ADVERTISEMENT

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചരിത്രപരമായ തിരഞ്ഞെടുപ്പു കഴിഞ്ഞിരിക്കുന്നു. ഇനി മുന്നോട്ടു ചലിക്കാനുള്ള കാലം. അന്തിമവിധി പ്രതീക്ഷിച്ചതുപോലെ വന്നില്ലെങ്കിലും മാറ്റത്തിനും പുതുമയ്ക്കുംവേണ്ടിയുള്ള എന്റെ സന്ദേശം ഒട്ടേറെ പ്രതിനിധികൾ സ്വീകരിച്ചുവെന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഈ തിരഞ്ഞെടുപ്പ്, കോൺഗ്രസ് മനോഭാവമുള്ള രാജ്യത്തെ വോട്ടർമാരുമായി വ്യക്തിബന്ധം ഉറപ്പിക്കാൻ അവസരമൊരുക്കി. മാധ്യമങ്ങൾ ഈ തിരഞ്ഞെടുപ്പിൽ കാട്ടിയ വലിയ താൽപര്യം ബോണസ് ആയിരുന്നു. പൊതുസമൂഹത്തിനു മുന്നിൽ ഞാൻ വച്ച ആശയങ്ങളും മൂല്യങ്ങളും അവരെ കോൺഗ്രസ് പാർട്ടിയുടെ വിശ്വാസങ്ങളെയും നയങ്ങളെയും ചരിത്രത്തെയും ഓർമിപ്പിക്കാൻ സഹായിച്ചു.

നാം ജീവിക്കുന്ന ഇക്കാലത്തിന്റെ രാഷ്ട്രീയചരിത്രം എഴുതപ്പെടുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ പരിണാമത്തിലെ സുപ്രധാനമായ ഈ വഴിത്തിരിവും തീർച്ചയായും അംഗീകാരം നേടും. ബിജെപിയുടെ അധികാരത്തിനു തടയിട്ടില്ലെങ്കിൽ അതു നമ്മുടെ രാജ്യത്തിന്റെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുമെന്നും നാം ഇതുവരെ സഞ്ചരിച്ചുവന്ന ജനാധിപത്യപാത അട്ടിമറിക്കപ്പെടും എന്നും ജീവിതം മുഴുവൻ ഒരു ചരിത്രവിദ്യാർഥിയായിരുന്ന എനിക്കു ബോധ്യമുണ്ട്. 

നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാപരമായ സവിശേഷത പരിശോധിക്കുക. ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണ്. അനുദിനം ഉയരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുക്കുമ്പോൾ, അമിതാധികാരമുള്ള സർക്കാരും ദുർബലമായ പ്രതിപക്ഷവും എന്ന അവസ്ഥ രാജ്യത്തെ കൊടിയ വിപത്തിലേക്കു തള്ളുകയേയുള്ളൂ. ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അസാന്നിധ്യം വിനാശകരമായ തീരുമാനങ്ങളിലേക്കു രാജ്യത്തെ നയിക്കുമെന്നതു നോട്ടു നിരോധനവും തയാറെടുപ്പു കൂടാതെയുള്ള 2020ലെ കോവിഡ് ലോക്ഡൗൺ പ്രഖ്യാപനവും പോലുള്ള കാര്യങ്ങൾ നമ്മെ പഠിപ്പിച്ചതാണ്. ഇപ്പോഴുള്ളതു പോലെയുള്ള, നിയന്ത്രണങ്ങളില്ലാത്ത ഒരു സർക്കാർ നാടിനെ തകർക്കുകയേയുള്ളൂ. പ്രത്യേകിച്ച്, രാജ്യം ഒരു കുതിപ്പിലേക്കു പോകേണ്ട ഈ സാഹചര്യത്തിൽ.

