ADVERTISEMENT

ജവാഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പി.വി. നരസിംഹറാവുവും പ്രധാനമന്ത്രിമാരും അതേ സമയം കോൺഗ്രസ് അധ്യക്ഷരുമായിരുന്നിട്ടുണ്ട്. സോണിയ ഗാന്ധിക്കും അങ്ങനെയാവാമായിരുന്നെങ്കിലും വേണ്ടെന്നുവച്ചു. സീതാറാം കേസരിയുടെ കൈകളിൽ കോൺഗ്രസ് നാനാവിധമാകുന്നുവെന്ന പരാതി പെരുകിയപ്പോഴാണ്, പ്രചാരണത്തിനിറങ്ങാമെന്ന്, 1997 ഡിസംബർ 28ന് സോണിയ വ്യക്തമാക്കുന്നത്. അന്ന് കോൺഗ്രസിന്റെ 112–ാം പിറന്നാളായിരുന്നു. മൂന്നു ദിവസം കഴിഞ്ഞാണ്, കേസരിയുടെ കാലത്തു കോൺഗ്രസിൽനിന്നു പോയ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പിറക്കുന്നത്. അതിനു ബിജെപിയുടെ പിന്തുണയുണ്ടായിരുന്നു. 

രംഗപ്രവേശം; രാജി

1998 മാർച്ച് 14നാണ് സോണിയ അധ്യക്ഷയെന്നു കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിക്കുന്നത്. 1999 മേയ് 15നു ചേർന്ന പ്രവർത്തക സമിതിയിലാണ്, സോണിയ വിദേശിയെന്ന വിഷയം പി.എ.സാങ്മയും ശരദ് പവാറും ഉന്നയിക്കുന്നത്. അന്നു സോണിയ അധ്യക്ഷസ്ഥാനം രാജിവച്ചു. 9 ദിവസത്തിനുശേഷം പിൻവലിച്ചു. ഹൃദയഭാരത്തോടെയായിരുന്നു രാജിയെന്നും പാർട്ടി നൽകുന്ന പുതിയ ഉറപ്പും പ്രതീക്ഷയും കാരണമാണ് രാജി പിൻവലിക്കുന്നതെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആരാണു പ്രധാനമന്ത്രിയാകുക എന്നത് പാർലമെന്ററി പാർട്ടിയാണു തീരുമാനിക്കുകയെന്ന് പവാറിനുള്ള മറുപടിയായി പറഞ്ഞു. 

കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട പവാറും സാങ്മയും താരിഖ് അൻ‍വറും ചേർന്ന് 1999 ജൂൺ 10ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുണ്ടാക്കി. 2000 ൽ തിരഞ്ഞെടുപ്പിലൂടെ സോണിയ കോൺഗ്രസ് അധ്യക്ഷയായി. ഉൾപാർട്ടി ജനാധിപത്യം കൊണ്ടുവരുമെന്നും പാർട്ടിയുടെ അടിത്തറ വിശാലമാക്കാൻ‍ പരിശ്രമിക്കുമെന്നും 1998 ൽ സോണിയ പറഞ്ഞിരുന്നു. എന്നാൽ, വിമതരില്ലാത്ത കോൺഗ്രസിൽ അധികാരമത്രയും അധ്യക്ഷയിൽ കേന്ദ്രീകരിക്കപ്പെടണമെന്ന് പാർട്ടിയിലെ മുതിർന്നവർ താൽപര്യപ്പെട്ടു. സംസ്ഥാന ഘടകങ്ങൾ അന്തിമ തീരുമാനത്തിന് കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുകയെന്ന രീതി തുടർന്നു. പാർട്ടിയുടെ നവീകരണം സാധ്യമായില്ല.

അധികാരം കൈവിട്ട് 

2004 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുപിഎ–ഇടതു സഖ്യം കേന്ദ്രഭരണം പിടിച്ചപ്പോൾ സോണിയയ്ക്കു പ്രധാനമന്ത്രിയാകാമായിരുന്നു. പകരം യുപിഎയുടെയും ദേശീയ ഉപദേശക സമിതിയുടെയും (എൻഎസി) അധ്യക്ഷയായി. അങ്ങനെ, പാർട്ടി അധ്യക്ഷ – പ്രധാനമന്ത്രി അധികാര വിഭജനമുണ്ടായി. സർക്കാരിന്റെ നയങ്ങളെ നിർണായകമായ രീതിയിൽ സോണിയ സ്വാധീനിച്ചു. മൻമോഹൻ സിങ്ങിന്റെ സാമ്പത്തികനയങ്ങളും സോണിയയുടെ ജനക്ഷേമ സമീപനവും സമ്മേളിച്ചു: തൊഴിലുറപ്പ്, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും നിയമങ്ങളുണ്ടായി. വനിതാ സംവരണ ബി‍ൽ പാസാക്കണമെന്നു താൽപര്യപ്പെട്ടെങ്കിലും മുലായംസിങ് യാദവും ലാലു പ്രസാദ് യാദവും തടസ്സമുയർത്തി. 

