ADVERTISEMENT

മല്ലികാർജുൻ ഖർഗെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു എന്നതുപോലെയോ അതിലേറെയോ പ്രധാനമാണ് 22 വർഷത്തിനുശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടന്നു എന്നതും. സ്ഥാനാർഥികളെ സംബന്ധിച്ചു പാർട്ടി ഹൈക്കമാൻഡും ഒട്ടുമിക്ക മുൻനിര നേതാക്കളും സ്വീകരിച്ച നിലപാടു പരിഗണിക്കുമ്പോൾ, ഖർഗെയുടെ വിജയം അപ്രതീക്ഷിതമല്ല. എന്നാൽ, മാറ്റത്തിന്റെ മുദ്രാവാക്യം മുന്നോട്ടുവച്ച എതിർസ്ഥാനാർഥി ശശി തരൂരിന് ആയിരത്തിലേറെ വോട്ടുകൾ നേടാനായി എന്നതു ശ്രദ്ധേയമാണ്. 

അധ്യക്ഷസ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പ് ജനാധിപത്യ പാർട്ടിയെന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രതിഛായയ്ക്കു ഗുണകരമായി എന്നതിൽ സംശയമില്ല. പാർട്ടിയിലുണ്ടാകേണ്ട മാറ്റം സംബന്ധിച്ച് ആരോഗ്യകരവും ക്രിയാത്മകവുമായ ചർച്ചയ്ക്ക് ജനാധിപത്യപരമായ ഈ മത്സരം സാഹചര്യമൊരുക്കിയെന്നും പാർട്ടിയുടെ പുനരുജ്ജീവനം തുടങ്ങിക്കഴിഞ്ഞുവെന്നുമാണ് ഫലപ്രഖ്യാപനശേഷം തരൂർ നിരീക്ഷിച്ചത്. കോൺഗ്രസിലേക്കു പുതുരക്തം കടന്നുവരുമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

കോൺഗ്രസിന്റെ നിലനിൽപും പാർട്ടി മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഖർഗെ അധ്യക്ഷപദം ഏറ്റെടുക്കുന്നത്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നടുനായകത്വം വഹിച്ച പാർട്ടി, ആദ്യ പൊതു തിരഞ്ഞെടുപ്പുമുതൽ കാൽനൂറ്റാണ്ട് തുടർച്ചയായി രാജ്യം ഭരിച്ചു. പ്രാദേശിക കക്ഷികൾ ശക്തിപ്രാപിക്കുംവരെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രബലവുമായിരുന്നു. പിന്നീടിങ്ങോട്ട്, ഉൾപാർട്ടി പ്രശ്നങ്ങളും പലവിധ കാരണങ്ങളാൽ രാജ്യത്തിന്റെ രാഷ്ട്രീയഗതിയിലുണ്ടായ മാറ്റങ്ങളും കോൺഗ്രസിനെ തളർത്തിയെന്നതാണു വസ്തുത. എന്നിട്ടും, തൊണ്ണൂറുകളുടെ തുടക്കം മുതൽ മൂന്നു തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തി. മൂന്നു തവണയും കാലാവധി തികച്ചു ഭരിച്ചു. കഴിഞ്ഞ എട്ടു വർഷമായി കേന്ദ്രത്തിൽ പ്രതിപക്ഷത്താണ്. 

പരാജയങ്ങളിൽനിന്നു പാഠമുൾക്കൊണ്ട് കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും പാർട്ടിക്കു നഷ്ടമായ സ്വാധീനം വീണ്ടെടുക്കാനും ഇടയ്ക്കൊക്കെ ശ്രമങ്ങളുണ്ടായി. കാലിക പ്രസക്തി നിലനിർത്താൻ സഹായകമായ രീതിയിൽ, അടിസ്ഥാനമൂല്യങ്ങളിൽനിന്നു വ്യതിചലിക്കാതെ പാർട്ടിയുടെ നിലപാടുകൾ പുനർനിർവചിക്കാനും ചില നീക്കങ്ങളുണ്ടായി. അവയൊന്നുംതന്നെ കാര്യമായി ഫലം നൽകിയില്ല. നിലവിൽ, ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ പദവി അവകാശപ്പെടാൻ പോലുമുള്ള അംഗബലമില്ല. തനിച്ചു ഭരിക്കുന്നത് രണ്ടേ രണ്ടു സംസ്ഥാനങ്ങളിൽ മാത്രം. മൂന്നു സംസ്ഥാനങ്ങളിൽ ഭരണമുന്നണിയുടെ ഭാഗമാണ്. മുൻനിര നേതാക്കളുൾപ്പെടെ പലരും പാർട്ടിവിട്ട് മുഖ്യ എതിർകക്ഷിയായ ബിജെപിയിലേക്കു പോകുന്നുമുണ്ട്. സംഘടനാപരമായും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും ഖർഗെ ഏറ്റെടുക്കുന്ന വെല്ലുവിളിയുടെ വലുപ്പമെന്തെന്നതിന്റെ ഏകദേശ സൂചനകളാണിവ. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതും മുഖ്യ വെല്ലുവിളികളിലെ‍ാന്നാണ്.  

തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ പാർട്ടി നിലനിൽപു ഭീഷണി നേരിട്ട ഘട്ടത്തിലാണ് സോണിയ ഗാന്ധി അധ്യക്ഷയാവുന്നത്. കോൺഗ്രസിനെ കേന്ദ്രത്തിൽ അധികാരത്തിലേക്കു തിരികെക്കെ‍ാണ്ടുവരുന്നതിനു സമർഥമായി ചുക്കാൻ പിടിക്കാൻ സോണിയയ്ക്കു സാധിച്ചു. ജനക്ഷേമകരമായ പല നിയമനിർമാണങ്ങളും ഐക്യ പുരോഗമന സഖ്യത്തിന്റെ (യുപിഎ) രണ്ടു സർക്കാരുകളുടെ കാലത്തു സാധ്യമായി. രാജ്യത്തെ വലിയൊരു ജനവിഭാഗത്തെ ദാരിദ്ര്യത്തിൽനിന്നു കൈപിടിച്ചുകയറ്റാൻ യുപിഎയുടെ നയസമീപനങ്ങൾ സഹായിച്ചെന്നാണു പുതിയ കണക്കുകളുൾപ്പെടെ സൂചിപ്പിക്കുന്നത്. എന്നാൽ, രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ കടന്നുവന്ന കടുത്ത വലതുപക്ഷ ചായ്‌വിനെ ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസിനു സാധിച്ചില്ല. സംഘടനാപരമായ ദൗർബല്യങ്ങളും തകർച്ചകളും തിരിച്ചടിക്ക് ആക്കം കൂട്ടി.

അടുത്ത പൊതു തിരഞ്ഞെടുപ്പിന് 18 മാസമേ ബാക്കിയുള്ളൂ. അതിനുമുൻപ്, 15 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. കോൺഗ്രസ് തനിച്ചു ഭരണത്തിലുള്ള രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപിയുടെ സമർഥമായ കരുനീക്കങ്ങളിലൂടെ കോൺഗ്രസിനു ഭരണം നഷ്ടമായ മധ്യപ്രദേശും പാർട്ടിയുടെ ശക്തി ക്ഷയിച്ചിട്ടില്ലാത്ത കർണാടകയും അടുത്ത വർഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്. അതിനുമുൻപ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ പുനഃസംഘടന ഉൾപ്പെടെയുള്ള സംഘടനാപരമായ നടപടികളുമുണ്ട്. പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പുണ്ടാവുമോ അതോ എല്ലാവരും നാമനിർദേശം ചെയ്യപ്പെടുകയെന്ന അനാരോഗ്യകരമായ രീതി തുടരുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുമുണ്ട്. 

ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ തീരുമാനിച്ചതുപോലെ പുതുരക്തം കടന്നുവരികയെന്നതും പുതുസമീപനങ്ങൾ സ്വീകരിക്കുകയെന്നതും അവശ്യം വേണ്ടതാണ്. എന്നാൽ, അതുകൊണ്ടുമാത്രം കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതി മാറില്ല. അതിനു രാജ്യമാകെ പാർട്ടിയുടെ സംഘടനാസംവിധാനം ശക്തിപ്പെടുക കൂടിവേണം. തിരിച്ചുവരവിന് ഒറ്റക്കെട്ടായി ശ്രമിക്കുന്നതിനു പാർട്ടിയെ അടിയന്തരമായി പ്രാപ്തമാക്കാൻ ഖർഗെയുടെ നേതൃത്വത്തിനു സാധിക്കുമോ എന്നാണു വ്യക്തമാകേണ്ടത്.

 

Content Highlight: Mallikarjun Kharge, Congress President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com