ADVERTISEMENT

രാജ്യത്തു പലയിടത്തും വിദ്വേഷപ്രസംഗങ്ങളടക്കം അസഹിഷ്ണുതയുടെയും വേർതിരിവിന്റെയും വിത്തുപാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് അത്യധികം ആശങ്ക ഉണ്ടാക്കുന്നുണ്ട്. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയ്‌ക്ക് ഇളക്കംതട്ടുന്ന സാഹചര്യത്തിലേക്കു നയിക്കുന്ന കാര്യങ്ങളെ‍‍ാന്നും ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഈ കാലത്തിന്റെതന്നെ ആവശ്യമായി മാറുകയാണ്. വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കണമെന്നു ഡൽഹി, ഉത്തരാഖണ്ഡ്, യുപി സർക്കാരുകൾക്കു സുപ്രീം കോടതി നൽകിയ ഇടക്കാല ഉത്തരവ് അതുകെ‍ാണ്ടുതന്നെ അതീവ പ്രാധാന്യമുള്ളതായിത്തീരുന്നു. 

പ്രസംഗം നടത്തുന്നയാളുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നടപടിയെടുക്കാതിരിക്കുന്നതു കോടതിയലക്ഷ്യമായി കാണുമെന്നു മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കു സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ സാഹോദര്യം സാധ്യമാകില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം എല്ലാവരുടെയും ശ്രദ്ധയിലേക്ക് എത്തേണ്ടതുതന്നെ.

ഈ വിഷയത്തിൽ സമീപകാലത്തായി സുപ്രീം കോടതി നടത്തിവരുന്ന കർശന ഇടപെടലുകളുടെ തുടർച്ചതന്നെയാണ് കഴിഞ്ഞ ദിവസമുണ്ടായ ഇടക്കാല ഉത്തരവും. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളർത്താമെന്നതു മാത്രമാണ് വിദ്വേഷ പ്രസംഗങ്ങൾ കൊണ്ടുള്ള പ്രയോജനമെന്നു കോടതി പറഞ്ഞതു രണ്ടു വർഷംമുൻപാണ്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യസംവിധാനത്തിൽ തുല്യത നിഷേധിക്കലാണ് വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഭവിക്കുന്നതെന്നും അന്നു കോടതി അഭിപ്രായപ്പെട്ടു.

മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്‌ട്രനേതാക്കളും രാഷ്‌ട്രീയനേതാക്കളും സമ്പന്നമാക്കിയ രാജ്യമാണു നമ്മുടേത്. വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. പക്ഷേ, ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്‌ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയും കൈമോശം വരികയാണോ എന്ന ആശങ്ക പെരുകുകയാണിപ്പോൾ. വിദ്വേഷപ്രസംഗങ്ങൾ ഈ നിർഭാഗ്യ സാഹചര്യമുണ്ടാക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുമുണ്ട്.

അസഹിഷ്ണുതയാൽ പ്രകോപിതരായും വ്യാജ വാർത്തകളിൽനിന്നും കെട്ടുകഥകളിൽനിന്നുമുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലും ആൾക്കൂട്ടത്തിനു ഭ്രാന്തിളകുന്ന സംഭവങ്ങൾ രാജ്യത്തു വർധിക്കുന്നുവെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടത് 2018ൽ ആണ്. വൈവിധ്യ സമ്പന്നമായ സംസ്കാരം നിലനിർത്താൻ സഹായിക്കുന്ന മൂല്യങ്ങൾ നമ്മുടെ മഹനീയ റിപ്പബ്ലിക്കിനു നഷ്ടമായോയെന്ന് ആലോചിക്കാൻ സമയമായെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അന്നത്തെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ബഹുസ്വരതയുടെയും പല സംസ്കാരങ്ങളുടേതുമായ  മതനിരപേക്ഷ സാമൂഹികക്രമം ഉറപ്പാക്കി, സ്വതന്ത്രചിന്തയും വിശ്വാസങ്ങളും സാധ്യമാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനാണെന്ന് അന്നു കോടതി പറഞ്ഞതു കേട്ടുമറക്കാനുള്ളതായിരുന്നില്ല. 

വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കണമെന്ന് മൂന്നു സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കു സുപ്രീം കോടതി കഴിഞ്ഞ ദിവസം നൽകിയ ഉത്തരവിൽ രാജ്യത്തെ എല്ലാ സർക്കാരുകൾക്കുമായുള്ള ഓർമപ്പെടുത്തൽകൂടി വായിച്ചെടുക്കേണ്ടതുണ്ട്. വിഷം വമിക്കുന്ന പ്രസംഗങ്ങളിലൂടെ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും സാഹചര്യമുണ്ടാക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നിയമവാഴ്‌ച ഉറപ്പുവരുത്താനും കേന്ദ്ര, സംസ്‌ഥാന ഭരണകൂടങ്ങൾക്കു തീർച്ചയായും ഉത്തരവാദിത്തമുണ്ടെന്നതു മറന്നുകൂടാ. വിദ്വേഷപ്രസംഗം തടയാൻ ശക്തമായ നിയമം രാജ്യത്ത് ആവശ്യമാണെന്ന അഭിപ്രായം കൂടുതൽ ശക്തമാവുകയുമാണ്. 

ഇന്ത്യ മതനിരപേക്ഷ രാഷ്‌ട്രമാണെന്ന് ആരും മറന്നുകൂടാ. ലോകത്തിനുതന്നെ അനുകരിക്കാവുന്ന വിധത്തിലുള്ള ചൈതന്യവത്തായ പാരമ്പര്യമാണ് ഈ രംഗത്തു നമുക്കുള്ളതും. അതിനു കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്‌താവനകളും വിദ്വേഷപ്രസംഗങ്ങളും എവിടെനിന്നും ഉണ്ടാവരുത്. ഇന്ത്യ അഭിമാനത്തോടെ നെഞ്ചേറ്റുന്ന സഹജാവബോധവും സ്‌നേഹവും പരസ്‌പരവിശ്വാസവും അസഹിഷ്ണുതയുടെയും ഗൂഢലക്ഷ്യങ്ങളുടെയും പേരിൽ നഷ്‌ടപ്പെടുന്ന അവസ്‌ഥ ഉണ്ടായിക്കൂടാ.

English Summary: Editorial regarding Supreme Court order on hate speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com