ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടര പതിറ്റാണ്ടിനു ശേഷം കോൺഗ്രസിന്റെ തലപ്പത്ത് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ എത്തുന്നതോടെ, ഇനി രാഹുൽ ഗാന്ധിയുടെ പങ്ക് എന്താകും? പാർട്ടിയുടെ മുഖമാകാൻ ഒരാൾ, സംഘടന ചലിപ്പിക്കാൻ മറ്റൊരാൾ എന്ന നിലയിലേക്ക് പ്രവർത്തനം മാറ്റുന്നതിന്റെ ഭാഗമായാണു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ രാഹുൽ ഉറച്ചുനിന്നത്. പാർട്ടിയുടെ മുഖമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘടന നയിക്കാൻ ജെ.പി.നഡ്ഡയും എന്ന ബിജെപി രീതിക്കു സമാനമായ രീതിയാണിത്. ഈ വിധമായിരിക്കും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുക. കുടുംബാധിപത്യ പാർട്ടിയാണു കോൺഗ്രസ് എന്ന ബിജെപിയുടെ ആരോപണത്തിന്റെ മുനയൊടിക്കാനും ഇതുവഴി സാധിക്കും. 

തിരഞ്ഞെടുപ്പ് കളത്തിൽ പാർട്ടിയുടെ മുഖമായി കോൺഗ്രസ് രാഹുലിനെ ഉയർത്തിക്കാട്ടും. കന്യാകുമാരിയിൽനിന്ന് കശ്മീർ വരെയുള്ള ഭാരത് ജോഡോ പദയാത്രയിലൂടെ രാഹുലിന്റെ രാഷ്ട്രീയ പ്രതിഛായ ഉയരുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സംഘടനാതലത്തിൽ പാർട്ടിയെ ചലിപ്പിക്കുക എന്നതായിരിക്കും പ്രസിഡന്റ് പദവിയിൽ മല്ലികാർജുൻ ഖർഗെയുടെ മുഖ്യ ദൗത്യം. വിവിധ സംസ്ഥാനങ്ങളിലെ ഉൾപാർട്ടി പോര് പരിഹരിക്കുന്നതിലടക്കം ഇടപെട്ട് സംഘടനയെ മുന്നോട്ടു നീക്കുക എന്ന ദുഷ്കര ദൗത്യം ഏൽക്കാൻ താനില്ലെന്നാണു രാഹുലിന്റെ നിലപാട്. 

സംഘടനയിലെ ദൈനംദിന പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തലവേദനകളിൽനിന്നെല്ലാം മാറ്റി നിർത്തി, രാഷ്ട്രീയക്കളത്തിൽ പാർട്ടിയുടെ മുഖവും ശബ്ദവുമാകാൻ രാഹുലിനെ സജ്ജമാക്കുക എന്ന ദൗത്യമാണ് പാർട്ടി ഏറ്റെടുത്തിരിക്കുന്നത്. 

സംഘടന ചലിപ്പിക്കാനാവശ്യമായ അണിയറ നീക്കങ്ങൾക്കു നയവും തന്ത്രജ്ഞതയും ആവശ്യമാണെന്നും നേരെ വാ, നേരെ പോ നിലപാടുള്ള രാഹുൽ അതിനു യോജിച്ച ആളായിരിക്കില്ലെന്നും പാർട്ടി നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഇതു സ്വയം തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയാണ് പ്രസിഡന്റാകാൻ താനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നത്. 

സംഘടനാതലത്തിൽ അനുഭവസമ്പത്തുള്ള ഖർഗെയ്ക്ക് ഉൾപാർട്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. 

ഗാന്ധി കുടുംബത്തിന്റെ പാവയായിരിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും സോണിയയുടെയും രാഹുലിന്റെയും മനസ്സറിഞ്ഞായിരിക്കും പ്രധാന തീരുമാനങ്ങൾ ഖർഗെ എടുക്കുക.

 ഭാവിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ രാഹുലോ പ്രിയങ്കയോ തീരുമാനിച്ചാൽ നിറഞ്ഞ മനസ്സോടെ ഖർഗെ വഴിമാറുമെന്നും പാർട്ടിക്കറിയാം.

 

Content Highlight: New role of Rahul Gandhi in Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com