Shashi Tharoor

എന്റെ ഈ ഭീതി യാഥാർഥ്യമാവുകയാണെങ്കിൽ, ചരിത്രം ഓരോ കോൺഗ്രസുകാരനോടും ചോദിക്കും; നിങ്ങൾ അക്കാലത്ത് അതു സംഭവിക്കാൻ എന്തിന് അനുവദിച്ചു എന്ന്.  ‘2022ൽ നിങ്ങൾ എന്തു ചെയ്തു’ എന്ന വരുംതലമുറയുടെ ചോദ്യത്തിനു മുന്നിൽ തലയുയർത്തി നിൽക്കാൻ ആവേശകരമായ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്കു മാത്രമേ കഴിയൂ. ബിജെപി നമുക്കു മുകളിലൂടെ കടന്നുപോയതിനെപ്പറ്റി മറ്റു കോൺഗ്രസുകാർക്കൊന്നും അധികം പറയാനുണ്ടാവില്ല. പ്രചാരണങ്ങളിൽ ഞാൻ ഉന്നയിച്ച വസ്തുത ‘കാര്യങ്ങൾ മുറപോലെ നടക്കും’ എന്ന കാലം കോൺഗ്രസിൽ അവസാനിച്ചു എന്നതാണ്. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ഭീഷണി നേരിടുന്ന മുഖ്യ പ്രതിപക്ഷകക്ഷി എന്ന നിലയിൽ ഞങ്ങൾക്കു സുപ്രധാനമായ ഉത്തരവാദിത്തമുണ്ട് എന്ന ഉറച്ച വിശ്വാസത്തിലാണ് ഞാൻ മത്സരരംഗത്തിറങ്ങിയത്. 

ബിജെപിക്കു മറുപടിയായി, വിശ്വാസ്യതയുള്ള ശക്തമായ ജനാധിപത്യ ശക്തിയായി കോൺഗ്രസിനെ പുനർനിർമിക്കുക എന്ന ഉത്തരവാദിത്തം. ആ വഴിക്കുള്ള സുപ്രധാനമായ ഒരു നാഴികക്കല്ല് തന്നെയാണ് ഈ തിരഞ്ഞെടുപ്പ്.

എന്നെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഏതെങ്കിലും വ്യക്തിയെച്ചൊല്ലിയുള്ള കാര്യമായിരുന്നില്ല. ശശി തരൂരോ മല്ലികാർജുൻ ഖർഗെയോ ഗാന്ധികുടുംബമോ പോലുമല്ല വിഷയം. രാജ്യത്തോടുള്ള കടമ നിർവഹിക്കുകയെന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ദൗത്യം മാത്രമായിരുന്നു മുന്നിൽ. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായും മാറ്റത്തിനുവേണ്ടിയുള്ള ശബ്ദമായും ഞാൻ എന്റെ കടമ നിർവഹിക്കുകയായിരുന്നു. എന്നാൽ, തങ്ങൾ എന്തു ചെയ്യണം എന്നത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ആത്മബോധത്തിൽ നിന്നുയരേണ്ട ചോദ്യമാണ്. 

കളിക്കളത്തിലെ ഉയർ‌ച്ചതാഴ്ചകൾ നാമെല്ലാവരും കണ്ടതാണ്. എങ്കിലും, ഞാൻ ശുഭാപ്തിവിശ്വാസിയാണ്. കാരണം, ഒട്ടേറെ പാർട്ടി പ്രവർത്തകർ – 1072 പേർ എന്ന് ഔദ്യോഗിക കണക്ക്– നാം നേരിടുന്ന വെല്ലുവിളികൾ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. തീർച്ചയായും അവർ പാർട്ടി ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദങ്ങളെ ധൈര്യപൂർവം ചെറുക്കുകയായിരുന്നു. മലയാളി എന്ന നിലയ്ക്ക് ഈ ധീരത കണ്ടെത്താൻ എനിക്ക് അധികമൊന്നും തിരയേണ്ടതില്ല. നമ്മുടെ ചരിത്രം പരിശോധിച്ചാൽ മതി. (ഒരു സൈന്യത്തെത്തന്നെ ഒറ്റയ്ക്കു നിവർന്നുനിന്നു നേരിട്ട അക്കാമ്മ ചെറിയാനെ ഞാൻ ഓർക്കുന്നു). പൊലീസ് ലാത്തിച്ചാർജുകളെ സ്ഥിരമായി നേരിട്ടു പോരാടുന്ന നമ്മുടെ ചെറുപ്പക്കാരായ എൻഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഈ ധീരതയുണ്ട്. എന്റെ പ്രചാരണ സഹായികളും നാമനിർദേശത്തിൽ ഒപ്പിട്ടവരും തുറന്നു പിന്തുണച്ചവരും അവരുടെ നിലപാടുകൾ വിളിച്ചുപറയാൻ ധൈര്യം സംഭരിച്ചവരാണ്. 