യുപിഎയെ ഒരുമിപ്പിച്ചുകൊണ്ടുപോകുന്നതിൽ സോണിയ ശ്രദ്ധിച്ചു. പാർട്ടി ഇല്ലാതായിപ്പോയ സംസ്ഥാനങ്ങളിൽ വീണ്ടും അടിത്തറ പണിയാനും തകർച്ചയുള്ള സ്ഥലങ്ങളിൽ സംഘടനാ സംവിധാനം ബലപ്പെടുത്താനും കാര്യമായ നടപടികളെടുക്കാൻ അക്കാലത്തു സാധിച്ചില്ല. അനാരോഗ്യവും സോണിയയ്ക്കു പ്രശ്നമായി. പാർട്ടി പ്രബലമായിരുന്ന ആന്ധ്രയിൽ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ്ആർസിപിയുണ്ടാക്കി.

സർക്കാരിന്റെ നടപടികളിലൂടെ മാത്രം പാർട്ടിക്കു ജനത്തെ സ്വാധീനിക്കാമെന്നും വളരാമെന്നുമുള്ള പ്രതീക്ഷ 2009 ൽ കോൺഗ്രസിനെ സഹായിച്ചു. എന്നാൽ, വൈകാതെ, അഴിമതിയാരോപണങ്ങൾ‍ ഉയരുകയും ദേശീയ രാഷ്ട്രീയത്തിൽ വലതുപക്ഷ പ്രചാരണങ്ങൾ‍ ശക്തിപ്പെടുകയും അവ ഫലം കാണുകയും ചെയ്തു. പാർട്ടിയെ േദശീയ രാഷ്ട്രീയത്തിന്റെ മുഖ്യസ്ഥാനത്തേക്കു തിരികെക്കൊണ്ടുവന്ന സോണിയയുടെ കാലത്തുതന്നെ പാർട്ടിക്ക് വീണ്ടും അധികാരം നഷ്ടമായി. സംസ്ഥാനങ്ങളിലും നഷ്്ടങ്ങൾ കൂടിക്കൂടി വന്നു. 

പുതിയ സമീപനം

പാർട്ടിയെ അടിമുടി അഴിച്ചുപണിയാനും ജനാധിപത്യരീതികൾ നടപ്പാക്കാനും രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും മുതിർന്നവരുടെ പിന്തുണയില്ലാത്തതിനാൽ വിജയിച്ചില്ല. മുതിർന്നവരെ ഒഴിവാക്കുന്നതിനെ സോണിയ അനുകൂലിച്ചതുമില്ല. ഉപാധ്യക്ഷനായിരുന്ന രാഹുൽ അധ്യക്ഷനായെങ്കിലും സോണിയയെ ആശ്രയിച്ച മുതിർന്നവർ അധികാര വിഭജനം ഉറപ്പാക്കി, പരിഷ്കാര താൽപര്യങ്ങൾ തടഞ്ഞു. 

2019 ലെ തിരഞ്ഞെടുപ്പിൽ‍ പരാജയം ആവർത്തിച്ചപ്പോൾ രാഹുൽ പിൻമാറി. സോണിയ വീണ്ടും ഇടക്കാലത്തേക്ക് അധ്യക്ഷപദത്തിൽ. രാഹുൽ അധ്യക്ഷപദത്തിലേക്കു തിരികെവരുമെന്നാണ് കരുതപ്പെട്ടതെങ്കിലും കുടുംബാധിപത്യം എന്ന ബിജെപിയുടെ ആരോപണം പാർട്ടിയിലെ ഒരുവിഭാഗത്തെ സ്വാധീനിച്ചു. ഗാന്ധി കുടുംബം നേതൃത്വത്തിൽനിന്നു മാറിയാലേ പാർട്ടി രക്ഷപ്പെടുകയുള്ളൂവെന്ന് അവർ വാദിച്ചു. 

തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ തീരുമാനിച്ച്, ജനാധിപത്യ രീതി തിരികെ കൊണ്ടുവരാമെന്നു സോണിയയും രാഹുലും താൽപര്യപ്പെട്ടു. സ്ഥാനാർഥിയാകാൻ അശോക് ഗെലോട്ട് ഉപാധിവച്ചപ്പോൾ‍ നേതൃത്വം ദുർബലമെന്നു വിമർശനമുണ്ടായി. തുടർന്നാണ് മല്ലികാർജുൻ ഖർഗെ സ്ഥാനാർഥിയാകുന്നത്. 

പാർട്ടിയുടെ പ്രസക്തി തിരിച്ചുപിടിക്കാനും അധികാരത്തിലേക്കു തിരികെക്കൊണ്ടുവരാനും സോണിയയ്ക്കു സാധിച്ചു, ആ സ്ഥിതി നിലനിർത്താൻ സാധിച്ചില്ല. ഒരർഥത്തിൽ, 1998–99 ലെ പാർട്ടിയെയാണ് സോണിയ, ഖർഗെയെ ഏൽപിക്കുന്നത്. അധ്യക്ഷപദമൊഴിയുമ്പോഴും പാർ‍ട്ടി ഒരുമിച്ചു നിലനിൽക്കണമെങ്കിൽ‍ സോണിയ വേണമെന്ന സ്ഥിതിയിൽ മാറ്റമില്ല. പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാത്ത കുടുംബത്തിനുള്ള സ്വീകാര്യതയാണത്. പദവിയോടെ മുന്നിൽനിൽക്കുകയല്ല, ഒപ്പം നിന്ന് കരുത്തുപകരുകയെന്നതാണ് സോണിയയും രാഹുലും‍ താൽപര്യപ്പെടുന്നത്. അതൊരു പുതിയ സമീപനമാണ്.  ‌‌‌

 

Content Highlight: Mallikarjun Kharge, Congress President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com