അന്തിമഫലത്തിൽ അവർക്കു നിരാശയുണ്ടായേക്കാം. എന്നാൽ, എനിക്കു കിട്ടിയ ഓരോ വോട്ടും മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തകരുടെ ആഗ്രഹമാണെന്നു പാർട്ടിയും രാജ്യവും തിരിച്ചറിയണം. നമുക്കു സ്വയം നവീകരിച്ച്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മറ്റു സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കുമായി യുദ്ധസജ്ജരാകേണ്ടതുണ്ട്. ഈ തിരഞ്ഞെടുപ്പു മത്സരം പ്രവർത്തകരെ അതിന് ഒരുക്കാൻ സഹായിച്ചു എന്നുതന്നെയാണ് എന്റെ വിശ്വാസം. 

ഈ തിരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്, ഭാവിയിലേക്കു നോക്കിയാൽ എനിക്ക് ഉറച്ച പ്രതീക്ഷയുണ്ട്. കഴിഞ്ഞ 14 വർഷം ഒരു പാർ‌ട്ടി പ്രവർത്തകനും ജനപ്രതിനിധിയുമായി പ്രവർത്തകർക്കിടയിൽ നിന്ന എനിക്ക് ഉറപ്പുണ്ട്: കോൺഗ്രസ് പ്രവർത്തകർ ഉന്നതരായ ദേശസ്നേഹികളാണ്. ചെറിയ കാര്യങ്ങളെച്ചൊല്ലി ഗ്രൂപ്പിസവും അസൂയയും പരദൂഷണവും ഒക്കെ ഉണ്ടായേക്കാം. എന്നാൽ, ഇന്നത്തേതുപോലുള്ള വലിയ വെല്ലുവിളികൾക്കു മുന്നിൽ അവർ‌ അവസരവാദം വിട്ട്, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. ഈ തിരഞ്ഞെടുപ്പ്, സാധ്യതകളിലേക്കും അവസരങ്ങളിലേക്കും അവരുടെ കണ്ണുകൾ തുറപ്പിച്ചു എന്നു ഞാൻ കരുതുന്നു. മുന്നോട്ടുള്ള വെല്ലുവിളികൾ നേരിടാൻ അവർ ഒട്ടും മടിച്ചുനിൽക്കില്ല. 

വാൽക്കഷണം

തിരഞ്ഞെടുപ്പു പ്രക്രിയയിൽ ചില സംസ്ഥാനങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, അസാധാരണമായ ഈ തിരഞ്ഞെടുപ്പിൽ (22 വർഷത്തിനു ശേഷമാണു പാർട്ടിയിൽ തിരഞ്ഞെടുപ്പു നടക്കുന്നത്) അതൊക്കെ പ്രതീക്ഷിക്കേണ്ടതു തന്നെയാണ്. എന്നാൽ, എന്നെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തിയതു ബിജെപി വക്താക്കൾ ഈ ചെറിയ ക്രമക്കേടുകളെ എനിക്കെതിരെയുള്ള നീക്കങ്ങളായി അവതരിപ്പിച്ചപ്പോഴാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പരിഹരിക്കാൻ കോൺഗ്രസിനു പൂർണശേഷിയുണ്ടെന്നും ബിജെപിയുടെ ഒത്താശ വേണ്ടെന്നുമാണ് അപ്പോഴൊക്കെ ഞാൻ ശക്തമായി തിരിച്ചടിച്ചത്. കോൺഗ്രസിലെ തിരഞ്ഞെടുപ്പിനെപ്പറ്റി അഭിപ്രായം പറയുന്നതിനു മുൻപ് അവർ അവരുടെ പാർട്ടിയിൽ ആദ്യം തിരഞ്ഞെടുപ്പു നടത്തട്ടെ! ഉൾപാർട്ടി ജനാധിപത്യം എന്നതു മിക്ക പാർട്ടികളിലും പൊള്ളയായ മുദ്രാവാക്യം മാത്രമാണ്. എന്നാൽ, കോൺഗ്രസിലെങ്കിലും അങ്ങനെയല്ല എന്നു തെളിഞ്ഞിരിക്കുന്നു.

 

Content Highlight: Shashi Tharoor column on Congress President Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com